Sunday 8 April 2018

നിക്കനോർ പാർറ (1914-2018)

ചിലിയിൽ ജനിച്ച പ്രമുഖ ലാറ്റിനമേരിക്കൻ കവിയാണ് നിക്കനോർ പാർറ. "അകവിത" "പ്രതികവിത" എന്നൊക്കെ അറിയപ്പെടാറുള്ള antipoetry എന്ന കവിതാ സങ്കേതത്തിന്റെ പ്രശസ്തനായ  പ്രയോക്താവാണ് അദ്ദേഹം.    ഗ്രാമ്യഭാഷയും തേമാനം വന്ന ചൊല്ലുകളും വിരുദ്ധാർത്ഥ പ്രയോഗവും കുറിക്കുകൊള്ളുന്ന പരിഹാസവും കവിതയിൽ ഉപയോഗിച്ച് യാഥാർത്ഥ്യത്തെ തുറന്നു കാട്ടുക എന്നതാണ് പാർറയുടെ രീതി. ഭാവനയുടെ വിചിത്രസഞ്ചാരങ്ങളും കാല്പനികതയുടെ  സ്വപ്നാത്മകതയും മന: പൂർവം വർജിച്ചു കൊണ്ട്  വിപരീത ഭാഷ്യങ്ങളിലൂടെ ആഖ്യാതാവിന്റെ ഉദ്ദേശങളെ വ്യഞ്ജിപ്പിക്കുന്ന ഹാസ്യത്തിന്റെ അകമ്പടിയോടെയാണ് മിക്ക കവിതകളും അവതരിപ്പിക്ക പ്പെടുന്നത്. കണ്ണീരും ചിരിയും ഒരേസമയം പ്രതികവിതയിൽ സമ്മേളിക്കുന്നു. പരസ്പരം പൊരുത്തപ്പെടാത്ത സൂചകങ്ങളെ ഒരുമിച്ചടുപ്പിച്ച്പ്രയോഗിക്കുന്ന സങ്കേതമാണ് പാർറ ഉപയോഗപ്പെടുത്തുന്നത്. ചിന്തിക്കുന്നതല്ല നമ്മൾ പറയുന്നത്;ശരിക്കും തോന്നുന്നതല്ല ചിന്തിക്കുന്നതും.ഈ പൊരുത്തക്കേട് ഒരുതരം അന്യവത്കരണത്തിലെത്തിക്കുന്നു. എല്ലാം  ആപേക്ഷികമാണെന്നും ഒന്നും സത്യമല്ലെന്നുമുള്ള ഒരു മനോഭാവത്തിലേക്ക് ഇത് നയിക്കുന്നു. സ്വയം നിഷേധിക്കുന്ന അവസ്ഥയിലേക്ക് തന്നെ അവസാനം പ്രതികവിത കവിയെ എത്തിക്കുന്നുണ്ട്. 'പറഞ്ഞതെല്ലാം ഞാൻ തിരിച്ചെടുക്കുന്നു ' എന്ന കവിത ഉദാഹരണമായെടുക്കാം..
പാർറയുടെ ഏതാനും കവിതകൾക്ക് (യുവകവികൾ, അവസാനത്തെ ടോസ്റ്റ്, താക്കീതുകൾ,പറഞ്ഞതെല്ലാം ഞാൻ തിരിച്ചെടുക്കുന്നു) എന്റെ പരിഭാഷ താഴെച്ചേർക്കുന്നു.

യുവകവികൾ

തോന്നിയപോലെ എഴുതിക്കോളൂ
ഇഷ്ടമുള്ള ശൈലിയിൽ
പാലത്തിനടിയിലൂടെ ചോര ഒരു പാട് ഒഴുകിപ്പോയി.
ഒരേ പാത മാത്രമാണ് ശരിയെന്ന്
ഇനിയും വിശ്വസിക്കാൻ കഴിയില്ല.
കവിതയിൽ എല്ലാം അനുവദിക്കപ്പെട്ടിട്ടുണ്ട്.
പക്ഷെ, ഒറ്റ വ്യവസ്ഥ പാലിക്കണം:
ഒഴിഞ്ഞപേജിനെ നിങ്ങൾ മെച്ചപ്പെടുത്തണം.

അവസാനത്തെ ടോസ്റ്റ്

നമ്മളിഷ് ടപ്പെട്ടാലും ഇല്ലെങ്കിലും
നമുക്ക് തിരഞ്ഞെടുക്കാൻ മൂന്നേയുള്ളൂ
ഇന്നലെ, ഇന്ന്, നാളെ .
മൂന്നു പോലും ഇല്ല .
കാരണം, തത്വജ്ഞാനി പറയുന്നു
ഇന്നലെ ഇന്നലെയാണ്.
അത് നമ്മുടേതാവുന്നത്
ഓർമ്മയിൽ മാത്രമാണ്.
പറിച്ചെടുത്ത പനിനീർപ്പൂവിൽ
ഇനിയുംദളങ്ങൾ വിടരില്ല.

കളിക്കേണ്ട ചീട്ടുകൾ
രണ്ടെണ്ണം മാത്രം:
വർത്തമാനവും ഭാവിയും.
രണ്ടു പോലുമില്ല;
കാരണം ,വർത്തമാനം നിലനില്ക്കുന്നില്ല;
ഭൂതത്തിന്റെ ഓരത്തായല്ലാതെ.
അത് യൗവനം പോലെ ഉപയോഗിച്ചു തീരും
ഇത് അറിയാവുന്ന ഒരു കാര്യം തന്നെ.
ആത്യന്തികമായി
ഭാവി മാത്രമേ നമുക്കുള്ളൂ .
ഒരിക്കലും വരാത്ത ദിവസത്തിനായി
ഞാൻ ഗ്ലാസ്സുയർത്തുന്നു.
കാരണം, അതു മാത്രമാണ്
നമ്മുടെ വരുതിയിലുള്ളത്.

താക്കീതുകൾ

തീപിടിക്കുകയാണെങ്കിൽ
ലിഫ്റ്റ് ഉപയോഗിക്കരുത്;
മറ്റു നിർദ്ദേശങ്ങളില്ലാത്ത പക്ഷം,
കോണി ഉപയോഗിക്കുക.
പുകവലിക്കരുത്
ചപ്പ് ചവറുകൾ വലിച്ചെറിയരുത്
തൂറരുത്
റേഡിയോ കേൾക്കരുത്;
മറ്റു നിർദ്ദേശങ്ങളില്ലാത്ത പക്ഷം.

ഓരോ ഉപയോഗത്തിനും ശേഷം
കക്കൂസിൽ വെള്ളമൊഴിക്കണം,
വണ്ടി സ്റ്റേഷനിൽ നിൽക്കുമ്പോളൊഴികെ.
അടുത്ത യാത്രക്കാരെപ്പറ്റിആലോചന വേണം.
കൃസ്ത്യൻ പോരാളികളേ മുന്നോട്ട്
ലോക തൊഴിലാളികളേ ഐക്യപ്പെടുക
നഷ്ടപ്പെടുവാൻ നമുക്കൊന്നുമില്ല.
നമ്മുടെ ജീവിതമല്ലാതെ.
പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും
സ്തുതിയായിരിക്കട്ടെ.
മറ്റു നിർദ്ദേശങ്ങളൊന്നുമില്ലാത്ത പക്ഷം.

കൂട്ടത്തിൽ പറയട്ടെ
ഈ സത്യങ്ങളൊക്കെ നമ്മളെടുക്കുന്നത്
സ്വയം സ്പഷ്ടമാണെന്ന മട്ടിലാണ്.
എല്ലാ മനുഷ്യരും സൃഷ്ടിക്കപ്പെട്ടവരാണെന്നും
ആർക്കും വിട്ടു കൊടുത്തു കൂടാത്ത
ചില അവകാശങ്ങൾ സ്രഷ്ടാവ്
അവർക്ക് നൽകിയട്ടുണ്ടെന്നും
ഇവയൊക്കെ അവയിൽപ്പെടുമെന്നും:
ജീവിതം, സ്വാതന്ത്ര്യം, സന്തോഷം തേടൽ
അവസാനമെങ്കിലും അപ്രധാനമല്ലാത്ത ഒന്നുകൂടി.
അതായത് 2+2 എന്നത് 4 ആയിത്തീരും ,
മറ്റു നിർദ്ദേശങ്ങളില്ലാത്ത പക്ഷം

പറഞ്ഞതെല്ലാം ഞാൻ തിരിച്ചെടുക്കുന്നു.

പോകുന്നതിനു മുമ്പ്
ഒരു അന്ത്യാഭിലാഷം നിറവേറിക്കിട്ടുമെന്ന്
സങ്കല്പിക്കുന്നു
ഉദാരനായ വായനക്കാരാ
ഈ പുസ്തകം കത്തിച്ചുകളയുക.
ഞാൻ പറയാൻ ആഗ്രഹിച്ചത് അതൊന്നുമല്ല.
രക്തം കൊണ്ടെഴുതിയതെങ്കിലും
പറയാനാഗ്രഹിച്ചത് അതല്ല.
എന്റെ വിധിയെക്കാൾ സങ്കടകരമായി ഒന്നില്ല.
എന്റെ തന്നെ നിഴലാണ് എന്നെ തോല്പിച്ചത്.
എന്റെ വാക്കുകൾ എന്നോട് പക വീട്ടി.
മാപ്പ് തരണം വായനക്കാരാ,
നല്ല വായനക്കാരാ
ആത്മാർത്ഥമായ ഒരാശ്ലേഷത്തോടെവിട പറയാൻ കഴിയുന്നില്ലെങ്കിൽ,
പ്രയാസപ്പെട്ടവരുത്തിയ,വിഷാദം കലർന്ന പുഞ്ചിരിയോടെ
ഞാൻ വിട പറയുന്നു.
ഒരു പക്ഷെ, ഞാൻ അത്രയൊക്കെയേ ഉള്ളൂ.
പക്ഷെ എന്റെ അവസാന വാക്കുകൾ ശ്രദ്ധിച്ചു കേൾക്കുക.
ഞാൻ പറഞ്ഞതെല്ലാം ഞാൻ തിരിച്ചെടുക്കുന്നു,
ലോകത്തെ ഏറ്റവും കൊടിയ കയ്പോടെ.
ഞാൻ പറഞ്ഞതൊക്കെയും ഞാൻ തിരിച്ചെടുക്കുന്നു.

Wednesday 24 January 2018

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ നേരത്തെ പ്രസിദ്ധീകരിച്ച ലേഖനം അത് കണ്ടിട്ടില്ലാത്തവര്‍ക്കായി ഇവിടെ പുനപ്രസിദ്ധീകരിക്കുന്നു

                               ഇന്നിന്റെ ശവപ്പറമ്പിലെ നാളെയുടെ പ്രതീക്ഷകള്‍
.......................................................................................
മിനിസ്ട്രി ഓഫ്  അട്മോസ്റ്റ്‌ ഹാപ്പിനസ്(പരമാനന്ദത്തിനായുള്ള വിശുദ്ധശുശ്രൂഷ)എന്ന നോവലിനെ ആസ്പദമാക്കി അരുന്ധതി റോയ്യുടെ രചനാസങ്കല്പവും പ്രയോഗവും- ഒരവലോകനം
...................................................................................................................................................................
                                                     കെ രാമചന്ദ്രന്‍ ‍; പയ്യനൂര്‍
......................................................................................................................................................................

