Wednesday 4 May 2016

 ബലാത്സംഗവിരുദ്ധചിന്തകള്‍  ജിഷാവധത്തിന്റെ  പശ്ചാത്തലത്തില്‍

ജിഷ പുറമ്പോക്കില്‍ താമസിക്കുന്ന ദരിദ്രയുംദളിതുമായ പെണ്‍കുട്ടിയായതുകൊണ്ടുതന്നെ,കുറ്റംനടന്നു ദിവസങ്ങള്‍ കഴിഞ്ഞിട്ടേ നിയമ/ കുറ്റാന്വേഷണ സംവിധാനങ്ങള്‍ ചലിച്ചുള്ളൂ.തൊട്ടടുത്തു താമസിക്കുന്നവര്പോലും ഈ കൊലപാതകത്തെ അവഗണിച്ചതുമൂലം കേരളം ഇതറിയുന്നത് വൈകിയാണ്.അറിഞ്ഞപ്പോള്‍ സ്വാഭാവികമായും പ്രതിഷേധത്തിന്റെ വേലിയേറ്റമുണ്ടായി.

കേരളത്തില്‍ 2015 ല്‍ മാത്രം 1263 ബലാത്സംഗ കേസുകള്‍ രജിസ്ടര്‍ ചെയ്യപ്പെട്ടിട്ടുണ്ടത്രെ; സ്ത്രീകളെ അപമാനിച്ചതിനും ഭര്‍തൃ പീഡനത്തിനുമെതിരെയുള്ള ആയിരക്കണക്കിന് കേസുകള്‍ ഇതിനുപുറമെയും.ഇത് വിരല്‍ ചൂണ്ടുന്നത് നമ്മുടെ സമൂഹത്തില്‍ സ്ത്രീകളുടെ അവസ്ഥ എത്രമാത്രം പരിതാപകരമാണ് എന്നതിലേക്കാണ്.പോലീസും മനുഷ്യാവകാശലംഘനത്തിനെതിരായ നിയമ പരിരക്ഷയും അതീവ ദുര്‍ബലമായി എന്ന് മാത്രമല്ല;പല കാരണങ്ങളാലും സംഭവിച്ചുകൊണ്ടിരിക്കുന്ന സാംസ്കാരിക അധപ്പതനം ഒരു അര്‍ബുദം പോലെ സമൂഹത്തെ ബാധിച്ചു കൊണ്ടിരിക്കുന്നുഎന്ന് കൂടി ഇത് സാക്ഷ്യപ്പെടുത്തുന്നു.ജിഷയുടെ മരണത്തിനുത്തരവാദികളെ ഉടന്‍ കണ്ടെത്തി നിയമത്തിനുമുന്നില്‍ കൊണ്ടുവരേണ്ടത് അടിയന്തിരപ്രാധാന്യമുള്ള സംഗതിയാണ്. അതോടൊപ്പം തന്നെ, ഈ പ്രശ്നത്തിന് സ്ഥായിയായ സാമൂഹിക പരിഹാരങ്ങളെന്ത് എന്നും അവ നടപ്പിലാക്കാനുള്ള സാധ്യതകള്‍ എത്രത്തോളം നിലനില്‍ക്കുന്നു എന്നുമുള്ള  ഗൌരവപൂര്‍ണ്ണമായ അന്വേഷണങ്ങളും പ്രവര്‍ത്തനങ്ങളും ഉണ്ടാവണം.

ബലാത്സംഗം എന്നത് കൊലപാതകം പോലെതന്നെ നിസ്സഹായാവസ്ഥയിലാക്കപ്പെട്ട ഒരു വ്യക്തിയുടെ മേലുള്ള അധികാര ദുര്‍വിനിയോഗവും ക്രൂരമായ ഹിംസയും ആണ്. വംശം , ജാതി, വര്‍ഗം,  ലൈംഗികത, പ്രായം, സാമര്‍ത്ഥ്യം എന്നിവയുടെയും മറ്റും അടിസ്ഥാനത്തില്‍പദവി കുറഞ്ഞവരെ ഭീഷണിപ്പെടുത്താനോ, അവഹേളിക്കാനോ, നിയന്ത്രിച്ചു ചൊല്‍പ്പടിയില്‍ നിര്‍ത്താനോ വേണ്ടി അധികാരമുള്ളവര്‍ പ്രയോഗിക്കുന്ന നികൃഷ്ടമായ ഒരു തന്ത്രമാണത്.സ്ത്രീകളും കുട്ടികളുമാണ് ഇതിനു മിക്കപ്പോഴും ഇരയാകുന്നത്; സമൂഹത്തില്‍ അവര്‍ക്ക് താരതമ്യേന  കുറഞ്ഞ അധികാരവും  താഴ്ന്ന പദവിയും മാത്രമേ നല്കപ്പെടുന്നുള്ളൂ എന്നതാണ് ഇതിന്‍റെ പ്രധാന കാരണം.

