Tuesday 23 January 2018

കൊച്ചി മെട്രോ : ആഹ്ലാദത്തിന്റെ മറുപുറം
കെ .രാമചന്ദ്രന്‍

ഭൂരിപക്ഷം വരുന്ന സാധാരണ മനുഷ്യരുടെ ആവശ്യങ്ങള്‍  നീതിയുക്തമായി നിറവേറ്റുവാന്‍ ശ്രമിക്കുകപോലും ചെയ്യാതെ,സാങ്കേതികവിദ്യയുടെ ഇന്ദ്രജാലങ്ങള്‍ കാട്ടി ആളുകളെ അദ്ഭുതസ്തബ്ധരാക്കുകയും ഒപ്പം പ്രബലമായ കോര്‍പ്പറേററ് സാമ്പത്തിക താല്‍പ്പര്യങ്ങളെ സേവിക്കുകയും ചെയ്യുക എന്നതിലാണ് നിയോലിബറല്‍ വികസനത്തിന്റെ ഊന്നല്‍ ‍.മധ്യവര്‍ഗത്തിന്റെയോ ഉപരിവര്‍ഗത്തിന്റെയോ ആവശ്യങ്ങള്‍ക്കാണ് നിശ്ചയമായും മുന്‍ ഗണന. ഈ മുന്‍ ഗണനാക്രമം ഗതാഗതരംഗത്ത്‌ പ്രതിഫലിക്കുന്നത് 45 മീറ്റര്‍ വീതിയുള്ള എക്സ്പ്രസ് ഹൈവേകള്‍അതിവേഗ റെയിലുകള്‍ , മേട്രോകള്‍ , സൂപ്പര്‍സോണിക് വിമാനങ്ങള്‍ തുടങ്ങിയവ ഏര്‍പ്പെടുത്താനുള്ള സവിശേഷ താത്പര്യമായാണ്.തിരുവനന്തപുരത്തുനിന്നു അഞ്ച് മണിക്കൂര്‍കൊണ്ട്‌ റെയില്‍ മാര്‍ഗം കാസര്‍ക്കോട്ടെത്തിക്കുന്ന അദ്ഭുതവേഗതയ്ക്കാണ്  ആകര്‍ഷണം. എന്തിനെന്നോ, എത്രമാത്രം ധനം ചെലവുചെയ്തും മറ്റേതൊക്കെ അവശ്യ വികസനപരിപാടികള്‍ ഉപേക്ഷിച്ചും ആണ് ഇതിനുവേണ്ട വിഭവങ്ങള്‍ കണ്ടെത്തേണ്ടതെന്നോ ആര്‍ക്കും നോട്ടമില്ല.ഇതേരീതിയിലുള്ള ജനപ്രീതിയാര്‍ജിക്കുന്ന വികസനത്തിന്റെ ആകര്‍ഷകമായ ഒരു ചെപ്പടിവിദ്യ തന്നെയാണ് കൊച്ചിയിലെ മെട്രോയും.