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യം എന്ന് ഉദ്ഘോഷിക്കപ്പെടുന്ന ഇന്ത്യയില്‍ , അവഗണിക്കപ്പെടുകയും പിറന്ന നാട്ടില്‍തന്നെ  അഭയാര്‍ഥികളാക്കപ്പെടുകയും ഓരങ്ങളിലേക്ക്‌ ആട്ടിപ്പായിക്കപ്പെടുകയും  നിരന്തരം ആക്രമിക്കപ്പെടുകയും ജാതി, മതം, ഗോത്രം,ലിംഗപദവി, വിശ്വാസങ്ങള്‍ , ഭക്ഷണ ശീലങ്ങള്‍ എന്നിങ്ങനെയുള്ളവയുടെ പേരില്‍കൊല്ലപ്പെടുകയും ഒക്കെ  ചെയ്യുന്ന നിരവധി സാധാരണമനുഷ്യരുണ്ട്‌.അവര്‍ ആദിവാസികളോ, ദളിതരോ,മത ന്യൂനപക്ഷങ്ങളോ,  ദരിദ്രരോ, ചേരിനിവാസികളോ നിര്‍ദിഷ്ട വികസന -പദ്ധതിപ്രദേശങ്ങളില്‍അധിവസിക്കുന്നവരോ ആകാം(നവ ലിബറല്‍ മുതലാളിത്തത്തിന്റെ കാഴ്ചപ്പാടില്‍ ആഗോളകമ്പോളവ്യവസ്ഥയ്ക്കും, ഭരണപ്രക്രിയക്കും  ഏതെങ്കിലും സന്ദര്‍ഭത്തില്‍അനാവശ്യമെന്നോ അധികപ്പറ്റെന്നോ ശല്യമെന്നോ ഒക്കെ തോന്നുന്ന ഘട്ടത്തില്‍ ഇമ്മാതിരി ആളുകളെ എന്നെന്നേക്കുമായി  'ഒഴിവാക്കു'വാന്‍  അതിന്റെ നടത്തിപ്പുകാര്‍ക്ക്  ആധുനിക ജനാധിപത്യബോധം ഒരു തടസ്സമേ ആകുന്നില്ല).ഇത്തരം സാധാരണ മനുഷ്യരുടെ ചുട്ടുപൊള്ളുന്ന ദൈനം ദിന ദുരിതാനുഭവങ്ങള്‍ സഹഭാവത്തോടെ സ്വാംശീകരിക്കുകയും അവര്‍ക്ക് വേണ്ടി ഹൃദയം നീറുകയും അവരുടെ നിശ്ശബ്ദമായ നിലവിളികളുംചെറുത്തുനില്പ്പിനുള്ള ശ്രമങ്ങളും വാക്കുകളിലൂടെ  തീവ്രമായി ആവിഷ്കരിക്കുകയും ചെയ്ത രണ്ടെഴുതുത്തുകാരികളാണ് നമുക്ക് ഉണ്ടായിട്ടുള്ളത്:ഒന്ന് കഴിഞ്ഞകൊല്ലം നിര്യാതയായ മഹാശ്വേതാ ദേവി; രണ്ട്, അരുന്ധതി റോയ്. നവലിബറല്‍  സമ്പദ് വ്യവസ്ഥയുടെ നടത്തിപ്പുകാരായി ഏഷ്യ, ആഫ്രിക്ക, ലാറ്റിന്‍അമേരിക്ക എന്നീ ഭൂഖണ്ഡങ്ങളിലെ നാടുകളില്‍ സാമ്പത്തികമേഖലയില്‍ മാത്രമല്ല , സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക മേഖലകളിലും , എന്തിന് വ്യക്തികളുടെ മാനസികതലത്തില്‍ പോലും അധിനിവേശവും സിവിലിയന്‍ ജനതയ്ക്കെതിരെ യുദ്ധവും നടത്തിക്കൊണ്ടിരിക്കുന്ന അമേരിക്കന്‍ ഭരണകൂടം, ഇതിനു സൌകര്യമൊരുക്കുന്ന ലോകബാങ്ക്, ലോകവ്യാപാര സംഘടന, ബഹുരാഷ്ട്രകോര്‍പ്പറേഷനുകള്‍  തുടങ്ങിയ ആഗോളസ്ഥാപനങ്ങള്‍  എന്നിവയുടെ കടുത്ത വിമര്‍ശക കൂടിയാണ് അരുന്ധതി റോയ്.

നോവലുകളിലായാലും ലേഖനങ്ങളിലായാലും അവര്‍ ആവിഷ്കരിക്കുന്നത് ഇതിനോടെല്ലാമുള്ള അവരുടെ രാഷ്ട്രീയ നിലപാടുകളാണ്. ൧൯൯൭ ല്‍ 'ഗോഡ് ഓഫ് സ്മോള്‍ തിങ്ങ്സ് 'പ്രസിദ്ധീകരിച്ച ശേഷം കഴിഞ്ഞ ഇരുപത് കൊല്ലമായി അവര്‍എഴുതിയതെല്ലാം ലേഖനങ്ങളാണ്, നോവലല്ല.അവര്‍ ഒരു തിരക്ക് പിടിച്ച പോളിറ്റിക്കല്‍ ആക്ടിവിസ്റ്റായി ഇന്ത്യയിലെ വിവിധ സമരഭൂമികളില്‍ തന്റെ  സാന്നിധ്യമറിയിച്ചു.അണുബോംബ് പരീക്ഷണത്തിനെതിരായും നര്‍മദ   പോലുള്ള വന്‍കിട അണക്കെട്ടുകള്‍ക്കെതിരായും  കിഴക്കന്‍ വനമേഖലയിലെ ഖനനത്തിനെതിരായും, മൊത്തത്തില്‍ പരിസ്ഥിതി നശീകരണത്തിനെതിരായും അഫ്ഘാനിസ്താനിലും ഇറാക്കിലും  അമേരിക്ക നടത്തിയ യുദ്ധങ്ങള്‍ക്കെതിരായും ഹിന്ദുത്വ തീവ്രവാദത്തിനെതിരായും ഗുജറാത്തിലെ വംശഹത്യക്കെതിരായും കാശ്മീരിലെ സ്വാതന്ത്ര്യനിഷേധത്തിനെതിരായുംഎന്നുവേണ്ട സമകാലികലോകത്തെ എല്ലാ അനീതികള്‍ക്കെതിരായും അവര്‍ ശക്തമായ നിലപാടെടുത്തു, ലോകമാകെ സഞ്ചരിച്ച്  ഉച്ചത്തില്‍ സംസാരിച്ചു, , പ്രതിഷേധിച്ചു; ജനാധിപത്യം മുതലാളിത്തം,ആഗോളവത്കരണം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് പുസ്തകങ്ങളെഴുതി. ഒരു മധ്യവര്‍ഗ ക്രിസ്തീയ കുടുംബത്തില്‍ അയ്മനത്ത് ജനിച്ച്, കൊടുങ്കാറ്റു പോലുള്ള അനുഭവസമ്പത്തോടെ ഒരു നാടോടിയെപ്പോലെ ജീവിക്കുകയും ഡല്‍ഹിയില്‍ആര്‍ക്കിടെക്ടായും,പിന്നീട് ചലച്ചിത്ര കഥാകാരിയായും നടിയായും മറ്റുംബഹുമുഖമായ സര്‍ഗസിദ്ധികള്‍ പ്രകടിപ്പിക്കുകയും ഈ ജീവിതാനുഭവങ്ങളുടെ ആവിഷ്കാരമായ ആദ്യ നോവല്‍ തന്നെ ബുക്കര്‍ സമ്മാനം  നേടുകമാത്രമല്ല അവര്‍ക്ക് തന്നെ അസ്വസ്ഥതയുണ്ടാക്കുന്ന വിധത്തില്‍ ലോകമാകെ കൊണ്ടാടപ്പെടുന്ന ഒരു 'സെലിബ്രിറ്റി'യാക്കി മാറ്റുകയും ചെയ്ത പ്രതിഭാശാലിയായ ഈ എഴുത്തുകാരിയുടെ അടുത്ത നോവലിനായി വായനക്കാര്‍ കാത്തിരിക്കുകയായിരുന്നു.മിനിസ്ട്രി ഓഫ്  അട്മോസ്റ്റ്‌ ഹാപ്പിനസ് ((പരമാനന്ദത്തിനായുള്ള വിശുദ്ധശുശ്രൂഷ) പ്രസിദ്ധീകരിച്ചതോടെ, ഈ കഴിഞ്ഞ ജൂണിലാണ് സഹൃദയരുടെ ഈ പ്രതീക്ഷ സഫലമായത്. . അരുന്ധതി റോയ്യുടെ കഴിഞ്ഞ ഇരുപതുവര്‍ഷത്തെ പുതിയ  അനുഭവങ്ങള്‍ കൂടി ഈ നോവലിലെ പ്രതിപാദ്യമാവുന്നു  എന്നത്  അതിനെ കൂടുതല്‍ സമ്പുഷ്ടമാക്കുന്നു. ജനാധിപത്യസ്വാതന്ത്ര്യങ്ങള്‍ക്കായുള്ള വിട്ടുവീഴ്ചയില്ലാത്ത ധീരമായ നിലപാടുകള്‍ ഈ എഴുത്തുകാരിയുടെ ജീവിതത്തിലും എഴുത്തിലും
ജ്വലിച്ചുനില്‍ക്കുന്നു.രാജ്യദ്രോഹിയെന്നും മാവോയിസ്റ്റ് അനുഭാവിയെന്നും ഒക്കെ ആരോപിച്ചു .തന്നെനിശ്ശബ്ദയാക്കാനുള്ള എല്ലാ ഭരണ കൂടശ്രമങ്ങളെയും നിര്‍ഭയം നേരിടാനുള്ള അവരുടെ ചങ്കൂറ്റവും ആര്‍ജവവും നമ്മുടെ മറ്റു മിക്ക എഴുത്തുകാര്‍ക്കും ഇല്ലാത്തതാണ്. തൊണ്ണൂറു ശതമാനവും ഉടല്‍ തളര്‍ന്ന് വീല്‍ചെയറിനെ ആശ്രയിച്ചു കഴിയുന്ന ദല്‍ഹി യൂനിവേഴ് സിറ്റി പ്രൊഫസര്‍ ജി എന്‍ സായിബാബയെ  ആവശ്യമുള്ള നിരന്തര ചികിത്സ നിഷേധിച്ചു ജയിലിലാക്കിയതില്‍ തന്റെ ദുക്ഖം പ്രകടിപ്പിച്ചു ലേഖനമെഴുതിയതിനു  കോടതിയലക്ഷ്യക്കേസ്സു നേരിടുന്ന റോയ് ,"മാപ്പ് പറഞ്ഞു ഒഴിവാകുന്നോ?" എന്ന് സുപ്രീം കോടതിചീഫ് ജസ്റ്റീസ്ചോദിച്ചപ്പോള്‍ അത് പച്ചയായി നിരസിച്ചുകൊണ്ട് , മാപ്പ് പറയേണ്ട വിഷയമൊന്നും ഇതില്‍ ഇല്ലെന്നും സര്‍ക്കാരിനോടു ജനാധിപത്യപരമായി വിയോജിപ്പ് പ്രകടിപ്പിക്കുവാനുള്ള പൌരന്മാരുടെ മൌലികാവകാശം സംരക്ഷിക്കുന്നപ്രശ്നമാണ് ഇതിലുള്ളതെന്നും കോടതിയില്‍ മറുപടി നല്‍കിയത്  ഇക്കഴിഞ്ഞ ജൂലായ്‌ മൂന്നിന് ഹിന്ദു പത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ആക്ടിവിസ്റ്റോ എഴുത്തുകാരിയോ?