സ്ത്രീപുരുഷബന്ധങ്ങള്‍ ജനാധിപത്യപരമോ, സമത്വാധിഷ്ടിതമോ അല്ലാത്ത ഒരു സമൂഹത്തില്‍ സ്ത്രീകളോട് അവഹേളനാത്മകവും ധിക്കാരം കലര്‍ന്നതുമായ മനോഭാവമാണ് മിക്ക പുരുഷന്മാരും വച്ചുപുലര്‍ത്തുന്നത്.മതങ്ങളുടെയോ, ജാതികളുടെയോ അത്തരം സ്ഥാപനങ്ങളുടെയോ സഹായത്തോടെ അധീശത്വ- വിധേയത്വ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കപ്പെടുന്ന പുരുഷാധിപത്യ സമൂഹങ്ങളില്‍പുരുഷകേസരികള്‍ സ്ത്രീത്വത്തിന്റെ ധ്വംസനം അവരുടെ ജന്മാവകാശമായി ഏറ്റെടുത്ത്കൊണ്ട്   ഏറിയോ കുറഞ്ഞോ ഇത്തരം ബലാത്ക്കാരങ്ങളില്‍ ഏര്‍പ്പെടുവാനുള്ള 'ധൈര്യം' കാട്ടുന്നു. ഇത് അങ്ങേ അറ്റം ഹീനവും, അപരിഷ്കൃതവും അപലപനീയവും ആണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

എന്നാല്‍ ക്രൂരമായ ബലാത്സംഗങ്ങളും തുടര്‍ന്നു  നിസ്സഹായരായ പെണ്‍കുട്ടികളുടെ മരണങ്ങളും നടക്കുമ്പോള്‍ മാത്രമാണ് ഈ സാമൂഹിക തിന്മ യ്ക്കെതിരെയുള്ള പ്രതികരണങ്ങള്‍ ഉണരുന്നത്.നിര്ഭയയും സൗമ്യയും ഒടുവിലിപ്പോള്‍ ജിഷയുംവധിക്കപ്പെട്ടപ്പോള്‍ പുരുഷമലയാളിയുടെ ധാര്‍മികരോഷം സടകുടഞ്ഞു എഴുന്നേറ്റിരിക്കുന്നു. ഞെട്ടലുംപ്രതികാരവാഞ്ചയും അതില്നിന്നുളവാകുന്ന ആക്രോശങ്ങളുംമാധ്യമങ്ങളില്‍ നിറയുന്നു. "ഇത്തരക്കാരെ' പൊതു സ്ഥലത്ത് ചുട്ടുകൊല്ലണം,തൂക്കിലേറ്റണം; അവരുടെ ലിംഗം അറുത്ത് ഇഞ്ചിഞ്ചായി വധിക്കണം എന്നൊക്കെയുള്ള പ്രാകൃതമായശിക്ഷാവിധികളും പലരും നിര്‍ദേശിക്കുന്നുണ്ട്. നമ്മുടെ നാട്ടില്‍ശിക്ഷ കുറഞ്ഞു പോയതും നിയമത്തിന്‍റെ കാര്‍ക്കശ്യം കുറഞ്ഞുപോയതും വക്കീലന്മാരുടെ കഴിവും , ജയിലുകളിലെ 'സുഖകരമായ' ചുറ്റുപാടുകളും ഒക്കെ ചേര്‍ന്നാണ് കുറ്റം ആവര്‍ത്തിക്കുന്നതിനു പ്രേരകമായത് എന്നും ചിലര്‍  കണ്ടെത്തുന്നു. ശിക്ഷ് അനുഗ്രഹമായതിനുഉദാഹരണമായി അവര്‍  'ജയിലിലെ സദ്യകഴിച്ചു കൊഴുത്ത'ഗോവിന്ദച്ചാമിയെ ചൂണ്ടിക്കാട്ടുന്നു.സ്വന്തം കയ്യില്‍ കിട്ടിയാല്‍ നേരിട്ട് ശിക്ഷ   നടപ്പിലാക്കാനും സോഷ്യല്‍ മീഡിയയിലെ ക്രുദ്ധരായ യുവാക്കള്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.നാട്ടിലെ നിയമം, ഭരണഘടന, ജനാധിപത്യ ഭരണക്രമം ഇതെല്ലാം ശല്യമുണ്ടാക്കുന്നു എന്നാണു കുപിതരായ ഈ പ്രതികാര ദാഹികളുടെ ആക്ഷേപം.

