Saturday 28 February 2015

കവിത:- ഞങ്ങൾ ജീവിതം പഠിപ്പിക്കുകയാണ്, സാർ
കവി   ;-  റഫീഫ് സിയാദാ
പരിഭാഷ :- കെ രാമചന്ദ്രൻ.


കവിയും ആക്റ്റിവിസ്റ്റുമായ റഫീഫ് സിയാദാ പലസ്തീനിയൻ അഭയാർത്ഥിയാണ്.  റ്റൊരൊന്റൊയിലെ യോർക് സർവകലാശാലയിൽ പൊളിറ്റികൽ സയൻസിൽ ഗവേഷണ  വിദ്യാർത്ഥിയായ സിയാദാ പലസ്തീന്റെ മോചനത്തിനുവേണ്ടി സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന കാവ്യാലാപനകലാകാരിയാണ്.'ക്രോധത്തിന്റെ നിഴലുകൾ','ഞങ്ങൾ  ജീവിതം പഠിപ്പിക്കുകയാണ്, സാർ ' എന്നിവ പ്രശസ്ത കവിതകൾ. പലസ്തീനെ പ്രതിനിധീകരിച്ചു ലോകകവിതാമേളകളിലും ഫെസ്റ്റിവലുകളിലും പങ്കെടുക്കുകയും കവിതാ ശില്പശാലകൾ സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട് . ആദ്യസമാഹാരത്തിന്റെ  പേർ  'ഹദീൽ" (പ്രാവുകളുടെ കുറുകൽ) എന്നാണ്."F16 ബോംബർ വിമാനങ്ങൾ വട്ടമിടുമ്പോഴും  പട്ടം പറപ്പിക്കുകയും  പലസ്തീനിലെ ഗ്രാമങ്ങളുടെ പേർ  ഇപ്പോഴും ഓർക്കുകയും ഗാസയുടെ മേൽ പ്രാവുകൾ കുറുകുന്ന ശബ്ദം ഇപ്പോഴും കേൾക്കുകയും ചെയ്യുന്ന  ചെറുപ്പക്കാർക്ക് "  ഈ  സമാഹാരം  സമർപ്പിക്കപ്പെട്ടിരിക്കുന്നു.

ലണ്ടനിൽ 2011-ൽ ഈ കലാകാരി ഇന്ഗ്ലീഷിൽ ഇതേ കവിത വായിക്കുന്നത് യൂട്യൂബിൽ ഈ വിലാസത്തിൽ കിട്ടും
: https://www.youtube.com/watch?v=watch?v=aKucPh9xHtM ഒന്നാന്തരം വീഡിയോ ആണത്.കാണുക.
 