23 കിലോമീറ്റര്‍ റെയില്‍പ്പാത നിര്‍മിക്കാന്‍ ഏതാണ്ട്5200 കോടിരൂപ ചെലവുവരുന്ന ഒരു വന്‍പദ്ധതിയാണിത്.സര്‍ക്കാരിന്റെ കൈവശമുള്ള  എത്രയോ ഹെക്ടര്‍ വിലപ്പെട്ട ഭൂമിയും മറ്റു പശ്ചാത്തലസൌകര്യങ്ങളും കൂടി പണം കൊടുത്തു വാങ്ങേണ്ടിയിരുന്നെങ്കില്‍ ചെലവു ഇതിലും എത്രയോമടങ്ങ് കൂടുമായിരുന്നു. ലക്ഷക്കണക്കിന്‌ വരുന്ന യാത്രക്കാര്‍ക്ക് കൊച്ചി നഗരത്തിലേക്കും തിരിച്ചുമുള്ള യാത്ര സുഗമമാക്കുക എന്നതാണ് പദ്ധതിയുടെ പ്രഖ്യാപിത ലക്‌ഷ്യം.അങ്ങനെയെങ്കില്‍ , കൂടുതല്‍ പ്രദേശങ്ങള്‍ക്കും ജനങ്ങള്‍ക്കും പ്രയോജനപ്പെടുന്ന രീതിയില്‍ നിലവിലുള്ള റോഡ്‌/റയില്‍/ജല ഗതാഗത സംവിധാനങ്ങള്‍ തന്നെ മെച്ചപ്പെടുത്തുകയും,കൂടുതല്‍ കാര്യക്ഷമമാക്കുകയും ആവശ്യമായ ഇടങ്ങളിലേക്ക് പുതുതായി നീട്ടുകയും ആയിരുന്നില്ലേ ചെയ്യേണ്ടിയിരുന്നത് ? ഇപ്പോള്‍ വരുന്ന ചെലവിന്റെ എത്രയോ തുച്ഛമായ ഒരംശം മാത്രം മതി ഈ പരിപാടികള്‍ക്ക് എന്ന് സര്‍ക്കാരിന്റെ ഏജന്‍സികള്‍ തന്നെ നടത്തിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്,ജലപാതകള്‍ വികസിപ്പിച്ചും, കൂടുതല്‍ ലോക്കല്‍ വണ്ടികള്‍ ഓടിച്ചുംഗതാഗതപ്രശ്നത്തിനു പരിഹാരം കാണാം.ആലുവ മുതല്‍ എറണാകുളം വരെ നിലവിലുള്ള റയില്‍പ്പാതകളുടെ എണ്ണം കൂട്ടിഅതിലൂടെ സബര്‍ബന്‍ ട്രെയിനുകള്‍ കൂടെക്കൂടെ ഓടിച്ചാല്‍ ഭാഗികമായി  പരിഹരിക്കാവുന്ന പ്രശ്നമല്ലേ വാസ്തവത്തില്‍ മെട്രോ കൊണ്ടും പരിഹരിക്കുവാന്‍ കഴിയുകയുള്ളൂ ? മട്ടാഞ്ചേരി, ഫോര്ടുകൊച്ചി വൈപ്പിന്‍തുടങ്ങിയ എല്ലാ ഭാഗങ്ങളിലേക്കും റോഡ്‌/ ജല മാര്‍ഗം കൂടുതല്‍ സൌകര്യങ്ങള്‍ ഉണ്ടാക്കാനും കഴിയും .ഇപ്പോള്‍ മെട്രോ പ്രയോജനപ്പെടുന്നതിനേക്കാള്‍ അധികം ജനങ്ങള്‍ക്ക്‌ ഇതൊക്കെ ഉപയോഗപ്പെടുകയും ചെയ്യും . ജലഗതാഗതത്തിന്റെ സാധ്യത വളരെയധികമുള്ള ഒരു നഗരമാണ് കൊച്ചി . ഇത് കൂടി കണക്കിലെടുത്തുകൊണ്ട്, നഗരത്തിലെ ഗതാഗത സംവിധാനം നവീകരിച്ചു,പരമാവധി ആളുകള്‍ക്ക്പ്രയോജനപ്രദമാക്കാന്‍ നിലവിലുള്ള പശ്ചാത്തലസൌകര്യങ്ങള്‍കുറച്ചുകൂടി വികസിപ്പിക്കുകയും ഒന്ന് വിപുലീകരിച്ചു പുനക്രമീകരണം നടത്തുകയും മാത്രമേ വേണ്ടിയിരുന്നുള്ളൂ. എന്നാല്‍ വളരെ കുറഞ്ഞ ചെലവില്‍ ഇതൊക്കെ നടത്താമായിരുന്നിട്ടും അതൊന്നും ഗൌനിക്കാതെ മെട്രോയുടെ പകിട്ടിനു പിറകെപോയത്    ഇത്തരം വികസനത്തിന് പിന്നിലെ ഏതൊക്കെയോ രാഷ്ട്രീയ- സാമ്പത്തിക അജണ്ടകള്‍ നിറവേറ്റുവാനാണ്; അതേ സമയം തന്നെ മാധ്യമങ്ങളിലൂടെ മെട്രോയ്ക്ക് വേണ്ടി സൃഷ്ടിച്ചെടുത്ത കോലാഹലങ്ങളും സ്തുതിഗീത പ്രഘോഷണങ്ങളും , അതിനു ബഹുജനത്തിന്റെ സമ്മതി നേടുവാനും ആണ്.ചെലവ് കുറഞ്ഞ ബദലുകള്‍ ഉപേക്ഷിച്ചു, ചെലവു വളരെ കൂടിയ മെട്രോ സംവിധാനം ആവേശത്തോടെ നടപ്പിലാക്കിയതിന്റെ പിന്നിലെ സാമ്പത്തിക രാഷ്ട്രീയ താത്പര്യങ്ങള്‍ വിശകലനം ചെയ്യപ്പെടണം.
                   -ഇത് നേരത്തെ പ്രസിദ്ധീകരിച്ചതിന്റെ പകര്‍പ്പ് മാത്രമാണ് -കെ ആര്‍ -

No comments:

Post a Comment