Tuesday 24 November 2015

.മുസ്ലിങ്ങള്‍ഭാഷയ്ക്കും വിജ്ഞാനത്തിനും കലകള്‍ക്കും സാഹിത്യത്തിനും എല്ലാം നല്‍കിയ സംഭാവനകളെ വിസ്മരിച്ചുകൊണ്ട് അവരെ ശത്രുക്കളായി കാണുന്ന സമീപനത്തെ ഹൃദയ സ്പര്‍ശിയായി ആവിഷ്കരിക്കുന്ന കവിത.അഭിനന്ദനം അര്‍ഹിക്കുന്ന കാര്യങ്ങള്‍ ചെയ്തതിനു ക്ഷമ ചോദിക്കേണ്ടിവരുന്ന വൈപരീത്യത്തെ, വിരുദ്ധോക്തിയുടെ പ്രയോഗത്തിലൂടെ തീക്ഷ്ണമായി അവതരിപ്പിക്കുകയാണ് ഈ കവിതയില്‍ .

കവി:                    അമീര്‍ ദാര്‍വിഷ്
മലയാള പരിഭാഷ:  കെ. രാമചന്ദ്രന്‍

കവിത:            *ഖേദിക്കുന്നു!*
                       *മനുഷ്യരാശിയോടു മുസ്ലിങ്ങളുടെ(അഥവാ മുസ്ലിം എന്ന്                                 കരുതപ്പെടുന്നവരുടെ) ക്ഷമാപണം*

മനുഷ്യരാശി സഹിക്കാന്‍ഞങ്ങള്‍  ഇടനല്‍കിയ എല്ലാറ്റിനും
ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു.
അല്ജിബ്രയ്ക്കും x എന്ന അക്ഷരത്തിനും.
ഞങ്ങള്‍ നിങ്ങളുടെ നേരെ എറിഞ്ഞു തരുന്ന വാക്കുകള്‍ക്കും മാപ്പ്;
ആംബര്‍ ‍, കാന്‍ഡി,കെമിസ്ട്രി,കോട്ടന്‍ ‍,ജിറാഫ്, ഹസാര്‍ഡ്‌
ജാര്‍ ‍, ജാസ്മിന്‍ ‍,ജമ്പര്‍ , ലെമണ്‍ ‍, ലൈം,ലൈലാക്
ഓറഞ്ച്, സോഫ,സ്കാര്‍ ലെറ്റ്‌, സ്പൈനാഷ്‌,
ടാലിസ്മന്‍ ‍, ടാഞ്ജറയ്ന്‍ ‍.താരിഫ്‌,ട്രാഫിക്‌, ട്യുലിപ്
മാറ്റ്‌ റസ്സ്,(അതെ, മാറ്റ്‌ റസ്സ് ), മസ്സാജ്,നിങ്ങള്‍ ആസ്വദിക്കുന്ന തടവല്‍ .
ഇതിനെല്ലാം ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു.

ചൂടുള്ളപാനീയം ചോദിച്ച ജ്ഞാനോദയ ദാര്‍ശനികര്‍ക്ക്
മദ്യത്തിനുപകരം കാപ്പി നല്‍കിയതിനു മാപ്പ്
തുര്‍കികള്‍ കൊണ്ടുവന്ന കപ്പുചിനോകളുടെ പേരിലും മാപ്പ്
കറുത്ത അറബിക്കുതിരകളുടെ പേരിലും,
കണക്കിന്റെ പേരിലും,
പാരച്യൂട്ടിന്റെ പേരിലും മാപ്പ്

ആരോ എന്തോ ചെയ്തതിനു  അമേരിക്കയിലെ അബ്ദുള്‍ ഖേദിക്കുന്നു;
അയാള്‍ക്ക്‌ ആളെ അറിയില്ല; എങ്കിലും അയാള്‍ ഖേദിക്കുന്നു.
അമേരിക്കയിലേക്ക് കൊലംബസ്സിനെ അനുഗമിച്ചതിനു ഞങ്ങള്‍ ഖേദിക്കുന്നു
അദ്ദേഹത്തിന്‍റെ കൂടെയുണ്ടായിരുന്ന, ആദ്യം കര സ്പര്‍ശിച്ച് 'ഹോണോലുലു' എന്ന് ആര്‍ത്തുവിളിച്ച അറബിയെ ഓര്‍ത്തും ഞങ്ങള്‍ ഖേദിക്കുന്നു
സ്പെയിനിലെ വാസ്തുശില്പങ്ങള്‍ക്കും, അല്‍ഹംബ്ര കൊട്ടാരത്തിനും മാപ്പ്.
സേവിളിലെ ചര്ച്ച്കള്‍ക്കും അവയുടെ ഉച്ചിയില്‍ ഞങ്ങള്‍ കൈ കൊണ്ട് പണിത ദാവീദിന്റെ നക്ഷത്രങ്ങള്‍ക്കും ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു.
പൂജ്യം മുതല്‍ ശതകോടിവരെ ദൈനം ദിനം നിങ്ങള്‍ ഉപയോഗിക്കുന്ന എല്ലാ അക്കങ്ങള്‍ക്കും  മാപ്പ് ചോദിക്കുന്നു
അഡനനും,യസീദിയും(മുസ്ലീമായി തെറ്റിദ്ധരിക്കപ്പെട്ടആള്‍ ‍) പോലും
സിറിയയില്‍ ജനങ്ങളുടെ തലവെട്ടുന്ന അബുവിന്‍റെ പ്രവര്‍ത്തിയില്‍ ഖേദിക്കുന്നു.
മുറിവുകളുണക്കുന്ന മെര്‍ക്കുറി ക്ലോറയ്ഡിനും ഖേദിക്കുന്നു;
കുറച്ചു ഞങ്ങള്‍ക്ക് തരു-
എന്തുകൊണ്ടെന്നാല്‍ , മേല്പ്പറഞ്ഞതെല്ലാം തുടങ്ങിയതിലുള്ള കുറ്റബോധം
ഈ ഭൂമിയുടെ അത്ര വലുപ്പമുള്ള മുറിവാണ് ഞങ്ങള്‍ക്ക് നല്‍കുന്നത്.
വീട്ടില്‍നിന്നും ചവിട്ടിപുറത്താക്കിയപ്പോള്‍ സ്പെയിനിലെ മോറിസ്കോകള്‍
ദുക്ഖമകറ്റാന്‍ മീട്ടിയ ഗിതാറിന്റെ പേരിലും ഖേദിക്കുന്നു.
ഹുക്കയുടെ ചുണ്ടുകള്‍ നിങ്ങള്‍ മുത്തുമ്പോള്‍ അതിനും മാപ്പ്.
വിജ്ഞാന വ്യവസ്ഥകളുടെ വിശ്ലേഷണത്തിനും, 
അതിന്റെ ഉള്ളിന്റെ ഉള്ളിന്റെ യുള്ളില്‍ എന്താണെന്നറിഞ്ഞു ലോകത്തിനു കാട്ടിക്കൊടുക്കാനും ശ്രമിച്ചതിനു മാപ്പ്
തട്ടുതട്ടായ സമൂഹവിഭജനത്തെ ഒഴിവാക്കാന്‍
ഗ്രനഡയെ വെള്ളയായി ചിത്രീകരിച്ചതിന് മാപ്പ്.
അറബിക്കഥകളിലെ കഥകള്‍ക്ക് മാപ്പ്

