Thursday 26 May 2016

ഇത് അക്രമം നിത്യജീവിതത്തിലുള്‍ച്ചേര്‍ന്ന  ഒരു സമൂഹമല്ലേ?

 ക്രൂരമായ  ജിഷാകൊലപാതകവും അതിനോട് പോലീസുംഅധികൃതരും കാട്ടിയ നിസ്സംഗതയും, ഇവയുടെ മൂലകാരണം കണ്ടെത്താനുള്ള വിവിധ വിശകലനങ്ങളിലേക്കും അഭിപ്രായ പ്രകടനങ്ങളിലേക്കും നയിക്കുകയുണ്ടായി.ലൈംഗികത,പുരുഷമേധാവിത്തം,ദളിത് വിരോധം  തുടങ്ങിയവയാണ്  കാരണങ്ങളായി മുഖ്യമായും ഉന്നയിക്കപ്പെട്ടത്.എങ്കിലും, ഇതൊക്കെ 'ഒറ്റ തിരിഞ്ഞ' ഓരോ സംഭവമായും,ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത്  തടയുവാന്‍ ശിക്ഷ കര്‍ക്കശവുംസത്വരവുമാക്കല്‍ നല്ലൊരു മാര്‍ഗമായും നിരീക്ഷിക്കപ്പെട്ടു.എന്നാല്‍ ‍, അടിസ്ഥാന പ്രശ്നം നമ്മുടെ സമൂഹം ജനാധിപത്യപരമല്ല എന്നതും അതിലുള്‍ച്ചേര്‍ന്നുകിടക്കുന്ന അക്രമണോത്സുകതയും ഹിംസാത്മകതയും  ഭീഷണമായ മാനങ്ങള്‍ കൈവരിച്ചുകഴിഞ്ഞു എന്നതും ആണെന്ന് ഇനിയും  തിരിച്ചറിയപ്പെട്ടിട്ടില്ല. ഇന്ത്യന്‍ സമൂഹം മൊത്തത്തില്‍ , മലയാളി സമൂഹം  പ്രത്യേകിച്ച്,  ഹിംസയുടെ ആരാധകരോ,അക്രമത്തോടു ഉദാസീന സമീപനം പുലര്‍ത്തുന്നവരോ ആയി മാറിക്കൊണ്ടിരിക്കുകയാണ് എന്നതാണ്  നാം ഇന്ന് നേരിടുന്ന ഏറ്റവും ഗുരുതരമായ പ്രശ്നംഎന്ന് തോന്നുന്നു

