Monday 23 February 2015

ഇന്ഗ്ലീഷു സാഹിത്യത്തിൽ കാല്പനിക പ്രസ്ഥാനത്തിലെ ഇളംതലമുറക്കാരനായ,"വിടരും മുമ്പേ കൊഴിഞ്ഞുപോയ മൊട്ട്"  എന്ന് ഷെല്ലി വിശേഷിപ്പിച്ച , ഉദാത്തമായ പ്രതീക്ഷകളവശേഷിപ്പിച്ചു  അകാലത്ത്‌ പൊലിഞ്ഞുപോയ ജോണ്‍ കീറ്റ്സിന്റെ 'ഒരു രാപ്പാടിയോട് '  എന്ന കവിത കാല്പനികത കടഞ്ഞെടുത്ത വെണ്ണയാണ് എന്ന് പറയാം.. ആ കവിതയ്ക്ക് 1970ൽ ഞാൻ നടത്തിയ ഒരു സ്വതന്ത്ര വിവർത്തനമാണ്‌ ചുവടെ കൊടുക്കുന്നത് . ഇക്കഴിഞ്ഞ മാതൃഭാഷാദിനത്തിന്റെ ആവേശത്തിൽ ആണ് ഇപ്പോൾ ഇത് പ്രസിദ്ധീകരിക്കുന്നത് .ഇന്ഗ്ലീഷില്‍ മലയാളം ടൈപ്പ് ചെയ്യുമ്പോള്‍ സംഭവിക്കുന്ന ചില പിശകുകള്‍ ഇപ്പോഴും ഇതില്‍ കണ്ടേക്കാം.

കവിത      : ഒരു രാപ്പാടിയോട്
കവി         : ജോണ്‍ കീറ്റ്സ്
പരിഭാഷ   : കെ. രാമചന്ദ്രന്‍


            ഒരു രാപ്പാടിയോട്

എൻ ഹൃത്ത് പിടയുന്നൂ ,മരവിക്കുന്നൂ മന്ദ -
മിന്ദ്രിയങ്ങളു മെന്തോ ലഹരി പിടിച്ച പോൽ ;
മയക്കും കറപ്പുള്ള പാനീയമശേഷവും
കുടിച്ചു വറ്റിച്ചപോൽ, വിഷനീർ കുടിച്ചപോൽ ;
കഴിഞ്ഞൂ നിമിഷമൊ ,ന്നാഴ്ന്നുപോകയായ് ഞാൻ വി-
സ്മൃതിതൻ നദിയിലെ ചുഴിയിൽ മന്ദം മന്ദം
തുടിക്കും നിന്നാഹ്ലാദത്തിമർപ്പിലസൂയാലു-
വല്ലഞാ ,നാനന്ദത്തി ലാറാടിക്കുളിപ്പവൻ
എണ്ണമറ്റൊരു തണല്‍നികരം വിരിയ്ക്കുന്ന
സുന്ദര ഹരിതാഭ മാകുമൊരിടത്തിങ്കൽ
അങ്ങേതോ മരക്കൊമ്പിൽ വന്നിരുന്നു നീ മുക്ത -
കണ്ഠമീ വസന്തത്തെ പുകഴ്ത്തി പ്പാടീടുന്നൂ .

ഹായ് , സ്വല്പം വീഞ്ഞെൻ കണ്ഠനാളത്തിൽ കടന്നെങ്കിൽ !
പഴകിത്തിടം വച്ച് വീര്യമേറ്റുവാൻ മണ്ണിൽ
കുഴിച്ചുമൂടി,ക്കാലമേറെപ്പോയതാം വീഞ്ഞ്;
ദക്ഷിണഫ്രാന്സിൽ  അങ്ങ് പ്രൊവെൻസൽ ദേശത്തിന്റെ
നൃത്തവും സംഗീതവു മാഹ്ലാദാഘോഷങ്ങളും 
ഹരിതാഭയും സസ്യശോഭയും പങ്കിട്ടൊരു
പഴമുന്തിരിസ്സത്ത് നുകരാൻ കഴിഞ്ഞെങ്കിൽ!
സ്ഫാടിക ചഷകത്തിൽ ശോണിത നിറമാർന്നു
ശോഭിക്കു,മേതിൻ വക്കിൽ കണ്‍ചിമ്മും കുമിളകൾ
മാല കോർത്തിടും,കാവ്യധാരാനിര്‍ഗളശക്ത-
മാക്കു,മാത്തെക്കൻവീഞ്ഞെൻ ചുണ്ടിനോടടുപ്പിച്ചു
മന്ദമായൊട്ടൊട്ടിന്നു നുണയാൻ കഴിഞ്ഞെങ്കിൽ !
പൂർണമായതിൻ വീര്യം മുഴുവൻ നുകർന്ന് ഞാ-
നീ ലോകത്തൊടു യാത്രാമൊഴിയോതി പ്പൊന്നേനെ;
അങ്ങ് ദൂരത്തേ -ക്കങ്ങേ സുന്ദര വനത്തിലേ-
ക്കിന്നു ഞാനദൃശ്യനായ്‌ നിന്നോടൊത്തണഞ്ഞേനെ..  

