Friday 26 December 2014

ഇന്ന്  മയാ എയ്ഞ്ജലോവിനെ (1928-2014)പരിചയപ്പെടുത്തുന്നു.ഇവര്‍ കറുത്ത വര്‍ഗക്കാരിയായ അമേരിക്കന്‍ എഴുത്തുകാരി.മുപ്പതിലധികം ബഹുമതി ബിരുദങ്ങളും 1971 ലെ പുലിറ്റ്‌സര്‍ സമ്മാനവും ലഭിച്ചിട്ടുണ്ട്.വര്‍ണ- ലിംഗവിവേചനങ്ങള്‍ക്കെതിരെ ജീവിതം നിരന്തര സമരമാക്കിയ ധീര വനിത. ചുറുചുറുക്കും തന്റേടവും പ്രസാദാത്മകത്വവും കൊണ്ടു ശ്രദ്ധേയമായ ജീവിതവും  രചനകളും. കൂട്ടിലിട്ട കിളി പാടുന്നതെന്തുകൊണ്ട് എന്നെനിക്കറിയാം എന്നാണ് ആത്മകഥയുടെ പേര്. അതേ പേരിലുള്ള കവിതയുമുണ്ട് . പരിഭാഷ ഏതാണ്ടിങ്ങനെ:

കൂട്ടിലിട്ട കിളി പാടുന്നതെന്തുകൊണ്ട് എന്നെനിക്കറിയാം
കവി: മയാ എയ് ഞ്ജലോ
പരിഭാഷ:കെ.രാമചന്ദ്രന്‍

സ്വതന്ത്രനായ കിളി കാറ്റിന്‍പുറത്തേറി
ചാടിച്ചാടി നടക്കുന്നു.
താഴോട്ടൊഴുകുന്ന അരുവിയില്‍
ഒഴുക്ക് അവസാനിക്കുംവരെ പൊങ്ങിക്കിടക്കുന്നു .
അസ്തമയത്തിന്റെ ചെങ്കതിരുകളില്‍
ചിറകുകള്‍ മുക്കിയെടുക്കുന്നു .
ആകാശങ്ങളില്‍ അവകാശം സ്ഥാപിക്കാന്‍ ധൈര്യം കാട്ടുന്നു.

എന്നാല്‍, ഇടുങ്ങിയ കൂട്ടിനുള്ളില്‍ നടന്നു തിരിയുന്ന കിളിക്ക്
രോഷത്തിന്റെ അഴികളിലൂടെ ഏതെങ്കിലും കാഴ്ച ലഭിക്കുന്നത് അപൂര്‍വമാണ്
അവന്റെ ചിറകുകള്‍ ബന്ധിച്ചിരിക്കുന്നു
അവന്റെ കാലുകള്‍ വരിഞ്ഞുകെട്ടിയിരിക്കുന്നു
അവന്‍ തൊണ്ട തുറക്കുന്നത് പാടാനാണ് .

കൂട്ടിലിട്ട കിളി പാടുന്നത് ഭയത്തോടെയും
വിറയ്ക്കുന്ന ശബ്ദത്തിലുമാണ്.
അറിയപ്പെടാത്തവയെങ്കിലും,
ഇപ്പോഴും മോഹിക്കുന്ന കാര്യങ്ങളെക്കുറിച്ച് .
അവന്റെ രാഗം അകലെ കുന്നുകളിലും കേള്‍ക്കാം
കാരണം,കൂട്ടിലിട്ട കിളി
സ്വാതന്ത്ര്യത്തെക്കുറിച്ചാണ്   പാടുന്നത്                          

സ്വതന്ത്രനായ കിളി മറ്റൊരു കുളിര്‍കാറ്റിനെക്കുറിച്ചാണ് ചിന്തിക്കുന്നത്
മരങ്ങളുടെ ഉച്ഛ്വാസത്തിലൂടെ മന്ദം കടന്നുവരുന്ന കച്ചവടക്കാറ്റുകളെക്കുറിച്ചാണ് .
പ്രഭാതത്തിലെ പ്രകാശിക്കുന്ന  പുല്‍ത്തകിടിയില്‍ കാത്തിരിക്കുന്ന
തടിയന്‍ പുഴുക്കളെക്കുറിച്ചാണ്  .
ആകാശത്തെ അവന്‍ സ്വന്തമെന്നു വിളിക്കുന്നു .

എന്നാല്‍, കൂട്ടിലിട്ട കിളി നില്ക്കുന്നത് സ്വപ്നങ്ങളുടെ ശവപ്പറമ്പിലാണ്
അവന്റെ നിഴല്‍ നിലവിളിക്കുന്നത് ഒരു ദുസ്വപ്നത്തിലെ കരച്ചിലാണ്
അവന്റെ ചിറകുകള്‍ ബന്ധിച്ചിരിക്കുന്നു
അവന്റെ കാലുകള്‍ വരിഞ്ഞുകെട്ടിയിരിക്കുന്നു
അവന്‍ തൊണ്ട തുറക്കുന്നത് പാടാനാണ് .

കൂട്ടിലിട്ട കിളി പാടുന്നത് ഭയത്തോടെയും
വിറയ്ക്കുന്ന ശബ്ദത്തിലുമാണ്.
അറിയപ്പെടാത്തവയെങ്കിലും,
ഇപ്പോഴും മോഹിക്കുന്ന കാര്യങ്ങളെക്കുറിച്ച് .
അവന്റെ രാഗം അകലെ കുന്നുകളിലും കേള്‍ക്കാം .
കാരണം, കൂട്ടിലിട്ട കിളി
സ്വാതന്ത്ര്യത്തെക്കുറിച്ചാണ് പാടുന്നത്

No comments:

Post a Comment