Monday 5 January 2015

കവി: ചാൾസ് ബേണ്‍സ്റ്റീൻ (ജനനം 1950)
കവിത : പെണ്ണന്റെ പാട്ട്  (The Ballad of  the Girly Man)
പരിഭാഷ: കെ.രാമചന്ദ്രൻ
അമേരിക്കൻ കവി,ഉപന്യാസകാരൻ പെൻസിൽവാനിയ സർവകലാശാലയിൽ അദ്ധ്യാപകൻ.1970 കളുടെ തുടക്കത്തിൽ   ശ്രദ്ധേയമായ പരീക്ഷണകവിതകളെഴുതുകയും 'ഭാഷ' എന്ന് പേരുള്ള മാസിക എഡിറ്റു ചെയ്യുകയും ചെയ്ത കവി.കവി ഉദ്ദേശിക്കുന്ന അർത്ഥം കണ്ടെത്തേണ്ടത്‌ വായനക്കാരന്റെ ബാദ്ധ്യതയാണെന്നു കരുതിയ "ഭാഷാകവിക'ളുടെ ഗ്രൂപ്പിൽ പെടുന്നു
കാലിഫോർണിയാ ഗവർണർ ആർണോൾഡു ഷ്വാർസെനെഗ്ഗർ റിപ്പബ്ലിക്കൻ പാട്ടിയുടെ എതിരാളികളെ മുഴുവൻ Girly men'   ( പെണ്ണന്മാർ )എന്ന് വിളിച്ചു അധിക്ഷേപിച്ചു.അതിനെതിരായ പ്രതികരണമാണ്  2004ൽ എഴുതിയ 'പെണ്ണന്റെ പാട്ടുകഥ 'എന്ന കവിത.ആ വഷത്തെ ഏറ്റവും ലൈംഗികമായ കവിതയ്ക്കുള്ള അവാർഡു സി എ കൊണ് റാഡ് ഈ കവിതയ്ക്ക് നല്കി. ദയ,കാരുണ്യം, സഹതാപം തുടങ്ങിയ മാനുഷികഗുണങ്ങളെ സ്ത്രീകക്ക് ചേർന്നതായും പുരുഷന്മാക്ക്  കൊള്ളാത്തതായും പരിഗണിച്ചു അത്തരം ഗുണങ്ങളുള്ള പുരുഷന്മാരെ അവഹേളിക്കാൻ  ആണ്‍കോയ്മയു്ടെ കാവൽഭടന്മാർ പ്രയോഗിക്കുന്ന പദമാണ്  'ഗെര്ളി  മെൻ'   ( പെണ്ണന്മാർ )എന്നത്.


പെണ്ണന്റെ  പാട്ട്  (The Ballad of  the Girly Man)

സത്യം കണ്ണീരിന്റെ മൂടുപടത്തിൽ മറച്ചുവയ്ക്കപ്പെടുന്നു.
ദുക്ഖിച്ചിരിക്കുന്നവരുടെ പൊറ്റകൾ ഭയംകൊണ്ട് ചീർത്തുവരുന്നു.

ഒരിക്കൽ ശുപാ
ശ ചെയ്യപ്പെട്ട ജനാധിപത്യത്തെ
വീണ്ടും മെലിയിക്കുന്നതും  മലിനമാക്കുന്നതും
വെറുപ്പിനെ കവിതയെക്കാൾ ഇഷ്ടപ്പെടുന്ന ,
മൃഗീയമായ ഗൂഡോദ്ദേശമുള്ള,മനുഷ്യരാണ് .

ഉള്ളവരും ഇല്ലാത്തവരുമെന്നു ആളുകളെ എണ്ണുന്ന ,
ഡാർവിന്റെ വസ്തുതകളെ അധിക്ഷേപിക്കുന്ന ,
ഹാലിബർറ്റണ്‍ * സത്യമെന്നുദ്ഘോഷിക്കുന്നതിനെ ആരാധിക്കുന്ന ആളുകൾക്ക്
സങ്കീർണത എന്നത് നാലക്ഷരമുള്ള ഒരശ്ലീല പദമാണ് . 

സത്യം കണ്ണീരിന്റെ മൂടുപടത്തിൽ മറച്ചുവയ്ക്കപ്പെടുന്നു.
ദുക്ഖിച്ചിരിക്കുന്നവരുടെ പൊറ്റകൾ ഭയംകൊണ്ട് ചീർത്തുവരുന്നു.

നരകത്തിൽനിന്നുള്ള തെമ്മാടികൾ സ്വാതന്ത്ര്യത്തിന്റെ കലവറ കയ്യേറിയിരിക്കുന്നു
ധനികർ കൂടുതൽ ധനികരാവുന്നു;ദരിദ്രർ കൂടുതൽ വേഗത്തിൽ മരിക്കുന്നു .
ഇതൊക്കെ അനുവദിക്കുന്ന ദൈവം ദൈവമേ അല്ല,
വെറും പ്രഭാഷണ വിസർജ്യം മാത്രം.

