Thursday 10 September 2015

കവിത     : രോഷത്തിന്റെ നിറഭേദങ്ങള്‍
കവി        : റഫീഫ്‌  സിയാദ
പരിഭാഷ : കെ. രാമചന്ദ്രന്‍


അവര്‍ എന്റെ ഭാഷയിലും അധിനിവേശം നടത്തുന്നതിനു മുമ്പ്‌
എന്റെ  അറബിഭാഷയില്‍ സംസാരിക്കാന്‍ എന്നെ അനുവദിക്കുക.
എന്റെ ഓര്‍മ്മയിലും അവര്‍ അധിനിവേശം നടത്തുന്നതിനു മുമ്പ്‌
എന്റെ  മാതൃഭാഷ സംസാരിക്കാന്‍ എന്നെ അനുവദിക്കുക.

ഞാന്‍ നിറമുള്ള* ഒരു അറബിപ്പെണ്ണാണ്; 
രോഷത്തിന്റെ എല്ലാ നിറഭേദങ്ങളോടെയുമാണ്  ഞങ്ങള്‍വരുന്നത്.

യഫായ്ക്കുംഹയീഫായ്ക്കുമിടയിലൊളിഞ്ഞു കിടപ്പുള്ള ഒരു ഗ്രാമത്തില്‍
കാലത്തുണര്‍ന്നുഅമ്മൂമ്മ മുട്ടുകുത്തി പ്രാര്‍ത്ഥക്കുന്നത് നിരീക്ഷിക്കലാണ് 
എന്‍റെ അപ്പൂപ്പന് എന്നും ചെയ്യാനിഷ്ടമുള്ള കാര്യം
എന്റെതല്ലെന്ന് ഇപ്പോള്‍ അക്കൂട്ടര്‍ പറയുന്ന ഒരു മണ്ണില്‍
ഒരു ഒലീവുമരത്തിന്റെ ചോട്ടിലാണ് എന്‍റെ അമ്മ പിറന്നത്.
എന്നാല്‍ ഞാന്‍ അക്കൂട്ടരുടെ അതിരുകള്‍ ‍, ചെക്ക്‌പോസ്റ്റുകള്‍  ‍,
വര്‍ണവെറിയുടെമതിലുകള്‍ ഇതെല്ലാം മറികടന്ന്ജന്മനാട്ടിലേക്ക് മടങ്ങും

ഞാന്‍ നിറമുള്ള ഒരു അറബിപ്പെണ്ണാണ്;
രോഷത്തിന്റെ എല്ലാ നിറഭേദങ്ങളോടെയുമാണ്  ഞങ്ങള്‍വരുന്നത്.

അവരുടെ അടുത്ത വംശഭീഷണിയാണോ ജനിക്കുന്നതെന്നറിയാന്‍
ഇസ്രേലിപ്പട്ടാളക്കാര്‍ കാലുകള്‍ക്കിടയിലേക്ക് നോക്കിക്കൊണ്ടിരിക്കെ,
ഒരു ചെക്ക്‌പോസ്റ്റില്‍ പ്രസവിച്ച എന്‍റെ സഹോദരി
ഇന്നലെ ഉച്ചത്തില്‍ നിലവിളിച്ചത് നിങ്ങള്‍ കേട്ടോ?
അവള്‍ ആ പെണ്‍കുട്ടിയെ ജനീന്‍‍# എന്ന് വിളിച്ചു
അവര്‍ കണ്ണീര്‍വാതകം പ്രയോഗിച്ചപ്പോള്‍
തടവറയുടെ അഴികള്‍ക്ക്പിന്നില്‍നിന്നു  അംനമുന നിലവിളിച്ചത് നിങ്ങള്‍
കേട്ടോ ?
ഞങ്ങള്‍ പലസ്തീനിലേക്ക് മടങ്ങുകയാണ്

ഞാന്‍ നിറമുള്ള ഒരു അറബിപ്പെണ്ണാണ്;
രോഷത്തിന്റെ എല്ലാ നിറഭേദങ്ങളോടെയുമാണ്  ഞങ്ങള്‍വരുന്നത്.

പക്ഷെ, നിങ്ങള്‍ എന്നോടു പറയുന്നു
എന്‍റെ ഗര്‍ഭ പാത്രത്തില്‍നിന്നു പുറത്തുവരിക
നിങ്ങളുടെ അടുത്ത ഭീകരവാദിയാണ് എന്ന്:
താടിയുള്ള, തോക്ക് വീശുന്ന,തലയില്‍ ഉറുമാലുള്ള, മണല്‍ നീഗ്രോ@
ഞാന്‍ കുട്ടിയെ പുറത്തേക്കു വിടുന്നത് മരിക്കുവാനാണെന്നു നിങ്ങള്‍ പറയുന്നു.
എന്നാല്‍ , നിങ്ങളുടെ ഹെലിക്കോപ്ടറുകളും എഫ-16 ബോംബറുകളുമാണ്
എന്നും ഞങ്ങളുടെ ആകാശത്തില്‍ ‍.
ഒരു നിമിഷം നമുക്കീ ഭീകരവാദ ഏര്‍പ്പാടിനെക്കുറിച്ചു സംസാരിക്കാം.
കൊല നടത്തിയതും,ആദ്യം ഒസാമയ്ക്ക് പരിശീലനം നല്‍കിയതും
സി. ഐ. എ. ആയിരുന്നില്ലേ ?
എന്‍റെ മുതുമുത്തച്ഛന്മാര്‍
വിദൂഷകരെപ്പോലെ തലയില്‍ വെള്ളത്തൊപ്പിയും ശിരോവസ്ത്രവുമായി
കറുത്ത വര്‍ഗക്കാരെ പീഡിപ്പിച്ചു കൊല്ലാന്‍ ഓടിനടന്നവരല്ല.