ഓരോതവണ നക്ഷത്രം കാണുമ്പോഴും ഞങ്ങള്‍
വാനശാസ്ത്രത്തിന്റെ പേരില്‍ ഖേദിക്കാന്‍ ഓര്‍മിക്കും.
മോ ഫറ ഇവിടെ അഭയം തേടി
പിന്നെ ബ്രിടീഷു ചാമ്പ്യന്‍ ആയിത്തീര്ന്നതിനും മാപ്പ്
പ്രതിനിധാന മുക്തകലയ്ക്കും, ആലേഖന മാതൃകകള്‍ക്കും,ഉപരിതല അലങ്കാരപ്പണികള്‍ക്കും മാപ്പ് ചോദിക്കുന്നു.
ഞങ്ങള്‍ കൊണ്ടുവന്ന എല്ലാ ഭക്ഷണങ്ങള്‍ക്കും മാപ്പ് ചോദിക്കുന്നു:
ട്യൂണമത്സ്യംമുതല്‍ ചിക്കന്‍ടിക്ക മസാലവരെയും,
ഹുമ്മൂസ്,
ഫലഫെല്‍,
ആപ്രികട്ട്
ഡോണര്‍ കബാബ്
ഷവര്‍മാ ചുരുള്‍
കസ്കസ്
ഇതിനൊക്കെയും.
ഏതെങ്കിലും കാര്യത്തില്‍  ക്ഷമ ചോദിക്കുവാന്‍ ഞങ്ങള്‍ മറന്നുപോയെങ്കില്‍ , അത് ഗൌനിക്കേണ്ടതില്ല.
എന്താണ് വിട്ടുപോയതെന്നറിയില്ലെന്കിലും , അതിനും മാപ്പ്.

റൂമിയുടെ പ്രണയകവിതകളുടെ കാര്യത്തിലാണ് ഏറ്റവുമധികം ഞങ്ങള്‍ ഖേദിക്കുന്നത്.
അവയിലൊന്ന് ഹതാശരായി നിങ്ങള്‍ക്കുനേരെ മുഴക്കുകയാണ്;

*പ്രിയപ്പെട്ടവനേ
എന്നെ എടുത്ത്കൊള്ളുക 
എന്റെ ആത്മാവിനെ മോചിപ്പിക്കുക.
നിന്റെ സ്നേഹം കൊണ്ട് നിറച്ചു
എന്നെ രണ്ടു ലോകങ്ങളില്‍നിന്നും സ്വതന്ത്രയാക്കുക
നിന്നിലൊഴികെ എന്തിലെങ്കിലും എന്റെ ഹൃദയം ഉടക്കിയാല്‍
ഉള്ളില്‍ നിന്നും തീ എന്നെ ദഹിപ്പിക്കട്ടെ

പ്രിയപ്പെട്ടവനേ
എനിക്കാവശ്യമുള്ളത് നീ എടുത്ത്കൊണ്ടുപോയ്ക്കോളൂ
എന്റെ ചെയ്തികള്‍ എടുത്ത്കൊണ്ടുപോയ്ക്കോളൂ
എന്നെ നിന്നില്‍നിന്നു അകറ്റുന്ന
സര്‍വസ്വവുംഎടുത്ത്കൊണ്ടുപോയ്ക്കോളൂ"

ദയവായി ഞങ്ങള്‍ക്ക് മാപ്പ് തരണം
ഞങ്ങള്‍ ഖേദിക്കുന്നു; വേണ്ടത്ര ഇന്ന് ഖേദിക്കാന്‍ കഴിയുന്നില്ലല്ലോ.