ആക്ടിവിസ്റ്റ് എന്ന നിലയ്ക്കുള്ള അനുഭവം എഴുത്തുകാരി എന്ന നിലയ്ക്കുള്ള  ഫലപ്രദമായ ആവിഷ്കാരത്തിന് ഈ നോവലില്‍  നേട്ടമാണോ ഉണ്ടാക്കിയത് കോട്ടമാണോ എന്നതിനെ ക്കുറിച്ച്  നിരൂപകര്‍ക്കിടയില്‍  വ്യത്യസ്തഅഭിപ്രായങ്ങളുണ്ടാവാം.എന്നാല്‍ 'ആക്ടിവിസ്ടായ എഴുത്തുകാരി' അഥവാ 'എഴുത്തുകാരിയായ ആക്ടിവിസ്റ്റ് 'എന്ന് തന്നെ വിശേഷിപ്പിക്കുന്നത് അരുന്ധതി ഒട്ടും ഇഷ്ടപ്പെടുന്നില്ല .അതിന്റെ കാരണം അവര്‍ തന്നെ ൨൦൦൧ ല്‍ എഴുതിയ 'സ്ത്രീകള്‍ക്കുംവികാരമുണ്ട്‌ .അതുകൊണ്ട്...നമ്മള്‍ എല്ലാം വിദഗ്ധര്‍ക്ക് വിട്ടുകൊടുക്കണോ? എന്ന ലേഖനത്തില്‍ (ആള്‍ജിബ്രാ ഓഫ് ഇന്‍ഫിനിററ് ജസ്റ്റീസ് 'എന്ന സമാഹാരം കാണുക ) വ്യക്തമാക്കിയിട്ടുണ്ട്'.
"എന്തിനാണ് എന്നെ ഒരു  'ആക്ടിവിസ്ടായ എഴുത്തുകാരി എന്ന് വിളിക്കുന്നത്‌ ;ആ വിളി ആരാധനയോടെയായാല്‍ പോലും അതുകേട്ടു  ഞാന്‍ പരുങ്ങി ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുന്നത് എന്തുകൊണ്ട്? ഗോഡ് ഓഫ് സ്മാള്‍ തിങ്ങ്സ്‌ ന് ശേഷം, ഇന്ത്യയുടെ  ആണവ പരീക്ഷണത്തെപ്പറ്റി'എന്‍ഡ് ഓഫ് ഇമാജിനേഷന്‍ ' (ഭാവനയുടെ അന്ത്യം), വന്‍കിട അണക്കെട്ടുകള്‍ വികസന വിവാദം എന്നിവയെക്കുറിച്ച് 'ദിഗ്രേയ്റ്റര്‍ കോമണ്‍ ഗുഡ് ' (കൂടുതല്‍ ജനനന്മയ്ക്കുവേണ്ടി) വെള്ളം വൈദ്യുതി തുടങ്ങിയ  അത്യാവശ്യ പശ്ചാത്തല സൌകര്യങ്ങളുടെ കോര്‍പ്പറേറ്റ് വല്‍ക്കരണത്തെക്കുറിച്ചും സ്വകാര്യവല്‍ക്കരണത്തെക്കുറിച്ചും  'പവര്‍ പൊളിറ്റിക്സ് :റംപിള്‍സ്ടില്‍ററ്സ്കിന്റെ പുനരവതാരം'()എന്നീ രാഷ്ട്രീയ ഉപന്യാസങ്ങള്‍ ഞാന്‍ എഴുതി. 'ഗോഡ് ഓഫ് സ്മാള്‍ തിങ്ങ്സ്‌'' എഴുതിയ ആളെ 'എഴുത്തുകാരി'യെന്നും ലേഖനങ്ങളെഴുതിയ ആളെ 'ആക്ടിവിസ്റ്റ് ' എന്നും വിളിക്കുന്നതെന്തുകൊണ്ട് എന്ന് ഞാന്‍ അദ്ഭുതപ്പെടുന്നു. 'ഗോഡ് ഓഫ് സ്മാള്‍ തിങ്ങ്സ്‌''കല്പിതകഥ (ഫിക്ക്ഷന്‍ ) ആണ്; ശരിതന്നെ.എന്നാല്‍ ലേഖനങ്ങളെ അപേക്ഷിച്ച് അതില്‍ രാഷ്ട്രീയം  ഒട്ടും കുറവല്ല. ലേഖനങ്ങള്‍ അകല്പിതം അഥവാ യഥാര്‍ത്ഥകഥ (നോണ്‍ ഫിക്ക്ഷന്‍ ) യുള്ള കൃതികള്‍  ആണ്  പക്ഷെ,ലേഖനങ്ങളെഴുതാനുള്ള അവകാശം ഫിക്ക്ഷനെഴുത്തുകാര്‍ക്ക്എന്നുതൊട്ടാണ് നഷ്ടപ്പെട്ടത് ?......ഈ ഇരട്ടക്കുഴലുള്ള'ആക്ടിവിസ്റ്റ്എഴുത്തുകാരി'എന്ന പേര്, ഈ പ്രൊഫഷനല്‍ ലേബല്‍എന്റെ കൃതി രാഷ്ട്രീയമായതുകൊണ്ടല്ല; പക്ഷെ, ഞാന്‍ ലേഖനങ്ങളില്‍ പക്ഷംപിടിക്കുന്നു എന്നത് കൊണ്ടാണ്; എനിക്ക് ഒരു നിലപാടുണ്ട് എന്നതുകൊണ്ടാണ്; ഒരു കാഴ്ചപ്പാടുണ്ട് എന്നതുകൊണ്ടാണ്.ഈ നിലപാടിന് പിന്തുണ നേടാന്‍ ഞാന്‍ ശക്തമായി ശ്രമിക്കുന്നു എന്നതാണ് പ്രശ്നമാവുന്നത്.ഇരുപത്തൊന്നാം നൂറ്റാണ്ടിലെ എഴുത്തുകാര്‍ക്ക് ഇതത്ര പറ്റിയതല്ല എന്നാണ് വിവക്ഷ.പാര്‍ട്ടി പ്രത്യയശാസ്ത്രങ്ങള്‍ കയ്യാളുന്നവരുടെ അധീനമേഖലയ്ക്ക് അസുഖകരമാം വിധം തൊട്ടുരുമ്മിക്കൊണ്ട് മുന്നോട്ട്നീങ്ങുന്നു എന്നതാണ് ഇവിടെ പ്രശ്നമാവുന്നത്......എഴുത്തുകാര്‍ക്ക് എല്ലാ കാര്യങ്ങളിലും അവ്യക്തത നിലനിര്‍ത്താന്‍ ബാദ്ധ്യത യുണ്ടോ ... ഇനിയങ്ങോട്ടുള്ള കാലത്ത് ബുദ്ധിജീവികളും കലാപ്രവര്‍ത്തകരുമെല്ലാം പക്ഷം പിടിക്കേണ്ടിവരും. ഇക്കുറി സ്വാതന്ത്ര്യസമരകാലത്തെന്നപോലെ , അധിനിവേശം നടത്തുന്ന ശത്രുവിന്നെതിരായല്ല; നമ്മള്‍ നമ്മോടുതന്നെയാണ് പോരുതേണ്ടത്........വളരെ അസൌകര്യപ്രദമായ ചില ചോദ്യങ്ങള്‍  നമ്മോടുതന്നെ ചോദിക്കാന്‍  നാം നിര്‍ബന്ധിതരാവും- നമ്മുടെ മൂല്യങ്ങള്‍ ,   പൈതൃകങ്ങള്‍ ,ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാട്, പൌരന്മാരെന്ന നിലയ്ക്കുള്ള ഉത്തരവാദിത്വം, നമ്മുടെ ജനാധിപത്യ സ്ഥാപനങ്ങളുടെ സാധുത; ഭരണകൂടത്തിന്റെ,പോലീസിന്റെ,പട്ടാളത്തിന്റെ, ജുഡീഷ്യറിയുടെ,ബുദ്ധിജീവിസമൂഹത്തിന്റെ റോള്‍ തുടങ്ങിയവയെ ക്കുറിച്ചുള്ള ചോദ്യങ്ങള്‍ ‍.

എഴുത്തിലെ പ്രതിബദ്ധത

എഴുത്തിനെക്കുറിച്ച് എഴുത്തുകാരുടെ ഉത്തരവാദിത്വത്തെക്കുറിച്ച് അരുന്ധതിക്ക് സ്വന്തമായ ചില അഭിപ്രായങ്ങളുണ്ട് . നേരത്തെ ഉദ്ധരിച്ച ഉപന്യാസത്തില്‍ തന്നെ അവര്‍ അതിനെക്കുറിച്ച്ചിലതൊക്കെ പറയുന്നുണ്ട് . പുതിയ കൃതിയെ മനസ്സിലാക്കുന്നതിനു പ്രയോജനപ്പെടുമെന്നതിനാല്‍ അവകൂടി പരിശോധിക്കാം.'ദശലക്ഷക്കണക്കിനു ജനങ്ങള്‍ നിരക്ഷരരായ ഒരു രാജ്യത്ത് എഴുത്തുകാരിയായിരിക്കുക എന്നത് സംശയാസ്പദമായ ഒരു ബഹുമതിയാണ് ....വികസനത്തിന്റെ പേരില്‍ ഏതാണ്ട് ഒരു അപ്രഖ്യാപിത യുദ്ധം തന്നെ നടക്കുന്ന ഒരു രാജ്യത്ത് എഴുത്തുകാരിയാവുക എന്നത് ഭാരിച്ച ഉത്തരവാദിത്വമാണ്. 'ഭാരിച്ച'എന്നും 'ഉത്തരവാദിത്വം' എന്നും എഴുതുന്നത്‌ കുറഞ്ഞ സങ്കടത്തോടെയല്ല ;കനത്തു വിങ്ങുന്ന ഹൃദയത്തോടെയാണ് ;
സമൂഹത്തില്‍ എഴുത്തുകാരുടെയും കലാകാരികളുടെയും റോള്‍ എന്തായിരിക്കണം / ... എന്നെ സംബന്ധിച്ചിടത്തോളം എഴുത്തുകാര്‍ക്കുള്ള ആദ്യത്തെ നിയമം അവര്‍ക്ക് നിയമമില്ല എന്നുള്ളതാണ്.രണ്ടാമത്തെ നിയമം -ആദ്യത്തെ നിയമം ലംഘിക്കപ്പെടാന്‍ കൂടിയുള്ളതായതിനാല്‍ ‍- ചീത്ത കലയ്ക്കു ഒഴികഴിവൊന്നുമില്ല എന്നതാണ്.ചിത്രകാരന്മാര്‍ ,എഴുത്തുകാര്‍ , പാട്ടുകാര്‍ ‍, നര്‍ത്തകര്‍ ,അഭിനേതാക്കള്‍ ‍, സംഗീതജ്ഞര്‍ തുടങ്ങിയവര്‍ പറന്നുയരുവാനും അതിരുകളില്‍ ചെന്ന് ബലമായി തള്ളുവാനും മനുഷ്യഭാവനയുടെ സീമകളെത്തന്നെ ഉല്ലംഘിക്കുവാനും ഒട്ടും പ്രതീക്ഷിക്കാത്ത ഇടത്തില്‍നിന്നുപോലും സൌന്ദര്യത്തെ ആവാഹിക്കുവാനും, മറ്റാരും ഒരിക്കലും കണ്ടിട്ടില്ലാത്ത ഇടത്ത് ഇന്ദ്രജാലം കണ്ടെത്തുവാനും ഒക്കെ ഉദ്ദേശിക്കപ്പെട്ടിട്ടുള്ള ആളുകളാണ്.നിങ്ങള്‍ അവര്‍ പറന്നുയരുന്ന വഴി മുടക്കിയാല്‍ ‍, സദാചാരത്തെക്കുറിച്ചും കടമയെക്കുറിച്ചുമുള്ള സമൂഹത്തിന്റെ നിലവിലുള്ളധാരണകളുടെ അടിസ്ഥാനത്തില്‍  അവരുടെ ചിറകിനു ഭാരമേറ്റിയാല്‍ ‍, നിങ്ങള്‍ അവരുടെ യത്നത്തെ അട്ടിമറിക്കുകയാവുംചെയ്യുക. ഒരു നല്ല, അഥവാ വലിയ എഴുത്തുകാരി, സമൂഹംഅവരുടെമേല്‍ അടിച്ചേല്‍പ്പിക്കുന്ന സദാചാരമോഉത്തരവാദിത്വമോഏറ്റെടുക്കാന്‍ വിസമ്മതിച്ചേക്കാം.എന്നാല്‍ ‍, പ്രയാസപ്പെട്ടു നേടിയ സ്വാതന്ത്ര്യം ദുരുപയോഗപ്പെടുത്തിയാല്‍ അത് ചീത്ത എഴുത്തായിരിക്കും എന്ന് അറിയാവുന്നവരാണ് മികച്ച എഴുത്തുകാര്‍ ‍.എഴുത്ത് എന്ന പ്രവര്‍ത്തനം തന്നെ എഴുത്തുകാരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന സങ്കീര്‍ണമായ ഒരു സദാചാര വ്യവസ്ഥയും കാര്‍ക്കശ്യവും ഉത്തരവാദിത്വവും ഉണ്ട്.അത്  ഏകാത്മകവും വൈയക്തികവും ആയിരിക്കാം; എങ്കിലും അതുണ്ട്.കലാകാരിയും മാധ്യമവും തമ്മിലുള്ള സവിശേഷ ബന്ധമാണത്.
ശക്തവും സത്യവും പ്രകാശമാനവുമായ ഭാവനാ വിഹംഗത്തെ കൃത്രിമവും ഒച്ചവെക്കുന്നതുമായ മുക്കുപണ്ടത്തില്‍നിന്നു വേര്‍തിരിക്കുന്ന വളരെ നേര്‍ത്ത ഒരു രേഖയുണ്ട്. എന്നാല്‍ എവിടെയാണ് ആ രേഖ / അത് നിങ്ങള്‍ എങ്ങനെയാണ് തിരിച്ചറിയുക/ അത് മറി കടന്നോ എന്ന് എങ്ങനെ അറിയും /വായനക്കാര്‍ക്കോ വിമര്‍ശകര്‍ക്കോ പ്രസാധകര്‍ക്കോ സുഹൃത്തുക്കള്‍ക്കോ ശത്രുക്കള്‍ക്കോ  ഒന്നും ഇത് ഉറപ്പിച്ചു പറയാന്‍ കഴിയില്ല .എഴുത്തുകാരി സ്വയം ചോദിക്കേണ്ടതും സത്യസന്ധമായി ഉത്തരം കണ്ടെത്തേണ്ടതുമായ ചോദ്യമാണത്.ആ രേഖയെ തിരിച്ചറിഞ്ഞുതുടങ്ങിയാല്‍ ,   പിന്നെ  അവഗണിക്കാന്‍ കഴിയില്ല.,അതോടൊപ്പം ജീവിക്കുക, അതിനെ പിന്തുടരുക എന്നതല്ലാതെ വേറെ വഴിയില്ല..... സമാധാനം എന്ന ഭാവത്തില്‍  കാണപ്പെടുന്നതിനിടയില്‍പ്പോലും   നിശ്ശബ്ദമായ ഒരു യുദ്ധം നിര്‍ഭാഗ്യവശാല്‍ എന്നെപ്പോലെ നിങ്ങളും കണ്ടെത്താനിടയായി എന്ന് വരാം. ഒരിക്കല്‍ അത് കണ്ടുകഴിഞ്ഞാല്‍ ,പിന്നീട് അത്  കാണാതിരിക്കാന്‍ കഴിയില്ലെന്നതാണ് ഒരു ബുദ്ധിമുട്ട്.ഒരിക്കല്‍  കണ്ടുകഴിഞ്ഞാല്‍ പിന്നെ അതിനെപ്പറ്റി മിണ്ടാതിരിക്കുന്നത് ,ഒന്നും പറയാതിരിക്കുന്നത്  , തുറന്നു പറയുന്നതുപോലെതന്നെയുള്ള ഒരു രാഷ്ട്രീയക്രിയയായി മാറുന്നു.ഇതില്‍ നിരപരാധിത്വത്തിന്റെ പ്രശ്നമേയില്ല; എന്തുതന്നെയായാലും നിങ്ങള്‍ക്ക് ഉത്തരവാദിത്വം ഉണ്ടായിരിക്കും.
"ജീവിച്ചിരിക്കുമ്പോള്‍ സജീവമായിരിക്കുക ; മരിച്ചുകഴിയുമ്പോള്‍ മാത്രം മൃതമായിരിക്കുക. ഇത് മാത്രമാണ് കാണാന്‍ അര്‍ഹതയുള്ള സ്വപ്നം " സമ്പന്നതയെ ക്കുറിച്ചുള്ള അമേരിക്കന്‍ സ്വപ്നങ്ങളെ താലോലിക്കുന്ന ആര്‍ക്കിടെക്ചര്‍ പഠിച്ച ഒരു യുവതിയോട് അരുന്ധതി പറഞ്ഞു 'നീ കുറേക്കാലം ന്യൂയോര്‍ക്കില്‍ കഴിഞ്ഞുകൂടി .മറ്റു ലോകങ്ങളുണ്ട്.മറ്റുതരത്തിലുള്ള സ്വപ്നങ്ങളുമുണ്ട്.പരാജയം സാധ്യമായ സ്വപ്‌നങ്ങള്‍ ‍.ആദരണീയമായവ. ആ ലോകത്ത്  മാനുഷികമൂല്യത്തിന്റെയോ തിളക്കത്തിന്റെയോ അളവുകോല്‍ .അംഗീകാരം മാത്രമല്ല.....' അവര്‍ അമ്പരന്നു.അരുന്ധതി വിശദീകരിച്ചുകൊണ്ട് ഒരു കടലാസില്‍ എഴുതിക്കൊടുത്തു; 'സ്നേഹിക്കുക.സ്നേഹിക്കപ്പെടുക.സ്വന്തം നിസ്സാരത ഒരിക്കലും മറന്നുപോവാതിരിക്കുക.ചുറ്റുമുള്ള പറയാന്‍ കൊള്ളാത്ത അക്രമവും ജീവിതത്തിലെ ആഭാസകരമായ അസമത്വവും സ്വാഭാവികമാണെന്ന്  ഒരിക്കലുംകരുതാതിരിക്കുക.ഏറ്റവും ദുക്ഖകരമായ ഇടങ്ങളിലും സന്തോഷം തേടുക.സൌന്ദര്യത്തെ അതിന്റെ മാളത്തിലേക്കും പിന്തുടരുക.സങ്കീര്‍ണമായതിനെ ലളിതവത്കരിക്കുകയോ ലളിതമായതിനെ സങ്കീര്‍ണവത്കരിക്കുകയോ ഒരിക്കലും ചെയ്യാതിരിക്കുക.ബലത്തെബഹുമാനിക്കുക;അധികാരത്തെയല്ല.പോരാ,; എല്ലാംനിരീക്ഷിച്ചുകൊണ്ടിരിക്കുക;ശ്രമിക്കുക; മനസ്സിലാക്കുക.മറ്റെങ്ങോട്ടോ കണ്ണ് തിരിക്കാന്‍ ഒരിക്കലും ശ്രമിക്കാതിരിക്കുക..ഒരിക്കലും ഒരിക്കലും മറക്കാതിരിക്കുക.''  (ഭാവനയുടെ അന്ത്യം-ആള്‍ജിബ്രപേജ് ൧൫-൧൬)