ഞാന്‍ നിറമുള്ള ഒരു അറബിപ്പെണ്ണാണ്; 
രോഷത്തിന്റെ എല്ലാ നിറഭേദങ്ങളോടെയുമാണ്  ഞങ്ങള്‍വരുന്നത്.

പ്രകടനത്തിനിടയില്‍ നിലവിളിക്കുന്ന ആ തവിട്ടുനിറക്കാരി ആരാണ്?
സോറി, എനിക്ക് നിലവിളിച്ചുകൂടെന്നുണ്ടോ?
കുപ്പിക്കുള്ളിലെ ഭൂതം,ബെല്ലി ഡാന്‍സര്‍ ‍,അന്തപ്പുരത്തിലെ പെണ്‍കുട്ടി,
മൃദുഭാഷിയായ അറബിപ്പെണ്ണ് എന്നിങ്ങനെ
നിങ്ങളുടെ ഓരോ പൌരസ്ത്യവാദ സ്വപ്നവുമായിത്തീരാന്‍ഞാന്‍ മറന്നുപോയി.
" അതെ ഏമാനേ ; അല്ല ഏമാനേ
നിങ്ങളുടെ എഫ്‌-16 വിമാനത്തില്‍നിന്നും താഴോട്ട് വര്‍ഷിക്കുന്ന
അപ്പത്തിനും വെണ്ണയ്ക്കും നന്ദിയുണ്ട് ഏമാനേ!"
അതെ, എന്നെ മോചിപ്പിക്കുന്നവര്‍
ഇവിടെ എന്‍റെ കുട്ടികളെ കൊല്ലാനെത്തുന്നവരാണ്;
കൊന്നിട്ട്, അവരെ യുദ്ധക്കെടുതിയുടെ ഇരകള്‍ എന്ന് വിശേഷിപ്പിക്കുന്നവര്‍ .

ഞാന്‍ നിറമുള്ള ഒരു അറബിപ്പെണ്ണാണ്; 
രോഷത്തിന്റെ എല്ലാ നിറഭേദങ്ങളോടെയുമാണ്  ഞങ്ങള്‍വരുന്നത്.

ഞാന്‍ ഇതുമാത്രം നിങ്ങളോട് പറയാം
എന്‍റെ ഉള്ളിലെ ഈ ഗര്‍ഭപാത്രം ഇനിയും പുറത്തുകൊണ്ടുവരിക
നിങ്ങളോട് കലാപം ചെയ്യുന്ന ഒരുവളെ ആയിരിക്കും.
അവളുടെ ഒരു കയ്യില്‍ പാറക്കല്ലും
മറുകയ്യില്‍പലസ്തീന്‍ പതാകയുമായിരിക്കും.
ഞാന്‍ നിറമുള്ള ഒരു അറബിപ്പെണ്ണാണ്;
സൂക്ഷിക്കണം , സൂക്ഷിക്കണം;എന്‍റെ രോഷത്തെപ്പറ്റി ജാഗ്രത വേണം.
.....................................................................................................................
കുറിപ്പുകള്‍-കെ. ആര്‍
* 'നിറമുള്ള" എന്നത് വെള്ളക്കാര്‍ മറ്റു ജനതകളെ വിവരിക്കുവാന്‍
അവജ്ഞയോടെ ഉപയോഗിക്കുന്ന പദമാണ്. കറുപ്പ് നിറമുള്ളവര്‍ , തവിട്ടു
നിറമുള്ളവര്‍ എന്നൊക്കെയാണ് വെള്ളക്കാരുടെ വിഭജനം

@ മണല്‍ നീഗ്രോ എന്ന വാക്ക് മദ്ധ്യപൌരസ്ത്യജനതയെ വംശീയമായി
അവഹേളിക്കാന്‍ വെള്ളക്കാര്‍ ഉപയോഗിക്കുന്നു.' മണല്‍ ‍' സൂചിപ്പിക്കുന്നത്
മരുഭൂമിയുടെ സാമീപ്യമാണ്
‍#ജനീന്  ‍-വെസ്റ്റ്ബാങ്കിലെ ഈ അഭയാര്‍ഥി ക്യാമ്പില്‍ ഇസ്രേല്‍ പലപ്പോഴും ആക്രമണം നടത്തിയിരുന്നു.

1 comment: