Friday 11 December 2015

ചെന്നൈ വെള്ളപ്പൊക്കം- പാഠം പഠിപ്പിക്കുന്നതാരെ?

കെ. രാമചന്ദ്രന്‍

റോമാനഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോചക്രവര്‍ത്തിയെ നിസ്സംഗതയുടെയും ക്രൂരതയുടെയും പര്യായമായാണ് പരമ്പരാഗതമായി പരിഗണിച്ചുപോന്നിട്ടുള്ളത്.എന്നാല്‍ ,സുനാമിയായുംവെള്ളപ്പൊക്കമായും ദുരന്തങ്ങള്‍ ലക്ഷക്കണക്കിന് മനുഷ്യരെ ദുരിതത്തിലാഴ്ത്തിയപ്പോള്‍ കടുത്ത നിസ്സംഗത പുലര്‍ത്തിയ ഭരണാധികാരികളെ 'ജനാധിപത്യവാദികള്‍ ' ആയിത്തന്നെ പരിഗണിക്കാന്‍ മിക്ക ആളുകള്‍ക്കും പ്രയാസമില്ല എന്നതാണ് വിചിത്രമായ വസ്തുത.ആരുടെയൊക്കെയോ സാമ്പത്തികതാത്പര്യങ്ങള്‍ സംരക്ഷിക്കുക എന്ന ഒറ്റ ഉദ്ദേശത്തോടെ ഭരണാധികാരികള്‍ തെറ്റായ വികസനനയങ്ങള്‍ നടപ്പിലാക്കിയതിന്റെഫലമായുണ്ടായ തിരിച്ചടികളാണ് പ്രകൃതിദുരന്തങ്ങളെ ഇത്രയും ദുസ്സഹമാക്കിയത് എന്നകാര്യത്തില്‍ യാതൊരു സംശയവുമില്ല.പ്രകൃതിയുടെ വികൃതികളായല്ല; ദുരയും ആര്‍ത്തിയും മൂലം അന്ധത ബാധിച്ച ആളുകളുടെ  തെറ്റായ നടപടികളുടെ പ്രത്യാഘാതങ്ങളായിത്തന്നെഈ ദുരന്തങ്ങള്‍ മനസ്സിലാക്കപ്പെടണം.

ഓരോ ദുരന്തവും നടന്നു കഴിയുമ്പോള്‍ , അത് എങ്ങിനെ ഉണ്ടായി എന്ന വിദഗ്ധവിശകലനങ്ങളും അതില്‍നിന്നും പാഠം പഠിക്കുമെന്ന പ്രത്യാശ പ്രകടിപ്പിക്കലും ഒക്കെ പതിവായി നാം കണ്ടു പഴകിയിരിക്കുന്നു.ഇപ്പോള്‍ ചെന്നൈ  നഗരം അക്ഷരാര്‍ഥത്തില്‍ വെള്ളത്തില്‍ മുങ്ങിയപ്പോള്‍ ‍, വികലമായ നഗരാസൂത്രണവും തണ്ണീര്‍ തട സംരക്ഷണത്തിന്റെ അഭാവവും ആണ് പ്രളയത്തിലേക്ക് നയിച്ചത് എന്ന പ്രകടമായ വസ്തുത, പെട്ടെന്നൊരു ബോധോദയം ഉണ്ടായിട്ടെന്നപോലെ പലരും ഇപ്പോള്‍ എടുത്തുപറയുന്നുണ്ട്.എങ്കിലും, ദുരിതത്തിന്റെ തീക്ഷ്ണത ഒട്ടൊന്നു കുറയുമ്പോള്‍ ‍, വീണ്ടും എല്ലാം പഴയപടിയാവുകയും, ദുരിതത്തെക്കുറിച്ച് മറക്കുകയുംനഗരവികസനത്തിന്റെ കടിഞ്ഞാണില്ലാത്ത മുന്നേറ്റം പൂര്‍വാധികം ശക്തിയോടെ തുടരാന്‍ ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും ഒരേപോലെ ഉത്സാഹം കാണിക്കുകയും ചെയ്യുന്ന ഒരു സമൂഹമാണ് നമ്മുടേത്.നമ്മള്‍ ഒരു പാഠവും പഠിക്കുന്നില്ല; അല്ലെങ്കില്‍ പഠിക്കുന്ന പാഠങ്ങള്‍ എളുപ്പം മറന്നുപോവുന്നു.'വികസനം' വേണം എന്നല്ലാതെ എന്തിനു, എന്ത് തരത്തിലുള്ള ,ആര്‍ക്കുവേണ്ടിയുള്ള വികസനംഎന്ന കാര്യമൊന്നും  പരിഗണിക്കപ്പെടുന്നില്ല.ആത്യന്തികമായി മനുഷ്യരുടെ ക്ഷേമവും,സ്വസ്ഥതയും, മനസ്സന്തുഷ്ടിയുമാണ് പുരോഗതിയിലൂടെ ലക്ഷ്യമിടേണ്ടത്.ഇത് അവഗണിച്ചുകൊണ്ട്, മനുഷ്യര്‍നിരന്തരം ദുരന്തഭീതിയുടെ നിഴലില്‍ കഴിയേണ്ടിവരികയും മണ്ണിനെയും ചുറ്റുപാടുകളെയുംആവാസയോഗ്യമല്ലാതാക്കിമാറ്റുന്ന കാര്‍ഷിക, വ്യാവസായിക,നഗരാസൂത്രണ പരിപാടികളില്‍ ഏര്‍പ്പെടുകയും,വിഷവിമുക്തമായ ഭക്ഷണം, കുടിവെള്ളം, ശുദ്ധവായു,അനുയോജ്യമായ കാലാവസ്ഥ എന്നിങ്ങനെ ജീവന്‍റെ നിലനില്‍പ്പിന് അത്യാവശ്യമായ എല്ലാറ്റിന്റെയും ലഭ്യത ദുഷ്കരമാക്കുകയും ചെയ്യുന്ന 'വികസന'ത്തെക്കുറിച്ചും അതുണ്ടാക്കുന്ന 'സാമ്പത്തികവളര്‍ച്ച'യെക്കുറിച്ചും  ആണ്നമ്മളില്‍ പലരും ഊറ്റം കൊള്ളുന്നത്‌. അടിസ്ഥാനപരമായി ഈ കാഴ്ചപ്പാടില്‍ മാറ്റം വരാതെ, നിലവിലുള്ള ദുരവസ്ഥയ്ക്ക് എന്തെങ്കിലും പരിഹാരമുണ്ടെന്നു തോന്നുന്നില്ല.

അയല്‍ സംസ്ഥാന തലസ്ഥാനമായ ചെന്നൈയില്‍ പ്രളയക്കെടുതികള്‍ ജനജീവിതത്തെ ദുസ്സഹമാക്കുമ്പോഴും കേരളതലസ്ഥാനത്തെ നീറോമാരുടെ വീണവായനയുടെ പ്രമേയം
സരിതയും സോളാര്‍ തട്ടിപ്പും നടേശയാത്രയും തന്നെ; കൂടാതെ,'ആയിരം ദിവസം' കൊണ്ട് തിരുവനന്തപുരത്തിന്റെ 'മുഖച്ഛായ'  മാറ്റുന്ന 'വിഴിഞ്ഞം സ്വപ്നപദ്ധതി'യുടെ തുടക്കമിടുന്നതിന്റെ ആഹ്ലാദവും.ലക്ഷക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ ഭാവി ഇരുളിലകപ്പെടുത്തുമെന്നും സമുദ്രപരിസ്ഥിതിയെ തകിടം മറിക്കുമെന്നും ഉറപ്പായ വിഴിഞ്ഞം തുറമുഖ പദ്ധതി സാമ്പത്തികമായിപ്പോലും വന്‍ പരാജയമായിരിക്കുമെന്നു നിരവധി സര്‍ക്കാര്‍ പഠനങ്ങള്‍ തന്നെ സമര്‍ഥിച്ചിട്ടും നിര്‍ബന്ധപൂര്‍വം അത് ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിച്ചുകൊണ്ട്‌ ഭരണാധികാരികള്‍ ആഘോഷിക്കുകയാണ്! പ്രതിപക്ഷമാകട്ടെ, 'വികസനത്തിന് രാഷ്ട്രീയമില്ല' എന്ന നിലപാടോടെ അതിനെ സര്‍വാത്മനാ പിന്തുണയ്ക്കുകയും ചെയ്യുന്നു; അധാനിയുമായുള്ള കരാറിലെ 'ചില വ്യവസ്ഥകളെ' ക്കുറിച്ച് മാത്രമാണ് അവര്‍ക്ക് പരാതി.  മാദ്ധ്യമങ്ങള്‍ ഈ തുറമുഖപരിപാടിയെ മുക്തകണ്ഠം പാടിപ്പുകഴ്ത്തുകയാണ്. ഇതേപോലെ ഏതാനും വര്ഷം മുമ്പ് ആളുകളെ ആട്ടിയോടിച്ചു കൊച്ചിയില്‍ നടപ്പിലാക്കിയ വല്ലാര്‍പാടം പദ്ധതിയും ഇവര്‍ വാഴ്ത്തിയിരുന്നു.( ഇപ്പോള്‍ അതിന്റെ  യഥാര്‍ത്ഥഅവസ്ഥയെന്തെന്നു ഇവരാരും ഒന്നും എഴുതുന്നില്ല!)  എവിടെയും,''ദീപസ്തംഭം മഹാശ്ചര്യം .......'' എന്ന സൂക്തം തന്നെ പ്രമാണം!