''ഭൂതകാലത്തെ പഴിപറഞ്ഞു നമ്മെ ആശ്വസിപ്പിക്കാന്‍ കഴിയില്ല ചരിത്രം സംഭവിച്ചു 'കഴിഞ്ഞതാണ്; അത് കഴിഞ്ഞുപോയി .തീര്‍ന്നു.നമുക്ക് ആകെ ചെയ്യാവുന്നത് അതിന്റെ ഗതി മാറ്റുക എന്നതാണ്.ഇഷ്ടപ്പെടാത്തതിനെ നശിപ്പിക്കുകയല്ല; ഇഷ്ടപ്പെടുന്നതിനെ പ്രോത്സാഹിപ്പിക്കുകയാണ്നാം ചെയ്യേണ്ടത്.മൃഗീയവും തകര്‍ക്കപ്പെട്ടതുമായ ഈ ലോകത്തും
സൌന്ദര്യം അവശേഷിക്കുന്നുണ്ട്.ഗുപ്തവും ഭയാനകവും ഭീമവുമായ സൌന്ദര്യം.നമ്മുടേത്‌ മാത്രമായ അനന്യമായ  സൌന്ദര്യം; മറ്റുള്ളവര്‍ നമുക്ക് തന്ന, നമ്മള്‍ കൂടുതല്‍ മികവുറ്റതാക്കി,പുനര്‍നിര്‍മിച്ചുനമ്മുടേതാക്കിയ സൌന്ദര്യം.അതിനെ നമ്മള്‍അന്വേഷിച്ചുകണ്ടെത്തണം;പോഷിപ്പിക്കണം;സ്നേഹിക്കണം.ബോംബുണ്ടാക്കുന്നത് നമ്മെ നശിപ്പിക്കുകയേ ഉള്ളൂ; നമ്മള്‍ അതുപയോഗിച്ചാലും ഇല്ലെങ്കിലും അത് നമ്മെ നശിപ്പിക്കും '' (അതേ ലേഖനം പേജ്൩൭-൩൮ )

എഴുത്തിനെക്കുറിച്ചും ആക്ടിവിസത്തെക്കുറിച്ചും അരുന്ധതി റോയ് തന്നെ ഒന്നര ദശാബ്ദം മുമ്പ് പ്രകടിപ്പിച്ച ഈ വീക്ഷണങ്ങളുടെ കൂടിഅടിസ്ഥാനത്തില്‍ ,  'പരമാനന്ദത്തിനായുള്ള വിശുദ്ധശുശ്രൂഷ' എന്നപേരുള്ള അവരുടെ പുതിയ നോവലിന്റെ ഒരു  വിഹഗവീക്ഷണം ഏറെ പ്രസക്തമാണ്.'ഇനിയും ആശ്വസിപ്പിക്കപ്പെടാത്തവര്‍ക്ക്'സമര്‍പ്പിക്കപ്പെട്ടിട്ടുള്ള പുസ്തകത്തിന്‍റെ തുടക്കം തന്നെ കന്നുകാലികള്‍ക്ക് പാല്‍  വര്‍ധിപ്പിക്കാന്‍ നല്‍കിയഡൈക്ളോഫെനാക് എന്ന മരുന്നിന്റെ വിഷബാധയേററ് അവയുടെ മാംസം ഭക്ഷിച്ച തോട്ടിക്കഴുകന്മാര്‍ ചത്തൊടുങ്ങിയ പാരിസ്ഥിതികദുരന്തം വിവരിച്ചുകൊണ്ടാണ്. ഈ വംശനാശദുരന്തം അധികമാരും ശ്രദ്ധിച്ചില്ല ; കാരണം ആളുകള്‍ക്ക് 'ശ്രദ്ധിക്കുവാന്‍ മറ്റെത്രയോ കാര്യങ്ങളുണ്ടായിരുന്നു' എന്ന ന്യൂനോക്തിയോടെ ഹ്രസ്വമായ നാന്ദി അവസാനിക്കുന്നു.മനുഷ്യരോടുമാത്രമല്ല, മറ്റു ജീവജാതികളോടുമുള്ള സ്നേഹവും നൈതികതയും ഈ കൃതിയിലുടനീളമുള്ള ലോകവീക്ഷണത്തിന്റെ മുഖമുദ്രയാണ്.

ഇതിവൃത്തവും കഥാപാത്രങ്ങളും

മിനിസ്ട്രി ഓഫ്  അട്മോസ്റ്റ്‌ ഹാപ്പിനസ്(പരമാനന്ദത്തിനായുള്ള വിശുദ്ധശുശ്രൂഷ) എന്ന ഈ നോവലില്‍  പരമ്പരാഗതമായ ഒറ്റക്കഥയുള്ള ഋജുവായ ഒരു ആഖ്യാനമല്ല;
വര്‍ത്തമാനകാല ഇന്ത്യയിലെ വൈവിധ്യമാര്‍ന്ന പശ്ചാത്തലങ്ങളില്‍നിന്നു വരുന്ന വ്യത്യസ്ത മനുഷ്യരുടെ തീക്ഷ് ണമായ അനുഭവങ്ങളുടെ ബഹുതലസ്പര്‍ശിയായ ആഖ്യാനങ്ങളുടെ സങ്കീര്‍ണമായ ഒരു സങ്കലനമാണ്.ഇതില്‍ ഡല്‍ഹിയും കാശ്മീരും ഗുജറാത്തും ആന്ധ്രയും മറ്റനേകം പ്രദേശങ്ങളും അവിടങ്ങളില്‍നിന്നുള്ള കഥാപാത്രങ്ങളും അവരുടേതായ കഥകളും ഉണ്ട്. അതിഭാവുകത്വത്തിന്റെയോ അതിവൈകാരികതയുടെയോ
പൊലിമകളില്ലാതെ,  കാവ്യാത്മകവും പലപ്പോഴും നിസ്സംഗമാം വിധംതണുപ്പന്‍ എന്ന് തോന്നുന്നതും മറ്റു ചിലപ്പോള്‍ ചടുലവും ഒക്കെ ആയ ,ഓജസ്സുറ്റ ഭാഷയിലൂടെയാണ് സമകാലിക ഇന്ത്യയിലെ നിഷ്കാസിതരുടെ  ജീവിതത്തിന്റെ നഖചിത്രം നമുക്ക് ലഭിക്കുന്നത്

പഴയ ദില്ലിയിലെ ഒരു മുസ്ലിം യാഥാസ്ഥിതിക കുടുംബത്തില്‍
 ജഹാനറാ ബീഗം,മുലാക്കത് അലി ദമ്പതികള്‍ക്ക് മൂന്നു പെണ്‍കുട്ടികള്‍ക്ക് ശേഷം പിറന്ന അഫ് താബ് എന്ന ആണ്‍കുട്ടി  വാസ്തവത്തില്‍ ഒരു 'ഹിജഡ'യാണ് എന്നറിഞ്ഞപ്പോഴുണ്ടായ ഞെട്ടലും ദുക്ഖവും അവമതിയുമെല്ലാം അമ്മയെ കുഴക്കുന്നു.പുരുഷന്റെയും  സ്ത്രീയുടെയുംലൈംഗികാവയവങ്ങളുള്ള കുട്ടിയാണ് അതെന്നു ഡോക്ടര്‍ പറയുമ്പോള്‍ അവര്‍ തകര്‍ന്നു പോവുന്നു.കുട്ടിയെ സ്നേഹിക്കാനുള്ളധൈര്യവും മനക്കരുത്തും തനിക്കുണ്ടാകാന്‍ വേണ്ടി അവര്‍ ഹസ്രത് സര്‍മാദ് ഷഹീദിന്റെ ദര്‍ഗയില്‍ പ്രാര്‍ഥിക്കുന്നു..ഡല്‍ഹിയിലെ തെരുവുകളില്‍ ആടിയും പാടിയും ജനങ്ങളുടെ അവഹേളനങ്ങള്‍ സഹിച്ചും സങ്കടങ്ങള്‍ കടിച്ചമര്‍ത്തിയും ജീവിക്കുന്ന, ഒരു ഉപസംസ് കൃതിയായി സമൂഹത്തിന്റെ പുറമ്പോക്കില്‍ കഴിയാന്‍ വിധിക്കപ്പെട്ട, 'ദുനിയാവില്‍നിന്നു ഒഴിച്ച് നിര്‍ത്തപ്പെടുന്ന ', ഹിജഡ, നപുംസകം മൂന്നാം ലിംഗം,ട്രാന്‍സ്ജെന്‍ഡര്‍  എന്നൊക്കെ വിളിക്കപ്പെടുന്ന,
ഏതാനും കഥാപാത്രങ്ങള്‍ താമസിക്കുന്ന ഖ്വാബ് ഗാ (സ്വപ്നഗൃഹം ) യിലേക്ക് ഇടക്കിടെ സന്ദര്‍ശിക്കുന്ന അഫ് താബ്സ്ത്രീയായി ജീവിക്കാന്‍ തീരുമാനിച്ചു. പതിനാറാം  വയസ്സില്‍ അഞ്ജുംഎന്ന പേര് സ്വീകരിച്ച് അവിടെ അന്തേവാസിയാവുന്നു. കുടുംബത്തെ അപേക്ഷിച്ച്കൂടുതല്‍ സ്വതന്ത്രവും ആത്മപ്രകാശനത്തിനു സൌകര്യമുള്ളതുമായ ഒരിടമായി അവള്‍ക്കു ഖ്വാബ് ഗാഅനുഭവപ്പെടുന്നുണ്ട്.