അങ്ങുപോയ്മറഞ്ഞാലും  ദൂരത്ത്‌ ലയിച്ചാലു-
മെന്നേക്കും മറന്നാലും  ഞങ്ങൾതൻ വൃത്താന്തങ്ങൾ !
ക്ഷീണരാം മനുജന്മാർ ഖിന്നരായ് ജ്വരാർത്തരായ്‌ 
ദീനരായ് ഞരങ്ങുന്ന തിവിടെയെന്നും  കേൾക്കാം.
വാതബാധയാൽ ചിലർ നടുങ്ങിപ്പിടയുന്നൂ
കാലത്തിൻ ജരാനര പൂണ്ടു കേണുഴലുന്നൂ.
യൌവനം വിളറുന്നൂ ,സർവശക്തിയും ക്ഷയി-
ച്ചൊടുവിൽ, പ്രേതംപോലെ, മരണപ്പെട്ടീടുന്നു .
നീ വൃക്ഷപ്പടർപ്പിങ്കൽ   കാണാത്തൊരീ ജീവിത-
മാകെയും മറന്നങ്ങു ദൂരത്തേക്കണഞ്ഞാലും 
ലോകമിതോർത്താലാർക്കും  ശോകസങ്കുലമത്രേ
കാണ്മതു നൈരാശ്യത്തിൻ കാരീയമിഴികളും . 
കണ്ണിന്‍റെ തിളക്കവുംപുതുതാം പ്രണയവു-
മിവിടെക്ഷണികമാം സൌന്ദര്യത്തിടമ്പിനും.

കുതിയ്ക്കൂ ! കുതിയ്ക്കൂനീ !പിന്തുടർനീടാം ഞാനും
പിറകെ യദൃശ്യമാം കവിത്വ ച്ചിറകിന്മേൽ
മദ്യദേവനും പാർഷദന്മാരും തെളിക്കുന്ന
ലഹരീരഥമേറിയല്ല ഞാന്‍ നിന്നോടൊപ്പം .
ശുഷ്കമാമെൻ മസ്തിഷ്കം  കുഴഞ്ഞുമറിയുന്നെ  -
ന്നുൽസാഹം നശിക്കുന്നു, പിറകോട്ടടിച്ചാലോ
രാത്രി സുന്ദരം  , ചന്ദ്രനിരിപ്പൂ മഞ്ചത്തിങ്കൽ
ചുറ്റിലും ചുഴലുന്നൂ യക്ഷികൾ നക്ഷത്രങ്ങൾ
എങ്കിലുമിവിടില്ലാ വെളിച്ച,മിളംകാറ്റി-
ലിലച്ചാർത്തിളകവേ  വരുന്നതല്ലാതൊട്ടും..

ഏതെല്ലാം കുസുമങ്ങൾ ചുറ്റിലും വിടർന്നെന്ന-
തീ യിരുട്ടിലെൻ കണ്ണാലെനിക്ക്‌ കാണാൻ വയ്യ;
പൂമരക്കൊമ്പിൽനിന്നു വിടർന്നും ഞാന്നും നില്പ-
തേതൊരു  സുഗന്ധിയാം  പൂവെന്നുമറിവീല.
എങ്കിലും പരിമളപൂരിതമിരുട്ടിലു-
മെന്തെല്ലാം പൂവുണ്ടാമെന്നൂഹിക്കാ മീമാസത്തിൽ.
പുല്ലിലും തൊടിയിലും കുറ്റിക്കാട്ടിലും കാട്ടു-
വല്ലികളിലുമെല്ലാ   മെത്രയോ പൂക്കൾ കാണും.
ഹോതോ,നെഗ്ലന്റൈൻ , വേഗം വാടുന്ന വയലറ്റും
മെയ്മാസ മാദ്യം വിടരുന്ന കസ്തൂരിറോസും;
പനിനീരിലൂറുന്ന  തേൻ നുകരുവാൻ മൂളി -
പറന്നെത്തിടും ശലഭങ്ങൾ തൻ മൂളക്കവും .

