Friday, 8 April 2016



A Few Lines on Patriotism
 

Poem in Malayalam  : Rafeeq Ahmed
Translation                 : K Ramachandran

Birds of the Border
Are big trouble makers
With no sense of discrimination,
They fly hither and thither.
By the time you aim at a bird,
Its citizenship may change.


After winning the war,
I reached the border;
Joined the celebrations.
The area of my patriotism
Has now expanded by
24.75 square kilometers.


Certain evil forces are fighting
To break away from this nation.
If they win, they would become enemies.
what an uncertainty about
The arithmetic of patriotism!


You who keep guard
On ice cold, snow clad peaks
Or burning hot deserts
For my comfortable sleep,
Can you assure me that
The point of your bayonet will not
turn against me?
I just want to sleep peacefully.


Farmers who killed themselves,
Remembering good harvests,
Were dancing in the dead silence of the midnight.
Then they heard the national anthem from afar.
The ghosts suddenly stood in attention.
"Don't do that"- chief of the ghosts told them
"We are the dead;
We shouldn't make it appear
That it is the anthem of dead people".

Friday, 11 December 2015

ചെന്നൈ വെള്ളപ്പൊക്കം- പാഠം പഠിപ്പിക്കുന്നതാരെ?

കെ. രാമചന്ദ്രന്‍

റോമാനഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോചക്രവര്‍ത്തിയെ നിസ്സംഗതയുടെയും ക്രൂരതയുടെയും പര്യായമായാണ് പരമ്പരാഗതമായി പരിഗണിച്ചുപോന്നിട്ടുള്ളത്.എന്നാല്‍ ,സുനാമിയായുംവെള്ളപ്പൊക്കമായും ദുരന്തങ്ങള്‍ ലക്ഷക്കണക്കിന് മനുഷ്യരെ ദുരിതത്തിലാഴ്ത്തിയപ്പോള്‍ കടുത്ത നിസ്സംഗത പുലര്‍ത്തിയ ഭരണാധികാരികളെ 'ജനാധിപത്യവാദികള്‍ ' ആയിത്തന്നെ പരിഗണിക്കാന്‍ മിക്ക ആളുകള്‍ക്കും പ്രയാസമില്ല എന്നതാണ് വിചിത്രമായ വസ്തുത.ആരുടെയൊക്കെയോ സാമ്പത്തികതാത്പര്യങ്ങള്‍ സംരക്ഷിക്കുക എന്ന ഒറ്റ ഉദ്ദേശത്തോടെ ഭരണാധികാരികള്‍ തെറ്റായ വികസനനയങ്ങള്‍ നടപ്പിലാക്കിയതിന്റെഫലമായുണ്ടായ തിരിച്ചടികളാണ് പ്രകൃതിദുരന്തങ്ങളെ ഇത്രയും ദുസ്സഹമാക്കിയത് എന്നകാര്യത്തില്‍ യാതൊരു സംശയവുമില്ല.പ്രകൃതിയുടെ വികൃതികളായല്ല; ദുരയും ആര്‍ത്തിയും മൂലം അന്ധത ബാധിച്ച ആളുകളുടെ  തെറ്റായ നടപടികളുടെ പ്രത്യാഘാതങ്ങളായിത്തന്നെഈ ദുരന്തങ്ങള്‍ മനസ്സിലാക്കപ്പെടണം.

ഓരോ ദുരന്തവും നടന്നു കഴിയുമ്പോള്‍ , അത് എങ്ങിനെ ഉണ്ടായി എന്ന വിദഗ്ധവിശകലനങ്ങളും അതില്‍നിന്നും പാഠം പഠിക്കുമെന്ന പ്രത്യാശ പ്രകടിപ്പിക്കലും ഒക്കെ പതിവായി നാം കണ്ടു പഴകിയിരിക്കുന്നു.ഇപ്പോള്‍ ചെന്നൈ  നഗരം അക്ഷരാര്‍ഥത്തില്‍ വെള്ളത്തില്‍ മുങ്ങിയപ്പോള്‍ ‍, വികലമായ നഗരാസൂത്രണവും തണ്ണീര്‍ തട സംരക്ഷണത്തിന്റെ അഭാവവും ആണ് പ്രളയത്തിലേക്ക് നയിച്ചത് എന്ന പ്രകടമായ വസ്തുത, പെട്ടെന്നൊരു ബോധോദയം ഉണ്ടായിട്ടെന്നപോലെ പലരും ഇപ്പോള്‍ എടുത്തുപറയുന്നുണ്ട്.എങ്കിലും, ദുരിതത്തിന്റെ തീക്ഷ്ണത ഒട്ടൊന്നു കുറയുമ്പോള്‍ ‍, വീണ്ടും എല്ലാം പഴയപടിയാവുകയും, ദുരിതത്തെക്കുറിച്ച് മറക്കുകയുംനഗരവികസനത്തിന്റെ കടിഞ്ഞാണില്ലാത്ത മുന്നേറ്റം പൂര്‍വാധികം ശക്തിയോടെ തുടരാന്‍ ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും ഒരേപോലെ ഉത്സാഹം കാണിക്കുകയും ചെയ്യുന്ന ഒരു സമൂഹമാണ് നമ്മുടേത്.നമ്മള്‍ ഒരു പാഠവും പഠിക്കുന്നില്ല; അല്ലെങ്കില്‍ പഠിക്കുന്ന പാഠങ്ങള്‍ എളുപ്പം മറന്നുപോവുന്നു.'വികസനം' വേണം എന്നല്ലാതെ എന്തിനു, എന്ത് തരത്തിലുള്ള ,ആര്‍ക്കുവേണ്ടിയുള്ള വികസനംഎന്ന കാര്യമൊന്നും  പരിഗണിക്കപ്പെടുന്നില്ല.ആത്യന്തികമായി മനുഷ്യരുടെ ക്ഷേമവും,സ്വസ്ഥതയും, മനസ്സന്തുഷ്ടിയുമാണ് പുരോഗതിയിലൂടെ ലക്ഷ്യമിടേണ്ടത്.ഇത് അവഗണിച്ചുകൊണ്ട്, മനുഷ്യര്‍നിരന്തരം ദുരന്തഭീതിയുടെ നിഴലില്‍ കഴിയേണ്ടിവരികയും മണ്ണിനെയും ചുറ്റുപാടുകളെയുംആവാസയോഗ്യമല്ലാതാക്കിമാറ്റുന്ന കാര്‍ഷിക, വ്യാവസായിക,നഗരാസൂത്രണ പരിപാടികളില്‍ ഏര്‍പ്പെടുകയും,വിഷവിമുക്തമായ ഭക്ഷണം, കുടിവെള്ളം, ശുദ്ധവായു,അനുയോജ്യമായ കാലാവസ്ഥ എന്നിങ്ങനെ ജീവന്‍റെ നിലനില്‍പ്പിന് അത്യാവശ്യമായ എല്ലാറ്റിന്റെയും ലഭ്യത ദുഷ്കരമാക്കുകയും ചെയ്യുന്ന 'വികസന'ത്തെക്കുറിച്ചും അതുണ്ടാക്കുന്ന 'സാമ്പത്തികവളര്‍ച്ച'യെക്കുറിച്ചും  ആണ്നമ്മളില്‍ പലരും ഊറ്റം കൊള്ളുന്നത്‌. അടിസ്ഥാനപരമായി ഈ കാഴ്ചപ്പാടില്‍ മാറ്റം വരാതെ, നിലവിലുള്ള ദുരവസ്ഥയ്ക്ക് എന്തെങ്കിലും പരിഹാരമുണ്ടെന്നു തോന്നുന്നില്ല.

അയല്‍ സംസ്ഥാന തലസ്ഥാനമായ ചെന്നൈയില്‍ പ്രളയക്കെടുതികള്‍ ജനജീവിതത്തെ ദുസ്സഹമാക്കുമ്പോഴും കേരളതലസ്ഥാനത്തെ നീറോമാരുടെ വീണവായനയുടെ പ്രമേയം
സരിതയും സോളാര്‍ തട്ടിപ്പും നടേശയാത്രയും തന്നെ; കൂടാതെ,'ആയിരം ദിവസം' കൊണ്ട് തിരുവനന്തപുരത്തിന്റെ 'മുഖച്ഛായ'  മാറ്റുന്ന 'വിഴിഞ്ഞം സ്വപ്നപദ്ധതി'യുടെ തുടക്കമിടുന്നതിന്റെ ആഹ്ലാദവും.ലക്ഷക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ ഭാവി ഇരുളിലകപ്പെടുത്തുമെന്നും സമുദ്രപരിസ്ഥിതിയെ തകിടം മറിക്കുമെന്നും ഉറപ്പായ വിഴിഞ്ഞം തുറമുഖ പദ്ധതി സാമ്പത്തികമായിപ്പോലും വന്‍ പരാജയമായിരിക്കുമെന്നു നിരവധി സര്‍ക്കാര്‍ പഠനങ്ങള്‍ തന്നെ സമര്‍ഥിച്ചിട്ടും നിര്‍ബന്ധപൂര്‍വം അത് ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിച്ചുകൊണ്ട്‌ ഭരണാധികാരികള്‍ ആഘോഷിക്കുകയാണ്! പ്രതിപക്ഷമാകട്ടെ, 'വികസനത്തിന് രാഷ്ട്രീയമില്ല' എന്ന നിലപാടോടെ അതിനെ സര്‍വാത്മനാ പിന്തുണയ്ക്കുകയും ചെയ്യുന്നു; അധാനിയുമായുള്ള കരാറിലെ 'ചില വ്യവസ്ഥകളെ' ക്കുറിച്ച് മാത്രമാണ് അവര്‍ക്ക് പരാതി.  മാദ്ധ്യമങ്ങള്‍ ഈ തുറമുഖപരിപാടിയെ മുക്തകണ്ഠം പാടിപ്പുകഴ്ത്തുകയാണ്. ഇതേപോലെ ഏതാനും വര്ഷം മുമ്പ് ആളുകളെ ആട്ടിയോടിച്ചു കൊച്ചിയില്‍ നടപ്പിലാക്കിയ വല്ലാര്‍പാടം പദ്ധതിയും ഇവര്‍ വാഴ്ത്തിയിരുന്നു.( ഇപ്പോള്‍ അതിന്റെ  യഥാര്‍ത്ഥഅവസ്ഥയെന്തെന്നു ഇവരാരും ഒന്നും എഴുതുന്നില്ല!)  എവിടെയും,''ദീപസ്തംഭം മഹാശ്ചര്യം .......'' എന്ന സൂക്തം തന്നെ പ്രമാണം!