മുഗള്‍ കാലഘട്ടത്തില്‍ ഹിജഡകള്‍ക്കുണ്ടായിരുന്ന പ്രതാപങ്ങള്‍ അയവിറക്കുന്ന കുല്‍സുംബിയെന്ന പ്രായമായ സ്ത്രീയുടെ നിയന്ത്രണത്തില്‍ , ഭാഗികമായി തകര്‍ന്ന പഴയൊരു കെട്ടിടത്തില്‍ സ്ഥിതി ചെയ്യുന്ന ഖ്വാബ് ഗായില്‍ ൩൦ വര്‍ഷത്തിലേറെ അവള്‍ കഴിയുന്നു.അമ്മയാവാനുള്ള ആഗ്രഹം സഫലമായത്  ദല്‍ഹി ജുമാമസ്ജിദിന്റെ പടവുകളില്‍ നിന്ന്കളഞ്ഞുകിട്ടിയ പെണ്‍കുട്ടിയെ വളര്‍ത്തിക്കൊണ്ടാണ്.
സക്കീര്‍ മിയാന്‍ എന്ന വൃദ്ധനോടോപ്പം ൨൦൦൨ല്‍  ഗുജറാത്ത് സന്ദര്‍ശിക്കുന്ന അഞ്ജും അവിടെ നടന്ന ക്രൂരമായ നരഹത്യയ്ക്കും ബാലാല്‍സംഗങ്ങള്‍ക്കും സാക്ഷിയാവുന്നുണ്ട് .സക്കീര്‍ മിയാന്‍ വധിക്കപ്പെട്ടു. ഹിജഡയെ കൊല്ലുന്നതും ബലാല്‍സംഗം ചെയ്യുന്നതും അപശകുനവും ദൌര്‍ ഭാഗ്യവുമാണ് എന്ന കൊലയാളികളുടെ വിശ്വാസം കൊണ്ട് മാത്രം അവള്‍ രക്ഷപ്പെട്ടു ."അവരവളെ കൊല്ലാതെ, ദ്രോഹിക്കാതെ വിട്ടയച്ചു"എന്നാണ് അരുന്ധതിയുടെ ന്യൂനോക്തി.അഞ്ജും ദല്‍ഹിയില്‍ മടങ്ങിയെത്തുന്നത് തികച്ചും മാറിയ ഒരാളായാണ്.സൈനബ് എന്ന പേരുള്ള തന്റെ കുട്ടിയെ വളര്‍ത്തുന്നത് ദുഷ്കരമാണെന്ന ബോധം അവളെ പിടികൂടുന്നു.കുട്ടിയെ അവിടെ വിട്ടു അവള്‍ ശ്മശാനഭൂമിയിലേക്ക് താമസം മാറുന്നു. ആശുപത്രിയുടെ ശവമുറിയു ടെ പിന്നിലായിക്കിടക്കുന്ന ശവപ്പറമ്പില്‍ ഷെഡ്ഡു കെട്ടി ശവക്കല്ലറകള്‍ക്കിടയില്‍ കീറിയ പരവതാനികള്‍ വിരിച്ചു അവള്‍ കിടന്നുറങ്ങി.'അനധികൃത'മായിരുന്നു അവിടത്തെ പൊറുതി."ശ്മശാനത്തില്‍ താന്‍ മരിച്ചുകൊണ്ടിരിക്കുകയാണ് ജീവിച്ചുകൊണ്ടിരിക്കുകയല്ല. അതിനു മുനിസിപ്പാലിറ്റിയുടെ അനുവാദം വേണ്ടല്ലോ" എന്നാണ് അവളുടെ ന്യായം.ഇടക്കിടെ വടികുത്തി അവിടെയെത്തുന്ന, കണ്ണ് കാണാത്ത ഇമാം സാഹിബ് ആണ് അവള്‍ക്കു കൂട്ട്."പ്രായമായ പക്ഷികള്‍ മരിക്കാന്‍ എങ്ങോട്ട് പോകുന്നു എന്നൊക്കെയുള്ള ചോദ്യങ്ങള്‍ അവള്‍ ചോദിക്കുന്നത് അദ്ദേഹത്തോടാണ്.അവിടെ നടക്കുന്ന  ശവമടക്ക് ചടങ്ങുകളില്‍ കാര്മികത്വം വഹിക്കുന്നതും ചരമശുശ്രൂഷകള്‍ നടത്തുന്നതും അദ്ദേഹാം തന്നെ.  കാലക്രമത്തില്‍ ഈ ശ്മശാനഭൂമി പുതിയൊരു ലോകമായി മാറുന്നു. സമൂഹത്തില്‍നിന്നും പുറന്തള്ളപ്പെട്ടവര്‍ ‍,  അവശന്മാരാര്‍ത്തന്മാരാലംബഹീനന്മാര്‍ ‍,  ഹിജഡയായാലും മറ്റുള്ളവരായാലും, അവിടെ എത്തി ഒത്തുചേരുന്നു.
ജന്നത്ത്  എന്നവര്‍ വിളിക്കുന്ന ഒരു 'ഗസ്റ്റ്ഹൌസാ'യി അത് പരിണമിക്കുന്നു .സദ്ദാം ഹുസ്സൈനും തിലോത്തമയും എല്ലാം പിന്നീട് എത്തിച്ചേരുന്നത് ഈ അഭയകേന്ദ്രത്തില്‍ തന്നെ.

തന്റെ ആദര്‍ശങ്ങള്‍ക്കും മര്‍ദിതരുടെ അവകാശങ്ങള്‍ക്കും വേണ്ടി ഏറെ നാളായി ജന്തര്‍ മന്തറില്‍ സത്യഗ്രഹം നടത്തി വരുന്ന ഡോക്ടര്‍ ആസാദ്ഭാരതീയ എന്ന കഥാപാത്രം ഇതിലെ വ്യത്യസ്ത കഥാപാത്രങ്ങളെ കൂട്ടിയോജിപ്പിക്കുന്ന ഒരു കണ്ണിയും പരസ്പരം പരിചയപ്പെടുത്തുന്ന വ്യക്തിയുമാണ്.സത്യഗ്രഹവേദിക്കടുത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ഒരു പെണ്കുഞ്ഞിനെ രക്ഷപ്പെടുത്താന്‍ അന്ജും ശ്രമിക്കുന്നുണ്ടെങ്കിലും കുഞ്ഞു അപ്രത്യക്ഷമാകുന്നു.പോലീസ് കേസ് രജിസ്ടര്‍ ചെയ്തു അന്വേഷണം നടത്തുന്നുണ്ട്.

തിലോ എന്ന് വിളിക്കപ്പെടുന്ന തിലോത്തമയാണ്  നോവലിലെ മറ്റൊരു മുഖ്യ കഥാപാത്രം.. മറിയം ഐപ്പ് എന്ന മലയാളി സ്ത്രീക്ക് ഒരു ബംഗാളിയിലുണ്ടായ അവളെ അമ്മ പരസ്യമായി മകളായി അംഗീകരിച്ചിരുന്നില്ല. എങ്കിലും അവസാനനാളില്‍ ആശുപത്രിയിലായ അവരെ കേരളത്തില്‍ ചെന്ന് ശുശ്രൂഷിച്ചത് അവളാണ്. "ഒരു ഭൂതകാലമോ,കുടുംബമോ ,സമൂഹമോ ,ജനതയോ ,സ്വന്തം വീടോ ഒന്നുമില്ലാത്ത"ഒരാളായാണ് തിലോത്തമ അവതരിപ്പിക്കപ്പെടുന്നത് .അലക്ഷ്യമായ വേഷവും അദമ്യമായ സ്വാതന്ത്ര്യബോധവുമായി ആരെയും കൂസാതെ ജീവിക്കുന്ന അനാര്‍ക്കിസ്റ്റാണ്  അവള്‍ എന്ന് പറയാം. ആര്‍ക്കിറ്റെക്ടുംഗ്രാഫിക് ഡിസൈനറുമായ അവളെ  വിദ്യാഭ്യാസകാലത്ത്  മൂസ, നാഗ, ബിപ്ലബ്ദാസ് ഗുപ്ത എന്നിവര്‍പ്രേമിക്കുന്നുണ്ട് .കാഷ്മീരിയായ മൂസയോടായിരുന്നു അവള്‍ക്കു പ്രതിപത്തി. മൂസയോടുള്ള പ്രണയം പിന്നീട് അവളെ കാശ്മീരില്‍ച്ചെല്ലാന്‍ ഇടയാക്കുന്നുണ്ട്.

൧൯൯൦കളിലെ കാശ്മീരിന്റെ അവസ്ഥയുടെ ഒരു നേര്‍ചിത്രമാണ് പിന്നീട് വളരെയധികം പുറങ്ങളില്‍ നിറഞ്ഞു കിടക്കുന്നത്.പ്രദേശവാസികളെ ശത്രുക്കളായി ഗണിച്ചുകൊണ്ട് ഇന്ത്യന്‍ ഭരണകൂടം അവിടെ നടത്തുന്ന ഹിംസയുടെയും ഭീകരതയുടെയും കരളലിയിക്കുന്നകഥകളാണ് വായനക്കാര്‍ക്ക് ഏറെ സങ്കടത്തോടെ വായിക്കേണ്ടിവരുന്നത്‌. "ഐതിഹാസികമായ കാശ്മീര്‍ താഴ്വരയുടെ ഓരോ ഭാഗത്തുംജനങ്ങള്‍ എന്ത് ചെയ്യുമ്പോഴും-നടക്കുക,പ്രാര്‍ഥിക്കുക, കുളിക്കുക,തമാശപറയുക, വാള്‍നട്ടിന്റെ തോടു കളയുക,പ്രണയിക്കുക, ബസ്സില്‍ കയറി വീട്ടില്‍പ്പോകുക അങ്ങനെ എന്ത് ചെയ്യുമ്പോഴും അവര്‍ പട്ടാളക്കാരന്റെ തോക്കിന്റെ  റൈഫിള്‍കണ്ണിലൂടെനിരീക്ഷിക്കപ്പെട്ട് കൊണ്ടിരുന്നു........അതുകൊണ്ട് എന്ത് ചെയ്യുമ്പോഴും, അവര്‍തോക്കിന്‍ കുഴലിന്റെ ന്യായീകരിക്കാവുന്ന ലക്ഷ്യവുമായിരുന്നു."

കമാണ്ടര്‍ ഗുല്‍റസ്‌എന്നറിയപ്പെടുന്ന പ്രതിരോധഭടന്‍ കൊല്ലപ്പെടുന്നു.ഒപ്പമുണ്ടായിരുന്ന തിലോത്തമയെ അറസ്റ്റ് ചെയ്തു ഓഫീസര്‍ അമ്രിക് സിംഗിന്റെ നിയന്ത്രണത്തിലുള്ള   പീഡനക്യാംപ് സ്ഥിതിചെയ്യുന്ന ഷിറാസ് സിനിമാശാലയിലേക്ക് കൊണ്ടുപോവുന്നു.ഇന്റലിജന്സിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായ നാഗ ഇടപെട്ടു അവളെ രക്ഷപ്പെടുത്തുന്നു. പിന്നീട് അവളെ നാഗ വിവാഹം ചെയ്യുന്നുണ്ടെങ്കിലും അവള്‍ അയാളെ ഉപേക്ഷിച്ചു ബിപ്ലബിന്റെ ഫ്ലാറ്റില്‍ വാടകയ്ക്ക് താമസിക്കുന്നു.ഡോക്ടര്‍ ആസാദ് ഭാരതീയയെ ഇടക്കിടെ സന്ദര്‍ശിച്ചു സൌഹൃദം സ്ഥാപിച്ചിരുന്ന തിലോ , പാതയോരത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍കണ്ട പെണ്‍കുഞ്ഞിനെ രഹസ്യമായി തന്റെ ഫ്ലാറ്റിലെത്തിച്ചു അവിടെ വളര്‍ത്തുകയായിരുന്നു. ഇത് ഇശ്രത്തിനോടൊപ്പം കുതിരപ്പുറത്തുകയറി അവളെ പിന്തുടര്‍ന്ന സദ്ദാംഹുസൈന് അറിയാമായിരുന്നു. ഡോക്ടര്‍ ആസാദിന്റെ പക്കല്‍ നിന്ന് പോലീസുകാര്‍ തിലോയെക്കുറിച്ച് വിവരം ശേഖരിക്കുകയും ചെയ്തിരുന്നു. മിസ്സ്‌ ജബീന്‍ രണ്ട് എന്നായിരുന്നു കുട്ടിക്ക് നല്കിയപേര്.

