Friday 16 January 2015

കവി: ചാൾസ് ബേണ്‍സ്റ്റീൻ
കവിത : യുദ്ധകഥകൾ  (War stories)2003
പരിഭാഷ: കെ.രാമചന്ദ്രൻ


യുദ്ധകഥകൾ
യുദ്ധം ഗദ്യത്തിന്റെ മറ്റൊരു മാർഗത്തിലുള്ള വികാസമാണ്
യുദ്ധം, ഖേദിക്കുന്നു എന്ന് ഒരിക്കലും പറയേണ്ടതില്ലാത്ത സ്ഥിതിയാണ്  
യുദ്ധം സദാചാര സുനിശ്ചിതത്വത്തിന്റെ യുക്തിസഹമായ അനന്തരഫലമാണ്
യുദ്ധം സൗന്ദര്യശാസ്ത്രവൈകല്യം  ബാധിച്ചവരുടെ സംഘർഷപരിഹാരമാണ്  
യുദ്ധംസ്വർഗത്തിലെക്കുള്ള വേഗം കുറഞ്ഞ തോണിയാണ്, നരകത്തിലേക്കുള്ള അതിവേഗ തീവണ്ടിയാണ്
യുദ്ധം ഒന്നുകിൽ ആശയവിനിമയത്തിന്റെ പരാജയമാണ്, അല്ലെങ്കിൽ, സാദ്ധ്യമായത്തിൽ ഏറ്റവും നേരിട്ടുള്ളആശയവിനിമയമാണ്
യുദ്ധം വിഡ്ഢികളുടെആദ്യത്തെ ആശ്രയമാണ്
യുദ്ധം അധികാരമുള്ളവരുടെ അക്രമത്തിനെതിരെ അധികാരമില്ലാത്തവരുടെ ചെറുത്തുനിൽപിനുള്ള സാധൂകരിക്കാവുന്ന അവകാശമാണ്   
യുദ്ധം വിഭ്രാന്തിയാണ് ,സമാധാനം ഭാവനാജന്യമാണ് എന്നതുപോലെതന്നെ
"യുദ്ധം മനോഹരമാണ്, കാരണം, തോക്കും വെടിയും പീരങ്കിയും വെടിനിർത്തലും
ഗന്ധങ്ങളും ശവമഴുകുന്ന നാറ്റവുമെല്ലാം   അതിൽ ഒരു ലയമായി ഒന്നിച്ചു ചേരുന്നു"
"യുദ്ധം, ചെയ്യേണ്ടപ്പോൾ എങ്ങിനെയാണ് ഒരു കാര്യം ചെയ്യേണ്ടത് എന്ന് നിശ്ചയിക്കുന്നു"
യുദ്ധം, അതിന്നെതിരായവരുടെ ആത്മനിഷ്ഠ  സദാചാരത്തിനു ന്യായീകരണമല്ല.
യുദ്ധം, അപരരാണ്.
യുദ്ധം ഒരു നാഴിക നീളുന്ന ശ്മശാനത്തിലൂടെ അഞ്ചുനാഴിക നീണ്ട നടത്തമാണ്  
യുദ്ധം, ഞാൻ നേരത്തെ പറഞ്ഞതല്ലേ ഇത് എന്ന് പറയാൻ പ്രകൃതി സ്വീകരിക്കുന്ന ഒരു വഴിയാണ്.
യുദ്ധം, അവസരത്തെ രൂപപ്പെടുത്തലാണ്
യുദ്ധം നീതിയുടെ വിമുഖതയുള്ള അടിത്തറയും ബോധപൂർവമല്ലാതെ സ്വാതന്ത്ര്യം ഉറപ്പു നല്കുന്ന സംഗതിയുമാണ് .
യുദ്ധം രാജ്യസ്നേഹിയുടെ നഷ്ടസ്വപ്നമാണ്.
യുദ്ധം ആദർശവാദത്തിന്റെ സാവധാനമുള്ള മരണമാണ്
യുദ്ധം, വൃദ്ധന്മാർക്ക് ദൈനംദിനരാഷ്ട്രീയവും ചെറുപ്പക്കാർക്കു ഒട്ടും നേർപിക്കാത്ത യാഥാർത്യ വാദവുമാണ്.
യുദ്ധം ക്രൂരമുഖമുള്ള പ്രായോഗികവാദമാണ്.  
യുദ്ധം രാഷ്ട്രത്തിനു ,മോഹഭംഗം വ്യക്തിക്കെന്നതുപോലെയാണ് .
യുദ്ധം പാതയുടെ അവസാനമാണ് ;സ്വന്തം നിലയും പ്രസക്തിയും നഷ്ടപ്പെട്ടവർക്ക്‌
യുദ്ധം സ്വന്തം നിഴലിനെ ഭയപ്പെടുന്ന കവിതയാണ് ; എങ്കിലും അതിന്റെ കുതിപ്പിൽ ക്രോധം നിറഞ്ഞിട്ടുണ്ട്‌.