കിറുക്കന്മാര്‍ ‍, വികസനവിരുദ്ധര്‍ , ദേശദ്രോഹികള്‍ എന്നിങ്ങനെ നിരന്തരം അധിക്ഷേപിക്കപ്പെടുന്ന ഒരു ന്യൂനപക്ഷമായ പരിസ്ഥിതിസ്നേഹികളും, മനുഷ്യസ്നേഹികളും, അത്തരം ലക്ഷ്യങ്ങളുള്ള ഏതാനും സാമൂഹിക സംഘടനകളും മാത്രമേ ഈ ആത്മഹത്യാപരമായ പദ്ധതിയെ എതിര്‍ക്കുന്നുള്ളൂ. ഒരേ സമയം പശ്ചിമഘട്ടത്തിന്റെയും പടിഞ്ഞാറന്‍ തീരക്കടലിന്റെയും പാരിസ്ഥിതിക സന്തുലനം തുലച്ചുകളയുന്ന പരിപാടികള്‍ അന്തര്‍ഭവിച്ചിട്ടുള്ള ഒരു പദ്ധതിയാണിത് എന്ന് അവര്‍ തിരിച്ചറിയുന്നു എന്നതാണ് എതിര്‍പ്പിനു കാരണം.എല്ലാ ചതുപ്പുകളും തണ്ണീര്‍തടങ്ങളുംതോടുകളുംപുഴകളും നികത്തി ഫ്ലാറ്റ്സമുച്ചയങ്ങള്‍ പണിതുയര്‍ത്തുകയും നഗരത്തിലെ എല്ലാ ജലനിര്‍ഗമനമാര്‍ഗങ്ങളും എന്നേക്കുമായി അടച്ചുകളയുകയും ചെയ്തുകൊണ്ട് അരങ്ങേറിയ തകൃതിയായ നഗര വികസനമാണ് ചെന്നൈക്ക് വിനയായത്.എന്നാല്‍ ഇത് ചെന്നൈക്ക് മാത്രമല്ല,തിരുവനന്തപുരത്തിനും കൊച്ചിക്കും ഒക്കെ സംഭവിക്കാവുന്ന അവസ്ഥയാണെന്ന് വലിയ ഭയപ്പാടോടെ, സാമാന്യബുദ്ധിയുള്ള എല്ലാവര്ക്കും ബോധ്യമുള്ള കാര്യമാണ്.എന്നിട്ടും ഇവിടെ സ്ഥിതി എന്താണ് ? ഫ്ലാറ്റുകളില്‍ അഗ്നിശമനനടപടികള്‍ തൃപ്തികരമല്ലാത്തത് ഭാവിയില്‍ ആപത്തുണ്ടാക്കുമെന്നു ചൂണ്ടിക്കാണിച്ച ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനചലനം സംഭവിക്കുന്നു; കെട്ടിട നിര്‍മാണലോബികള്‍ക്ക് എല്ലാ നിയമങ്ങളും ലങ്ഘിക്കുവാനുള്ള ഒത്താശകള്‍ ചെയ്തുകൊടുക്കുന്നു. നിയമലന്ഘകര്‍ സര്‍ക്കാര്‍ തന്നെയാവുമ്പോള്‍ ‍, ഇനി ആരോടാണ് ജനങ്ങള്‍ അവരുടെ പരാതികള്‍ പറയേണ്ടത് ? തീരദേശസംരക്ഷണനിയമം, തണ്ണീര്‍ തട  സംരക്ഷണനിയമം, കെട്ടിടനിര്മാണസുരക്ഷാവ്യവസ്ഥകള്‍ എന്നിവ മാത്രമല്ല, ജനാധിപത്യം എന്ന സങ്കല്പം തന്നെ അധാനിമാര്‍ക്കും റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാര്‍ക്കും,കെട്ടിടനിര്‍മാണ ലോബികള്‍ക്കും വേണ്ടി  നഗ്നമായി അട്ടിമറിക്കപ്പെടുകയാണ്.സാമ്പത്തികവികസനമെന്ന വശീകരണമന്ത്രം ഉരുവിട്ടുകൊണ്ട്അനുഷ്ഠാനതീവ്രതയോടെ വികസനവെളിച്ചപ്പാടന്മാര്‍ ഉറഞ്ഞു തുള്ളുമ്പോള്‍  എന്തുചെയ്യേണ്ടൂ എന്നറിയാതെ ജനം അന്തം വിട്ടു നില്‍ക്കുന്നു. ഏറ്റവുംഒടുവില്‍ കെടുതികളുടെ പെരുമഴകള്‍ ചെന്നൈയിലെന്നപോലെ തങ്ങളെയും കാത്തിരിക്കുന്നു എന്ന തിരിച്ചറിവിലെയ്ക്ക് ആര്‍ക്കും ഉണരാതെ വയ്യ;