മൂസയുടെ ഭാര്യയും മിസ്സ്‌ ജബീന്‍ എന്ന  മൂന്നുവയസ്സായ പെണ്‍കുഞ്ഞും ടെറസിലിരുന്നു താഴെ റോഡിലൂടെ കടന്നുപോകുന്ന വിലാപയാത്ര കണ്ടുകൊണ്ടിരുന്നപ്പോള്‍  പട്ടാളത്തിന്റെ വെടിയേറ്റു മരിക്കുകയായിരുന്നു.ഭാര്യയുടെയും കുഞ്ഞിന്റെയും ശവസംസ്കാരസമയത്ത് 'അസ്വാഭാവികമായവിധം ശാന്തനായി കാണപ്പെട്ട" കുറ്റത്തിന് മൂസയെ അറസ്റ്റ് ചെയ്തിരുന്നു.മൂസ തന്റെ മരിച്ചുപോയ കുഞ്ഞുമോള്‍ക്ക് ഇങ്ങനെ ഒരു കത്തെഴുതുന്നുണ്ട്:
" നമ്മുടെ കാശ്മീരില്‍ ,മരിച്ചവരാണ്‌ എന്നെന്നും ജീവിക്കുക .ജീവിച്ചിരിക്കുന്നവര്‍  മരിച്ച മനുഷ്യരാണ്; അവര്‍ ജീവിക്കുന്നതായി അഭിനയിക്കുകയാണ് ". പിന്നെ മൂസ വീട് വിട്ടു ഒമ്പതുമാസത്തോളം ഒളിവില്‍ പോകുന്നുണ്ട് .ഇതിനിടയ്ക്കാണ്തിലോ കാഷ്മീരിലെത്തിയതും അയാളോടൊപ്പം ഒരു രാത്രി ഹൌസ്ബോട്ടില്‍ ചെലവഴിച്ചതും.തുടര്‍ന്നാണ്‌ ഗുല്‍ റ സ്സിനെ വധിച്ചതും ,തിലോയെ അറസ്റ്റ് ചെയ്തതും . മരണത്തിന്റെ താഴ്വരയില്‍നിന്നു മടങ്ങുമ്പോള്‍ തിലോ ഗര്‍ഭിണിയായിരുന്നു. എന്നാല്‍ തന്നെപ്പോലെ വളരാന്‍ തന്റെ കുഞ്ഞിനും ഇടവരാതിരിക്കാനായി ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ ചെന്നു അവള്‍ഗര്‍ഭം അലസിപ്പിച്ചിരുന്നു. അതിനു ശേഷമാണ് നാഗയെ വിവാഹം ചെയ്തത്.

മിസ്സ്‌ ജബീന്‍ എന്ന കുഞ്ഞുമായി തിലോത്തമ പിന്നീടെത്തുന്നത് ജന്നത്തില്‍ തന്നെ .രഹസ്യമായി അവിടെയെത്താനുള്ള സൗകാര്യങ്ങള്‍ ഏര്‍പ്പാട് ചെയ്തത് സദ്ദാം ആയിരുന്നു.
ജന്നത്ത് ഗസ്റ്റ് ഹൌസില്‍ തിലോ ക്ലാസുകള്‍ ആരംഭിച്ചു.സൈനബുംഇതിനിടയില്‍അവിടെയെത്തിയിരുന്നു.പച്ചക്കറിത്തോട്ടവുംനീന്തല്‍ക്കുളവുമൊക്കെയായി ഗസ്റ്റ് ഹൌസ് വിപുലമായി .അന്തേവാസികള്‍ കൂടി . സദ്ദാം സൈനബിനെ കല്യാണംകഴിക്കുന്നു.അകലെയുള്ള ഒരു മാളിലെ നല്ല ഒരു റസ്ടാറന്റില്‍വച്ച്  ജന്നത്ത് നിവാസികള്‍ക്കും അഭ്യുദയ കാംക്ഷികള്‍ക്കുംഒപ്പംസിറ്റിയിലെഹിജഡകള്‍ക്കുംഅയാള്‍വിരുന്നുനല്‍കുന്നു.അന്ജുമിന്റെ അമ്മ പണ്ട് എന്നുംപ്രാര്‍ഥിക്കാറുണ്ടായിരുന്ന,"ആശ്വസിപ്പിക്കപ്പെടാത്തവരുടെ പുണ്യവാളന്‍ ‍;അനിശ്ചിതത്വത്തിലുള്ളവരുടെ ആശ്വാസകേന്ദ്രം;വിശ്വാസികള്‍ക്കിടയിലെനിഷേധി;നിഷേധികള്‍ക്കിടയിലെ വിശ്വാസി" എന്നൊക്കെവിശേഷിപ്പിക്കപ്പെട്ടിരുന്ന ഹസ്രത് സര്‍മാദ് ഷഹീദിന്റെ ദര്‍ഗയില്‍ , നവദമ്പതിമാര്‍  വളരെ സന്തോഷമായി കഴിയാനുള്ള.അനുഗ്രഹം തേടുന്നു.

ആയിടയ്ക്കു മിസ്സ്‌ ജബീന്റെ അമ്മയുടെ ഒരു എഴുത്ത് വരുന്നു .അവര്‍ രേവതി എന്ന ആന്ധ്രക്കാരിയായ ഒരു മാവോയിസ്റ്റ് പ്രവര്‍ത്തകയായിരുന്നു. ബലാല്‍സംഗത്തിലുണ്ടായ ആ കുട്ടിയുടെ പേര് ഉദയ എന്നായിരുന്നു. കഠിനമായ യാതനകളും ദീര്‍ഘയാത്രകളും വേണ്ടിവന്നിരുന്ന ഒളിപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ കുട്ടി തനിക്ക് ഒരു ബാധ്യതയാവുമെന്നുകണ്ട്,  സുരക്ഷിതമെന്ന് തോന്നിയ ജന്തര്‍മന്തറിലെ സത്യാഗ്രഹവേദിക്ക് സമീപത്ത് കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നു. താന്‍ ഉടന്‍ കൊല്ലപ്പെടും. അതിന് മുമ്പ് സത്യം അറിയിക്കുവാനാണ് കത്തെഴുതിയത്.മിസ്സ്‌ ജബീന്‍ അതോടെ മിസ്സ്‌ ഉദയാ ജബീന്‍ ആവുന്നു.
രേവതിയുടെ പ്രതീകാത്മക ശവദാഹം ആ കത്ത് ദഹിപ്പിച്ചുകൊണ്ട്‌ നടത്തുന്നു. മാത്രമല്ല സദ്ദാം ഹുസ്സൈന്റെ അച്ഛന്റെ ഷര്‍ട്ടും, തിലോത്തമയുടെ അമ്മയുടെ ചിതാഭസ്മവും സംസ്കരിക്കപ്പെടുന്നു. ഇമാം സാഹിബ് ചരമ ശുശ്രൂഷ നടത്തുന്നു .പശുവിനെ കൊന്നു എന്നാരോപിച്ച് വധിക്കപ്പെട്ട ഒരു ചമാര്‍ ആയിരുന്നു  സദ്ദാം ഹുസ്സൈന്റെ അച്ഛന്‍ ‍. ദയാനന്ദ് എന്ന യഥാര്‍ത്ഥ പേരുള്ള സദ്ദാം, ശെഹ്രാവത് എന്ന പോലീസുകാരനെ കൊന്നു പ്രതികാരം വീട്ടാനുള്ള പകയുമായി അലയുമ്പോളായിരുന്നു ജന്നത്തില്‍ എത്തിപ്പെട്ടത് . 

"ഉയര്‍ന്ന ജാതിക്കാരനും ഉപരിവര്‍ഗക്കാരനും എതു കോണില്‍ നോക്കിയാലും മര്‍ദകനു"മായ ബിപ്ലബ് ദാസ് ഗുപ്ത ഇപ്പോള്‍ മാറിയ ഒരു മനുഷ്യനാണ്.  കാശ് മീരിനെയും അതിനെക്കുറിച്ച് പ്രചരിപ്പിക്കപ്പെടുന്ന മിഥ്യകളെയും കുറിച്ച് അയാള്‍ പുനര്‍വിചിന്തനം നടത്തുന്നുണ്ട്.നാഗയും ഇപ്പോള്‍ ഏകാകിയായി കഴിയുകയാണ്.  തിലോ താമസിച്ചിരുന്ന  ഫ്ലാറ്റ്  മൂസ സന്ദര്‍ശിക്കുന്നു. അവിടെ ഭദ്രമായി സൂക്ഷിക്കാന്‍ താനേല്പ്പിച്ചിരുന്ന  ഒട്ടേറെ രഹസ്യരേഖകളടങ്ങുന്ന പെട്ടികളുമായി മൂസ ജന്നത്തിലെത്തുന്നു.തിലോയോടോപ്പം സന്തോഷമായി  രാത്രി പങ്കിടുന്നു.തിലോ അപ്പോള്‍ ഒരു കവിതാശകലം കുറിച്ചെടുക്കുന്നുണ്ട്;
"ശിഥിലമായ ഒരു കഥ എങ്ങനെയാണ് ഞാന്‍ പറയേണ്ടത് ?ഞാന്‍ സാവധാനത്തില്‍ ഓരോരുത്തരായി സ്വയം  മാറിയിട്ടാണോ ?
അല്ല; ഞാന്‍ സാവധാനത്തില്‍ ഓരോന്നുമായി സ്വയം  മാറിയിട്ട്.
പിറ്റേന്ന് കാലത്ത് മൂസ അവസാനയാത്രപറഞ്ഞു കാശ് മീരിലേക്ക് മടങ്ങുകയാണ്-താന്‍ ആഗ്രഹിച്ചതുപോലെ , 'മുഖമില്ലാത്ത ഒരു മനുഷ്യനായി പേരില്ലാത്ത ഒരു ശ്മശാനത്തില്‍ അടക്കം ചെയ്യപ്പെടാന്‍വേണ്ടി "

അഞ്ജും ചരിതാര്‍ത്ഥതയോടെയും സംതൃപ്തിയോടെയും ജന്നത്ത് ഗസ്റ്റ് ഹൌസിനെ ഒടുവില്‍ മൊത്തത്തിലൊന്നു സാകൂതംനോക്കിക്കാണുകയാണ്.അശരണരും തിരസ്കൃതരുമായ എത്രയോ  മനുഷ്യര്‍ക്ക്‌ അഭയകേന്ദ്രമായി മാറിയ, ജാതി- മത -ലിംഗ പരിഗണനകള്‍ കലുഷമാക്കാത്ത , ഒരു സ്വതന്ത്ര -ജനാധിപത്യ ഇടം ശവപ്പറമ്പില്‍ നിര്‍മിച്ചെടുക്കാന്‍  സാധിച്ചതില്‍ അവള്‍ക്കു അഭിമാനമുണ്ട്."ലോകത്ത് എല്ലാ കാര്യങ്ങളും ശരിയായിവരും; ശരിയാവും ; കാരണം , ശരിയായേ പറ്റൂ'.എല്ലാം  താറുമാറായിക്കിടക്കുന്ന ഒരു സാമൂഹികാവസ്ഥയിലും, സന്തോഷത്തിന്റെയും പ്രത്യാശയുടേതുമായ ഒരു ഭാവി സ്വപ്നം കണ്ടുകൊണ്ടാണ് നോവല്‍ അവസാനിക്കുന്നത്. അതാണ്‌ അതിലെ അരുന്ധതി സ്പര്‍ശം!പീഡനങ്ങളുടെയും സഹനങ്ങളുടെയും നടുവിലും പ്രതീക്ഷയുംപ്രസന്നതയും പ്രസരിപ്പിക്കാനുള്ള അപൂര്‍വ സര്‍ഗശേഷിയാണ് അവര്‍ക്കുള്ളത്.