 ഞങ്ങൾ ജീവിതം പഠിപ്പിക്കുകയാണ്, സാർ
ഇന്ന് എന്റെ ശരീരം ടീവിയിൽ സംപ്രേഷണം ചെയ്യപ്പെട്ട കൂട്ടക്കൊലയായിരുന്നു
ഇന്ന് എന്റെ ശരീരം ടീവിയിൽ സംപ്രേഷണം ചെയ്യപ്പെട്ട കൂട്ടക്കൊലയായിരുന്നു 
അതിനു വാക്കുകളുടെ എണ്ണവും ശബ്ദശകലങ്ങളും നിശ്ചിതപരിധിയിൽ ഒതുക്കേണ്ടിയിരുന്നു. 
വാക്കുകളുടെ എണ്ണവും ശബ്ദശകലങ്ങളും നിശ്ചിതപരിധിയിൽ ഒതുക്കിക്കൊണ്ട്,
അളന്നുമുറിച്ച പ്രതികരണങ്ങളെ നേരിടാൻ പാകത്തിൽ ,
സ്ഥിതിവിവരക്കണക്കുകൾകൊണ്ട്  നിറയ്ക്കേണ്ടിയിരുന്നു .
ഞാനെന്റെ ഇന്ഗ്ലീഷ് മികവുറ്റതാക്കി; ഐക്യരാഷ്ട്രപ്രമേയങ്ങൾ പഠിച്ചു .
എന്നിട്ടും അദ്ദേഹം എന്നോടു ചോദിച്ചു :മിസ്‌ സിയാദാ ,
ഇത്രയധികം വിദ്വേഷം നിങ്ങൾ കുട്ടികളെ പഠിപ്പിക്കുന്നത്‌ നിർത്തിയാൽ
എല്ലാം പരിഹരിക്കാമെന്നു നിങ്ങൾ കരുതുന്നില്ലേ ?   
ചെറിയ  ഒരു ഇടവേള.
ക്ഷമ നേടാനുള്ള കരുത്തിനായി ഞാൻ എന്റെ ഉള്ളിലേക്ക് നോക്കി.
പക്ഷെ,ഗാസയിൽ ബോംബു വര്ഷിക്കുമ്പോൾ ,
ക്ഷമ എന്റെ നാവിൻ തുമ്പിലില്ല .
ക്ഷമ എന്നിൽനിന്നും കടന്നുകളഞ്ഞിരിക്കുന്നു.
ചെറിയ  ഒരു ഇടവേള. പുഞ്ചിരി.
ഞങ്ങൾ ജീവിതം പഠിപ്പിക്കുകയാണ്, സാർ
ഫീഫ്, പുഞ്ചിരിക്കാൻ മറക്കരുത്.
ചെറിയ  ഒരു ഇടവേള. പുഞ്ചിരി.
ഞങ്ങൾ ജീവിതം പഠിപ്പിക്കുകയാണ്, സാർ
ഞങ്ങൾ പലസ്തീൻകാർ ജീവിതം പഠിപ്പിക്കുന്നത്
അവർ ആകാശത്തിന്റെ അവസാനതുണ്ടിലും
അധിനിവേശം നടത്തിയതിനു ശേഷമാണ്.
ഞങ്ങൾ ജീവിതം പഠിപ്പിക്കുകയാണ്, സാർ
ഇന്ന് എന്റെ ശരീരം ടീവിയിൽ സംപ്രേഷണം ചെയ്യപ്പെട്ട കൂട്ടക്കൊലയായിരുന്നു
അതിനു വാക്കുകളുടെ എണ്ണവും ശബ്ദശകലങ്ങളും നിശ്ചിതപരിധിയിൽ ഒതുക്കേണ്ടിയിരുന്നു. 
ഞങ്ങൾക്ക് ഒരു സ്റ്റോറി തരൂ , ഒരു ഹ്യൂമൻ സ്റ്റോറി .
നോക്കൂ, ഇത് രാഷ്ട്രീയമല്ല.
നിങ്ങളെക്കുറിച്ചും നിങ്ങളുടെ ജനതയെക്കുറിച്ചും മാത്രമേ
ഞങ്ങൾക്കു ജനത്തോടു പറയേണ്ടതുള്ളൂ അതുകൊണ്ട് മാനുഷികമായ ഒരു കഥ തരൂ.
"വർണവിവേചനം" "അധിനിവേശം"എന്നെല്ലാമുള്ള വാക്കുകൾ മിണ്ടരുത്.
ഇത് അരാഷ്ട്രീയമാണ്.
ഒരു ജേണലിസ്റ്റായ എന്നെ നിങ്ങൾ സഹായിക്കേണ്ടത് 
നിങ്ങളെ സഹായിക്കുവാനാണ്: രാഷ്ട്രീയമല്ലാത്ത നിങ്ങളുടെ കഥ പറയുവാൻ .
ഇന്ന് ,എന്റെ ശരീരം ടീവിയിൽ സംപ്രേഷണം ചെയ്യപ്പെട്ട കൂട്ടക്കൊലയായിരുന്നു
നിങ്ങൾ ഞങ്ങൾക്കു നല്കുന്നത്
ചികിത്സ ആവശ്യമുള്ള ഗാസയിലെ ഒരു സ്ത്രീയുടെ കഥയായാലോ?
എന്ത് പറയുന്നു ?
എല്ല് പൊട്ടിയ അവയവങ്ങൾ സൂര്യനെ മൂടാൻ മാത്രമുണ്ടോ നിങ്ങൾക്ക് ?
നിങ്ങളുടെ മരിച്ചവരെ കൈമാറിക്കോളൂ.
അവരുടെ പേരുള്ള പട്ടിക ഞങ്ങൾക്കു തന്നേക്കൂ ,
ആയിരത്തിരുനൂറു വാക്കുകളിലൊതുങ്ങണം.
ഇന്ന്, എന്റെ ശരീരം ടീവിയിൽ സംപ്രേഷണം ചെയ്യപ്പെട്ട കൂട്ടക്കൊലയായിരുന്നു 
അതിനു വാക്കുകളുടെ എണ്ണവും ശബ്ദശകലങ്ങളും നിശ്ചിതപരിധിയിൽ ഒതുക്കേണ്ടിയിരുന്നു
 ഭീകരരുടെ രക്തത്തെക്കുറിച്ച് നിർവികാരരാക്കപ്പെട്ടവരെയും അത് ഇളക്കണമായിരുന്നു.
എങ്കിലും, അവർക്കു ഖേദമുണ്ട്..
ഗാസയിലെ കന്നുകാലികളെയോർത്തു ഖേദമുണ്ട് .
അതുകൊണ്ട് ഞാൻ
ഐക്യരാഷ്ട്രപ്രമേയങ്ങളും സ്ഥിതിവിവരക്കണക്കുകളും അവർക്കു കൊടുക്കുന്നു.
ഞങ്ങൾ അപലപിക്കുന്നു, അനുശോചിക്കുന്നു , തിരസ്കരിക്കുന്നു .
ഇവ രണ്ടും തുല്യ ശക്തികളല്ല:കീഴടക്കിയവരും കീഴടങ്ങിയവരും.
മരിച്ചവർ നൂറുപേർ , ഇരുനൂറു പേർ , ആയിരം പേർ 
അതിനിടയിൽ , യുദ്ധക്കുറ്റത്തിനും  കൂട്ടക്കൊലയ്ക്കുമിടയിൽ
വാക്കുകൾ പുറന്തള്ളി ഞാൻ പുഞ്ചിരിക്കുന്നു ; "വിദേശിയായല്ല"," ഭീകരവാദിയായല്ല".
ഞാൻ വീണ്ടും എണ്ണുന്നു ; മരിച്ച നൂറു പേരെ ,ആയിരം പേരെ 
പുറത്തു ആരെങ്കിലുമുണ്ടോ അവിടെ ?
ആരെങ്കിലുമിതൊന്നു ശ്രദ്ധിക്കുമോ ? 
അവരുടെ മൃതശരീരങ്ങൾക്കുമേൽ പൊട്ടിക്കരയാൻ കഴിഞ്ഞെങ്കിൽ
എന്ന് ഞാൻ ആശിച്ചു പോവുന്നു.
എല്ലാ അഭയാർത്ഥി കേന്ദ്രത്തിലേക്കും ചെരിപ്പിടാതെ ഓടിയെത്താനും
ഓരോ കുട്ടിയേയുമെടുക്കാനും
എനിക്ക് വേണ്ടിവരുന്നതുപോലെ അവർക്കു
ശേഷിച്ച   ജീവിതകാലത്തൊരിക്കലും
ബോംബുവർഷത്തിന്റെ ഭീകരശബ്ദം കേൾക്കാതിരിക്കാൻ
അവരുടെ ചെവി മൂടുവാനും
എനിക്ക്  കഴിഞ്ഞെങ്കിൽ  എന്ന് ആശിച്ചു പോവുന്നു. .
ഇന്ന്, എന്റെ ശരീരം ടീവിയിൽ സംപ്രേഷണം ചെയ്യപ്പെട്ട കൂട്ടക്കൊലയായിരുന്നു
ഇതുമാത്രം ഞാൻ താങ്കളോട് പറയട്ടെ,
താങ്കളുടെ ഐക്യരാഷ്ട്രപ്രമേയങ്ങൾ
ഇക്കാര്യത്തിൽ ഒരിക്കലും ഒന്നും ചെയ്തിട്ടില്ല.
ഏത് ശബ്ദശകലങ്ങൾക്കും ഒന്നും ചെയ്യാനില്ല.
ഞാൻ ഉച്ചരിക്കുന്ന ശബ്ദശകലമെന്തായാലും,
എന്റെ ഇന്ഗ്ലീഷ് എത്ര മെച്ചമായാലും,
ഏത് ശബ്ദശകലത്തിനും ഏത് ശബ്ദശകലത്തിനും ഏത് ശബ്ദശകലത്തിനും
അവരെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരാനാവില്ല. 
ഏത് ശബ്ദശകലത്തിനും ഇത് പരിഹരിക്കാനാവില്ല.
ഞങ്ങൾ ജീവിതം പഠിപ്പിക്കുകയാണ്, സാർ
ഞങ്ങൾ ജീവിതം പഠിപ്പിക്കുകയാണ്, സാർ
ഞങ്ങൾ പലസ്തീൻകാർ എല്ലാ പ്രഭാതത്തിലു മുണരുന്നത് 
ലോകത്തിലെ മറ്റുള്ളവരെ ജീവിതം പഠിപ്പിക്കാനാണ്, സാർ 