ഭ്രാന്തമായ ഈ വികസനം  വിനാശത്തിലെത്തിക്കും എന്ന വിവേകം ഇനിയും ഉണരുന്നില്ലെങ്കില്‍ ‍,അതിനനുസൃതമായി ആസൂത്രണവും പദ്ധതികളും മനുഷ്യോന്മുഖമായി മാറ്റാന്‍ കഴിയുന്നില്ലെങ്കില്‍ ,കാലാവസ്ഥാവ്യതിയാനങ്ങളിലൂടെയും, മറ്റു പ്രകൃതി ദുരന്തങ്ങളിലൂടെയും ഒടുങ്ങുക എന്ന ദുര്‍ഗതിയിലേക്കാണ് അറിഞ്ഞോ അറിയാതെയോ നമ്മുടെ ഭരണാധികാരികള്‍ അതിവേഗം നമ്മെ നയിച്ചുകൊണ്ടിരിക്കുക.സുനാമിയും ചെന്നൈയിലെ വെള്ളപ്പൊക്കവും, ആന്ധ്രയിലെ ചുഴലിക്കാറ്റും,വരള്‍ച്ചയും,ഉരുള്‍ പൊട്ടലുകളും ഒക്കെ വരാനിരിക്കുന്ന ദുരന്തത്തിന്റെ സൂചനകള്‍ ആണെന്ന് തിരിച്ചറിയാതെ, നമ്മള്‍ കേരളീയര്‍ മാത്രം എങ്ങിനെയോ ഇതില്‍നിന്നെല്ലാം രക്ഷപ്പെടും എന്ന വ്യാമോഹമാണ് വെറും വ്യക്തിതലത്തിലെയ്ക്ക് ഒതുങ്ങി സാമൂഹികബാധ്യതകള്‍   ഗൌനിക്കാതെ കടന്നുപോവുന്ന മലയാളികളുടെ മനസ്സിന്റെ പുതിയ  ശ്രദ്ധിക്കപ്പെടേണ്ട ഒരു പ്രവണത.ദുരന്തങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ അവഗണിക്കാതിരിക്കുക.അവയുടെ കെടുതികള്‍  പരമാവുധി ലഘൂകരിക്കാനെങ്കിലുമുള്ള നടപടികള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കുക.പരിസ്ഥിതി സംരക്ഷണം മനുഷ്യന്റെ നിനില്പിനുള്ള മുന്‍ ഉപാധിയാണെന്ന്തിരിച്ചറിഞ്ഞുകൊണ്ട്,വിനാശകരമായ പദ്ധതികളെ എതിര്‍ക്കുന്നവരെതെറി വിളിക്കുന്നത് നിര്‍ത്തി, അവര്‍ ചൂണ്ടിക്കാട്ടുന്നവസ്തുതകള്‍ യുക്തിസഹമായി പരിശോധിക്കാനും സാദ്ധ്യമായ പ്രതിരോധ-പരിഹാര നടപടികള്‍ ആലോചിച്ചു നടപ്പില്‍വരുത്തുവാനും ഭരണകേന്ദ്രങ്ങളില്‍ സമ്മര്‍ദം ചെലുത്തുക-ഇതൊക്കെ പൌരന്മാര്‍ക്ക് ചെയ്യാവുന്ന കാര്യങ്ങളാണ്. ദുരന്തങ്ങളില്‍നിന്നു പാഠം ഉള്‍ക്കൊള്ളുക എന്നാല്‍  ‍, അവയുടെ തീവ്രത കുറയ്ക്കുന്നതിനുള്ള പ്രതിരോധനടപടികള്‍ ഊര്‍ജിതമായി കൈക്കൊള്ളുകഎന്നും ക്രിയാത്മകമായി അതിനുവേണ്ടി ഇടപെടുക എന്നും വിവക്ഷയുണ്ട്.വെറും വാചകമടി നമ്മെ രക്ഷപ്പെടുത്താന്‍ പോകുന്നില്ല എന്നെങ്കിലും നാം തിരിച്ചറിയണം.ദുരന്തങ്ങളെ 'ഒഴിവാക്കുന്നതിനെക്കുറിച്ച്' ' ചര്‍ച്ച ചെയ്യാവുന്ന ഘട്ടം പല മേഖലകളിലും'വികസിത' കേരളം ഇപ്പോള്‍ തന്നെ  പിന്നിട്ടു കഴിഞ്ഞു എന്നാണു തോന്നുന്നത്; ഇപ്പോള്‍ ഗൌരവമായി ചര്‍ച്ച ചെയ്യപ്പെടുന്നത് 'ഡിസാസ്റ്റര്‍  മാനേജുമെന്റ്‌''എങ്ങിനെവേണം എന്നതിനെ ക്കുറിച്ച് മാത്രമാണ്!