അമ്പതിലേറെ കഥാപാത്രങ്ങളും അവരുടെ ആഖ്യാനങ്ങളും നോവലിലുണ്ട്.ഇതില്‍  എതാനുംപെരെ ഒഴിച്ചു നിര്‍ത്തിയാല്‍ , ഓരോ ആളെയും തനതായ വ്യക്തിത്വമുള്ള വേറിട്ട കഥാപാത്രങ്ങളാക്കാന്‍ ശ്രമം നടന്നിട്ടില്ല. ഇക്കാര്യത്തില്‍ പരമ്പരാഗത പ്രതീക്ഷകളെ എഴുത്തുകാരി മാനിക്കുന്നില്ല.എന്നാല്‍ ഇത് ഒരു ബാധ്യതയല്ല , സാധ്യതയാണ് എന്ന് അവര്‍ കാട്ടിത്തരുന്നുണ്ട്.
മനുഷ്യരും മൃഗങ്ങളുംപക്ഷികളും ഷഡ്പദങ്ങളുമെല്ലാം   സജീവമായി ആഖ്യാനത്തില്‍ കടന്നുവരുന്നു.ഹിജഡകളും ട്രാന്‍സ് ജെന്‍ഡറുകളും വിപ്ലവകാരികളും അനാര്‍ക്കിസ്റ്റുകളും മതവാദികളും മതരഹിതരും സത്യഗ്രഹികളും പോലീസുകാരും പട്ടാളവും സിവിലിയന്മാരും പ്രതിരോധപ്രവര്‍ത്തകരും ബ്യൂറോക്രാറ്റ്കളും
വിശ്വാസികളും അവിശ്വാസികളും എന്നിങ്ങനെ  വ്യത്യസ്തതയുടെ എത്രയോ ശ്രേണികള്‍ ഇതില്‍ അണി നിരക്കുന്നു.ഒപ്പം തന്നെ,
പട്ടത്തിന്റെ ചരടില്‍ കുടുങ്ങി അന്തരീക്ഷത്തില്‍ തൂങ്ങിയാടുന്ന കാക്കയും (സദ്ദാം ഇതിനെ രക്ഷപ്പെടുത്തുന്നുണ്ട്) കാഫ്കയുടെ മെറ്റമോര്‍ഫോസിസ്സിലെ ഗ്രെഗര്‍ സാംസയെപ്പോലെ മലര്‍ന്നു കിടന്നു കയ്യും കാലും മേലോട്ടിട്ടിളക്കുന്ന നിസ്സഹായമായ ചാണകവണ്ടും നോവലില്‍ നിറവേറ്റുന്ന റോളുകള്‍ ചെറുതല്ല .

ഫിക്ഷന്‍ /നോണ്‍ഫിക്ഷന്‍

"കല്പിത കഥയും (ഫിക്ക്ഷന്‍ )യഥാര്‍ത്ഥ കഥയും  (നോണ്‍ഫിക്ഷന്‍ )തമ്മില്‍ കഥാഖ്യാനത്തിന്റെ സാങ്കേതിക തന്ത്രങ്ങളില്‍ മാത്രമേ വ്യത്യാസമുള്ളൂ.....കല്പിത കഥയായാലും യഥാര്‍ത്ഥ കഥയായാലും ഞാന്‍ എഴുതുന്നതിലെ പ്രമേയംഅധികാരവും അധികാരമില്ലായ്മയും തമ്മിലുള്ള ബന്ധവും അവ തമ്മില്‍ നിരന്തരം നടക്കുന്ന ചാക്രികമായ സംഘര്‍ഷവുമാണ്."(കം സപ്തംബര്‍ പേജ് ൧൩-൧൪ ; ഓര്‍ഡിനറി പേര്‍സന്‍സ് ഗൈഡ് ടു എമ്പയര്‍ )എന്ന് അവര്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. "ഞാനൊരു കഥ പറയുമ്പോള്‍ എന്റെ വീക്ഷണരീതി പങ്കിടാനാഗ്രഹിക്കുന്ന ഒരു കഥപറച്ചില്‍ കാരിയായാണ്;ഒരു പ്രത്യയ ശാസ്ത്രം മറ്റൊന്നിനെതിരെ അടിച്ചേല്‍പ്പിക്കുന്നൊരു വക്താവായല്ല കഥ പറയുന്നത്.എന്റെ എഴുത്ത് വാസ്തവത്തില്‍ രാഷ്ട്രങ്ങളെക്കുറിച്ചോ ചരിത്രങ്ങളെക്കുറിച്ചോഅല്ല; അത്, അധികാരത്തെക്കുറിച്ചാണ്; അധികാരത്തിന്റെ നഷ്ടഭീതിയാലുള്ള ചിത്തഭ്രമത്തെ ക്കുറിച്ചും നിഷ്ുരതയെക്കുറിച്ചും ആണ്.വിപുലമായ അധികാരം കുന്നുകൂടുന്നത് എവിടെയുമാവട്ടെ-ഭരണകൂടത്തിലോ രാഷ്ട്രത്തിലോ,കോര്‍പ്പറേഷനിലോ സ്ഥാപനത്തിലോ അല്ലെങ്കില്‍ വ്യക്തിയിലോ-പ്രത്യയശാസ്ത്രം എന്തുമായിക്കൊള്ളട്ടെ അത് അമിതപ്രയോഗങ്ങളിലാണ് കലാശിക്കുക.കാശ്മീര്‍ എന്ന ലോകത്തെ ഏറ്റവും സുന്ദരമായ ഒരു പ്രദേശത്തെ ഒളിച്ചോട്ടക്കാരുടെയും ജിഹാദികളുടെയും ഒറ്റുകാരുടെയും രക്തസാക്ഷികളുടെയും മറ്റും നാടാക്കി മാറ്റിയത് അമിതാധികാരപ്രയോഗങ്ങളാണ്  എന്ന് കാശ്മീരിന്റെ സ്വയം നിര്‍ണയസ്വാതന്ത്ര്യത്തിനുവേണ്ടി എന്നും വാദിച്ച്പോന്നിട്ടുള്ള ഈ ഗ്രന്ഥകാരി പ്രശ്നത്തിന്റെ എല്ലാ രാഷ്ട്രീയ സങ്കീര്‍ണതകളും ഉള്‍ക്കൊണ്ടു കൂടിയാണ് നോവലില്‍ അനാവരണം ചെയ്യാന്‍ ശ്രമിക്കുന്നത്.
'ഗോഡ് ഓഫ് സ്മാള്‍ തിങ്ങ്സ്‌ 'ആരംഭിക്കുന്ന മുഖക്കുറിപ്പ്‌ ജോണ്‍ ബെര്‍ഗറിന്റെ 'കാഴ്ചയുടെ വഴിക'ളില്‍ നിന്നുള്ള ഒരുദ്ധരണിയാണ്:"മേലില്‍ ഒരു കഥയും ഒറ്റ കഥ മാത്രമാണുള്ളത് എന്ന മട്ടിലല്ല പറയപ്പെടുക".അനേകം ഒറ്റക്കഥകള്‍ ഒന്ന് ചേരുന്ന ഒരു ഘടനയാണ് പുതിയ നോവലില്‍ ഉള്ളത്.ഇതിലുള്ള ഒരു പ്രശ്നം വായനക്കാരന്റെ ശ്രദ്ധ ചിതറിപ്പോവുന്നരീതിയില്‍ അവയുടെ പ്രതീകാത്മക വിവക്ഷകളും ചരിത്ര ഭൂമിശാസ്ത്ര പശ്ചാത്തലങ്ങളും വ്യത്യസ്തമായിരിക്കുമ്പോഴും ഈ ഒറ്റയൊറ്റകള്‍ പലതും കെട്ടു പിണഞ്ഞു കിടക്കുന്നു എന്നുള്ളതാണ്. എന്നാല്‍ ഇതിനു അരുന്ധതി പണ്ടേ തന്നെ മുന്‍‌കൂര്‍ ജാമ്യം എടുത്തിട്ടുണ്ട്:"കഥപറയലിന്റെ സൌമ്യമായ കലയെ ഇടക്കിടെ ചരിത്രത്തിന്റെയും ഭൂമിശാസ്ത്രത്തിന്റെയും വ്യത്യസ്തമായ ചില തുണ്ടുകള്‍ ചേര്‍ത്തു ഞാന്‍ വികലമാക്കി എന്ന് വരും . ക്ഷമിക്കണം"(ആള്‍ജിബ്ര പേജ് ൧൪൬)

ഭാഷ തന്നെ  ഭാഷ്യമാവുന്നു

ഉറുദുകവിതകളുംഗസലുകളുംഹിന്ദിസിനിമാപാട്ട്‌കളും,ഗായത്രിമന്ത്രമുള്‍പ്പെടെയുള്ള സംസ്കൃത ശ്ലോകങ്ങളും നഗരത്തിലെ നാട്ട്ഭാഷകളും കാശ്മീരി ചൊല്ലുകളുംഗ്രാമ്യവും എല്ലാം ഇടകലരുന്ന,പ്രാചീനവും ആധുനികവുമായ ശൈലികളടങ്ങിയ ,ബഹുഭാഷാപ്രയോഗങ്ങള്‍ നോവലിലുടനീളം കാണാം.എന്നാല്‍ ആഖ്യാനഭാഷതന്നെ ആഖ്യാനമായിത്തീരുന്ന പരീക്ഷണാത്മകതയാണ് സാഹിത്യ കുതുകികളുടെ കൌതുകമുണര്‍ത്തുന്നത് .

"ഭാഷയ്ക്ക് പുറത്ത് ജീവിക്കാന്‍ സാധ്യമാണോ ' എന്ന ഒരു ചോദ്യം രണ്ടാമധ്യായത്തില്‍ ഉയര്‍ത്തുന്നുണ്ട്‌.റൊളാങ്ങ ബാര്‍ത്ത് ചൂണ്ടിക്കാണിച്ചതുപോലെ, ഭാഷയ്ക്ക് തന്നെ ആഖ്യാനമാവാനുള്ള ഒരു പ്രവണതയുണ്ട്.ഭാഷ ഒരു പ്രതിഭാസം, പ്രയോഗം , പ്രക്രിയ ആയി യാഥാര്‍ത്ഥ്യത്തിന്റെ ആഖ്യാനം സാധിച്ചെടുക്കുന്നു. അരുന്ധതിയുടെ പേനത്തുമ്പിലൂടെ യാഥാര്‍ത്ഥ്യങ്ങളും ഭാഷയും ഒന്നാവുകയാണ്. മാധ്യമംതന്നെ  താദാത്മ്യത്തിലൂടെ സന്ദേശവുമായിത്തീരുന്ന ഒരു മാസ്മരവിദ്യ ഇതില്‍ അന്തര്‍ഭവിച്ചിരിക്കുന്നു  എന്നതാണ് കൃതിയുടെ വായനയിലൂടെ നേടാവുന്ന  മഹത്തായ സാഫല്യമായി   ഞാന്‍ എടുത്തു പറയാന്‍ ആഗ്രഹിക്കുന്ന ഒരു  സവിശേഷത.

 ഇതേ ഗ്രന്ഥകാരിയുടെ 'ആള്‍ജിബ്ര ഓഫ് ഇന്‍ഫിനിറ്റ് ജസ് റ്റീസ്'(അനന്തനീതിയുടെ ബീജഗണിതം)എന്നകൃതിയുടെ ആമുഖത്തില്‍ ജോണ്‍ ബര്‍ഗര്‍ ൨൦൦൧ല്‍ ചൂണ്ടിക്കാട്ടിയ  ഒരു കാര്യം ഈ നോവലിന്റെ ആസ്വാദനത്തില്‍ ഏറെ പ്രസക്തമാണ്: "ലോകത്ത് ഇത്രയധികം അന്ധാളിപ്പും പരിഭ്രമവും ഉണ്ടായ മറ്റൊരു കാലഘട്ടമില്ല. അതിനെ അഭിമുഖീകരിച്ചുകൊണ്ടേ നാം  എന്താണ് ചെയ്യേണ്ടതെന്ന് നമുക്ക് മനസ്സിലാക്കാന്‍ കഴിയൂ. അരുന്ധതി ചെയ്യുന്നത് അതാണ്‌.നമ്മള്‍ ചെയ്യേണ്ടത് എന്താണെന്നതിനെക്കുറിച്ചു ധാരണകള്‍ സ്വരൂപിക്കുന്നു; ഒരു ദൃഷ്ടാന്തമായിത്തീരുന്നു.എന്തിന്റെ ദൃഷ്ടാന്തം?ഈ ലോകത്ത് സജീവമായിരിക്കുന്നതിന്റെ, ഈ ലോകം അസഹ്യമായിക്കഴിഞ്ഞ മനുഷ്യരോട് കൂടുതല്‍ അടുക്കുകയും അവര്‍ക്ക് പറയാനുള്ളത് ശ്രദ്ധിച്ചു കേള്‍ക്കുകയും ചെയ്യുന്നതിന്റെ  ദൃഷ്ടാന്തം''.