കിറുക്കന്മാര്‍ ‍, വികസനവിരുദ്ധര്‍ , ദേശദ്രോഹികള്‍ എന്നിങ്ങനെ നിരന്തരം അധിക്ഷേപിക്കപ്പെടുന്ന ഒരു ന്യൂനപക്ഷമായ പരിസ്ഥിതിസ്നേഹികളും, മനുഷ്യസ്നേഹികളും, അത്തരം ലക്ഷ്യങ്ങളുള്ള ഏതാനും സാമൂഹിക സംഘടനകളും മാത്രമേ ഈ ആത്മഹത്യാപരമായ പദ്ധതിയെ എതിര്‍ക്കുന്നുള്ളൂ. ഒരേ സമയം പശ്ചിമഘട്ടത്തിന്റെയും പടിഞ്ഞാറന്‍ തീരക്കടലിന്റെയും പാരിസ്ഥിതിക സന്തുലനം തുലച്ചുകളയുന്ന പരിപാടികള്‍ അന്തര്‍ഭവിച്ചിട്ടുള്ള ഒരു പദ്ധതിയാണിത് എന്ന് അവര്‍ തിരിച്ചറിയുന്നു എന്നതാണ് എതിര്‍പ്പിനു കാരണം.എല്ലാ ചതുപ്പുകളും തണ്ണീര്‍തടങ്ങളുംതോടുകളുംപുഴകളും നികത്തി ഫ്ലാറ്റ്സമുച്ചയങ്ങള്‍ പണിതുയര്‍ത്തുകയും നഗരത്തിലെ എല്ലാ ജലനിര്‍ഗമനമാര്‍ഗങ്ങളും എന്നേക്കുമായി അടച്ചുകളയുകയും ചെയ്തുകൊണ്ട് അരങ്ങേറിയ തകൃതിയായ നഗര വികസനമാണ് ചെന്നൈക്ക് വിനയായത്.എന്നാല്‍ ഇത് ചെന്നൈക്ക് മാത്രമല്ല,തിരുവനന്തപുരത്തിനും കൊച്ചിക്കും ഒക്കെ സംഭവിക്കാവുന്ന അവസ്ഥയാണെന്ന് വലിയ ഭയപ്പാടോടെ, സാമാന്യബുദ്ധിയുള്ള എല്ലാവര്ക്കും ബോധ്യമുള്ള കാര്യമാണ്.എന്നിട്ടും ഇവിടെ സ്ഥിതി എന്താണ് ? ഫ്ലാറ്റുകളില്‍ അഗ്നിശമനനടപടികള്‍ തൃപ്തികരമല്ലാത്തത് ഭാവിയില്‍ ആപത്തുണ്ടാക്കുമെന്നു ചൂണ്ടിക്കാണിച്ച ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനചലനം സംഭവിക്കുന്നു; കെട്ടിട നിര്‍മാണലോബികള്‍ക്ക് എല്ലാ നിയമങ്ങളും ലങ്ഘിക്കുവാനുള്ള ഒത്താശകള്‍ ചെയ്തുകൊടുക്കുന്നു. നിയമലന്ഘകര്‍ സര്‍ക്കാര്‍ തന്നെയാവുമ്പോള്‍ ‍, ഇനി ആരോടാണ് ജനങ്ങള്‍ അവരുടെ പരാതികള്‍ പറയേണ്ടത് ? തീരദേശസംരക്ഷണനിയമം, തണ്ണീര്‍ തട  സംരക്ഷണനിയമം, കെട്ടിടനിര്മാണസുരക്ഷാവ്യവസ്ഥകള്‍ എന്നിവ മാത്രമല്ല, ജനാധിപത്യം എന്ന സങ്കല്പം തന്നെ അധാനിമാര്‍ക്കും റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാര്‍ക്കും,കെട്ടിടനിര്‍മാണ ലോബികള്‍ക്കും വേണ്ടി  നഗ്നമായി അട്ടിമറിക്കപ്പെടുകയാണ്.സാമ്പത്തികവികസനമെന്ന വശീകരണമന്ത്രം ഉരുവിട്ടുകൊണ്ട്അനുഷ്ഠാനതീവ്രതയോടെ വികസനവെളിച്ചപ്പാടന്മാര്‍ ഉറഞ്ഞു തുള്ളുമ്പോള്‍  എന്തുചെയ്യേണ്ടൂ എന്നറിയാതെ ജനം അന്തം വിട്ടു നില്‍ക്കുന്നു. ഏറ്റവുംഒടുവില്‍ കെടുതികളുടെ പെരുമഴകള്‍ ചെന്നൈയിലെന്നപോലെ തങ്ങളെയും കാത്തിരിക്കുന്നു എന്ന തിരിച്ചറിവിലെയ്ക്ക് ആര്‍ക്കും ഉണരാതെ വയ്യ;

ഭ്രാന്തമായ ഈ വികസനം  വിനാശത്തിലെത്തിക്കും എന്ന വിവേകം ഇനിയും ഉണരുന്നില്ലെങ്കില്‍ ‍,അതിനനുസൃതമായി ആസൂത്രണവും പദ്ധതികളും മനുഷ്യോന്മുഖമായി മാറ്റാന്‍ കഴിയുന്നില്ലെങ്കില്‍ ,കാലാവസ്ഥാവ്യതിയാനങ്ങളിലൂടെയും, മറ്റു പ്രകൃതി ദുരന്തങ്ങളിലൂടെയും ഒടുങ്ങുക എന്ന ദുര്‍ഗതിയിലേക്കാണ് അറിഞ്ഞോ അറിയാതെയോ നമ്മുടെ ഭരണാധികാരികള്‍ അതിവേഗം നമ്മെ നയിച്ചുകൊണ്ടിരിക്കുക.സുനാമിയും ചെന്നൈയിലെ വെള്ളപ്പൊക്കവും, ആന്ധ്രയിലെ ചുഴലിക്കാറ്റും,വരള്‍ച്ചയും,ഉരുള്‍ പൊട്ടലുകളും ഒക്കെ വരാനിരിക്കുന്ന ദുരന്തത്തിന്റെ സൂചനകള്‍ ആണെന്ന് തിരിച്ചറിയാതെ, നമ്മള്‍ കേരളീയര്‍ മാത്രം എങ്ങിനെയോ ഇതില്‍നിന്നെല്ലാം രക്ഷപ്പെടും എന്ന വ്യാമോഹമാണ് വെറും വ്യക്തിതലത്തിലെയ്ക്ക് ഒതുങ്ങി സാമൂഹികബാധ്യതകള്‍   ഗൌനിക്കാതെ കടന്നുപോവുന്ന മലയാളികളുടെ മനസ്സിന്റെ പുതിയ  ശ്രദ്ധിക്കപ്പെടേണ്ട ഒരു പ്രവണത.ദുരന്തങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ അവഗണിക്കാതിരിക്കുക.അവയുടെ കെടുതികള്‍  പരമാവുധി ലഘൂകരിക്കാനെങ്കിലുമുള്ള നടപടികള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കുക.പരിസ്ഥിതി സംരക്ഷണം മനുഷ്യന്റെ നിനില്പിനുള്ള മുന്‍ ഉപാധിയാണെന്ന്തിരിച്ചറിഞ്ഞുകൊണ്ട്,വിനാശകരമായ പദ്ധതികളെ എതിര്‍ക്കുന്നവരെതെറി വിളിക്കുന്നത് നിര്‍ത്തി, അവര്‍ ചൂണ്ടിക്കാട്ടുന്നവസ്തുതകള്‍ യുക്തിസഹമായി പരിശോധിക്കാനും സാദ്ധ്യമായ പ്രതിരോധ-പരിഹാര നടപടികള്‍ ആലോചിച്ചു നടപ്പില്‍വരുത്തുവാനും ഭരണകേന്ദ്രങ്ങളില്‍ സമ്മര്‍ദം ചെലുത്തുക-ഇതൊക്കെ പൌരന്മാര്‍ക്ക് ചെയ്യാവുന്ന കാര്യങ്ങളാണ്. ദുരന്തങ്ങളില്‍നിന്നു പാഠം ഉള്‍ക്കൊള്ളുക എന്നാല്‍  ‍, അവയുടെ തീവ്രത കുറയ്ക്കുന്നതിനുള്ള പ്രതിരോധനടപടികള്‍ ഊര്‍ജിതമായി കൈക്കൊള്ളുകഎന്നും ക്രിയാത്മകമായി അതിനുവേണ്ടി ഇടപെടുക എന്നും വിവക്ഷയുണ്ട്.വെറും വാചകമടി നമ്മെ രക്ഷപ്പെടുത്താന്‍ പോകുന്നില്ല എന്നെങ്കിലും നാം തിരിച്ചറിയണം.ദുരന്തങ്ങളെ 'ഒഴിവാക്കുന്നതിനെക്കുറിച്ച്' ' ചര്‍ച്ച ചെയ്യാവുന്ന ഘട്ടം പല മേഖലകളിലും'വികസിത' കേരളം ഇപ്പോള്‍ തന്നെ  പിന്നിട്ടു കഴിഞ്ഞു എന്നാണു തോന്നുന്നത്; ഇപ്പോള്‍ ഗൌരവമായി ചര്‍ച്ച ചെയ്യപ്പെടുന്നത് 'ഡിസാസ്റ്റര്‍  മാനേജുമെന്റ്‌''എങ്ങിനെവേണം എന്നതിനെ ക്കുറിച്ച് മാത്രമാണ്!