ശ്യാമളശരീരമേ , നിന്മനോഹര ഗാനാ-
ലാപത്തിൻ ലയത്തിൽ ഞാൻ നിർവൃതിയടയുന്നൂ
മരണം കൊതിച്ചീടാറുണ്ട് ഞാൻ പലപ്പൊഴു -
മതിനെ പ്രിയപ്പെട്ട പേരുകൾ വിളിപ്പു ഞാൻ .
പരമാനന്ദത്താൽ നീ പകരും ഗാനത്താലീ-
ധരയെക്കുളിപ്പിക്കുംമോഹന മുഹൂർത്തത്തിൽ,
ഈ നിശാമദ്ധ്യത്തിങ്ക, ലേതുമേ ഖേദം കൂടാ-
തീ ലോകം വിട്ടാലെത്ര ധന്യനായിരുന്നു ഞാൻ !
പിന്നെയും നീ സംഗീതം ചൊരിയും ,മരണത്തിൻ
മണ്ണിലെൻ കർണങ്ങൾക്ക്‌ കേൾക്കുവാൻ വയ്യാതാവും.

മരണം നിനക്കെന്നുമില്ലനശ്വര ഗാന -
പ്രവീണാ! നിന്നെയിരയാക്കില്ലാ  ഖലജനം .
ഇന്ന് ഞാൻ ശ്രവിക്കുന്നോരീഗാനം പണ്ടങ്ങൊരു
സാർവഭൗമനും വിദൂഷകനും ശ്രവിച്ചുപോൽ 
നിന്റെയീ ഗാനംതന്നെയല്ലി പണ്ടന്യൻ തന്റെ
ധാന്യഭൂമിയിൽ ഗൃഹാതുര, ദുക്ഖിത റൂത്ത്
കണ്ണുനീർ തൂകി ക്കൊണ്ട് മാഴ്കി നില്ക്കവേ യന്നാ -
ക്കന്യതൻ മനസ്സിന്റെ   തന്ത്രികൾ ചലിപ്പിച്ചൂ!
പണ്ടിതേ ഗാനം  പാരാവാരത്തിന്നപാരത
തന്നിലങ്ങേതോ ത്യക്ത  യക്ഷ്ഭൂമിയിലൊരു
മാന്ത്രികൻ കപടത്താൽ നിർമിച്ച മായാജാല -
ഹർമ്യത്തിൻ സോപാനത്തിൽ ഹന്ത ചെന്നലച്ചുപോൽ

ത്യക്തം -ആപ്പദമെന്നെ നിന്റെഗാനത്തിൽനിന്നു-
മീ പ്രപഞ്ചത്തിൽതന്നെ മണിയൊച്ചപോൽ  തള്ളീ !
(ഭാവനാ സാമ്രാജ്യത്തില്‍  തങ്ങുവാനേറെ നേര -
മാവതില്ലാരായാലു മിതുതാന്‍ പരമാര്‍ത്ഥം - വിവ)
വിട നല്‍കുക ! മായാവലയില്‍ ക്കുരുക്കുന്ന
വനിതയെന്നും  ഖ്യാതി നേടിയ ദുര്‍ദേവതേ!
വിടചൊല്ലട്ടെ! വിട! ഗായകാ തവഗാന -
മകലത്തകലത്തായവ്യക്തമായ്‌ തീര്‍ന്നല്ലോ.
മുന്നിലായ്‌ പരന്നൊരു ഭൂവിതാനവുമതിന്‍
പിന്നിലായൊഴുകുന്ന കൊച്ചുകാട്ടരുവിയും
അങ്ങുകാണുമാക്കുന്നിന്‍ പുറവും, അതിന്നങ്ങേ-
ച്ചരിവില്‍ കിടക്കുന്ന താഴ് വര പ്രദേശവും
താണ്ടി നീയകലേയ്ക്ക് പോകവേ നിന്‍ ഗാനമെന്‍
കാതില്‍നിന്നകലുന്നൂ കേള്‍ക്കാതാവുന്നൂ മന്ദം .
എന്തുവാനിത് വെറും സ്വപ്നമോ  യാഥാര്‍ത്ഥ്യമോ?
എങ്ങുപോയാ സംഗീതം -ഞാനുറങ്ങുകയാണോ?



2 comments:

  1. Dear Ramendrettan,

    Beautiful, I have read one earlier translation of this poetry done by Sugatakumari, this is entirely different, the begining its self make it unique. Thanks and expect more works like this

    ReplyDelete