Monday 29 December 2014

ന്യൂയോര്‍ക്കുകവികള്‍ എന്നറിയപ്പെടുന്ന ഗ്രൂപ്പിലെ കവിയും നാടകകൃത്തും പ്രൊഫസ്സറുമായ കെന്നത്ത് കോച്ചിന്റെ 1961 ലെ  ഒരു കവിത ഇതാ:

എന്നെന്നേക്കുമായി

ഒരുദിവസം നാമങ്ങള്‍ തെരുവില്‍ കൂട്ടം കൂടി നില്ക്കുകയായിരുന്നു.
കറുത്ത സൗന്ദര്യവുമായി ഒരു വിശേഷണം തൊട്ടടുത്തുകൂടെ കടന്നുപോയി
നാമങ്ങള്‍ തരിച്ചുനിന്നു, നീങ്ങി, മാറി .
പിറ്റേദിവസം ഒരു ക്രിയ ഓടിവന്നു ഒരു വാക്യം സൃഷ്ടിച്ചു .
ഓരോ വാക്യവും പറയുന്നത് ഒന്നുതന്നെ-ഉദാഹരണത്തിന് ,
'വിശേഷണംഅടുത്തുകൂടി കടന്നുപോയത് ഒരു ഇരുണ്ട, മഴയുള്ള ദിവസമായിരുന്നെങ്കിലും
പച്ചയും ഫലപ്രദവുമായ ഈ ഭൂമിയില്‍നിന്ന് ഞാന്‍ ഇല്ലാതാകുംവരെ
അവളുടെ മുഖത്തെ വിമലവും മധുരവുമായ ഭാവം  ഞാന്‍ ഓര്‍ത്തിരിക്കും'
അല്ലെങ്കില്‍,'ദയവായി ജനല്‍ അടയ്ക്കുമോ ആന്‍ഡ്രൂസ് ?'
അതുമല്ലെങ്കില്‍ ഉദാഹരണത്തിന് ,
'നന്ദി; ജനല്‍പ്പടിയിലുള്ള പാത്രത്തിലെ പിങ്കുനിറമുള്ള പുഷ്പങ്ങള്‍
അടുത്ത ദിവസങ്ങളില്‍ സമീപത്തെ ബോയ്‌ലര്‍ഫാക്ടറിയുടെ ചൂടിന്റെ ഫലമായി
ഇളം മഞ്ഞയായി മാറിയിട്ടുണ്ട് '
വസന്തകാലത്ത് വാക്യങ്ങളും നാമങ്ങളും പുല്ലില്‍ നിശ്ശബ്ദരായി കിടന്നു.
അവിടെയുമിവിടെയും നിന്ന്  ഒരു ഒറ്റയാന്‍ സംയോജകാവ്യയം
വിളിച്ചു പറയും'ഉം! , എന്നാല്‍ ! '
എന്നാല്‍, വിശേഷണം പ്രത്യക്ഷപ്പെട്ടില്ല
വാക്യത്തിനകത്ത് .വിശേഷണം വിനഷ്ടമായതുപോലെ
നിന്റെ കണ്ണില്‍, കാതില്‍ മൂക്കില്‍, തൊണ്ടയില്‍
ഞാന്‍ വിനഷ്ടമായിരിക്കുന്നു.
ഒറ്റ ചുംബനം കൊണ്ട് നീ എന്നെ മന്ത്രത്താലെന്നപോലെ വശീകരിച്ചു കളഞ്ഞു.
ഇനി ഒരിക്കലും അത് ഇല്ലാതാക്കാന്‍ സാധ്യമല്ല
ഭാഷയുടെ നശീകരണം സംഭവിക്കുന്നത് വരെയും.

No comments:

Post a Comment