ദുരന്തങ്ങള്‍ മുതലാളിത്തത്തിന് പ്രശ്നമല്ല; കാരണം അവ മൂലധനത്തിന്റെ ഒഴുക്ക് കൂട്ടുന്ന പ്രതിഭാസങ്ങളാണ് ; യുദ്ധവും അങ്ങിനെത്തന്നെ. 'ഡിസാസ്റ്റര്‍  കാപിറ്റലിസം' എങ്ങിനെ നവ ലിബറല്‍ സമ്പദവ്യവസ്ഥയെ പ്രചോദിപ്പിക്കുന്നു എന്ന് നവോമി ക്ലെയ്ന്‍ ഏതാനും വര്ഷം മുമ്പ്‌ 'ഷോക്ക്‌ ഡോക്ട്രിന്‍ ‍' എന്ന പുസ്തകത്തില്‍ വിശകലനം ചെയ്തത് ഓര്‍ക്കുക.ജീവകാരുണ്യപ്രവര്‍ത്തനങ്ങളെയും കമ്പോളമേല്‍ക്കൈ നേടാനുള്ള തന്ത്രമായി ദുരുപയോഗപ്പെടുത്തുന്ന 'ഫിലാന്ത്രോകാപിറ്റലിസ്റ്റ്''സമീപനങ്ങളെ തിരിച്ചറിയേണ്ടതുമുണ്ട്.ഒരു പ്രതിഭാസത്തെയും അതിന്റെ യഥാര്‍ത്ഥ അവസ്ഥയില്‍ മനസ്സിലാക്കാനുള്ള മനുഷ്യന്റെ ശേഷി ഇതൊക്കെ ചേര്‍ന്ന് കെടുത്തിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ‍, ദുരന്തങ്ങളെക്കുറിച്ചു കൂടുതല്‍ ജാഗരൂകരാവുക എന്നതാണ് നമുക്ക് ചെയ്യാവുന്നത്; മുന്നറിയിപ്പുകളെ അവഗണിക്കാതിരിക്കുകയും.

പയ്യന്നൂര്‍; 6-12-2015

Tuesday, 24 November 2015

.മുസ്ലിങ്ങള്‍ഭാഷയ്ക്കും വിജ്ഞാനത്തിനും കലകള്‍ക്കും സാഹിത്യത്തിനും എല്ലാം നല്‍കിയ സംഭാവനകളെ വിസ്മരിച്ചുകൊണ്ട് അവരെ ശത്രുക്കളായി കാണുന്ന സമീപനത്തെ ഹൃദയ സ്പര്‍ശിയായി ആവിഷ്കരിക്കുന്ന കവിത.അഭിനന്ദനം അര്‍ഹിക്കുന്ന കാര്യങ്ങള്‍ ചെയ്തതിനു ക്ഷമ ചോദിക്കേണ്ടിവരുന്ന വൈപരീത്യത്തെ, വിരുദ്ധോക്തിയുടെ പ്രയോഗത്തിലൂടെ തീക്ഷ്ണമായി അവതരിപ്പിക്കുകയാണ് ഈ കവിതയില്‍ .

കവി:                    അമീര്‍ ദാര്‍വിഷ്
മലയാള പരിഭാഷ:  കെ. രാമചന്ദ്രന്‍

കവിത:            *ഖേദിക്കുന്നു!*
                       *മനുഷ്യരാശിയോടു മുസ്ലിങ്ങളുടെ(അഥവാ മുസ്ലിം എന്ന്                                 കരുതപ്പെടുന്നവരുടെ) ക്ഷമാപണം*

മനുഷ്യരാശി സഹിക്കാന്‍ഞങ്ങള്‍  ഇടനല്‍കിയ എല്ലാറ്റിനും
ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു.
അല്ജിബ്രയ്ക്കും x എന്ന അക്ഷരത്തിനും.
ഞങ്ങള്‍ നിങ്ങളുടെ നേരെ എറിഞ്ഞു തരുന്ന വാക്കുകള്‍ക്കും മാപ്പ്;
ആംബര്‍ ‍, കാന്‍ഡി,കെമിസ്ട്രി,കോട്ടന്‍ ‍,ജിറാഫ്, ഹസാര്‍ഡ്‌
ജാര്‍ ‍, ജാസ്മിന്‍ ‍,ജമ്പര്‍ , ലെമണ്‍ ‍, ലൈം,ലൈലാക്
ഓറഞ്ച്, സോഫ,സ്കാര്‍ ലെറ്റ്‌, സ്പൈനാഷ്‌,
ടാലിസ്മന്‍ ‍, ടാഞ്ജറയ്ന്‍ ‍.താരിഫ്‌,ട്രാഫിക്‌, ട്യുലിപ്
മാറ്റ്‌ റസ്സ്,(അതെ, മാറ്റ്‌ റസ്സ് ), മസ്സാജ്,നിങ്ങള്‍ ആസ്വദിക്കുന്ന തടവല്‍ .
ഇതിനെല്ലാം ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു.

ചൂടുള്ളപാനീയം ചോദിച്ച ജ്ഞാനോദയ ദാര്‍ശനികര്‍ക്ക്
മദ്യത്തിനുപകരം കാപ്പി നല്‍കിയതിനു മാപ്പ്
തുര്‍കികള്‍ കൊണ്ടുവന്ന കപ്പുചിനോകളുടെ പേരിലും മാപ്പ്
കറുത്ത അറബിക്കുതിരകളുടെ പേരിലും,
കണക്കിന്റെ പേരിലും,
പാരച്യൂട്ടിന്റെ പേരിലും മാപ്പ്

ആരോ എന്തോ ചെയ്തതിനു  അമേരിക്കയിലെ അബ്ദുള്‍ ഖേദിക്കുന്നു;
അയാള്‍ക്ക്‌ ആളെ അറിയില്ല; എങ്കിലും അയാള്‍ ഖേദിക്കുന്നു.
അമേരിക്കയിലേക്ക് കൊലംബസ്സിനെ അനുഗമിച്ചതിനു ഞങ്ങള്‍ ഖേദിക്കുന്നു
അദ്ദേഹത്തിന്‍റെ കൂടെയുണ്ടായിരുന്ന, ആദ്യം കര സ്പര്‍ശിച്ച് 'ഹോണോലുലു' എന്ന് ആര്‍ത്തുവിളിച്ച അറബിയെ ഓര്‍ത്തും ഞങ്ങള്‍ ഖേദിക്കുന്നു
സ്പെയിനിലെ വാസ്തുശില്പങ്ങള്‍ക്കും, അല്‍ഹംബ്ര കൊട്ടാരത്തിനും മാപ്പ്.
സേവിളിലെ ചര്ച്ച്കള്‍ക്കും അവയുടെ ഉച്ചിയില്‍ ഞങ്ങള്‍ കൈ കൊണ്ട് പണിത ദാവീദിന്റെ നക്ഷത്രങ്ങള്‍ക്കും ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു.
പൂജ്യം മുതല്‍ ശതകോടിവരെ ദൈനം ദിനം നിങ്ങള്‍ ഉപയോഗിക്കുന്ന എല്ലാ അക്കങ്ങള്‍ക്കും  മാപ്പ് ചോദിക്കുന്നു
അഡനനും,യസീദിയും(മുസ്ലീമായി തെറ്റിദ്ധരിക്കപ്പെട്ടആള്‍ ‍) പോലും
സിറിയയില്‍ ജനങ്ങളുടെ തലവെട്ടുന്ന അബുവിന്‍റെ പ്രവര്‍ത്തിയില്‍ ഖേദിക്കുന്നു.
മുറിവുകളുണക്കുന്ന മെര്‍ക്കുറി ക്ലോറയ്ഡിനും ഖേദിക്കുന്നു;
കുറച്ചു ഞങ്ങള്‍ക്ക് തരു-
എന്തുകൊണ്ടെന്നാല്‍ , മേല്പ്പറഞ്ഞതെല്ലാം തുടങ്ങിയതിലുള്ള കുറ്റബോധം
ഈ ഭൂമിയുടെ അത്ര വലുപ്പമുള്ള മുറിവാണ് ഞങ്ങള്‍ക്ക് നല്‍കുന്നത്.
വീട്ടില്‍നിന്നും ചവിട്ടിപുറത്താക്കിയപ്പോള്‍ സ്പെയിനിലെ മോറിസ്കോകള്‍
ദുക്ഖമകറ്റാന്‍ മീട്ടിയ ഗിതാറിന്റെ പേരിലും ഖേദിക്കുന്നു.
ഹുക്കയുടെ ചുണ്ടുകള്‍ നിങ്ങള്‍ മുത്തുമ്പോള്‍ അതിനും മാപ്പ്.
വിജ്ഞാന വ്യവസ്ഥകളുടെ വിശ്ലേഷണത്തിനും, 
അതിന്റെ ഉള്ളിന്റെ ഉള്ളിന്റെ യുള്ളില്‍ എന്താണെന്നറിഞ്ഞു ലോകത്തിനു കാട്ടിക്കൊടുക്കാനും ശ്രമിച്ചതിനു മാപ്പ്
തട്ടുതട്ടായ സമൂഹവിഭജനത്തെ ഒഴിവാക്കാന്‍
ഗ്രനഡയെ വെള്ളയായി ചിത്രീകരിച്ചതിന് മാപ്പ്.
അറബിക്കഥകളിലെ കഥകള്‍ക്ക് മാപ്പ്

ഓരോതവണ നക്ഷത്രം കാണുമ്പോഴും ഞങ്ങള്‍
വാനശാസ്ത്രത്തിന്റെ പേരില്‍ ഖേദിക്കാന്‍ ഓര്‍മിക്കും.
മോ ഫറ ഇവിടെ അഭയം തേടി
പിന്നെ ബ്രിടീഷു ചാമ്പ്യന്‍ ആയിത്തീര്ന്നതിനും മാപ്പ്
പ്രതിനിധാന മുക്തകലയ്ക്കും, ആലേഖന മാതൃകകള്‍ക്കും,ഉപരിതല അലങ്കാരപ്പണികള്‍ക്കും മാപ്പ് ചോദിക്കുന്നു.
ഞങ്ങള്‍ കൊണ്ടുവന്ന എല്ലാ ഭക്ഷണങ്ങള്‍ക്കും മാപ്പ് ചോദിക്കുന്നു:
ട്യൂണമത്സ്യംമുതല്‍ ചിക്കന്‍ടിക്ക മസാലവരെയും,
ഹുമ്മൂസ്,
ഫലഫെല്‍,
ആപ്രികട്ട്
ഡോണര്‍ കബാബ്
ഷവര്‍മാ ചുരുള്‍
കസ്കസ്
ഇതിനൊക്കെയും.
ഏതെങ്കിലും കാര്യത്തില്‍  ക്ഷമ ചോദിക്കുവാന്‍ ഞങ്ങള്‍ മറന്നുപോയെങ്കില്‍ , അത് ഗൌനിക്കേണ്ടതില്ല.
എന്താണ് വിട്ടുപോയതെന്നറിയില്ലെന്കിലും , അതിനും മാപ്പ്.

