Thursday 1 January 2015

യെഹൂദാ  ആമിഖായ് (1924-2000)ജര്‍മനിയില്‍ ജനിച്ചു പിന്നീട് പലസ്തീനിലേക്കും തുടര്‍ന്നു ജറുസലേമിലെയ്ക്കും കുടിയേറിയ ഹീബ്രു കവി. കലിഫോര്‍ണിയ സര്‍വകലാശാലയില്‍ വിസിറ്റിങ് പ്രൊഫസ്സറായിരുന്നു. മതാനന്തര മാനവികതയെക്കുറിച്ച് അന്വേഷിക്കുന്ന ഒരു ദാര്‍ശനിക കവിയായാണ് ഇദ്ദേഹം വിലയിരുത്തപ്പെടുന്നത്.

കവി: യെഹൂദാ  ആമിഖായ്
കവിത : രാജി വച്ചൊഴിയുന്നവന്റെ പാട്ട്
പരിഭാഷ:കെ.രാമചന്ദ്രന്‍
രാജി വച്ചൊഴിയുന്നവന്റെ പാട്ട് 
1
ഞാന്‍ രാജി വച്ചൊഴിയുകയാണ്.
എന്റെ മകന് എന്റെ അച്ഛന്റെ കണ്ണുകളാണ്
എന്റെ അമ്മയുടെ കൈകളാണ്
എന്റെ സ്വന്തം വായയാണ്
ഇനി എന്റെ ആവശ്യമില്ല. വളരെ വളരെ നന്ദി.
റഫ്രിജറേറ്റര്‍ നീണ്ട ഒരു യാത്രയുടെ മൂളക്കം ആരംഭിച്ചിരിക്കുന്നു.
അറിയപ്പെടാത്ത ഒരു പട്ടി, ഒരപരിചിതന്റെ നഷ്ടമോര്‍ത്തു തേങ്ങുകയാണ് .
2
ഞാന്‍ രാജി വച്ചൊഴിയുകയാണ്.
ഞാന്‍ കൊടുത്തു തീര്‍ക്കാനുള്ളതെല്ലാം പല ഫണ്ടുകളിലേക്കായി കൊടുത്തു തീര്‍ത്തിട്ടുണ്ട്.
ഞാന്‍ പൂര്‍ണമായും ഇന്‍ഷൂര്‍ചെയ്തിട്ടുണ്ട്
ഇനി ലോകം എന്നെ കണക്കിലെടുക്കട്ടെ;
ഞാന്‍ അതുമായും അവയെല്ലാമായും കെട്ടുപിണഞ്ഞു കിടക്കുകയാണ്.
എന്റെ ജീവിതത്തിലെ ഓരോ മാറ്റവും അവര്‍ക്ക് പണച്ചെലവുണ്ടാക്കും;
എന്റെ ഓരോ ചലനവും അവരെ വേദനിപ്പിക്കും
എന്റെ മരണം അവരെ നിസ്വരാക്കും
എന്റെ ശബ്ദം മേഘങ്ങള്‍ക്കൊപ്പം കടന്നുപോകുന്നു.
എന്റെ വിടര്‍ത്തി നീട്ടിയ കൈ  കടലാസായി മാറിയിരിക്കുന്നു .
മറ്റൊരു കരാറ്.
ജനാലയ്ക്കടുത്ത മേശമേല്‍
ആരോ വച്ചുമറന്ന
മഞ്ഞപ്പനിനീര്‍ പൂക്കളിലൂടെയാണ് ഞാന്‍ ലോകം കാണുന്നത്.
3
ഒരു കടവും വീട്ടാന്‍ കഴിയാത്തവിധം എല്ലാം നഷ്ടമായ അവസ്ഥ!
ഈ ലോകം മുഴുവന്‍ ഒരു ഗര്‍ഭപാത്രമാണെന്ന് ഞാന്‍ പ്രഖ്യാപിക്കുന്നു.
ഈ നിമിഷം ഞാന്‍ എന്നെ
അതിന്റെ ദയാവായ്പിനായി നിയോഗിക്കുന്നു;
എന്നോടുതന്നെ ഉത്തരവിടുന്നു
അതെന്നെ ദത്തെടുക്കട്ടെ, എന്നെ ശുശ്രൂഷിക്കട്ടെ 

ഞാന്‍ പ്രഖ്യാപിക്കുന്നു.
ഐക്യനാടുകളുടെ പ്രസിഡന്റ് എന്റെ അച്ഛനാണെന്ന്
സോവിയറ്റ് യൂണിയന്റെ ചെയര്‍മാന്‍ എന്റെ മുക്തിയാര്‍ ആണെന്ന്
ബ്രിട്ടീഷുമന്ത്രിസഭ എന്റെ കുടുംബമാണെന്ന്
മാവൊസെതൂങ്ങ്  എന്റെ അമ്മൂമ്മയാണെന്ന്
ഞാന്‍ രാജി വച്ചൊഴിയുകയാണ്.
ഞാന്‍ ആകാശങ്ങളെ ദൈവമെന്നു പ്രഖ്യാപിക്കുന്നു.
അവരെല്ലാം ചേര്‍ന്ന് മുന്നോട്ടുനീങ്ങിയാണ് ഇക്കാര്യങ്ങളെല്ലാം ചെയ്തുകൂട്ടുന്നത്.
അവര്‍ ഇങ്ങിനെയൊക്കെ ചെയ്യുമെന്നു ഞാന്‍ ഒരിക്കലും ധരിച്ചിരുന്നില്ല.

No comments:

Post a Comment