 എന്നാല്‍ഇവരുടെ ഇതേ നിരാശയും,പകയും പ്രതികാരവും, കോപവും ഈര്‍ഷ്യയും അഹങ്കാരവും ഒക്കെത്തന്നെയാണ് ചിലരെ ബലാത്സംഗം, കൊലപാതകം പോലുള്ള കുറ്റകൃത്യങ്ങളിലേക്കും നയിക്കുന്നത് എന്ന വസ്തുത ഇവര്‍ സൌകര്യപൂര്‍വ്വം മറന്നുപോവുന്നു.നിഷ്ടുരമായ ഹിംസയ്ക്കെതിരെയുള്ള രോഷം അതേ നാണയത്തിലുള്ള ഹിംസയായി തിരിച്ചുകൊടുക്കാനുള്ള പ്രേരണ എത്ര ശക്തമാണെന്ന് നോക്കുക! സ്ത്രീകളെ തുല്യരായെന്നല്ല, മനുഷ്യരായിപ്പോലും പരിഗണിക്കാന്‍ തയ്യാറില്ലാത്ത, അവരെ വെറും ലൈംഗികഉപകരണങ്ങള്‍ മാത്രമായി കാണുന്ന മനുഷ്യരാണ് ബലാത്സംഗത്തിലെ പ്രതികള്‍ ‍. അവര്‍ക്കെതിരെ വാളുയര്‍ത്തുന്നവര്‍ തങ്ങളുടെ ബോധവും അവരുടെതില്‍നിന്നു ഏറെ വ്യത്യസ്തമാണോ എന്ന് ഒരു ആത്മപരിശോധന നടത്തണം.കുറ്റവാളികള്‍ മറ്റാരോ ആണ്; തങ്ങള്‍ക്കിതില്‍ പങ്കില്ല എന്ന മട്ടിലാണ് ഇവരില്‍ പലരുടെ കുറ്റരോപണവും ശിക്ഷാ വിധിയും. സ്ത്രീസമത്വ പ്രശ്നത്തില്‍സ്വന്തം ഉത്തരവാദിത്വങ്ങളില്‍ നിന്നും, സ്വയം നടത്തേണ്ട ഒരു ബോധനവീകരണത്തില്‍നിന്നും ഒഴിഞ്ഞുമാറാനുള്ള മനശാസ്ത്രപരമായ ഒരു തന്ത്രം കൂടിയല്ലേ ശിക്ഷയെക്കുറിചു മാത്രമുള്ള ഈ വാചാലത എന്നും സംശയിക്കണം.