അതിനാൽ, ഒരു പെണ്ണനായിത്തീരുക ,
ഒരു പെണ്‍നിലപാടെടുക്കുക,
ഒരു പെണ്‍പാട്ട്  പാടുക
ഒരു പെണ്‍സരോങ്ങു ധരിച്ചു നൃത്തമാടുക.

കവിത ഒരിക്കലും ഭീകരതയ്ക്കെതിരായ യുദ്ധത്തിൽ വിജയിക്കില്ല.
എന്നാൽ,അബദ്ധത്തിനു തുണയായി നില്ക്കുന്ന അബദ്ധവും വിജയിക്കില്ല.

ഞങ്ങൾ പെണ്ണന്മാര്ക്ക്
അനിശ്ചിതത്വതെയോ യുക്തിയെയോ പരസ്പരാശ്രിതത്വതെയോ ഭയമില്ല
പൊരുതുന്നതിനു മുമ്പ് ഞങ്ങൾ ചിന്തിക്കും;പിന്നെയും കുറെ ചിന്തിക്കും
ശ്രദ്ധ,കല, വിട്ടുവീഴ്ച ഇതിലെല്ലാമുള്ള ഞങ്ങളുടെ വിശ്വാസം പ്രഖ്യാപിക്കും

അതിനാൽ, ഒരു പെണ്ണനായിത്തീരുക ,
എന്നിട്ട് ഈ പെണ്‍പാട്ട് പാടുക
പെണ്ണത്തവും  അഭിമാനവുമുള്ള ഞങ്ങൾ
യുദ്ധപാതയിൽനിന്നു രക്ഷപ്പെടാനായി മാത്രം  ഒരിക്കലും നുണപറയില്ല.

പെണ്ണന്മാരാണ് ക്രിസ്തുവിനെ കൊന്നതെന്ന്
പ്ലാറ്റിനം ഡി.വി. ഡി പറയുന്നു
ജൂതന്മാരും കറുത്തവരും സ്വവർഗാനുരാഗികളും
ഇപ്പോഴും  വഴിമുടക്കികളാണത്രെ

വളരെ വളരെക്കാലം മുമ്പ്
നിങ്ങളുടെ  ദൈവത്തെ ഞങ്ങൾ കൊന്നതിൽ ഞങ്ങൾക്ക് ഖേദമുണ്ട്
എന്നാൽ, ഇറാക്കിൽ മരിക്കുന്ന ഓരോ ഭടനും
ഉള്ളിലെ ദൈവത്തെ കൊല്ലുകയാണ്‌;ഇനിയും മരിച്ചിട്ടില്ലാത്ത ദൈവത്തെ

സത്യം കണ്ണീരിന്റെ മൂടുപടത്തിൽ മറച്ചുവയ്ക്കപ്പെടുന്നു.
ദുക്ഖിച്ചിരിക്കുന്നവരുടെ പൊറ്റകൾ ഭയംകൊണ്ട് ചീർത്തുവരുന്നു

അതിനാൽ, ഒരു പെണ്ണനായിത്തീരുക
ഒരു പെണ്‍പാട്ട്  പാടുക
ഒരു പെണ്‍നിലപാടെടുക്കുക,
ഒരു പെണ്‍സരോങ്ങു ധരിച്ചു നൃത്തമാടുക.

നരകത്തിൽനിന്നുള്ള തെമ്മാടികൾ സ്വാതന്ത്ര്യത്തിന്റെ കലവറ കയ്യടക്കുന്നു.
ധനികർ കൂടുതൽ ധനികരാവുന്നു;ദരിദ്രർ കൂടുതൽ വേഗത്തിൽ മരിക്കുന്നു .
ഇതൊക്കെ അനുവദിക്കുന്ന ദൈവം ദൈവമേ അല്ല,
വെറും പ്രഭാഷണ വിസർജ്യം മാത്രം.

അതിനാൽ, ഒരു പെണ്ണനായിത്തീരുക ,
എന്നിട്ട് ഈ പെണ്‍പാട്ട്  പാടുക
പെണ്ണത്തവും  അഭിമാനവുമുള്ള ഞങ്ങൾ
യുദ്ധപാതയിൽനിന്നു രക്ഷപ്പെടാനായി മാത്രം   ഒരിക്കലും  നുണ പറയില്ല.

ദുക്ഖിച്ചിരിക്കുന്നവരുടെ പൊറ്റകൾ ഭയംകൊണ്ട് ചീർത്തുവരുന്നു.
സത്യം കണ്ണീരിന്റെ മൂടുപടത്തിൽ മറച്ചുവയ്ക്കപ്പെടുന്നു.

.........................................................
കുറിപ്പ്: ഹാലിബർറ്റണ്‍ -ഹ്യൂസ്ടനിലും ദുബൈയിലും ആസ്ഥാനമുള്ള എണ്ണക്കമ്പനി.
80 രാജ്യങ്ങളിൽ പ്രവത്തിക്കുന്ന അമേരിക്കൻ ബഹുരാഷ്ട്രക്കമ്പനി ആണിത് .

No comments:

Post a Comment