റൂമിയുടെ പ്രണയകവിതകളുടെ കാര്യത്തിലാണ് ഏറ്റവുമധികം ഞങ്ങള്‍ ഖേദിക്കുന്നത്.
അവയിലൊന്ന് ഹതാശരായി നിങ്ങള്‍ക്കുനേരെ മുഴക്കുകയാണ്;

*പ്രിയപ്പെട്ടവനേ
എന്നെ എടുത്ത്കൊള്ളുക 
എന്റെ ആത്മാവിനെ മോചിപ്പിക്കുക.
നിന്റെ സ്നേഹം കൊണ്ട് നിറച്ചു
എന്നെ രണ്ടു ലോകങ്ങളില്‍നിന്നും സ്വതന്ത്രയാക്കുക
നിന്നിലൊഴികെ എന്തിലെങ്കിലും എന്റെ ഹൃദയം ഉടക്കിയാല്‍
ഉള്ളില്‍ നിന്നും തീ എന്നെ ദഹിപ്പിക്കട്ടെ

പ്രിയപ്പെട്ടവനേ
എനിക്കാവശ്യമുള്ളത് നീ എടുത്ത്കൊണ്ടുപോയ്ക്കോളൂ
എന്റെ ചെയ്തികള്‍ എടുത്ത്കൊണ്ടുപോയ്ക്കോളൂ
എന്നെ നിന്നില്‍നിന്നു അകറ്റുന്ന
സര്‍വസ്വവുംഎടുത്ത്കൊണ്ടുപോയ്ക്കോളൂ"

ദയവായി ഞങ്ങള്‍ക്ക് മാപ്പ് തരണം
ഞങ്ങള്‍ ഖേദിക്കുന്നു; വേണ്ടത്ര ഇന്ന് ഖേദിക്കാന്‍ കഴിയുന്നില്ലല്ലോ.

Tuesday, 22 September 2015

ഖസാക്കിന്‍റെ ഇതിഹാസം നാടകമാക്കിയപ്പോള്‍

കെ. രാമചന്ദ്രന്‍ ; പയ്യനൂര്‍

ദൃശ്യപരമ്പരകളുടെ അയത്നലളിതവുംനൈസര്‍ഗികവുമായപ്രവാഹംകൊണ്ട്ചലച്ചിത്രത്തെപ്പോലും വെല്ലുന്ന വിധത്തില്‍ പ്രേക്ഷകരെ അതിശയിപ്പിക്കുന്നഒരു നാടകാവിഷ്കാരമാണ്ഖസാക്കിന്‍റെ ഇതിഹാസത്തെ ആസ്പദമാക്കിദീപന്‍ ശിവരാമന്‍ സംവിധാനം ചെയ്ത്, തൃക്കരിപ്പൂരില്‍ അവതരിപ്പിച്ച അതിന്‍റെ രംഗഭാഷ്യത്തിലൂടെ സാക്ഷാല്‍ക്കരിക്കപ്പെട്ടത്.ചടുലവും  ഓരോ
ചുവടുംനിയന്ത്രിതവും എന്നാല്‍ അതേസമയംഅത്യധികം സ്വഭാവികതയോടെചിട്ടപ്പെടുത്തിയതും ആയ ചലനങ്ങളാണ് അഭിനേതാക്കള്‍ തന്മയത്വത്തോടെരംഗത്ത് അവതരിപ്പിക്കുന്നത്‌: അള്ളാപ്പിച്ചാമൊല്ലാക്ക,മുങ്ങാങ്കോഴി,പുക്കുച്ചന്‍‍,നൈജാമലി,കാഞ്ഞന്‍ പൂജാരി,കാലിയാര്‍ , ആബിദ എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ചവര്‍ പ്രത്യേക പരാമര്‍ശവും അഭിനന്ദനവും അര്‍ഹിക്കുന്നു.വിദഗ്ധവും പ്രതിഭാ സമ്പന്നവുമായ ആവിഷ്കാര രീതികളിലൂടെ, ഒരു ദൃശ്യാനുഭവം എന്ന നിലയില്‍ ,വലിയ നടുമുറ്റത്തെ ഓര്‍മിപ്പിക്കുന്ന,പ്രേക്ഷകരുടെ നടുവിലെ വിശാലമായ രംഗവേദിയില്‍ ‍,അനാവൃതമാവുന്നത് ഓ വി വിജയന്‍റെ നോവലിലെ മിത്തുംയാഥാര്‍ത്ഥ്യവും കൂടിക്കുഴഞ്ഞ ഖസാക്കിലെ വൈവിദ്ധ്യമാര്‍ന്ന ജീവിതംതന്നെയാണ്.കാഴ്ച്ചകളോരോന്നും തികച്ചും യാഥാര്‍ത്ഥ്യപ്രതീതി ജനിപ്പിക്കുന്ന വിധത്തില്‍ തന്നെ യാണ് അവതരിപ്പിക്കപ്പെട്ടത്.എല്ലാ അര്‍ത്ഥത്തിലും  അഭിനന്ദനീയമായ ഒരു ഉദ്യമം തന്നെയാണ് ഈ നാടകപ്രവര്‍ത്തകര്‍
നടത്തിയിട്ടുള്ളത്.കൂട്ടായ അഭിനയവുംഅവതരണവും ടീം വര്‍ക്കുംകൊണ്ട് പ്രശംസനീയമായിരുന്നു നാടകം.

ഭൂമി ,വെള്ളം, തീ, വായു, ആകാശം എന്നിങ്ങനെയുള്ള പഞ്ചഭൂതാത്മകമായ  ഭൌതിക പ്രപഞ്ചത്തിന്റെ അടിസ്ഥാനഘടകങ്ങളെ സമഞ്ജസമായി  സമ്മേളിപ്പിച്ചും പ്രതീകവത്കരിച്ചും ആണ് പ്രമേയം വികസിക്കുന്നത്.വിശേഷിച്ചും മണ്ണുമായുള്ള ബന്ധംഒട്ടേറെ വൈകാരിക തലങ്ങളിലെയ്ക്ക് പ്രേക്ഷകനെ വഹിച്ചു കൊണ്ടുപോകുന്ന ഒരു 'മോടിഫ്‌'' തന്നെയായി അവതരണത്തിലുടനീളം ശ്രദ്ധ  നേടുന്നു.അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ മണ്ണില്‍ കിടന്നുരുണ്ടുംമണ്ണ് മാന്തിയും ചളിയില്‍ പുതഞ്ഞും കഥാപാത്രങ്ങള്‍ പങ്കുവയ്ക്കുന്ന അനുഭവം മണ്ണിനോടുള്ള മനുഷ്യന്‍റെ നഷ്ടപ്പെട്ടുപോയ നാഭീനാളബന്ധതിന്റെ പുനരാവാഹനം തന്നെ ആയി മാറുന്നുണ്ട്. കൃഷി,  മീന്‍പിടുത്തംതുടങ്ങിയനാടന്‍ ജീവിതശൈലികളെ ഈ  നാടകംപുനരാനയിക്കുകയും, അത് വിഷാദം കലര്‍ന്ന ഒരുതരം  ഗൃഹാതുരത്വത്തിലേക്ക് മദ്ധ്യവയസ്സുകഴിഞ്ഞ പ്രേക്ഷകരെയെന്കിലും
കൊണ്ടുപോവുന്നിടം വരെ ചെന്നെത്തുകയും ചെയ്യുന്നു.മണ്ണില്‍ നിന്നുള്ള  തുടക്കവും മണ്ണിലേക്കുള്ള മടക്കവും മണ്ണ്പ്രതിനിധാനംചെയ്യുന്നപ്രതീകാത്മകമൂല്യങ്ങളുംനാടകത്തില്‍ആവര്‍ത്തിക്കപ്പെടുന്നത് പ്രമേയപരമായി  അര്‍ത്ഥപൂര്‍ണ്ണമാണ് താനും.തീയും പുകയും വെടിമരുന്നും തൂക്കവുംഎല്ലാം  ഭ്രമാത്മകതയുടെയുംഫാന്റസിയുടെയുംഅംശങ്ങള്‍ക്കുംപഴയകാലത്തെഉള്‍നാടന്‍ചുറ്റുപാടുകള്‍ക്കും
അനുസൃതമായിസമര്‍ത്ഥമായിസന്നിവേശിപ്പിച്ചിട്ടുണ്ട് എന്നതും എടുത്തുപറയണം.ഉള്‍ക്കാമ്പുള്ള ഒരു സ്വതന്ത്രദൃശ്യ വ്യാഖ്യാനമാണ് ദീപന്‍ ശിവരാമനും സംഘവും നോവലിന് നല്കിയിട്ടുള്ളത്.