(പരിഭാഷകക്കുറിപ്പ് : sound -bite എന്ന വാക്കിനു ശബ്ദശകലം എന്ന്  പരിഭാഷ നല്കിയിട്ടുണ്ട്)

Tuesday 24 February 2015

കവിത :-പഴയ പരിചിത മുഖങ്ങൾ
കവി    :-ചാൾസ്‌ ലാംബ് (1775-1834)
പരിഭാഷ (1969-ൽ):- കെ .രാമചന്ദ്രൻ

ബാല്യത്തിലെ കളിത്തോഴർ, പിന്നെ  പ്പാറ-
ശാലാദിനങ്ങളിൽ കൂടെ പ്പഠിച്ചവർ,
സർവരും സർവരും  സർവരും പോയി, ഹാ
പരിചിതമുഖങ്ങളെങ്ങെങ്ങോമറഞ്ഞുപോയ്‌

ആനന്ദ മത്തരായാടിയും പാടിയും
തിന്നും കുടിച്ചുംപിരിയാത്ത കൂട്ടുകാർ.
സർവരും സർവരും  സർവരും പോയി, ഹാ
പരിചിതമുഖങ്ങളെങ്ങെങ്ങോമറഞ്ഞുപോയ്‌
  
പണ്ടുഞാൻ പ്രേമിച്ച സുന്ദരിക്കുട്ടിയെൻ 
മുന്നിലെന്നേക്കുമായ് വാതിലടച്ചവൾ .
സർവരും സർവരും  സർവരും പോയി, ഹാ
പരിചിതമുഖങ്ങളെങ്ങെങ്ങോമറഞ്ഞുപോയ്‌  

എന്റെ തോഴൻ,സ്നേഹനിർഭരനാം  തോഴ-
നെന്നാലൊരുനാളവനെപ്പിരിഞ്ഞു ഞാൻ
പരിചിതമുഖങ്ങളെ യോർത്തെടുത്തീടുവാ - 
നവനെവിട്ടെന്തിനോ പോയതാണന്ന് ഞാൻ 

എൻ ശൈശവത്തിൻ വിഹാരരംഗങ്ങളിൽ 
ചെന്നുഞാൻ പ്രേതം കണക്കെത്തിരഞ്ഞുപോയ്
പരിചിതമുഖങ്ങളെ ക്കാണുവാൻ കിട്ടാത്ത
മരുഭൂമിയായിട്ടു ലോകമേ മാറിയോ  

എന്നാത്മ മിത്രമേ, യെൻപിതൃഗേഹത്തി -
 ലെന്തുകൊണ്ടേ  നീ ജനിച്ചില്ല സോദരാ ?
പഴയ പരിചിത മുഖങ്ങളെപ്പറ്റി നാം
പലതും പറഞ്ഞിരുന്നേനെ  പരസ്പരം.