ദുരന്തങ്ങള്‍ മുതലാളിത്തത്തിന് പ്രശ്നമല്ല; കാരണം അവ മൂലധനത്തിന്റെ ഒഴുക്ക് കൂട്ടുന്ന പ്രതിഭാസങ്ങളാണ് ; യുദ്ധവും അങ്ങിനെത്തന്നെ. 'ഡിസാസ്റ്റര്‍  കാപിറ്റലിസം' എങ്ങിനെ നവ ലിബറല്‍ സമ്പദവ്യവസ്ഥയെ പ്രചോദിപ്പിക്കുന്നു എന്ന് നവോമി ക്ലെയ്ന്‍ ഏതാനും വര്ഷം മുമ്പ്‌ 'ഷോക്ക്‌ ഡോക്ട്രിന്‍ ‍' എന്ന പുസ്തകത്തില്‍ വിശകലനം ചെയ്തത് ഓര്‍ക്കുക.ജീവകാരുണ്യപ്രവര്‍ത്തനങ്ങളെയും കമ്പോളമേല്‍ക്കൈ നേടാനുള്ള തന്ത്രമായി ദുരുപയോഗപ്പെടുത്തുന്ന 'ഫിലാന്ത്രോകാപിറ്റലിസ്റ്റ്''സമീപനങ്ങളെ തിരിച്ചറിയേണ്ടതുമുണ്ട്.ഒരു പ്രതിഭാസത്തെയും അതിന്റെ യഥാര്‍ത്ഥ അവസ്ഥയില്‍ മനസ്സിലാക്കാനുള്ള മനുഷ്യന്റെ ശേഷി ഇതൊക്കെ ചേര്‍ന്ന് കെടുത്തിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ‍, ദുരന്തങ്ങളെക്കുറിച്ചു കൂടുതല്‍ ജാഗരൂകരാവുക എന്നതാണ് നമുക്ക് ചെയ്യാവുന്നത്; മുന്നറിയിപ്പുകളെ അവഗണിക്കാതിരിക്കുകയും.

പയ്യന്നൂര്‍; 6-12-2015