Sunday 8 April 2018

നിക്കനോർ പാർറ (1914-2018)

ചിലിയിൽ ജനിച്ച പ്രമുഖ ലാറ്റിനമേരിക്കൻ കവിയാണ് നിക്കനോർ പാർറ. "അകവിത" "പ്രതികവിത" എന്നൊക്കെ അറിയപ്പെടാറുള്ള antipoetry എന്ന കവിതാ സങ്കേതത്തിന്റെ പ്രശസ്തനായ  പ്രയോക്താവാണ് അദ്ദേഹം.    ഗ്രാമ്യഭാഷയും തേമാനം വന്ന ചൊല്ലുകളും വിരുദ്ധാർത്ഥ പ്രയോഗവും കുറിക്കുകൊള്ളുന്ന പരിഹാസവും കവിതയിൽ ഉപയോഗിച്ച് യാഥാർത്ഥ്യത്തെ തുറന്നു കാട്ടുക എന്നതാണ് പാർറയുടെ രീതി. ഭാവനയുടെ വിചിത്രസഞ്ചാരങ്ങളും കാല്പനികതയുടെ  സ്വപ്നാത്മകതയും മന: പൂർവം വർജിച്ചു കൊണ്ട്  വിപരീത ഭാഷ്യങ്ങളിലൂടെ ആഖ്യാതാവിന്റെ ഉദ്ദേശങളെ വ്യഞ്ജിപ്പിക്കുന്ന ഹാസ്യത്തിന്റെ അകമ്പടിയോടെയാണ് മിക്ക കവിതകളും അവതരിപ്പിക്ക പ്പെടുന്നത്. കണ്ണീരും ചിരിയും ഒരേസമയം പ്രതികവിതയിൽ സമ്മേളിക്കുന്നു. പരസ്പരം പൊരുത്തപ്പെടാത്ത സൂചകങ്ങളെ ഒരുമിച്ചടുപ്പിച്ച്പ്രയോഗിക്കുന്ന സങ്കേതമാണ് പാർറ ഉപയോഗപ്പെടുത്തുന്നത്. ചിന്തിക്കുന്നതല്ല നമ്മൾ പറയുന്നത്;ശരിക്കും തോന്നുന്നതല്ല ചിന്തിക്കുന്നതും.ഈ പൊരുത്തക്കേട് ഒരുതരം അന്യവത്കരണത്തിലെത്തിക്കുന്നു. എല്ലാം  ആപേക്ഷികമാണെന്നും ഒന്നും സത്യമല്ലെന്നുമുള്ള ഒരു മനോഭാവത്തിലേക്ക് ഇത് നയിക്കുന്നു. സ്വയം നിഷേധിക്കുന്ന അവസ്ഥയിലേക്ക് തന്നെ അവസാനം പ്രതികവിത കവിയെ എത്തിക്കുന്നുണ്ട്. 'പറഞ്ഞതെല്ലാം ഞാൻ തിരിച്ചെടുക്കുന്നു ' എന്ന കവിത ഉദാഹരണമായെടുക്കാം..
പാർറയുടെ ഏതാനും കവിതകൾക്ക് (യുവകവികൾ, അവസാനത്തെ ടോസ്റ്റ്, താക്കീതുകൾ,പറഞ്ഞതെല്ലാം ഞാൻ തിരിച്ചെടുക്കുന്നു) എന്റെ പരിഭാഷ താഴെച്ചേർക്കുന്നു.

യുവകവികൾ

തോന്നിയപോലെ എഴുതിക്കോളൂ
ഇഷ്ടമുള്ള ശൈലിയിൽ
പാലത്തിനടിയിലൂടെ ചോര ഒരു പാട് ഒഴുകിപ്പോയി.
ഒരേ പാത മാത്രമാണ് ശരിയെന്ന്
ഇനിയും വിശ്വസിക്കാൻ കഴിയില്ല.
കവിതയിൽ എല്ലാം അനുവദിക്കപ്പെട്ടിട്ടുണ്ട്.
പക്ഷെ, ഒറ്റ വ്യവസ്ഥ പാലിക്കണം:
ഒഴിഞ്ഞപേജിനെ നിങ്ങൾ മെച്ചപ്പെടുത്തണം.

അവസാനത്തെ ടോസ്റ്റ്

നമ്മളിഷ് ടപ്പെട്ടാലും ഇല്ലെങ്കിലും
നമുക്ക് തിരഞ്ഞെടുക്കാൻ മൂന്നേയുള്ളൂ
ഇന്നലെ, ഇന്ന്, നാളെ .
മൂന്നു പോലും ഇല്ല .
കാരണം, തത്വജ്ഞാനി പറയുന്നു
ഇന്നലെ ഇന്നലെയാണ്.
അത് നമ്മുടേതാവുന്നത്
ഓർമ്മയിൽ മാത്രമാണ്.
പറിച്ചെടുത്ത പനിനീർപ്പൂവിൽ
ഇനിയുംദളങ്ങൾ വിടരില്ല.