ബലാത്സംഗം തടയണമെങ്കില്‍ അതിന്റെ അടിസ്ഥാന കാരണങ്ങള്‍ തന്നെ അന്വേഷിച്ച് പരിഹാരനടപടികള്‍ ആരംഭിക്കണം.സാമൂഹികമായി അത് നിലനില്‍ക്കാന്‍ ഇടയാക്കുന്ന സാഹചര്യങ്ങളെ മാറ്റണം.പുരുഷാധികാരവും താന്‍ പ്രമാണിത്തവും സ്ഥാപിച്ചെടുക്കാനുള്ള അറ്റ കൈ പ്രയോഗമായി ബലാത്സംഗം തിരിച്ചറിയപ്പെടണം.കേവലം ഒരു ലൈംഗിക കുറ്റമായി ബലാത്സംഗത്തെ വിശകലനം ചെയ്യുന്നതുകൊണ്ട് പ്രയോജനമില്ല.സമൂഹത്തില്‍ ഉള്‍ച്ചേര്‍ന്നു കിടക്കുന്ന സ്ത്രീവിരുദ്ധതയെ വേരോടെ പിഴുതുകളയാന്‍ തക്ക ജനാധിപത്യബോധം സമൂഹം കൈവരിക്കണം.പുരുഷന്റെ ബോധത്തിലാണ് ആദ്യം മാറ്റം വരേണ്ടത്.'പൌരുഷ'ത്തെക്കുറിച്ച് ഇതുവരെ ആളുകള്‍ താലോലിച്ചുപോന്ന മിഥ്യാ സങ്കല്പങ്ങള്‍ക്ക് പകരം യാഥാര്‍ത്ഥ്യത്തെ പ്രതിഷ്ഠിക്കാനുള്ള സന്നദ്ധതയുണ്ടാവണം. പ്രതികാരം മൂത്ത് ആരെയെങ്കിലും ചുട്ടുകൊന്നോ തൂക്കിലെറ്റിയോ നേടാവുന്ന ഒന്നല്ല , മറിച്ച്, ഒരു പുതിയ സാംസ്കാരിക അവബോധത്തിലൂടെ നേടിയെടുക്കേണ്ട ഒന്നാണിത്.ഓരോതവണയും ഇത്തരം ക്രൂരതകള്‍ അരങ്ങേറുമ്പോള്‍  വെറുതെ രോഷം കൊണ്ടതുകൊണ്ടുമാത്രം പ്രയോജനമില്ലെന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഇവ  സംഭവിക്കുമ്പോഴും ബോധ്യപ്പെടാത്തതെന്തുകൊണ്ട്? വസ്തുതകളെ സത്യസന്ധമായി അഭിമുഖീകരിക്കാനുള്ള വൈമുഖ്യവും ആണ്‍കോയ്മക്കെതിരെ സ്വയം വിരല്‍ ചൂണ്ടാനുള്ള അധൈര്യവും മൂലം, യഥാര്‍ത്ഥപരിഹാരങ്ങള്‍ അവഗണിക്കുകമാത്രമാണ് താത്കാലിക-അതി വൈകാരികപ്രതികരണങ്ങളില്‍ മാത്രം അഭിരമിക്കുന്നവര്‍  ചെയ്യുന്നത്.

3 comments:

  1. This comment has been removed by the author.

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. ജിഷയെ ബലാത്സംഗം ചെയ്ത് അതി ക്രൂരമായ വിധത്തിൽ കൊലപ്പെടുത്തിയ പുതിയ സംഭവത്തിലും സൗമ്യ, ജ്യോതി സിംഗ് ('നിർഭയ') കേസുകളിൽ എന്നതുപോലെ കാണാൻ കഴിയുന്ന ഒരു ആൺകോയ്മാ പൊതു ബോധത്തിന്റെ വികൃതമായ വിളയാട്ടം ഉണ്ട്. വ്യക്തിപരമായ അഭീഷ്ടങ്ങൾ സ്വയം നിർവചിക്കാനും നടപ്പാക്കാനും സ്വാതന്ത്ര്യമോ അധികാരമോ ഒരിക്കലും അനുവദിക്കപ്പെട്ടുകൂടാത്ത ഒരു അധമ ജീവി യായി സ്ത്രീയെ കാണുന്ന ആക്രമണോൽസുകവും ഹിംസോന്മുഖവും ആയ പൊതു ബോധത്തിന്റെ തന്നെ ഒരു സവിശേഷ പ്രകടനമാണ് ഇത്തരം ബലാത്സംഗക്കൊലകൾ . സ്ത്രീകളെ അവരുടെ 'യഥാർഥ നില' കാട്ടിക്കൊടുക്കാനും , 'പാഠം പഠിപ്പിക്കാനും' ഉള്ള ഒരു മാർഗ്ഗമായി ഒട്ടുമിക്ക വലതു പക്ഷ - ആൺ കോയ്മാ വ്യവസ്ഥകളും വ്യവഹാരങ്ങളും ഇത്തരം ബലാൽസംഗക്കൊലകളെ വെറും മൌനം കൊണ്ടോ, ഉടുപ്പ്, നടപ്പ് , സദാചാരം തുടങ്ങിയ വ്യവഹാരങ്ങൾ ഉയർത്തിയോ ന്യായീകരിക്കുകയോ, ലഘൂകരിച്ച് കാട്ടുകയോ ചെയ്തിട്ടേയുള്ളൂ.

    ReplyDelete