ഇത്രയും അതിന്‍റെ സംവിധാന-അവതരണമികവിനെക്കുറിച്ചുനിറഞ്ഞമനസ്സോടെപറയുമ്പോഴും, അടിസ്ഥാനപരമായചിലആന്തരികദൗര്‍ബല്യങ്ങള്‍ചൂണ്ടിക്കാട്ടാതിരിക്കാന്‍നിര്‍വാഹമില്ല.വിചിത്രവും
അനന്യവുമായ ഒരു അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട്,ഓ .വി. വിജയന്‍റെ നോവല്‍അസ്തിത്വ വാദ ദര്‍ശനത്തില്‍ അഭിരമിക്കുന്ന,മരണമുള്‍പ്പെടെഎന്തിനോടുംഏതാണ്ടൊരു നിസ്സംഗഭാവം പുലര്‍ത്തുന്ന, രവി എന്ന നായകകഥാപാത്രത്തിന്‍റെആവിഷ്കാരം സാധിച്ചെടുക്കുന്നത് ഭാഷയുടെ സമര്‍ത്ഥവുംസവിശേഷവുമായ പ്രയോഗത്തിലൂടെയാണ്. 'നാടകീയം' എന്നോ 'സംഘര്ഷാത്മകം' എന്നോ വിളിക്കാവുന്ന അംശം നോവലില്‍ വളരെ  കുറവാണ്.അതുകൊണ്ടുതന്നെ പ്രസ്തുത നോവലിന്റെആവിഷ്കാരംനാടകത്തിന്റെപിരിമുറുക്കംകൈവരിക്കുമോഎന്ന്സംശയമുണ്ട്‌.
വായനക്കാരില്‍ നോവല്‍സൃഷ്ടിക്കുന്ന ഉദ്വിഗ്നതകളും,ഉത്കണ്ഠകളുംവിഷാദാത്മക ജീവിത ദര്‍ശനവും-ഇതൊക്കെ ഭാഷയുടെ വിദഗ്ദ്ധവിനിയോഗത്തിലൂടെയാണ് മുഖ്യമായുംസാധിക്കുന്നത് എന്ന് നേരത്തെ സൂചിപ്പിച്ചു-അതേ തീവ്രതയോടെ നാടകത്തില്‍പ്രകടിപ്പിക്കാന്‍ പ്രയാസമുണ്ട്; അങ്ങിനെ പ്രകടിപ്പിക്കാനുള്ള ശ്രമമാകട്ടെ,നാടകത്തെ ദുര്‍ഗ്രഹമോ വിരസമോ ആക്കാനും ഇടയുണ്ട്.ഇത് നാടകരൂപംനേരിടുന്ന ഒരു വെല്ലുവിളിയാണ്.

ശവമെടുത്തുള്ള യാത്രകള്‍ ‍,ശവദാഹം, ശ്മശാനത്തിലെ മരണാനന്തര ചടങ്ങുകള്‍,രംഗത്ത് വച്ചുള്ള കുളി,വസ്ത്രം മാറ്റല്‍ ‍, അലക്കല്‍,ഊണ്കഴിക്കല്‍അനുഷ്ഠാനങ്ങള്‍തുടങ്ങിയവ
ആവശ്യത്തിലധികം നീണ്ടുപോവുകയോആവര്‍ത്തിക്കുകയോ ചെയ്തു.അവ ചുരുക്കുകയോ സൂചനകളിലൂടെ വീണ്ടുംവേണ്ടപ്പോള്‍ പ്രേക്ഷകര്‍ക്ക് നല്‍കുകയോ ചെയ്യാവുന്നതേ ഉള്ളൂ. പ്രേക്ഷകര്‍ക്ക്ഒന്നും ഊഹിക്കാനോ, സങ്കല്പിക്കാനോ,വ്യാഖ്യാനിക്കാനോ ഇട നല്‍കാതെഎല്ലാം വിശദമായും വ്യക്തമായും കാണിച്ചു തരുന്നു എന്നത് നാടകത്തിന്റെ ശക്തിയോ അതോ ദൌര്‍ബല്യമോ?നാടകത്തോടൊപ്പംഅതിനുഅനുപൂരകമായിസ്ക്രീനിലൂടെപ്രക്ഷേപിച്ചമിക്കദൃശ്യങ്ങളും
അധികപ്പറ്റോകലാപരമായിപ്രത്യേകിച്ചൊരുധര്‍മവുംനിറവേറ്റാനില്ലാത്തതോആയാണ്അനുഭവപ്പെട്ടത്
ഉദാഹരണത്തിന്,കിണറ്റില്‍വീണുമരിച്ചുഎന്നകാര്യംനാടകത്തില്‍നിന്നുതന്നെവ്യക്തമായിട്ടും
എന്തിനാണ്ഒരുസമാന്തരചലച്ചിത്രഭാഷ്യം കൊണ്ട് വീണ്ടും അതിനു അടിവരയിടാന്‍ ശ്രമിച്ചത്? രംഗത്തുള്ള കഥാപാത്രങ്ങള്‍ സംസാരിക്കുമ്പോള്‍ തന്നെ, അവരെ പിറകില്‍സ്ക്രീനില്‍ വലുതാക്കി കാണിച്ചതും മുഴച്ചു നില്‍ക്കുന്നു.രവിയും പത്മയും തമ്മിലുള്ളസ്ക്രീന്‍ രംഗവും പത്മ ദൂരെനിന്നു പുസ്തകങ്ങള്‍ രവിയുടെ നേര്‍ക്ക്‌ വലിച്ചെറിയുന്നരംഗവും ഒഴിവാക്കുകയോ മറ്റേതെങ്കിലും രീതിയിലാക്കുകയോചെയ്യാമായിരുന്നു. മൈമുനഉള്‍പ്പെടെയുള്ളസ്ത്രീകഥാപാത്രങ്ങള്‍ക്ക്
എന്തുകൊണ്ടോ വ്യതിരിക്തമായ വ്യക്തിത്വം കൈവരിക്കാന്‍ കഴിഞ്ഞില്ലഎന്നതും പ്രകടമായ ഒരു ന്യൂനതയായി തോന്നുന്നു.

നാടകത്തിന്റെ ഒരു  പ്രധാനപ്രശ്നം അതിന്റെ ദൈര്‍ഘ്യം ആണ്. അത് കുറയ്ക്കേണ്ടതുണ്ട്; അല്ലാത്തപക്ഷം അതിന്റെ ആസ്വാദ്യത കുറയുന്നുണ്ട്.കാണികള്‍ കാലങ്ങളായി ശീലിച്ചുറച്ചുപോയ സ്വഭാവത്തില്‍നിന്നു ഒരു മാറ്റം ആവശ്യപ്പെടുന്നു എന്ന നിലയ്ക്ക് ഈ ദൈര്‍ഘ്യംസ്വാഗതാര്‍ഹം തന്നെ; എങ്കിലും നല്ല കായികശേഷി ഇല്ലാത്തവര്‍ക്ക് അത്രയും സമയം ഇരിപ്പ് ദുസ്സഹമാണ്. ദീര്‍ഘനേരത്തെ ഇരിപ്പുംഒപ്പം ചൂട്ട്,പന്തം,വെടിമരുന്നു, മണ്ണെണ്ണ ഇവയുടെ പുകമൂടിക്കെട്ടിയ ടെന്റിനകത്തുണ്ടാക്കുന്ന ശ്വാസം മുട്ടലും,  രംഗത്തുള്ളകുളി ,അലക്ക്,മഴ ഇവചേര്‍ന്നു കാണികള്‍ക്ക് മേല്‍ തെറിപ്പിക്കുന്നവെള്ളത്തുള്ളികള്‍ ഉണ്ടാക്കുന്ന അലോസരവും എല്ലാം നാടകത്തില്‍ല്‍നിന്നും
ആളുകളുടെ ശ്രദ്ധ പലപ്പോഴുംതിരിച്ചുവിടുന്നുണ്ട്. തുറന്ന സ്ഥലത്ത് ,സൌകര്യപ്രദമായ ഇരിപ്പിടങ്ങള്‍ ഒരുക്കിഇടയ്ക്കൊന്നെഴുന്നേറ്റു പോയിവരാന്‍ ഒരു ഇടവേളയോടെ അവതരിപ്പിച്ചാല്‍  ഇതെല്ലാം പരിഹരിക്കാം;ആസ്വാദനത്തിനനുകൂലമായി ഭൌതികഅന്തരീക്ഷം മെച്ചപ്പെടുത്താവുന്നതാണ്.നാടകം നീളുന്നു എന്നതു മാത്രമല്ല; അത് കാണുന്നവരുടെ അവസ്ഥ ദുസ്സഹമാകുന്നു എന്നത് പരിഗണനഅര്‍ഹിക്കുന്നുണ്ട്.

ഇത്തരം സാങ്കേതികമോ സന്ഘാടനപരമോ ആയ  മറ്റുചില പിഴവുകള്‍ കൂടിഞാന്‍ കണ്ട ദിവസം(സപ്തംബര്‍ 16 ന് )നാടകത്തിന്‍റെ രസം കെടുത്തുകയുണ്ടായി. ചിലത് ചൂണ്ടിക്കാണിക്കാം. ഏതാണ്ട് മൂന്നര മണിക്കൂര്‍ നേരം പ്രേക്ഷകര്‍ തിരിയാനും അനങ്ങാനും കഴിയാതെ ഇരിപ്പിടത്തില്‍ കെട്ടിയിട്ടത് പോലെ ഇരിക്കേണ്ടിവന്നു(നാടകത്തില്‍ ഇടവേളപോലുമില്ല! )മഴയും കാറ്റും നിറഞ്ഞ  അന്തരീക്ഷത്തില്‍സംഭാഷണങ്ങള്‍പലതുംകേള്‍ക്കാതെപോയി.പശ്ചാത്തലസംഗീതംമൈക്കില്‍
ഉച്ചത്തില്‍കേള്‍ക്കുമ്പോഴും,സംഭാഷണങ്ങള്‍ മൈക്കിന്റെ അഭാവത്തില്‍ സ്പഷ്ടമായില്ല.

ദൃശ്യങ്ങള്‍ക്കുള്ള പ്രാധാന്യം നിലനിര്‍ത്തിക്കൊണ്ടുതന്നെ,ആവര്‍ത്തനങ്ങളും വലിച്ചുനീട്ടലുകളും ഒഴിവാക്കുകയാണെങ്കില്‍ നാടകത്തിന് അല്പം കൂടി മുറുക്കവും ഒതുക്കവും കിട്ടും.എല്ലാം പരത്തി പറയേണ്ടതില്ല; ചിലതൊക്കെ പ്രേക്ഷകരുടെഭാവനയ്ക്ക് വിട്ടുകൊടുക്കുകയും ആവാം.