ചിലരത്തിൽ മരിച്ചൂ, ചിലർ പിരിഞ്ഞൂ, മറ്റു
പലരുമെന്നിൽനിന്നകന്നു മറഞ്ഞുപോയ്‌ .
സർവരും സർവരും  സർവരും പോയി ഹാ
പരിചിതമുഖങ്ങളെങ്ങെങ്ങോമറഞ്ഞുപോയ്‌

Monday 23 February 2015

ഇന്ഗ്ലീഷു സാഹിത്യത്തിൽ കാല്പനിക പ്രസ്ഥാനത്തിലെ ഇളംതലമുറക്കാരനായ,"വിടരും മുമ്പേ കൊഴിഞ്ഞുപോയ മൊട്ട്"  എന്ന് ഷെല്ലി വിശേഷിപ്പിച്ച , ഉദാത്തമായ പ്രതീക്ഷകളവശേഷിപ്പിച്ചു  അകാലത്ത്‌ പൊലിഞ്ഞുപോയ ജോണ്‍ കീറ്റ്സിന്റെ 'ഒരു രാപ്പാടിയോട് '  എന്ന കവിത കാല്പനികത കടഞ്ഞെടുത്ത വെണ്ണയാണ് എന്ന് പറയാം.. ആ കവിതയ്ക്ക് 1970ൽ ഞാൻ നടത്തിയ ഒരു സ്വതന്ത്ര വിവർത്തനമാണ്‌ ചുവടെ കൊടുക്കുന്നത് . ഇക്കഴിഞ്ഞ മാതൃഭാഷാദിനത്തിന്റെ ആവേശത്തിൽ ആണ് ഇപ്പോൾ ഇത് പ്രസിദ്ധീകരിക്കുന്നത് .ഇന്ഗ്ലീഷില്‍ മലയാളം ടൈപ്പ് ചെയ്യുമ്പോള്‍ സംഭവിക്കുന്ന ചില പിശകുകള്‍ ഇപ്പോഴും ഇതില്‍ കണ്ടേക്കാം.

കവിത      : ഒരു രാപ്പാടിയോട്
കവി         : ജോണ്‍ കീറ്റ്സ്
പരിഭാഷ   : കെ. രാമചന്ദ്രന്‍


            ഒരു രാപ്പാടിയോട്

എൻ ഹൃത്ത് പിടയുന്നൂ ,മരവിക്കുന്നൂ മന്ദ -
മിന്ദ്രിയങ്ങളു മെന്തോ ലഹരി പിടിച്ച പോൽ ;
മയക്കും കറപ്പുള്ള പാനീയമശേഷവും
കുടിച്ചു വറ്റിച്ചപോൽ, വിഷനീർ കുടിച്ചപോൽ ;
കഴിഞ്ഞൂ നിമിഷമൊ ,ന്നാഴ്ന്നുപോകയായ് ഞാൻ വി-
സ്മൃതിതൻ നദിയിലെ ചുഴിയിൽ മന്ദം മന്ദം
തുടിക്കും നിന്നാഹ്ലാദത്തിമർപ്പിലസൂയാലു-
വല്ലഞാ ,നാനന്ദത്തി ലാറാടിക്കുളിപ്പവൻ
എണ്ണമറ്റൊരു തണല്‍നികരം വിരിയ്ക്കുന്ന
സുന്ദര ഹരിതാഭ മാകുമൊരിടത്തിങ്കൽ
അങ്ങേതോ മരക്കൊമ്പിൽ വന്നിരുന്നു നീ മുക്ത -
കണ്ഠമീ വസന്തത്തെ പുകഴ്ത്തി പ്പാടീടുന്നൂ .

ഹായ് , സ്വല്പം വീഞ്ഞെൻ കണ്ഠനാളത്തിൽ കടന്നെങ്കിൽ !
പഴകിത്തിടം വച്ച് വീര്യമേറ്റുവാൻ മണ്ണിൽ
കുഴിച്ചുമൂടി,ക്കാലമേറെപ്പോയതാം വീഞ്ഞ്;
ദക്ഷിണഫ്രാന്സിൽ  അങ്ങ് പ്രൊവെൻസൽ ദേശത്തിന്റെ
നൃത്തവും സംഗീതവു മാഹ്ലാദാഘോഷങ്ങളും 
ഹരിതാഭയും സസ്യശോഭയും പങ്കിട്ടൊരു
പഴമുന്തിരിസ്സത്ത് നുകരാൻ കഴിഞ്ഞെങ്കിൽ!
സ്ഫാടിക ചഷകത്തിൽ ശോണിത നിറമാർന്നു
ശോഭിക്കു,മേതിൻ വക്കിൽ കണ്‍ചിമ്മും കുമിളകൾ
മാല കോർത്തിടും,കാവ്യധാരാനിര്‍ഗളശക്ത-
മാക്കു,മാത്തെക്കൻവീഞ്ഞെൻ ചുണ്ടിനോടടുപ്പിച്ചു
മന്ദമായൊട്ടൊട്ടിന്നു നുണയാൻ കഴിഞ്ഞെങ്കിൽ !
പൂർണമായതിൻ വീര്യം മുഴുവൻ നുകർന്ന് ഞാ-
നീ ലോകത്തൊടു യാത്രാമൊഴിയോതി പ്പൊന്നേനെ;
അങ്ങ് ദൂരത്തേ -ക്കങ്ങേ സുന്ദര വനത്തിലേ-
ക്കിന്നു ഞാനദൃശ്യനായ്‌ നിന്നോടൊത്തണഞ്ഞേനെ..  