യുദ്ധം ഉരുക്കായിമാറിയ . പുരുഷന്മാരും ,ചാരമായിമാറിയ സ്ത്രീകളുമാണ് .
യുദ്ധം ഒരിക്കലും യുദ്ധത്തിനു കാരണമല്ല;എന്നാൽ വേറെയെന്തിനെങ്കിലും അത് കാരണമാവുന്നതും അപൂർവ്വം തന്നെ.
യുദ്ധം മൃതിയടയുന്ന സത്യമാണ്.;സത്യവും യുദ്ധത്തിൽ മൃതിയടയുന്നു
യുദ്ധം നഗ്നർക്കൊരു പ്രതിവിധിയാണ്
യുദ്ധം രാഷ്ട്രീയക്കാർക്കു മയക്കുമരുന്നാണ്
യുദ്ധത്തിനു ഒത്തുതീർപ്പിനോടുള്ള ബന്ധം ,രോഗാതുരതയ്ക്ക് മരണത്തോടുള്ളതാണ്.
യുദ്ധം പാട്ടില്ലാത്ത കവിതയാണ്.
യുദ്ധം ,ഭൂമിയുടെ ധാരാളിത്തത്തോടുള്ള ലോകത്തിന്റെ വഞ്ചനയാണ്.
യുദ്ധം ,ടെലിപ്രിന്റർ യന്ത്രത്തിനടുത്തു ഗോറില്ലയെ  ഇരുത്തിയതുപോലെയാണ്;
 ഒരിക്കലും ഒരു നല്ല തിരഞ്ഞെടുപ്പല്ല അത്;എന്നാൽ ചിലപ്പോൾ ഇതല്ലാതെ മറ്റു  തിരഞ്ഞെടുപ്പില്ലെന്നും വരാം .
യുദ്ധം രക്തമൂറ്റിക്കുടിക്കുന്ന ജ്വരമാണ്
യുദ്ധം ഒരിക്കലും മരണദേവതയുടെ തുടർച്ചയിൽ കവിഞ്ഞൊന്നുമല്ല. .
യുദ്ധം ചെറുപ്പക്കാരുടെ തെറ്റുകൾക്ക് പഴയ തലമുറ ചെയ്യുന്ന പരിഹാരമാണ്.
യുദ്ധം സദാചാരപരമാണ്;സമാധാനം ധാർമികവും.
യുദ്ധം ആണ് ആത്യന്തികമായ വിനോദോപാധി. 
യുദ്ധം മാംസത്തിൽ തന്നെയുള്ള പ്രതിരോധമാണ്.
യുദ്ധം, മുതലാളിത്തത്തിന് സ്വന്തം പരിധികൾ പരീക്ഷിക്കാനുള്ള മാർഗമാണ്.
യുദ്ധം വർഗ സംഘർഷത്തിന്റെ അനിവാര്യ ഉത്പന്നമാണ്
യുദ്ധം സാന്കേതികവിദ്യയുടെ അമ്മാവനാണ്.
യുദ്ധം, ചീത്തയായ ഒട്ടേറെ   യുദ്ധവിരുദ്ധകവിതകൾക്കുള്ള ഒഴികഴിവാണ്..
യുദ്ധം, മർദിതരായ ജനതയുടെ അവകാശമാണ്.
യുദ്ധം, വാർത്തയെ തടഞ്ഞുവയ്ക്കുന്ന വാർത്തയാണ്.
യുദ്ധം,ഒരിക്കലും സാക്ഷാത്കരിക്കാൻ കഴിയാത്ത വിപ്ലവത്തിന്റെ മുഖ്യ ആയുധമാണ്.
യുദ്ധം,ഒന്നും നഷ്ടപ്പെടാൻ ഇല്ലാത്തവർക്ക് വേതനം നല്കുന്നു.
യുദ്ധം കലയില്ലാത്ത സർറിയലിസമാണ് .
യുദ്ധത്തിൽ വിജയമില്ല;അതിജീവനമേ ഉള്ളൂ.
യുദ്ധം, ശരിയെ നീക്കം ചെയ്യുന്ന ഇരട്ടത്തെറ്റാണ് .
യുദ്ധം,തത്വത്തിൻറെ പേരിൽ യുക്തിയെ ഉപേക്ഷിക്കലാണ്
യുദ്ധം, ആദർശത്തിനുവേണ്ടിയുള്ള ബലികർമമാണ്.
യുദ്ധം, യഥാർഥമായതിനെ അപവിത്രമാക്കുന്നു.
യുദ്ധം, നീതിയുക്തമായാൽപോലും, അനീതി നിറഞ്ഞത്‌ തന്നെ.
യുദ്ധം, മരിച്ചവർ ജീവിക്കുന്നവരോടു ചെയ്യുന്ന പ്രതികാരമാണ് .
യുദ്ധം ആൾ തെറ്റി നടപ്പിലാക്കപ്പെടുന്ന പ്രതികാരമാണ്.