Tuesday 23 January 2018

കൊച്ചി മെട്രോ : ആഹ്ലാദത്തിന്റെ മറുപുറം
കെ .രാമചന്ദ്രന്‍

ഭൂരിപക്ഷം വരുന്ന സാധാരണ മനുഷ്യരുടെ ആവശ്യങ്ങള്‍  നീതിയുക്തമായി നിറവേറ്റുവാന്‍ ശ്രമിക്കുകപോലും ചെയ്യാതെ,സാങ്കേതികവിദ്യയുടെ ഇന്ദ്രജാലങ്ങള്‍ കാട്ടി ആളുകളെ അദ്ഭുതസ്തബ്ധരാക്കുകയും ഒപ്പം പ്രബലമായ കോര്‍പ്പറേററ് സാമ്പത്തിക താല്‍പ്പര്യങ്ങളെ സേവിക്കുകയും ചെയ്യുക എന്നതിലാണ് നിയോലിബറല്‍ വികസനത്തിന്റെ ഊന്നല്‍ ‍.മധ്യവര്‍ഗത്തിന്റെയോ ഉപരിവര്‍ഗത്തിന്റെയോ ആവശ്യങ്ങള്‍ക്കാണ് നിശ്ചയമായും മുന്‍ ഗണന. ഈ മുന്‍ ഗണനാക്രമം ഗതാഗതരംഗത്ത്‌ പ്രതിഫലിക്കുന്നത് 45 മീറ്റര്‍ വീതിയുള്ള എക്സ്പ്രസ് ഹൈവേകള്‍അതിവേഗ റെയിലുകള്‍ , മേട്രോകള്‍ , സൂപ്പര്‍സോണിക് വിമാനങ്ങള്‍ തുടങ്ങിയവ ഏര്‍പ്പെടുത്താനുള്ള സവിശേഷ താത്പര്യമായാണ്.തിരുവനന്തപുരത്തുനിന്നു അഞ്ച് മണിക്കൂര്‍കൊണ്ട്‌ റെയില്‍ മാര്‍ഗം കാസര്‍ക്കോട്ടെത്തിക്കുന്ന അദ്ഭുതവേഗതയ്ക്കാണ്  ആകര്‍ഷണം. എന്തിനെന്നോ, എത്രമാത്രം ധനം ചെലവുചെയ്തും മറ്റേതൊക്കെ അവശ്യ വികസനപരിപാടികള്‍ ഉപേക്ഷിച്ചും ആണ് ഇതിനുവേണ്ട വിഭവങ്ങള്‍ കണ്ടെത്തേണ്ടതെന്നോ ആര്‍ക്കും നോട്ടമില്ല.ഇതേരീതിയിലുള്ള ജനപ്രീതിയാര്‍ജിക്കുന്ന വികസനത്തിന്റെ ആകര്‍ഷകമായ ഒരു ചെപ്പടിവിദ്യ തന്നെയാണ് കൊച്ചിയിലെ മെട്രോയും.

23 കിലോമീറ്റര്‍ റെയില്‍പ്പാത നിര്‍മിക്കാന്‍ ഏതാണ്ട്5200 കോടിരൂപ ചെലവുവരുന്ന ഒരു വന്‍പദ്ധതിയാണിത്.സര്‍ക്കാരിന്റെ കൈവശമുള്ള  എത്രയോ ഹെക്ടര്‍ വിലപ്പെട്ട ഭൂമിയും മറ്റു പശ്ചാത്തലസൌകര്യങ്ങളും കൂടി പണം കൊടുത്തു വാങ്ങേണ്ടിയിരുന്നെങ്കില്‍ ചെലവു ഇതിലും എത്രയോമടങ്ങ് കൂടുമായിരുന്നു. ലക്ഷക്കണക്കിന്‌ വരുന്ന യാത്രക്കാര്‍ക്ക് കൊച്ചി നഗരത്തിലേക്കും തിരിച്ചുമുള്ള യാത്ര സുഗമമാക്കുക എന്നതാണ് പദ്ധതിയുടെ പ്രഖ്യാപിത ലക്‌ഷ്യം.അങ്ങനെയെങ്കില്‍ , കൂടുതല്‍ പ്രദേശങ്ങള്‍ക്കും ജനങ്ങള്‍ക്കും പ്രയോജനപ്പെടുന്ന രീതിയില്‍ നിലവിലുള്ള റോഡ്‌/റയില്‍/ജല ഗതാഗത സംവിധാനങ്ങള്‍ തന്നെ മെച്ചപ്പെടുത്തുകയും,കൂടുതല്‍ കാര്യക്ഷമമാക്കുകയും ആവശ്യമായ ഇടങ്ങളിലേക്ക് പുതുതായി നീട്ടുകയും ആയിരുന്നില്ലേ ചെയ്യേണ്ടിയിരുന്നത് ? ഇപ്പോള്‍ വരുന്ന ചെലവിന്റെ എത്രയോ തുച്ഛമായ ഒരംശം മാത്രം മതി ഈ പരിപാടികള്‍ക്ക് എന്ന് സര്‍ക്കാരിന്റെ ഏജന്‍സികള്‍ തന്നെ നടത്തിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്,ജലപാതകള്‍ വികസിപ്പിച്ചും, കൂടുതല്‍ ലോക്കല്‍ വണ്ടികള്‍ ഓടിച്ചുംഗതാഗതപ്രശ്നത്തിനു പരിഹാരം കാണാം.ആലുവ മുതല്‍ എറണാകുളം വരെ നിലവിലുള്ള റയില്‍പ്പാതകളുടെ എണ്ണം കൂട്ടിഅതിലൂടെ സബര്‍ബന്‍ ട്രെയിനുകള്‍ കൂടെക്കൂടെ ഓടിച്ചാല്‍ ഭാഗികമായി  പരിഹരിക്കാവുന്ന പ്രശ്നമല്ലേ വാസ്തവത്തില്‍ മെട്രോ കൊണ്ടും പരിഹരിക്കുവാന്‍ കഴിയുകയുള്ളൂ ? മട്ടാഞ്ചേരി, ഫോര്ടുകൊച്ചി വൈപ്പിന്‍തുടങ്ങിയ എല്ലാ ഭാഗങ്ങളിലേക്കും റോഡ്‌/ ജല മാര്‍ഗം കൂടുതല്‍ സൌകര്യങ്ങള്‍ ഉണ്ടാക്കാനും കഴിയും .ഇപ്പോള്‍ മെട്രോ പ്രയോജനപ്പെടുന്നതിനേക്കാള്‍ അധികം ജനങ്ങള്‍ക്ക്‌ ഇതൊക്കെ ഉപയോഗപ്പെടുകയും ചെയ്യും . ജലഗതാഗതത്തിന്റെ സാധ്യത വളരെയധികമുള്ള ഒരു നഗരമാണ് കൊച്ചി . ഇത് കൂടി കണക്കിലെടുത്തുകൊണ്ട്, നഗരത്തിലെ ഗതാഗത സംവിധാനം നവീകരിച്ചു,പരമാവധി ആളുകള്‍ക്ക്പ്രയോജനപ്രദമാക്കാന്‍ നിലവിലുള്ള പശ്ചാത്തലസൌകര്യങ്ങള്‍കുറച്ചുകൂടി വികസിപ്പിക്കുകയും ഒന്ന് വിപുലീകരിച്ചു പുനക്രമീകരണം നടത്തുകയും മാത്രമേ വേണ്ടിയിരുന്നുള്ളൂ. എന്നാല്‍ വളരെ കുറഞ്ഞ ചെലവില്‍ ഇതൊക്കെ നടത്താമായിരുന്നിട്ടും അതൊന്നും ഗൌനിക്കാതെ മെട്രോയുടെ പകിട്ടിനു പിറകെപോയത്    ഇത്തരം വികസനത്തിന് പിന്നിലെ ഏതൊക്കെയോ രാഷ്ട്രീയ- സാമ്പത്തിക അജണ്ടകള്‍ നിറവേറ്റുവാനാണ്; അതേ സമയം തന്നെ മാധ്യമങ്ങളിലൂടെ മെട്രോയ്ക്ക് വേണ്ടി സൃഷ്ടിച്ചെടുത്ത കോലാഹലങ്ങളും സ്തുതിഗീത പ്രഘോഷണങ്ങളും , അതിനു ബഹുജനത്തിന്റെ സമ്മതി നേടുവാനും ആണ്.ചെലവ് കുറഞ്ഞ ബദലുകള്‍ ഉപേക്ഷിച്ചു, ചെലവു വളരെ കൂടിയ മെട്രോ സംവിധാനം ആവേശത്തോടെ നടപ്പിലാക്കിയതിന്റെ പിന്നിലെ സാമ്പത്തിക രാഷ്ട്രീയ താത്പര്യങ്ങള്‍ വിശകലനം ചെയ്യപ്പെടണം.
                   -ഇത് നേരത്തെ പ്രസിദ്ധീകരിച്ചതിന്റെ പകര്‍പ്പ് മാത്രമാണ് -കെ ആര്‍ -
Image may contain: one or more people and text
                                               "വിസമ്മതത്തിന്റെ കാതൽ "

വികസനം എന്നത് കേവലം സാമ്പത്തിക വളർച്ച മാത്രമായി ഒതുക്കുമ്പോൾ അത് മനുഷ്യന്നും പ്രകൃതിക്കും അപരിഹാര്യമായ വിനാശവും പ്രതിസന്ധികളും സൃഷ്ടിക്കുമെന്ന തിരിച്ചറിവിന്റെ വെളിച്ചത്തിൽ വിനാശകരമായ വികസന പദ്ധതികൾക്കും മനുഷ്യാവകാശങ്ങളും ജനാധിപത്യപരമായ അവകാശങ്ങളും നിഷേധിക്കുന്ന സ്ഥാപനപരമായ പ്രവണതകൾക്കുമെതിരായി നടക്കുന്ന സമരങ്ങളിൽ അനുഭാവപൂർവം പങ്കെടുക്കുകയും അവയോട് സഹഭാവം പുലർത്തുകയും ചെയ്യുന്ന ഒരാൾ എന്ന നിലക്ക് കഴിഞ്ഞ നാലു ദശകങ്ങളിലായി ഒട്ടേറെ ലേഖനങ്ങളും ലഘുലേഖകളും എഴുതുകയും വിവിധ പ്രസിദ്ധീകരണങ്ങളിൽ അവ അച്ചടിച്ചു വരികയുമുണ്ടായി .പ്രകൃതിയേയും, അതിന്റെ ഭാഗമായ മനുഷ്യനെയും ജീവജാലങ്ങളെയും സംരക്ഷിക്കാനുള്ള കാമ്പെയ്നുകളിൽ സജീവ താല്പര്യമുള്ള ഒരാക്റ്റിവിസ്റ്റ് എന്ന നിലയിലുള്ള പ്രതികരണങ്ങളാണ് ഇവയിലധികവും. ഞാൻ ഭാഗഭാക്കായിരുന്ന ചില പ്രത്യേക കാമ്പെയ്നുകളുടെ സ്വഭാവവും സവിശേഷ സന്ദർഭവുമാണ് മിക്കപ്പോഴും ഇവയുടെ ഉള്ളടക്കവും സ്വരവും നിർണ്ണയിച്ചത്. എന്റെ ഏതാനും സുഹൃത്തുക്കൾ ചേർന്ന് ഇവയിൽ ചിലത് തിരഞ്ഞെടുത്ത് സമാഹരി ച്ച്പ്രസിദ്ധീകരിക്കാൻ താല്പര്യം പ്രകടിപ്പിച്ചിരിക്കുന്നു. സന്തോഷം ! ഇപ്പോഴും പ്രസക്തമായ പ്രമേയങ്ങളുൾക്കൊള്ളുന്നതും കാലഹരണപ്പെടാത്തതുമായ ലേഖനങ്ങൾ മാത്രമേ അവർ ഉൾപ്പെടുത്തുകയുള്ളൂ എന്ന് വിശ്വസിക്കുന്നു. തൃശൂരിലെ ട്രാൻസിഷൻ സ്റ്റഡീസ് എന്ന പ്രസിദ്ധീകരണസ്ഥാപനമാണ് "വിസമ്മതത്തിന്റെ കാതൽ " എന്ന് അവർ തന്നെ പേരിട്ട ഈ ലേഖന സമാഹാരം പ്രസിദ്ധീകരിക്കുന്നത്. എന്നോട് കാണിക്കുന്ന മമതയ്ക്കും സ്നേഹത്തിനും ഞാനവരോട് കടപ്പെട്ടിരിക്കുന്നു. അവർക്ക് എല്ലാവിധ ഭാവുകങ്ങളും ആശംസിക്കുന്നു; ഒപ്പം, സോഷ്യൽ മീഡിയയിലും മറ്റുമുള്ള എന്റെ സുഹൃത്തുക്കളും ആക്റ്റിവിസ്റ്റുകളും അവരുടെ ഈ ഉദ്യമവുമായി കഴിയാവുന്ന വിധത്തിൽ സഹകരിക്കണമെന്ന് വിനയപൂർവം അഭ്യർത്ഥിക്കുകയും ചെയ്യുന്നു.