അങ്ങുപോയ്മറഞ്ഞാലും  ദൂരത്ത്‌ ലയിച്ചാലു-
മെന്നേക്കും മറന്നാലും  ഞങ്ങൾതൻ വൃത്താന്തങ്ങൾ !
ക്ഷീണരാം മനുജന്മാർ ഖിന്നരായ് ജ്വരാർത്തരായ്‌ 
ദീനരായ് ഞരങ്ങുന്ന തിവിടെയെന്നും  കേൾക്കാം.
വാതബാധയാൽ ചിലർ നടുങ്ങിപ്പിടയുന്നൂ
കാലത്തിൻ ജരാനര പൂണ്ടു കേണുഴലുന്നൂ.
യൌവനം വിളറുന്നൂ ,സർവശക്തിയും ക്ഷയി-
ച്ചൊടുവിൽ, പ്രേതംപോലെ, മരണപ്പെട്ടീടുന്നു .
നീ വൃക്ഷപ്പടർപ്പിങ്കൽ   കാണാത്തൊരീ ജീവിത-
മാകെയും മറന്നങ്ങു ദൂരത്തേക്കണഞ്ഞാലും 
ലോകമിതോർത്താലാർക്കും  ശോകസങ്കുലമത്രേ
കാണ്മതു നൈരാശ്യത്തിൻ കാരീയമിഴികളും . 
കണ്ണിന്‍റെ തിളക്കവുംപുതുതാം പ്രണയവു-
മിവിടെക്ഷണികമാം സൌന്ദര്യത്തിടമ്പിനും.

കുതിയ്ക്കൂ ! കുതിയ്ക്കൂനീ !പിന്തുടർനീടാം ഞാനും
പിറകെ യദൃശ്യമാം കവിത്വ ച്ചിറകിന്മേൽ
മദ്യദേവനും പാർഷദന്മാരും തെളിക്കുന്ന
ലഹരീരഥമേറിയല്ല ഞാന്‍ നിന്നോടൊപ്പം .
ശുഷ്കമാമെൻ മസ്തിഷ്കം  കുഴഞ്ഞുമറിയുന്നെ  -
ന്നുൽസാഹം നശിക്കുന്നു, പിറകോട്ടടിച്ചാലോ
രാത്രി സുന്ദരം  , ചന്ദ്രനിരിപ്പൂ മഞ്ചത്തിങ്കൽ
ചുറ്റിലും ചുഴലുന്നൂ യക്ഷികൾ നക്ഷത്രങ്ങൾ
എങ്കിലുമിവിടില്ലാ വെളിച്ച,മിളംകാറ്റി-
ലിലച്ചാർത്തിളകവേ  വരുന്നതല്ലാതൊട്ടും..

ഏതെല്ലാം കുസുമങ്ങൾ ചുറ്റിലും വിടർന്നെന്ന-
തീ യിരുട്ടിലെൻ കണ്ണാലെനിക്ക്‌ കാണാൻ വയ്യ;
പൂമരക്കൊമ്പിൽനിന്നു വിടർന്നും ഞാന്നും നില്പ-
തേതൊരു  സുഗന്ധിയാം  പൂവെന്നുമറിവീല.
എങ്കിലും പരിമളപൂരിതമിരുട്ടിലു-
മെന്തെല്ലാം പൂവുണ്ടാമെന്നൂഹിക്കാ മീമാസത്തിൽ.
പുല്ലിലും തൊടിയിലും കുറ്റിക്കാട്ടിലും കാട്ടു-
വല്ലികളിലുമെല്ലാ   മെത്രയോ പൂക്കൾ കാണും.
ഹോതോ,നെഗ്ലന്റൈൻ , വേഗം വാടുന്ന വയലറ്റും
മെയ്മാസ മാദ്യം വിടരുന്ന കസ്തൂരിറോസും;
പനിനീരിലൂറുന്ന  തേൻ നുകരുവാൻ മൂളി -
പറന്നെത്തിടും ശലഭങ്ങൾ തൻ മൂളക്കവും .

