Wednesday 25 May 2016

      കവി    : ലിസല്‍ മ്യുള്ളര്‍
     കവിത : ലാഫ്റ്റ്ര്‍ ഓഫ് വിമന്‍ ‍(പെണ്ണുങ്ങളുടെ ചിരി)
  പരിഭാഷ: കെ. രാമചന്ദ്രന്‍


1924ല്‍ ജര്‍മനിയിയിലെ ഹാംബര്‍ഗില്‍ ജനിച്ച്,പതിനഞ്ചാം വയസ്സില്‍ നാസിഭരണത്തിന്റെ കെടുതികളില്‍നിന്നഭയം തേടി  സകുടുംബം അമേരിക്കയിലേക്ക് കുടിയേറിയ കവി. ദി പ്രൈവറ്റ് ലൈഫ്(1975),സെകണ്ട് ലാന്‍ഗ്വേജ്(1980),   ദി നീഡ്‌ ടു ഹോള്‍ഡ്‌  സ്റ്റില്‍ ‍(1980), അലൈവ് ടുഗെദര്‍(1996) തുടങ്ങിയവ പ്രശസ്ത കൃതികള്‍..ദി നീഡ്‌ ടു ഹോള്‍ഡ്‌  സ്റ്റില്‍  എന്ന കൃതിക്ക് 1981ല്‍ നാഷണല്‍ ബുക്ക് അവാര്‍ഡും അലൈവ് ടുഗെദര്‍ എന്ന സമാഹാരത്തിനു 1997 ല്‍ പുലിറ്റ്സര്‍ സമ്മാനവും നേടി. "വ്യക്തിജീവിതവും പൊതുജീവിതവും തമ്മിലുള്ള ബന്ധത്തിലെ സമസ്യകളെ രൂപകങ്ങളിലൂടെയും ബിംബങ്ങളിലൂടെയും അടയാളപ്പെടുത്തിയ കവി" എന്നാണു പോയട്രി ഫൌണ്ടേഷന്‍  92 വയസ്സുള്ള അവരെ വിശേഷിപ്പിച്ചത്‌

പെണ്ണുങ്ങളുടെ ചിരി
അനീതിയുടെ മണ്ഡപങ്ങള്‍ക്ക് തീ കൊളുത്തുന്നു
കള്ളത്തെളിവുകള്‍ കോമളമായ വെള്ളവെളിച്ചത്തില്‍ കത്തിയമരുന്നു
ഭരണസഭാതലങ്ങളുടെ ഉപശാലകളെ അത് കിടിലം കൊള്ളിക്കുന്നു
ജനാലകളെ അത് ഊക്കോടെ മലര്‍ക്കെ തള്ളിത്തുറക്കുന്നു
ഗിരിപ്രഭാഷണങ്ങള്‍ അവയിലൂടെ പുറത്തേക്ക് പറന്നുപോവുന്നു.

പെണ്ണുങ്ങളുടെ ചിരി
വൃദ്ധരുടെ കണ്ണടകളെ മൂടിയ മഞ്ഞു തുടച്ചുകളയുന്നു
അതവരെ സുഖകരമായ ജ്വരത്താല്‍ ആവേശിതരാക്കുന്നു
വീണ്ടും ചെറുപ്പമായതുപോലെ അവര്‍ ചിരിക്കുന്നു

നിലവറകളില്‍ തുറുങ്കിലാക്കപ്പെട്ട തടവുകാര്‍
പെണ്ണുങ്ങളുടെ ചിരിയെക്കുറിച്ചോര്‍ക്കുമ്പോള്‍ ,
വീണ്ടും സ്വാതന്ത്ര്യത്തിന്റെ പകല്‍വെട്ടമാണതെന്ന് സങ്കല്‍പ്പിക്കുന്നു.

പരസ്പര ശത്രുതയുള്ള ഇരുകരകളെ വിഭജിക്കുന്ന
വെള്ളത്തെ കുറുകെ കടന്നു അവയെ ഒത്തുതീര്‍പ്പിലെത്തിക്കുന്നു;
ഇരുവശത്തും സന്ദേശമെത്തിക്കുവാന്‍ സൂചന നല്‍കുന്ന പന്തങ്ങളെന്നപോലെ ..

പെണ്ണുങ്ങളുടെ ചിരി
എന്തൊരു ഭാഷയാണത്‌!
ഉയര്‍ന്നു പറക്കുന്നതും വിധ്വംസകവുമായ ഒന്ന്.
വേദപുസ്തകങ്ങള്‍ക്കും നിയമങ്ങള്‍ക്കും എത്രയോ കാലം മുമ്പേ
നമ്മള്‍ ആ ചിരി കേട്ടിട്ടുണ്ട്; സ്വാതന്ത്ര്യം അറിഞ്ഞിട്ടുണ്ട്.

No comments:

Post a Comment