ഇപ്പോള്‍ തന്നെ മൊത്തത്തില്‍ സാമാന്യ ജനങ്ങളുടെ നാടക സങ്കല്പങ്ങളെ തിരുത്തിയെഴുതാന്‍ കെല്പുള്ള മികച്ച ഒരു തിയറ്റര്‍ അനുഭവമാണ് നാടകം നല്‍കുന്നത്.ഇവിടെ ചൂണ്ടിക്കാട്ടിയ രീതിയിലുള്ള ചില്ലറ പിശകുകളുംഅപാകതകളും കൂടി ഒഴിവാക്കുകയാണെങ്കില്‍ നാടകം ഇനിയും
മെച്ചപ്പെടുത്താന്‍ കഴിയും ;  മലയാള രംഗവേദിയിലെ പുതുമയാര്‍ന്നതും ശ്രദ്ധേയവുമായ  ഒരു വഴിത്തിരിവായിഅതിനെ അടയാളപ്പെടുത്താനും കഴിയും.

Thursday, 10 September 2015

കവിത     : രോഷത്തിന്റെ നിറഭേദങ്ങള്‍
കവി        : റഫീഫ്‌  സിയാദ
പരിഭാഷ : കെ. രാമചന്ദ്രന്‍


അവര്‍ എന്റെ ഭാഷയിലും അധിനിവേശം നടത്തുന്നതിനു മുമ്പ്‌
എന്റെ  അറബിഭാഷയില്‍ സംസാരിക്കാന്‍ എന്നെ അനുവദിക്കുക.
എന്റെ ഓര്‍മ്മയിലും അവര്‍ അധിനിവേശം നടത്തുന്നതിനു മുമ്പ്‌
എന്റെ  മാതൃഭാഷ സംസാരിക്കാന്‍ എന്നെ അനുവദിക്കുക.

ഞാന്‍ നിറമുള്ള* ഒരു അറബിപ്പെണ്ണാണ്; 
രോഷത്തിന്റെ എല്ലാ നിറഭേദങ്ങളോടെയുമാണ്  ഞങ്ങള്‍വരുന്നത്.

യഫായ്ക്കുംഹയീഫായ്ക്കുമിടയിലൊളിഞ്ഞു കിടപ്പുള്ള ഒരു ഗ്രാമത്തില്‍
കാലത്തുണര്‍ന്നുഅമ്മൂമ്മ മുട്ടുകുത്തി പ്രാര്‍ത്ഥക്കുന്നത് നിരീക്ഷിക്കലാണ് 
എന്‍റെ അപ്പൂപ്പന് എന്നും ചെയ്യാനിഷ്ടമുള്ള കാര്യം
എന്റെതല്ലെന്ന് ഇപ്പോള്‍ അക്കൂട്ടര്‍ പറയുന്ന ഒരു മണ്ണില്‍
ഒരു ഒലീവുമരത്തിന്റെ ചോട്ടിലാണ് എന്‍റെ അമ്മ പിറന്നത്.
എന്നാല്‍ ഞാന്‍ അക്കൂട്ടരുടെ അതിരുകള്‍ ‍, ചെക്ക്‌പോസ്റ്റുകള്‍  ‍,
വര്‍ണവെറിയുടെമതിലുകള്‍ ഇതെല്ലാം മറികടന്ന്ജന്മനാട്ടിലേക്ക് മടങ്ങും

ഞാന്‍ നിറമുള്ള ഒരു അറബിപ്പെണ്ണാണ്;
രോഷത്തിന്റെ എല്ലാ നിറഭേദങ്ങളോടെയുമാണ്  ഞങ്ങള്‍വരുന്നത്.

അവരുടെ അടുത്ത വംശഭീഷണിയാണോ ജനിക്കുന്നതെന്നറിയാന്‍
ഇസ്രേലിപ്പട്ടാളക്കാര്‍ കാലുകള്‍ക്കിടയിലേക്ക് നോക്കിക്കൊണ്ടിരിക്കെ,
ഒരു ചെക്ക്‌പോസ്റ്റില്‍ പ്രസവിച്ച എന്‍റെ സഹോദരി
ഇന്നലെ ഉച്ചത്തില്‍ നിലവിളിച്ചത് നിങ്ങള്‍ കേട്ടോ?
അവള്‍ ആ പെണ്‍കുട്ടിയെ ജനീന്‍‍# എന്ന് വിളിച്ചു
അവര്‍ കണ്ണീര്‍വാതകം പ്രയോഗിച്ചപ്പോള്‍
തടവറയുടെ അഴികള്‍ക്ക്പിന്നില്‍നിന്നു  അംനമുന നിലവിളിച്ചത് നിങ്ങള്‍
കേട്ടോ ?
ഞങ്ങള്‍ പലസ്തീനിലേക്ക് മടങ്ങുകയാണ്

ഞാന്‍ നിറമുള്ള ഒരു അറബിപ്പെണ്ണാണ്;
രോഷത്തിന്റെ എല്ലാ നിറഭേദങ്ങളോടെയുമാണ്  ഞങ്ങള്‍വരുന്നത്.

പക്ഷെ, നിങ്ങള്‍ എന്നോടു പറയുന്നു
എന്‍റെ ഗര്‍ഭ പാത്രത്തില്‍നിന്നു പുറത്തുവരിക
നിങ്ങളുടെ അടുത്ത ഭീകരവാദിയാണ് എന്ന്:
താടിയുള്ള, തോക്ക് വീശുന്ന,തലയില്‍ ഉറുമാലുള്ള, മണല്‍ നീഗ്രോ@
ഞാന്‍ കുട്ടിയെ പുറത്തേക്കു വിടുന്നത് മരിക്കുവാനാണെന്നു നിങ്ങള്‍ പറയുന്നു.
എന്നാല്‍ , നിങ്ങളുടെ ഹെലിക്കോപ്ടറുകളും എഫ-16 ബോംബറുകളുമാണ്
എന്നും ഞങ്ങളുടെ ആകാശത്തില്‍ ‍.
ഒരു നിമിഷം നമുക്കീ ഭീകരവാദ ഏര്‍പ്പാടിനെക്കുറിച്ചു സംസാരിക്കാം.
കൊല നടത്തിയതും,ആദ്യം ഒസാമയ്ക്ക് പരിശീലനം നല്‍കിയതും
സി. ഐ. എ. ആയിരുന്നില്ലേ ?
എന്‍റെ മുതുമുത്തച്ഛന്മാര്‍
വിദൂഷകരെപ്പോലെ തലയില്‍ വെള്ളത്തൊപ്പിയും ശിരോവസ്ത്രവുമായി
കറുത്ത വര്‍ഗക്കാരെ പീഡിപ്പിച്ചു കൊല്ലാന്‍ ഓടിനടന്നവരല്ല.

ഞാന്‍ നിറമുള്ള ഒരു അറബിപ്പെണ്ണാണ്; 
രോഷത്തിന്റെ എല്ലാ നിറഭേദങ്ങളോടെയുമാണ്  ഞങ്ങള്‍വരുന്നത്.

പ്രകടനത്തിനിടയില്‍ നിലവിളിക്കുന്ന ആ തവിട്ടുനിറക്കാരി ആരാണ്?
സോറി, എനിക്ക് നിലവിളിച്ചുകൂടെന്നുണ്ടോ?
കുപ്പിക്കുള്ളിലെ ഭൂതം,ബെല്ലി ഡാന്‍സര്‍ ‍,അന്തപ്പുരത്തിലെ പെണ്‍കുട്ടി,
മൃദുഭാഷിയായ അറബിപ്പെണ്ണ് എന്നിങ്ങനെ
നിങ്ങളുടെ ഓരോ പൌരസ്ത്യവാദ സ്വപ്നവുമായിത്തീരാന്‍ഞാന്‍ മറന്നുപോയി.
" അതെ ഏമാനേ ; അല്ല ഏമാനേ
നിങ്ങളുടെ എഫ്‌-16 വിമാനത്തില്‍നിന്നും താഴോട്ട് വര്‍ഷിക്കുന്ന
അപ്പത്തിനും വെണ്ണയ്ക്കും നന്ദിയുണ്ട് ഏമാനേ!"
അതെ, എന്നെ മോചിപ്പിക്കുന്നവര്‍
ഇവിടെ എന്‍റെ കുട്ടികളെ കൊല്ലാനെത്തുന്നവരാണ്;
കൊന്നിട്ട്, അവരെ യുദ്ധക്കെടുതിയുടെ ഇരകള്‍ എന്ന് വിശേഷിപ്പിക്കുന്നവര്‍ .

ഞാന്‍ നിറമുള്ള ഒരു അറബിപ്പെണ്ണാണ്; 
രോഷത്തിന്റെ എല്ലാ നിറഭേദങ്ങളോടെയുമാണ്  ഞങ്ങള്‍വരുന്നത്.

ഞാന്‍ ഇതുമാത്രം നിങ്ങളോട് പറയാം
എന്‍റെ ഉള്ളിലെ ഈ ഗര്‍ഭപാത്രം ഇനിയും പുറത്തുകൊണ്ടുവരിക
നിങ്ങളോട് കലാപം ചെയ്യുന്ന ഒരുവളെ ആയിരിക്കും.
അവളുടെ ഒരു കയ്യില്‍ പാറക്കല്ലും
മറുകയ്യില്‍പലസ്തീന്‍ പതാകയുമായിരിക്കും.
ഞാന്‍ നിറമുള്ള ഒരു അറബിപ്പെണ്ണാണ്;
സൂക്ഷിക്കണം , സൂക്ഷിക്കണം;എന്‍റെ രോഷത്തെപ്പറ്റി ജാഗ്രത വേണം.
.....................................................................................................................
കുറിപ്പുകള്‍-കെ. ആര്‍
* 'നിറമുള്ള" എന്നത് വെള്ളക്കാര്‍ മറ്റു ജനതകളെ വിവരിക്കുവാന്‍
അവജ്ഞയോടെ ഉപയോഗിക്കുന്ന പദമാണ്. കറുപ്പ് നിറമുള്ളവര്‍ , തവിട്ടു
നിറമുള്ളവര്‍ എന്നൊക്കെയാണ് വെള്ളക്കാരുടെ വിഭജനം

@ മണല്‍ നീഗ്രോ എന്ന വാക്ക് മദ്ധ്യപൌരസ്ത്യജനതയെ വംശീയമായി
അവഹേളിക്കാന്‍ വെള്ളക്കാര്‍ ഉപയോഗിക്കുന്നു.' മണല്‍ ‍' സൂചിപ്പിക്കുന്നത്
മരുഭൂമിയുടെ സാമീപ്യമാണ്
‍#ജനീന്  ‍-വെസ്റ്റ്ബാങ്കിലെ ഈ അഭയാര്‍ഥി ക്യാമ്പില്‍ ഇസ്രേല്‍ പലപ്പോഴും ആക്രമണം നടത്തിയിരുന്നു.