ശ്യാമളശരീരമേ , നിന്മനോഹര ഗാനാ-
ലാപത്തിൻ ലയത്തിൽ ഞാൻ നിർവൃതിയടയുന്നൂ
മരണം കൊതിച്ചീടാറുണ്ട് ഞാൻ പലപ്പൊഴു -
മതിനെ പ്രിയപ്പെട്ട പേരുകൾ വിളിപ്പു ഞാൻ .
പരമാനന്ദത്താൽ നീ പകരും ഗാനത്താലീ-
ധരയെക്കുളിപ്പിക്കുംമോഹന മുഹൂർത്തത്തിൽ,
ഈ നിശാമദ്ധ്യത്തിങ്ക, ലേതുമേ ഖേദം കൂടാ-
തീ ലോകം വിട്ടാലെത്ര ധന്യനായിരുന്നു ഞാൻ !
പിന്നെയും നീ സംഗീതം ചൊരിയും ,മരണത്തിൻ
മണ്ണിലെൻ കർണങ്ങൾക്ക്‌ കേൾക്കുവാൻ വയ്യാതാവും.

മരണം നിനക്കെന്നുമില്ലനശ്വര ഗാന -
പ്രവീണാ! നിന്നെയിരയാക്കില്ലാ  ഖലജനം .
ഇന്ന് ഞാൻ ശ്രവിക്കുന്നോരീഗാനം പണ്ടങ്ങൊരു
സാർവഭൗമനും വിദൂഷകനും ശ്രവിച്ചുപോൽ 
നിന്റെയീ ഗാനംതന്നെയല്ലി പണ്ടന്യൻ തന്റെ
ധാന്യഭൂമിയിൽ ഗൃഹാതുര, ദുക്ഖിത റൂത്ത്
കണ്ണുനീർ തൂകി ക്കൊണ്ട് മാഴ്കി നില്ക്കവേ യന്നാ -
ക്കന്യതൻ മനസ്സിന്റെ   തന്ത്രികൾ ചലിപ്പിച്ചൂ!
പണ്ടിതേ ഗാനം  പാരാവാരത്തിന്നപാരത
തന്നിലങ്ങേതോ ത്യക്ത  യക്ഷ്ഭൂമിയിലൊരു
മാന്ത്രികൻ കപടത്താൽ നിർമിച്ച മായാജാല -
ഹർമ്യത്തിൻ സോപാനത്തിൽ ഹന്ത ചെന്നലച്ചുപോൽ

ത്യക്തം -ആപ്പദമെന്നെ നിന്റെഗാനത്തിൽനിന്നു-
മീ പ്രപഞ്ചത്തിൽതന്നെ മണിയൊച്ചപോൽ  തള്ളീ !
(ഭാവനാ സാമ്രാജ്യത്തില്‍  തങ്ങുവാനേറെ നേര -
മാവതില്ലാരായാലു മിതുതാന്‍ പരമാര്‍ത്ഥം - വിവ)
വിട നല്‍കുക ! മായാവലയില്‍ ക്കുരുക്കുന്ന
വനിതയെന്നും  ഖ്യാതി നേടിയ ദുര്‍ദേവതേ!
വിടചൊല്ലട്ടെ! വിട! ഗായകാ തവഗാന -
മകലത്തകലത്തായവ്യക്തമായ്‌ തീര്‍ന്നല്ലോ.
മുന്നിലായ്‌ പരന്നൊരു ഭൂവിതാനവുമതിന്‍
പിന്നിലായൊഴുകുന്ന കൊച്ചുകാട്ടരുവിയും
അങ്ങുകാണുമാക്കുന്നിന്‍ പുറവും, അതിന്നങ്ങേ-
ച്ചരിവില്‍ കിടക്കുന്ന താഴ് വര പ്രദേശവും
താണ്ടി നീയകലേയ്ക്ക് പോകവേ നിന്‍ ഗാനമെന്‍
കാതില്‍നിന്നകലുന്നൂ കേള്‍ക്കാതാവുന്നൂ മന്ദം .
എന്തുവാനിത് വെറും സ്വപ്നമോ  യാഥാര്‍ത്ഥ്യമോ?
എങ്ങുപോയാ സംഗീതം -ഞാനുറങ്ങുകയാണോ?



