Monday 24 July 2017

ഫ്രാന്‍സിസ് പോന്ജ് (1899-1988)

ഗദ്യകവിതകള്‍ ധാരാളം എഴുതിയ ഒരു ഫ്രഞ്ച് കവിയാണ്
ഫ്രാന്‍സിസ് പോന്ജ് . ഒരു ചെടി, ഒരു വെള്ളാരംകല്ല്, ഒരു
സിഗരറ്റ്, ഒരു സോപ്പ് എന്നിങ്ങനെ നിത്യജീവിതത്തിലെ
സാധാരണവസ്തുക്കളെക്കുറിച്ചാണ് അദ്ദേഹം കവിതയെഴുതിയത്.
"എല്ലാ വസ്തുക്കള്‍ക്കും സ്വയം ആവിഷ്കരിക്കാനുള്ള ത്വരയുണ്ട്.
അവയുടെ നിഗൂഢ മായ ആഴങ്ങള്‍ വെളിപ്പെടുത്തുന്ന വാക്കുകളുടെ
വരവിനെയാണ് അവ നിശ്ശബ്ദമായി കാത്തിരിക്കുന്നത് " എന്ന
കവിയുടെ വാക്യം അദ്ദേഹത്തിന്‍റെ കവിതയുടെ
സ്വഭാവംവിശദീകരിക്കുന്നുണ്ട്.ദൈനംദിന ജീവിതത്തില്‍ നാം
ഉപയോഗിക്കുന്ന ഒട്ടേറെ വസ്തുക്കളുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍
ഭാഷയുടെ ചമത്കാരങ്ങളും സങ്കീര്‍ണതയും പ്രയോജനപ്പെടുത്തിക്കൊണ്ട് അദ്ദേഹം കവിതയാക്കുന്നു
'സോപ്പ്'  ( സോപ്പിന്റെ ഫ്രഞ്ച് വാക്ക് സാവ്വന്‍ ‍. ഈ ഫ്രഞ്ച് പദം
വടക്കെ മലബാറില്‍ പയ്യന്നൂരിലും മറ്റും അലക്ക് സോപ്പ് എന്ന
അര്‍ത്ഥത്തില്‍ ഉപയോഗിച്ചിരുന്നു  ) എന്ന ഗദ്യകവിതയുടെ ഒരു
പരിഭാഷ ഇവിടെ കൊടുക്കുന്നു. സോപ്പ് എന്ന പേരില്‍ തന്നെ ഈ
കവിതയെക്കൂടി പരാമര്‍ശിച്ചുകൊണ്ട്ഗോപീകൃഷ്ണന്‍ രണ്ടാഴ്ച മുമ്പേ
എഴുതിയ നല്ല ഒരു കവിതയാണ് ഈ കവിത പരിഭാഷപ്പെടുത്താന്‍
നിമിത്തമായത്. പഴയ ഒരു ഫ്രഞ്ച് കവിയും പുതിയ ഒരു മലയാള
കവിയും സോപ്പിനെ എങ്ങനെ സമീപിക്കുന്നു എന്ന്
താരതമ്യപ്പെടുത്താനും ഇത് പ്രയോജനപ്പെട്ടേക്കും!
..........................................................................
കവി :ഫ്രാന്‍സിസ് പോന്ജ്
കവിത: സോപ്പ്
പരിഭാഷ : കെ. രാമചന്ദ്രന്‍


സോപ്പിനെക്കുറിച്ചു ഏറെ പറയാനുണ്ട്.പൂര്‍ണമായും അലിഞ്ഞ് 
ഇല്ലാതാവുന്നതുവരെ അതിനെക്കുറിച്ച് അതിനുതന്നെ പറയാനുള്ള
എല്ലാ കാര്യങ്ങളും എനിക്ക് പറ്റിയ ഒരു വിഷയമാണ്

സോപ്പിനെക്കുറിച്ചു ഏറെ പറയാനുണ്ട്.അതൊക്കെ
ഉത്സാഹത്തോടെയും ഒഴുക്കോടെയും അതുതന്നെ  പറയട്ടെ.
പറഞ്ഞു തീരുമ്പോഴേക്കും അതും തീര്‍ന്നിരിക്കും.

സോപ്പ് മനുഷ്യന്‍ അവന്റെ ശരീരത്തിന്റെ ഉപയോഗത്തിന് വേണ്ടി
ഉണ്ടാക്കിയതാണ്. എന്നാല്‍ അത് അയാളെ സേവിക്കുന്നത്
സ്വയം സന്നദ്ധമായല്ല. ഈ  നിഷ്ക്രിയമായ കല്‍ത്തുണ്ട്
കയ്യിലെടുത്താല്‍ ഏതാണ്ട് ഒരു മീനിനെപ്പോലെ മാത്രം
പരുക്കനാണ്. അത് എന്റെ കയ്യില്‍നിന്നു വഴുക്കി ഒരു
തവളയെപ്പോലെ വീണ്ടും ബേസിനിലേക്കുതന്നെ വീഴുന്നത് നോക്കൂ
.....  ഒപ്പം, സ്വന്തം ചെലവില്‍ ക്ഷണഭംഗുരവും
ആശയക്കുഴപ്പമുണ്ടാക്കുന്നതുമായ ഒരുനീലമേഘത്തെയും അത്
പുറത്തു വിടുന്നു.