Sunday, 5 July 2015

കവിത: സാദ്ധ്യതകള്‍
കവി : വിസ്വാവ സിംബോര്‍ക
പരിഭാഷ: രാമചന്ദ്രന്‍

എനിക്ക് സിനിമകള്‍ ഇഷ്ടമാണ്.
എനിക്ക്പൂച്ചകളെ ഇഷ്ടമാണ്.
വാര്‍ത്താനദിയോരത്തെ ഓക്കുമരങ്ങള്‍ഇഷ്ടമാണ്.
ഡിക്കന്‍സിനെ ദസ്ത്യെവ്സ്കിയെക്കാള്‍ ഇഷ്ടമാണ്.
മനുഷ്യരാശിയെ മൊത്തം സ്നേഹിക്കുന്നതിനെക്കാള്‍ ,
ആളുകളെ സ്നേഹിക്കുന്നതാണ് എനിക്കിഷ്ടം.
കയ്യില്‍ എപ്പോഴും സൂചിയും നൂലും കരുതുന്നത് ഇഷ്ടമാണ്;
വേണ്ടിവന്നാല്‍ ഉപയോഗിക്കാമല്ലോ.
പച്ചനിറം എനിക്ക്  ഇഷ്ടമാണ്.
യുക്തിയെ ആണ്‌ എന്തിനും പഴിചാരേണ്ടത് എന്ന
ധാരണ നിലനിര്‍ത്താതിരിക്കാന്‍ ഇഷ്ടമാണ്.
സാമാന്യവത്കരണത്തില്‍നിന്നു ഒഴിവാക്കിയവയെ എനിക്കിഷ്ടമാണ്.
നേരത്തെ പോകാന്‍ എനിക്കിഷ്ടമാണ്.
ഡോക്ടര്‍മാരോട് മറ്റെന്തിനെയെങ്കിലുംപറ്റി സംസാരിക്കാന്‍  എനിക്കിഷ്ടമാണ്.
നേര്‍ത്ത വരയുള്ള പഴയ ചിത്രങ്ങള്‍എനിക്കിഷ്ടമാണ്.
കവിത എഴുതാതിരിക്കുക എന്ന അസംബന്ധത്തെക്കാള്‍
കവിത എഴുതുക എന്ന അസംബന്ധമാണ് എനിക്കിഷ്ടം.
പ്രത്യേകദിനങ്ങളിലല്ലാതെ, ഏതു ദിവസവുംആഘോഷിക്കാവുന്ന വാര്ഷികങ്ങളാണ്,
പ്രണയത്തിന്റെ കാര്യത്തില്‍ എനിക്കിഷ്ടം,
എനിക്ക് ഒരു വാഗ്ദാനവും നല്‍കാത്ത
സദാചാരവാദികളെ എനിക്കിഷ്ടമാണ്.
അമിതമായ വിശ്വാസത്തിലൂന്നിയ കാരുണ്യത്തെക്കാള്‍ ‍,
സൂത്രത്തിലുള്ള കാരുണ്യമാണ് എനിക്കിഷ്ടം,
സധാരണവേഷത്തിലാണെനിക്ക് ഭൂമിയെ ഇഷ്ടം.
കീഴടക്കുന്ന രാജ്യങ്ങളെക്കാള്‍ കീഴടങ്ങിയവയെ എനിക്കിഷ്ടമാണ്.
ചില കാര്യങ്ങളില്‍ പ്രത്യേക കരുതലുകള്‍ പുലര്‍ത്താന്‍ എനിക്കിഷ്ടമാണ്.
ചിട്ടയുടെ നരകത്തെക്കാള്‍ ചിട്ടയില്ലായ്മയുടെ നരകമാണ് എനിക്കിഷ്ടം,
പത്രത്തിന്‍റെ മുന്‍പേജുകളെക്കാള്‍ ഗ്രിമ്മിന്റെ യക്ഷിക്കഥകള്‍ എനിക്കിഷ്ടമാണ്.
ഇലകളില്ലാത്ത പൂക്കളെക്കാള്‍ പൂക്കളില്ലാത്ത ഇലകളാണ് എനിക്കിഷ്ടം.
വാല്‍ വെട്ടി വെടിപ്പാക്കാത്ത പട്ടികളെയാണ് എനിക്കിഷ്ടം.
എന്റെ കണ്ണുകള്‍ ഇരുണ്ടതായതിനാല്‍ ,തെളിഞ്ഞവയെ ഞാന്‍ ഇഷ്ടപ്പെടുന്നു.
മേശവലിപ്പുകളെ എനിക്കിഷ്ടമാണ്.
ഞാന്‍ ഇവിടെ പറയാതെ വിടുന്ന അനേകം കാര്യങ്ങള്‍ക്കൊപ്പം,
ഞാന്‍ സൂചിപ്പിക്കാതിരുന്ന പലതും എനിക്കിഷ്ടമാണ്.
ഒരു പൂജ്യത്തിന് പിറകെ അണിനിരക്കുന്ന പൂജ്യങ്ങളെക്കാള്‍
സ്വതന്ത്രമായി ചിതറിയ പൂജ്യങ്ങളെ എനിക്കിഷ്ടമാണ്.
കീടങ്ങളുടെകാലത്തെയാണ്, താരങ്ങളുടെ കാലത്തെക്കാള്‍ എനിക്കിഷ്ടം.
മരത്തില്‍ മുട്ടുവാന്‍ എനിക്കിഷ്ടമാണ്.
എത്രകാലമെന്നും എപ്പോഴെന്നും ചോദിക്കാതിരിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു.
അസ്തിത്വത്തിന്,അതിന്റെ നിലനില്‍പ്പിന്,അതിന്റെതായ യുക്തി
ഉണ്ടായിരിക്കാന്‍ സാധ്യതയുണ്ടെന്നു വിചാരിക്കുവാന്‍ എനിക്കിഷ്ടമാണ്.

Tuesday, 3 March 2015

കവിത:- സ്നേഹം കൊണ്ട് കൊല്ലുക.
കവി :-ബൂനാ   മൊഹമ്മദ്‌  
പരിഭാഷ;- കെ രാമചന്ദ്രൻ.


ബൂനാ   മൊഹമ്മദ്‌   (ജനനം 1987) ഒറോമോ വംശജനായ ഒരു എത്യോപ്യൻ അഭയാർത്ഥിയാ ണ് .ഇപ്പോൾ കാനഡയിൽ ജീവിക്കുന്നു.   ഒറോമോ  വിമോചന പ്രസ്ഥാനത്തിൽ പങ്കെടുത്ത മാതാപിതാക്കളോടൊപ്പം  അവിടെ രാഷ്ട്രീയ അഭയം തേടിയതാണ് .'ഒരു തലമുറയുടെ ശബ്ദം' എന്ന് ഈ കവി വാഴ്ത്തപ്പെട്ടിട്ടുണ്ട്.ലോകമാകെ സഞ്ചരിച്ചു കവിതാ ശില്പശാലകൾ നടത്തുകയും യുവാക്കൾക്കിടയിൽ കഥയും കവിതയും പങ്കിടുകയും ചെയ്യുന്നു.  ഈ ചെറുപ്പക്കാരൻ  സാമൂഹ്യനീതിക്കുവേണ്ടി നിലകൊള്ളുന്നു,

 സ്നേഹം കൊണ്ട് കൊല്ലുക

പരിചയമില്ലാത്ത  ഒരാളെ  കാണിച്ചുതരൂ;
ഇനിയും നിങ്ങൾ കണ്ടെത്താത്ത ഒരു സുഹൃത്തിനെ ആ ആളിൽ  കാട്ടിത്തരാം .
വിജയത്തിന് കൊടുക്കേണ്ട വില മിക്കപ്പോഴും
എന്തിന്റെയും മാർഗത്തിലുള്ള പ്രതിബന്ധങ്ങളാണെന്നും 
ജനങ്ങൾ വെറും അക്കങ്ങളല്ലെന്നും
ഒന്ന് പുഞ്ചിരിക്കാൻ അത്ര വലിയ ഞെരുക്കമൊന്നും വേണ്ടെന്നും  പറയാം.
എന്റെ സമയത്തെ, സമ്പദ്ശാസ്ത്രം പോലെ പകുക്കുക
'ഹൈ" എന്നും'ബൈ ' എന്നും പറയാൻ എനിക്കിഷ്ടം തന്നെ,.അത് കുറച്ച്
ആദ്യത്തെ അഭിപ്രായത്തെ മറ്റെല്ലാം കൊണ്ട് ഗുണിച്ചെടുക്കണം.  
നിങ്ങൾ ഊഹിക്കുന്നത്‌ പോലെ , മുൻവിധികൾ സമയമെടുക്കും .
എന്നാൽ സമയം എന്റെ വ്യാപാരമാണ് ;
ധാരാളം ഡോളർ സമ്പാദിക്കാനുള്ളതാണ് .
സ്നേഹിക്കാൻ ചെലവു കുറവാണ് ;
എന്നിട്ടും നിങ്ങൾ വെറുക്കുന്നതെന്തിനാണ്‌ ?