എന്തുകൊണ്ട് വിവര്‍ത്തനം ?
കെ. രാമചന്ദ്രന്‍,;പയ്യന്നൂര്‍
ഇന്ഗ്ലീഷിൽ നല്ലതെന്തു വായിച്ചാലും അത്‌ നമ്മുടെ സ്വന്തം ഭാഷയായ മലയാളത്തിൽ വരണമെന്ന ഉത്ക്കടമായ ആഗ്രഹം എനിക്കുണ്ടായിരുന്നു.അതാണ്‌ എന്നെ   പലപ്പോഴും പല 'വിവർത്തന സാഹസ'ങ്ങളി ലേക്കും നയിച്ചത് .വിവർത്തനമെന്ന പ്രക്രിയ
വളരെ ശ്രമകരവും ,എളുപ്പം സംതൃപ്തി നല്കാത്തതും അതേസമയം രസകരവുമായ ഒരു വെല്ലുവിളിയാണ് -പരിഭാഷപ്പെടുത്തെണ്ടത് സർഗാത്മക കൃതികളാവുമ്പോൾ , വിശേഷിച്ചും.ഒരു ഭാഷയിൽ നിന്നു  മറ്റൊന്നിലേക്കല്ല , മറിച്ച് ,ഒരു ജീവിത പശ്ചാത്തലത്തിൽനിന്നു
മറ്റൊന്നിലേക്കാണ് ,തികഞ്ഞ ഉത്തരവാദിത്തത്തോടെ ഈ യത്നം നിറവേറ്റെണ്ടത് .മലയാളത്തിൽ മൗലിക കൃതി രചിക്കുന്നതിനെക്കാൾ      എത്രയോ പ്രയാസമേറിയതാണ് ഇന്ഗ്ലീഷില്നിന്നുള്ള വിവർത്തനം എന്നു അനുഭവത്തിലൂടെ എനിക്ക് പറയാൻ കഴിയും.എന്നാൽ , എന്തുകോണ്ടോ ,ശരാശരി മലയാള വായനക്കാർ ഒട്ടൊരു നീരസത്തോടെയോ  താത്പര്യരഹിതമായ ഒരുതരം  നിസംഗതയോടെയോ  ആണ് വിവർത്തനങ്ങളെ കാണുന്നതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് ..വിവർത്തനം എന്ന കഠിന പരിശ്രമത്തിന് ഒട്ടും പ്രോത്സാഹജനകമല്ലാത്ത  ഒരു മനോഭാവവും മുൻവിധിയും  അവരിൽ  പലർക്കുമുണ്ട്.ആത്മസംതൃപ്തിയ്ക്ക് വേണ്ടി  നന്ദിയില്ലാത്ത ഈ ജോലി ഏറ്റെടുത്തവർ മാത്രമേ വിവർത്തനരംഗത്ത്‌ കാതലായ എന്തെങ്കിലും സംഭാവന നല്കിയിട്ടുള്ളൂ എന്നാണ് എനിക്ക് തോന്നുന്നത്‌ .അന്യഭാഷയിലായതുകൊണ്ടുമാത്രം അതറിയാത്തവർക്ക് ഒരു കൃതി ആസ്വദിക്കാൻ കഴിയാതെപോകരുത് എന്ന ഉദാര ചിന്തയാണ് ഒരു  നല്ല പരിഭാഷകനെ വിവർത്തനത്തിന്  പ്രചോദിപ്പിക്കുന്നത് .ഇരുഭാഷകളിലുമുള്ള വ്യുൽപത്തിയും ,സർഗശേഷിയും ജീവിതാനുഭവവും
ചേർന്നാണ് പരിഭാഷയ്ക്കു മുതിരാനുള്ള ആത്മവിശ്വാസം പകരുന്നത്.  എന്നാൽ,ഒരു തൊഴിലോ ഉപജീവനമാർഗമോ എന്ന നിലയ്ക്കല്ലാതെ  വിവർത്തനത്തിലേർപ്പെടുന്നവർക്ക് സാമൂഹികമോ,രാഷ്ട്രീയമോ ആയ  എന്തെങ്കിലും ഉൾപ്രേരണ ഉണ്ടായിരിക്കും .

എങ്കിലും,പരിഭാഷ നടത്തുമ്പോൾ പിഴവുകൾ വരാനുള്ള സാദ്ധ്യത വളരെ  അധികമാണ്. ഒരു ഭാഷ എന്നത് ഒരു നിശ്ചിത കാലത്തുള്ള നിശ്ചിതസമൂഹത്തിന്റെ സാംസ്കാരിക ചിഹ്നവ്യവസ്ഥയും   ആശയാവിഷ്കാര ഉപാധിയും ആയതുകൊണ്ട് തന്നെ , അതിന്റെ എല്ലാ പൂർണതയോടും കൂടി അതിനെ മറ്റൊരു ഭാഷയിലേക്ക് വിവർത്തനം ചെയ്യുക ഏതാണ്ട് അസാദ്ധ്യം തന്നെയാണ് എന്ന് പറയാം.എങ്കിലും,വായനക്കാർക്ക് പ്രയോജനപ്രദമായ വിധത്തിൽ ചില  അനുഭവമണ്ഡലങ്ങളെങ്കിലും പങ്കിടാൻ നല്ല ഒരു വിവർത്തനത്തിന് കഴിയും..വിവർത്തനങ്ങളുടെ  പ്രസക്തി അതുതന്നെയാണ്.സാഹിത്യ വൈജ്ഞാനിക കൃതികൾ മാത്രമല്ല, ചലച്ചിത്രങ്ങളുടെ സംഭാഷണ- അടിക്കുറിപ്പുകൾ (subtitles) അടക്കം മലയാളത്തിൽ വിവർത്തനംചെയ്യാനുള്ള  ശ്രമങ്ങൾ കുറച്ചുനാളായി പുരോഗമിക്കുന്നത്  താത്പര്യജനകമായ നല്ല ഒരു പ്രവണതയാണ് ഭാഷയ്ക്ക് ഇതൊക്കെ മുതൽക്കൂട്ടാവും;  മാത്രമല്ല , മലയാളിമനസ്സിന്റെ ബോധചക്രവാളങ്ങൾ   ഇവ വികസിപ്പിക്കും എന്നുള്ളത് ഉന്മേഷ ദായകമായ ഒരു പ്രതീക്ഷയാണ്.






Friday 20 February 2015

 പഴയ കവിതകളുടെ ഇടയിൽനിന്നു ഇതാ ഒന്നുകൂടി ; ഹെറിക്കിന്റെ ഒരു പ്രണയകവിത.