ഒരു സോപ്പ് കഷണത്തിന്റെ മുഖ്യമേന്മകള്‍ഉത്സാഹവും
അനായാസതയുമാണ്; ഭാഷണത്തിലെ അനര്‍ഗളതയാണ്.വളരെ
ലളിതമായ ഇക്കാര്യം പക്ഷെ ആരും ഒരിക്കലും പറഞ്ഞിട്ടില്ല;
പരസ്യം കൊടുക്കുന്ന വിദഗ്ധര്‍ പോലും.എന്നാല്‍ ‍, സോപ്പ്
നിര്‍മാതാക്കള്‍ എനിക്കെന്താണ് തരാന്‍ പോവുന്നത്-ഒരു
ചില്ലിക്കാശുപോലും തരില്ല! അവര്‍ അതിനെക്കുറിച്ച് ഒരിക്കലും
ആലോചിച്ചിട്ടേ ഇല്ല.എങ്കിലും , ഞങ്ങള്‍ക്കെന്തു ചെയ്യാന്‍
കഴിയുമെന്ന് സോപ്പും ഞാനും ചേര്‍ന്ന് അവര്‍ക്ക് കാട്ടിക്കൊടുക്കും.

സോപ്പിനോടു സദൃശമായതൊന്നും പ്രകൃതിയില്‍ ഇല്ല.ഒരു കല്ലും
ഇത്ര വിനീതവും അതേസമയം ഇത്ര അദ്ഭുതകരവും അല്ല തുറന്നു
പറഞ്ഞാല്‍ , അതിന്റെ വ്യക്തിത്വത്തില്‍ ശ്ലാഘനീയമായ എന്തോ
ഒന്നുണ്ട്.അതിന്റെ പെരുമാറ്റം അനുകരിക്കാന്‍ കഴിയാത്തതത്രെ.

അത് ആരംഭിക്കുന്നത് വളരെ ഗൌരവത്തിലാണ്.
ഏറിയോ കുറഞ്ഞോ സുഗന്ധമുണ്ടെങ്കില്‍പ്പോലും , സോപ്പ് ആദ്യം
പൂര്‍ണമായ സ്വയം നിയന്ത്രണം പാലിക്കുന്നു.എന്നാല്‍, ഒരാള്‍
അതുമായി ബന്ധം സ്ഥാപിക്കുന്നതോടെ, പിന്നെ അങ്ങോട്ട്‌
എന്തൊരു , തീയെന്നു ഞാന്‍ പറയില്ല, ഓജസ്സാണ് ! സ്വയം ദാനം
ചെയ്യുന്നതില്‍ എത്രമാത്രം ഉത്സാഹമാണ് !എന്തൊരു
ഔദാര്യമാണ്‌! അവസാനമില്ലാത്ത, സങ്കല്‍പ്പിക്കാന്‍ കഴിയാത്ത
അനര്‍ഗളതയാണ് !

പെട്ടെന്നുതന്നെ ഒരാള്‍ ഈ ബന്ധം അവസാനിപ്പിച്ചു എന്ന്
വരാം.എങ്കിലും  ഈ അപൂര്‍വസാഹസം,ഈ ഹ്രസ്വ
സമാഗമം-ഏറ്റവും ഉദാത്തമായ സംഗതി ഇതാണ്
-നിങ്ങള്‍ക്കിതുവരെ അനുഭവപ്പെടാത്തവിധം വൃത്തിയായ
കൈകളുള്ള ഒരാളായാണ് നിങ്ങളെ വിടുന്നത്.

ഈ വസ്തുവിന്റെ ഗുണഗണങ്ങള്‍ മൂലം ഞാന്‍ കുറെയേറെ അതിനെ
ക്കുറിച്ച് പറയട്ടെ; നിങ്ങളുടെ കണ്‍ മുന്നില്‍ അത് പതയട്ടെ .

കൈകഴുകിക്കളയാനുള്ള ഹിംസാത്മകമായ ആഗ്രഹം .
വായനക്കാരേ, നിങ്ങള്‍ ചിലപ്പോള്‍ കൈ കഴുകാന്‍
ആഗ്രഹിക്കാറുണ്ടെന്നു ഞാന്‍ ഊഹിക്കുന്നു. നിങ്ങളുടെ
ധൈഷണികമായ ടോയ് ലറ്റിനായി  ഇതാ സോപ്പിനെപ്പറ്റി ഒരു പാഠം

വളരെവേഗത്തില്‍ വളരുന്ന (ഏതാണ്ട് നിമിഷനേരം കൊണ്ട്)
ഈ അണ്ഡം,  ഈ പരന്ന ഫലകം,ഈ കൊച്ചു ബദാം
അത് , ഉടയാടകളും മുഖാവരണങ്ങളും വീതികൂട്ടിത്തുന്നിയ
കയ്യുമെല്ലാമുള്ള ഒരു ചീന മത്സ്യമാവുന്നു;
അങ്ങനെ അത് വെള്ളവുമായുള്ള വിവാഹമാഘോഷിക്കുന്നു
.അങ്ങനെയുള്ള ഒരു ഗൌണ്‍ ആണ് വെള്ളവുമായുള്ള വിവാഹത്തിനു
 അത് ധരിക്കുന്നത്

ആരും ഒരിക്കലും സോപ്പില്‍ ആഴ്ന്നു മുഴുകുന്നില്ല.
- എങ്കിലും, അതിന്റെ കിണ്ണത്തിലേക്കുള്ള തിരിച്ചു വരവ്
ആവശ്യമാണ്‌.സോപ്പ് കിണ്ണത്തിന്റെ കര്‍ക്കശതയാര്‍ന്ന
പ്രതീതിയിലേക്ക്, അതിന്റെ അന്തസ്സാര്‍ന്ന
അണ്ഡആകൃതിയിലേക്ക് , ഇനിയുംനമ്മെ  സേവിക്കാനുള്ള
അതിന്റെ  ശക്തിയിലേക്ക്‌ .