ഒന്ന് നെറ്റി ചുളിക്കുവാൻ പേശികൾക്ക് വേണ്ട അധ്വാനം
ആകെ കീഴ്മേൽ മറിക്കാൻ വേണ്ടതിലും അധികമാണ്. 
എങ്കിലും, ഞാൻ മര്യാദ കാട്ടുമ്പോൾ അത് നിങ്ങൾ വെറുക്കുന്നു.
എന്റെ ആത്മാർത്ഥത നിങ്ങൾക്ക് പൊറുക്കാനാവുന്നില്ല.
നിങ്ങൾ ഇത്രയൊക്കെ ചീത്ത വിളിച്ചിട്ടും ഞാനിവിടെത്തന്നെ
ഇപ്പോഴും നിൽക്കുന്നതെന്തിനെന്നു നിങ്ങൾ അത്ഭുതം കൂറുന്നു.
മുഖ്യ കാരണം ഇതാണ്:
നിങ്ങൾക്കാവശ്യം ഒരാശ്ലേഷമാണ്‌  എന്ന് വിശ്വസിക്കാൻ
നിങ്ങളുടെ അജ്ഞത എന്നെ പ്രേരിപ്പിക്കുന്നു.


സ്നേഹം കൊണ്ടവരെ കൊല്ലാൻ പഠിച്ചത്  തൊട്ടിന്നോളം
ഞാൻ നമ്പർ വണ്‍  ജനശത്രുവായാണ്,
ഗുരുതര മനോരോഗിയായ സീരിയൽ പ്രേമിയായാണ്‌,
പരിഗണിക്കപ്പെട്ടത് . 
ഞാനാകട്ടെ , നമ്മുടെ അമ്മമാർക്ക് ആശംസ നേരുവാനാണ്
ഗൌരവമായാലോചിക്കുന്നത്.
കാരണം, നിങ്ങൾക്കിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും 
ഞാൻ നിങ്ങളുടെ സഹോദരനാണ്.


മര്യാദയ്ക്കു പെരുമാറുന്ന എന്റെ ആൾക്കാരെക്കണ്ട്
ഒരു ടെഡ്ഡി ബെയർ ഭീകരവാദി   തണുത്തുറഞ്ഞുപോയി .
അതെ, നിങ്ങൾ ഒരു വംശീയവാദിതന്നെ, 
എങ്കിലും, കടന്നുവരാൻ നിങ്ങൾക്ക് ഞാൻ വാതിൽ തുറന്നുതരും.
ആർഭാടമായി വസ്ത്രം ധരിച്ചത്‌കൊണ്ട്
വലിയ ഭാവമൊന്നും വേണ്ട.
എനിക്ക് നിങ്ങളോട് ഭ്രാന്തമായ ദ്വേഷമില്ല.;
എനിക്കും കെട്ട കാലം ഉണ്ടായിരുന്നല്ലോ.
ഇതാ എന്റെ സെൽഫോണ്‍ ; നമുക്ക്  സംസാരിക്കാം
ഞാൻ നല്ലപോലെ ശ്രദ്ധിച്ചു കേൾക്കാറുമുണ്ട് .
കുടുംബം നിങ്ങളെ ഭ്രാന്തു പിടിപ്പിക്കുന്നെന്നോ ?
ഏയ്‌ മനുഷ്യാ , എനിക്കറിയാം അവർ എങ്ങിനെ പെരുമാറുമെന്ന്.
എനിക്ക് കുട്ടികളെ ഇഷ്ടമാണ് , എന്നോടു പറയൂ
ഞാൻ വേണമെങ്കിൽ നിങ്ങളുടെ കുഞ്ഞിനു കൂട്ടിരിക്കാമല്ലൊ!


എടേ പയ്യൻ! ഞാൻ ഇങ്ങനെ നല്ലൊരുവനാകയാൽ,
വേണമെങ്കിൽ നിങ്ങളുടെ കാർ നോക്കാം,
പക്ഷെ , ഉടൻ മടങ്ങിവരുമെന്ന് വാക്കുതരണം. 
അതുകൊണ്ട്, ശാന്തനായിരിക്കൂ ; സ്വസ്ഥത കൈവിടാതിരിക്കൂ .
നിങ്ങളോട് കള്ളം പറഞ്ഞിട്ട് കാര്യമില്ലല്ലോ .
ഞാനൊരു ഭൃത്യനാണ്;  ചെയ്യുന്നതെല്ലാം യജമാനൻ കാണുന്നുണ്ട് .
അതിനാൽ,പച്ച പ്പരിഷ്കാരീ , നിനക്കെന്താണ് വേണ്ടതെന്നു പറഞ്ഞോളൂ .
ഒരു ഡോളറോ? ഇതാ, രണ്ടെടുത്തോളൂ .
ആച്ച്ചൂ!  അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ,
വഴി കാണിക്കട്ടെ, കാര്യങ്ങൾ എളുപ്പമാക്കട്ടെ.

പിന്നെ, ഈ ആളുകളെ ബഹുമാനിക്കുക എന്ന ഏർപ്പാട്
ഞാൻ ചെയ്യുന്നതുതന്നെയാണ്.
സഹിഷ്ണുത കാട്ടുക എന്ന ഘട്ടം കഴിഞ്ഞ്.
നിങ്ങളെ മനസ്സിലാക്കുകയും , അംഗീകരിക്കുകയും 
ചെയ്യുന്ന പാതയിലാണിപ്പോൾ  .
അതുകൊണ്ട് പറഞ്ഞാട്ടെ,
സ്നേഹം നിങ്ങളെത്തേടി എത്തുമ്പോൾ 
നിങ്ങളെന്താണ്‌ ചെയ്യാൻ പോകുന്നത് ?
എന്റെ പൈതൃകത്തെ അവഹേളിക്കുകയോ?
വിഡ്ഢീ,നാമിരുവരും ആദമിന്റെയും ഹവ്വയുടെയും പിന്മുറക്കാരാണ്.
ങാ, കള! എന്ത് പറയുന്നു?
നീ അധികം ചില്ലറ ബാക്കിത്തന്നു , അത് ഞാൻ തിരിച്ചുതന്നു.

വഴിമാറിപ്പോകാൻ ശ്രമിക്കുന്ന ആളുകളെ ,
കടന്നുപോകാൻ ഞാൻ അനുവദിക്കുന്നു.
കാരണം, ഇത് ഞാനാണ് എന്നത് തന്നെ .
അവരും അങ്ങിനെതന്നെ ചെയ്യുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു.
നിങ്ങൾ എന്റെ പേരു കശാപ്പു ചെയ്തു; പക്ഷെ ,സാരമില്ല.
ഇതൊക്കെത്തന്നെയാണ് എപ്പോഴും നടക്കുന്നത്.
ഞാൻ ഏതായാലും  നിങ്ങളെ തിരുത്തുന്നില്ല.
ഇത് വിചിത്രമായി തോന്നിയേക്കാം.
മാറ്റത്തിനുള്ള ശ്രമത്തിലാണ് ഞാൻ.
പരുഷമായ പെരുമാറ്റം മുടന്തുള്ളതാണെന്ന് എനിക്ക് തെളിയിക്കണം.
ഓരോ ദിവസവും  തെളിയിക്കണം

ഞാൻ വിനയത്തിൽ വിശ്വസിക്കുന്നു.;
നോട്ടം  താഴോട്ടു തിരിച്ചുവിടുന്നു.
എല്ലാം മുകളിൽനിന്നാണെങ്കിൽ, എല്ലാം ഒരുപോലെയുമാണ്‌.
പണം, കാറ്,വസ്‌ത്രങ്ങൾ,പ്രശസ്തി , 
ഇതിലൊന്നും എനിക്ക് മതിപ്പില്ല
ഞാനൊരു മുസ്ലിം   ആണ് ; അതിനാൽ, ലോകത്തെ ഇത്തരം
വിലകുറഞ്ഞ  വസ്തുക്കൾക്ക് ഒരർത്ഥവുമില്ല 

സമാധാനമെന്നാൽ വെറും യുദ്ധത്തിന്റെ അഭാവമല്ല
എന്നാണ് എന്നെ   പഠിപ്പിച്ചിട്ടുള്ളത്‌ .
സമാധാനം നാഥനെ ഓർക്കുന്നതിലൂ ടെ  
കൈവരുന്ന ഒരനുഭൂതിയാണ്.
അതിനാൽ, സമാധാനം നേടാൻ വേണ്ടി 
ഇനിയും എന്നെ വെറുക്കുന്നത് അർത്ഥശൂന്യമാണ്.
ഇത് വലിയൊരു സ്ഥലമാണ്;
നമുക്കെല്ലാം ഈ ലോകത്ത് ഒന്നിച്ചു ജീവിക്കാം.
സ്നേഹത്തിന്റെ ഈ ജിഹാദിൽ എന്നോടൊപ്പം ചേരാൻ
ഞാൻ നിങ്ങളെയെല്ലാം ക്ഷണിക്കുന്നു.
ഫണ്‍ഡമെന്റലിസം എന്നപദം തുടങ്ങുന്നത്
ഫണ്‍ എന്ന പദത്തോടെ ആയത് 
എന്തുകൊണ്ടെന്ന് ആദ്യമായി നിങ്ങൾക്ക് നേരിട്ടു മനസ്സിലാക്കാം.
നിങ്ങൾക്കിതു സമ്മതമല്ലെങ്കിൽപ്പോലും,
ഞാൻ വിധികല്പിക്കാനൊന്നും മുതിരില്ല.
നിങ്ങളെയെല്ലാം ഞാൻ സ്നേഹം കൊണ്ട് കൊല്ലും
അത്രതന്നെ.

പരിഭാഷകക്കുറി പ്പ് :'ഫണ്‍ഡമെന്റലിസം' എന്നാൽ മൌലികവാദമാണ്‌; 'ഫണ്‍' എന്നാൽ നേരമ്പോക്ക്‌,തമാശ,കളി,ഫലിതം എന്നൊക്കെ അര്ത്ഥം .ഇതിലെ നർമം കവിതയിൽ പരിഭാഷ  ഉപയോഗിച്ചാൽ നഷ്ടപ്പെടും എന്നതുകൊണ്ടാണ് അതേ വാക്കുകൾ തന്നെ പ്രയോഗിച്ചത്.