കവിത:ആന്തിയയോട്  
പരിഭാഷ:രാമചന്ദ്രൻ.


"ജീവിക്കെ" ന്നരുളിയാൽ ജീവിക്കാം;അതുമല്ല  
"പ്രേമിക്കെ"ന്നാണെന്കി,ലെൻ ഹൃദയം നിനക്കേകാം.                                                                      
സ്വച്ഛ ,നിർമല,മതിശുദ്ധ ,മക്ളിഷ്ടം മമ
ഹൃത്തത് നിനക്കേകാമോമനേ ,മടിയില്ല!
നിത്യവുമത് നിന്റെയരികേ വർത്തിക്കാൻ നീ
യിച്ഛചിക്കിലതുപോലെ   നിന്നിഷ്ടം നടപ്പാക്കാം .
മുറ്റുമതല്ലാ; നീറിപ്പുകയട്ടെയെന്നോ നിൻ  
നിശ്ചയ?-മതുമനുസരിക്കാം നിനക്കായി.
കരയാൻ പറയുമ്പോൾ കരയാം,നൈരാശ്യത്തി  -
ന്നിരയാക്കുമെന്നാകിലതുമങ്ങിനെയാട്ടെ !
കാണുവാനെനിക്കുണ്ട് കണ്ണുകൾ ര, ണ്ടായവ   
കേഴുവാൻ മടിക്കില്ലെന്നോമലാളിനുവേണ്ടി.  
മരിക്കാനെന്നോടു നീ യാവശ്യപ്പെടുന്നാകി-  
ലതിനും സന്നദ്ധൻ ഞാൻ ;-സ്ഥിരമീയനുരാഗം. 
പ്രാണനാണ്‌ നീ ,പ്രാണസഖി ,യെൻ ഹൃദയം നീ
യാണ്; എന്തിനേറെ ,യീകണ്കളും നിന്റേതല്ലോ .
നിന്നാജ്ഞാനുവർത്തിയെൻ മേനിയിതാകെ ;ക്കൽപ്പി-
ച്ചെന്നാൽ ജീവിക്കാം; മൃത്യു വരിക്കാം ;യഥേഷ്ടം ഞാൻ . 

Monday 16 February 2015

 കവിത :കുഞ്ഞാട്
കവി:വില്ല്യം ബ്ലേയ്ക്ക്
പരിഭാഷ :രാമചന്ദ്രൻ
ബ്ലേയ്ക്കിന്റെ  പ്രസിദ്ധമായ ഈ കവിത ഞാൻ വിവർത്തനം ചെയ്തത് ഏതാണ്ട് അഞ്ചു പതിറ്റാണ്ട് മുൻപാണ്‌.പഴയ കടലാസുകളുടെ  ഇടയില്നിന്നു കണ്ടെടുത്തപ്പോൾ   പ്രസിദ്ധീകരിച്ചാലോ എന്നൊരു കൌതുകം തോന്നി .ഇത്തരം ചിലതെല്ലാം ഇപ്പോൾ കണ്ടുകിട്ടിയിട്ടുണ്ട്.  പഴയ ഭാവുകത്വത്തെക്കുറിച്ചൊരു തിരിഞ്ഞുനോട്ടത്തിനു   വകയുണ്ട്.
        കുഞ്ഞാട്
ആടേ ആടേ കുഞ്ഞാടേ നീ
 ആരുടെ സൃഷ്ടിയതറിയാമോ?              
ആര് നിനക്കീ ഉയിരേകീ ?
അരുവിക്കരയിൽ മൈതാനത്തിൽ
നിനക്ക്  തിന്നാൻ വകയേകീ ?
ആനന്ദത്താലാറാടിക്കും
മിനുത്ത രോമക്കുപ്പായം ;
താഴ്‌വര മുഴുവൻ കേട്ട് കുളിർക്കും
കോമളമായൊരു മൃദുശബ്ദം ;
നിനക്കിതൊക്കെ സമ്മാനിച്ചവ-
നാരെന്നു നിനക്കറിയാമോ  ?    
ആടേ ആടേ കുഞ്ഞാടേ നീ
ആരുടെ സൃഷ്ടിയതറിയാമോ?
ആടേ നിന്നൊടു ഞാൻ ചൊല്ലാം 
ആടേ നിന്നൊടു ഞാൻ ചൊല്ലാം .
നിന്നുടെ പേരാണങ്ങോർക്കും
എങ്ങിനെയാണെന്നറിയണ്ടേ ?
താനുമൊരാട്ടിൻ കുഞ്ഞാണെ -
ന്നങ്ങോർ തന്നെ പറഞ്ഞല്ലോ .
സൌമ്യതയാൽത്തൻ ശാന്തതയാൽ
ചെറിയൊരു ശിശുവായങ്ങോരും.
ഞാനൊരു ശിശു നീയാട്ടിൻകുട്ടി .
അദ്ദേഹത്തിൻ പേരാലല്ലൊ
ലോകം നമ്മെ വിളിക്കുന്നൂ ..
ദൈവം നിന്നെ കാക്കട്ടെ !
ആടേ ആടേ കുഞ്ഞാടേ!
ആടേ ആടേ കുഞ്ഞാടേ !
ദൈവം നിന്നെ കാക്കട്ടെ 1