യുദ്ധംകറുത്ത ഉടുപ്പിട്ട കുട്ടിയുടെ, ചുവന്ന ഉടുപ്പിട്ട സ്ത്രീയുടെ, നീല ഉടുപ്പിട്ട പുരുഷന്റെ നിലവിളിയാണ്.
യുദ്ധം അധികാരശൂന്യതയാണ്.
യുദ്ധം അസംസ്കൃതമാണ്.
യുദ്ധം.ഒരുരാഷ്ട്രം മറ്റൊന്നിനെതിരെ പ്രഖ്യാപിച്ചു  നടത്തുന്ന പോരാട്ടമാണ്;എന്നാൽ ഒരുരാഷ്ട്രംസ്വന്തം ജനങ്ങൾക്കെതിരെ നടത്തുന്ന അപ്രഖ്യാപിത അക്രമവുമാണ്.
യുദ്ധം സ്വാതന്ത്ര്യത്തെ സംരക്ഷിക്കാനെങ്കിൽ തിന്മയല്ല;
ആത്മരക്ഷയ്ക്കുവേണ്ടി ആരെയോ വാഴ്ത്താനുള്ള ശ്രമം നന്മയുമല്ല.
യുദ്ധം സ്വേച്ഛാധിപത്യത്തിന്റെ ഏറ്റവും വലിയ ശത്രുവാണ്;
യുദ്ധം സ്വേച്ഛാധിപത്യത്തിന്റെ ഏറ്റവും വലിയ മിത്രവും ആണ്.
യുദ്ധം പരിഹാരമാണ്; എങ്കിൽ പ്രശ്നമെന്നത് എന്താണ്
യുദ്ധം, സവാരിക്കാരന്റെ കടിഞ്ഞാണ്‍ പിടിക്കുന്ന കുതിരയാണ്.
യുദ്ധംമനുഷ്യസമൂഹത്തിന്റെ അപര്യാപ്ത പ്രതീകമാണ്.
യുദ്ധം, പ്രാചീന ശത്രുതകളുടെ അണയുന്ന കനലുകളെ ജ്വലിപ്പിക്കാൻ പറ്റിയ മാർഗമാണ്.
യുദ്ധം, മനസ്സും ഹൃദയവും ഇല്ലാത്തവരുടെ മനസ്സും ഹൃദയവും കീഴടക്കാനുള്ള പോരാട്ടമാണ്.
യുദ്ധം,വിജയികൾ വിവരിക്കുന്ന ചരിത്രമാണ്.
യുദ്ധം, നാഗരികതയ്ക്കുള്ള അന്വേഷണത്തിനിടയിൽ സംഭവിക്കുന്ന നാഗരികതയുടെ മരണമാണ്.
യുദ്ധം,അല്പത്വത്തെ സാധൂകരിക്കുന്ന ലക്ഷ്യമാണ്‌.
യുദ്ധംഉണ്ടാക്കുന്നത് ധനികരും സഹിക്കേണ്ടിവരുന്നത് ദരിദ്രരും ആണ്.
യുദ്ധംഒരു രൂപകമല്ല.
ഒരു വിരുദ്ധോക്തിയുമല്ല. 
യുദ്ധം, അനുസ്യൂത ചലനമുള്ള ആത്മാർഥതയാണ്.
യുദ്ധം മാംസത്തിൽ കോറിയിട്ട ചെസ്സുകളിയാണ്.
യുദ്ധം തന്ത്രപരമായ മേധാവിത്വത്തിനുള്ള അടവുപരമായ അക്രമമാണ്
യുദ്ധം ഗാർഹികമായ നിസ്സംഗതയെ മൂടിവയ്ക്കാനുള്ള രാഷ്ട്രാന്തരീയ സക്രിയതയാണ്.
യുദ്ധം അമിതവേഗത്തിലോടുന്ന പിശാചാണ്.
യുദ്ധം ആണ് നമ്മുടെ ഒരേ ഒരു പ്രതീക്ഷ.
യുദ്ധം നമ്മുടെ പൈതൃകമാണ്.
യുദ്ധം നമ്മുടെ പിതൃസ്വത്താണ്.   
യുദ്ധം നമ്മുടെ അവകാശമാണ്.
യുദ്ധം നമ്മുടെ കർത്തവ്യമാണ്. 
യുദ്ധം ന്യായീകരിക്കപ്പെടുക,അത് യുദ്ധത്തിനു തടയിടുമ്പോൾ  മാത്രമാണ്.
യുദ്ധംഅവസാനിച്ചാലും അവസാനിക്കുന്നില്ല.
യുദ്ധം 'ഇവിടെ അവസാനിക്കുന്നു' എന്ന് മാത്രം.
യുദ്ധമാണ് ഉത്തരം.
യുദ്ധം ഇവിടെയാണ്.
യുദ്ധംഇതാണ്.
യുദ്ധംഇപ്പോൾ ആണ്
യുദ്ധം നമ്മളാണ്.

No comments:

Post a Comment