കളിക്കേണ്ട ചീട്ടുകൾ
രണ്ടെണ്ണം മാത്രം:
വർത്തമാനവും ഭാവിയും.
രണ്ടു പോലുമില്ല;
കാരണം ,വർത്തമാനം നിലനില്ക്കുന്നില്ല;
ഭൂതത്തിന്റെ ഓരത്തായല്ലാതെ.
അത് യൗവനം പോലെ ഉപയോഗിച്ചു തീരും
ഇത് അറിയാവുന്ന ഒരു കാര്യം തന്നെ.
ആത്യന്തികമായി
ഭാവി മാത്രമേ നമുക്കുള്ളൂ .
ഒരിക്കലും വരാത്ത ദിവസത്തിനായി
ഞാൻ ഗ്ലാസ്സുയർത്തുന്നു.
കാരണം, അതു മാത്രമാണ്
നമ്മുടെ വരുതിയിലുള്ളത്.

താക്കീതുകൾ

തീപിടിക്കുകയാണെങ്കിൽ
ലിഫ്റ്റ് ഉപയോഗിക്കരുത്;
മറ്റു നിർദ്ദേശങ്ങളില്ലാത്ത പക്ഷം,
കോണി ഉപയോഗിക്കുക.
പുകവലിക്കരുത്
ചപ്പ് ചവറുകൾ വലിച്ചെറിയരുത്
തൂറരുത്
റേഡിയോ കേൾക്കരുത്;
മറ്റു നിർദ്ദേശങ്ങളില്ലാത്ത പക്ഷം.

ഓരോ ഉപയോഗത്തിനും ശേഷം
കക്കൂസിൽ വെള്ളമൊഴിക്കണം,
വണ്ടി സ്റ്റേഷനിൽ നിൽക്കുമ്പോളൊഴികെ.
അടുത്ത യാത്രക്കാരെപ്പറ്റിആലോചന വേണം.
കൃസ്ത്യൻ പോരാളികളേ മുന്നോട്ട്
ലോക തൊഴിലാളികളേ ഐക്യപ്പെടുക
നഷ്ടപ്പെടുവാൻ നമുക്കൊന്നുമില്ല.
നമ്മുടെ ജീവിതമല്ലാതെ.
പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും
സ്തുതിയായിരിക്കട്ടെ.
മറ്റു നിർദ്ദേശങ്ങളൊന്നുമില്ലാത്ത പക്ഷം.

കൂട്ടത്തിൽ പറയട്ടെ
ഈ സത്യങ്ങളൊക്കെ നമ്മളെടുക്കുന്നത്
സ്വയം സ്പഷ്ടമാണെന്ന മട്ടിലാണ്.
എല്ലാ മനുഷ്യരും സൃഷ്ടിക്കപ്പെട്ടവരാണെന്നും
ആർക്കും വിട്ടു കൊടുത്തു കൂടാത്ത
ചില അവകാശങ്ങൾ സ്രഷ്ടാവ്
അവർക്ക് നൽകിയട്ടുണ്ടെന്നും
ഇവയൊക്കെ അവയിൽപ്പെടുമെന്നും:
ജീവിതം, സ്വാതന്ത്ര്യം, സന്തോഷം തേടൽ
അവസാനമെങ്കിലും അപ്രധാനമല്ലാത്ത ഒന്നുകൂടി.
അതായത് 2+2 എന്നത് 4 ആയിത്തീരും ,
മറ്റു നിർദ്ദേശങ്ങളില്ലാത്ത പക്ഷം

പറഞ്ഞതെല്ലാം ഞാൻ തിരിച്ചെടുക്കുന്നു.

പോകുന്നതിനു മുമ്പ്
ഒരു അന്ത്യാഭിലാഷം നിറവേറിക്കിട്ടുമെന്ന്
സങ്കല്പിക്കുന്നു
ഉദാരനായ വായനക്കാരാ
ഈ പുസ്തകം കത്തിച്ചുകളയുക.
ഞാൻ പറയാൻ ആഗ്രഹിച്ചത് അതൊന്നുമല്ല.
രക്തം കൊണ്ടെഴുതിയതെങ്കിലും
പറയാനാഗ്രഹിച്ചത് അതല്ല.
എന്റെ വിധിയെക്കാൾ സങ്കടകരമായി ഒന്നില്ല.
എന്റെ തന്നെ നിഴലാണ് എന്നെ തോല്പിച്ചത്.
എന്റെ വാക്കുകൾ എന്നോട് പക വീട്ടി.
മാപ്പ് തരണം വായനക്കാരാ,
നല്ല വായനക്കാരാ
ആത്മാർത്ഥമായ ഒരാശ്ലേഷത്തോടെവിട പറയാൻ കഴിയുന്നില്ലെങ്കിൽ,
പ്രയാസപ്പെട്ടവരുത്തിയ,വിഷാദം കലർന്ന പുഞ്ചിരിയോടെ
ഞാൻ വിട പറയുന്നു.
ഒരു പക്ഷെ, ഞാൻ അത്രയൊക്കെയേ ഉള്ളൂ.
പക്ഷെ എന്റെ അവസാന വാക്കുകൾ ശ്രദ്ധിച്ചു കേൾക്കുക.
ഞാൻ പറഞ്ഞതെല്ലാം ഞാൻ തിരിച്ചെടുക്കുന്നു,
ലോകത്തെ ഏറ്റവും കൊടിയ കയ്പോടെ.
ഞാൻ പറഞ്ഞതൊക്കെയും ഞാൻ തിരിച്ചെടുക്കുന്നു.