.ജിഷ ആക്രമിക്കപ്പെട്ടപ്പോള്‍ ‍, തൊട്ടടുത്തു താമസിക്കുന്ന ആളുകള്‍ പോലും പുലര്‍ത്തിയ കൊടിയ  നിസ്സംഗതയും ആ കുടുംബത്തോട് സ്വതവേ പുലര്‍ത്തിപ്പോന്ന  സാമൂഹ്യബഹിഷ്കരണവും എന്താണ് സൂചിപ്പിക്കുന്നത് ? തുടര്‍ന്നു മാധ്യമങ്ങളില്‍ വന്ന പ്രതികരണങ്ങളില്‍നിറഞ്ഞു തുളുമ്പിയ ഹിംസാത്മകമായ 'ശിക്ഷാ' നിര്‍ദേശങ്ങളും പ്രതികാരദാഹവും എന്താണ് വെളിപ്പെടുത്തുന്നത്?ഉടന്‍ വിചാരണ നടത്തി കടുത്ത ശിക്ഷ നടപ്പിലാക്കണം എന്ന അപ്രായോഗികവും ജനാധിപത്യ വിരുദ്ധവുമായ അഭിപ്രായവും , നാട്ടിലെ നിയമം പരാജയപ്പെട്ടതിനു ഉദാഹരണമായി  ദില്ലിയിലെ നിര്‍ഭയയുടെയും കേരളത്തിലെ സൌമ്യയുടെയും ചൂണ്ടിക്കാണിച്ചുകൊണ്ട് നാട്ടുകാര്‍ക്ക് നേരിട്ട് തന്നെ ശിക്ഷ നടപ്പിലാക്കാനുള്ള സൗകര്യം ലഭിക്കണമെന്ന അഭിലാഷചിന്തയും  യാതൊരു സങ്കോചവുമില്ലാതെ ഉച്ചത്തില്‍ തന്നെ പലരും പ്രകടിപ്പിച്ചു.ഇത് മദ്ധ്യകാലഘട്ടമല്ലെന്നോ, ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്നോ, അതിനു നിയതമായ ഒരു ഭരണഘടനയുണ്ടെന്നോ ഉള്ള സാമാന്യ വിവേകമൊന്നും വികാരം കൊണ്ട് കലിതുള്ളുന്നവര്‍ക്ക് ഉദിച്ചില്ല.വൈകാരികമായും, ദ്രുതഗതിയിലും എടുത്തുചാടി ഇത്തരം പ്രശ്നങ്ങള്‍ കൈകാര്യം ചെയ്‌താല്‍ അത് ഏതെങ്കിലും പാവപ്പെട്ട നിരപരാധികള്‍ ശിക്ഷിക്കപ്പെടുവാനിടയാക്കുംഎന്ന  സാധ്യത ഇക്കൂട്ടരെ അലട്ടുന്നതേ ഇല്ല.മോഷണക്കുറ്റം ചുമത്തി പാവപ്പെട്ട ഏതോ ഒരു ആസ്സാംകാരന്റെ മേല്‍ കേരളത്തിലെ ആള്‍ക്കൂട്ടം ഈ ക്രൂരനീതി  തല്‍ക്ഷണം നടപ്പിലാക്കുകയും ചെയ്തു.ആരെയൊക്കെയോ വെറുതെ പീഡിപ്പിക്കുന്നതിലും വേദനിപ്പിക്കുന്നതിലും ആസ്വാദനം കണ്ടെത്തുന്ന സാഡിസ്റ്റുകളായി ഈ സമൂഹം മാറിക്കഴിഞ്ഞോ? മലയാളിയുടെ മനസ്സാക്ഷി ഇത്രയധികം മരവിച്ചതെങ്ങനെയെന്നു ആലോചിച്ചു നോക്കെണ്ടതില്ലേ ?

ഈ സമൂഹത്തില്‍ ഉള്‍ച്ചേര്‍ന്നുകിടക്കുന്ന ഹിംസാത്മകതയുടെ കരാളരൂപമാണ് നാമിവിടെ കണ്ടത്  ." മധ്യവര്‍ഗക്കാരെ സംബന്ധിച്ചിടത്തോളം,അവരുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ അവസരമുള്ള ഒരു ജനാധിപത്യമായിരിക്കാം ഇന്ത്യ. എന്നാല്‍ , ആദിവാസികള്‍ ‍, നാടോടികള്‍ ‍‍, ദളിതുകള്‍ ‍‍, ശരാശരി സ്ത്രീകള്‍  എന്നിവരെ സംബന്ധിച്ചിടത്തോളം സ്വേച്ഛാധിപത്യങ്ങളാണ് ഇവിടെ നടപ്പിലാവുന്നത്".നീതിയല്ല; പോലീസിന്റെ താന്തോന്നിത്തമാണ് പലപ്പോഴും നിയമത്തിന്റെ പേരില്‍അരങ്ങേറുന്നത്."ഒരേസമയം ഭരണാധികാരിയും, ഭയപ്പെടുത്തുന്ന ആളും  വിധികര്‍ത്താവും എല്ലാമായി പ്രാദേശിക തലത്തില്‍ പലര്‍ക്കും അനുഭവപ്പെടുന്നത് പോലീസിനെത്തന്നെയാണ്", "നമ്മുടെ സമൂഹത്തില്‍  മൃഗീയതയും പീഡനവും ഒരു ദൈനംദിന അനുഭവമായി മാറിയിരിക്കുന്നു.ഇന്ന് അത് ഒരു പുതിയ തലത്തിലേക്ക് വികസിച്ചിട്ടുണ്ട് എന്ന് ഇന്ത്യയില്‍ ജയിലിനകത്തും പുറത്തുമായി നിരപരാധികള്‍ നേരിടുന്ന നിരവധി പീഡനങ്ങളിലൂടെ ഉദാഹരിക്കാന്‍ കഴിയും.ബീഹാറിലും ബംഗാളിലും ഗുജറാത്തിലും  ചത്തീസ്ഗഡിലുംമാത്രമല്ല,കേരളത്തിലും ആദിവാസികള്‍ക്കെതിരെയും പ്രാന്തവല്ക്കരിക്കപ്പെട്ട മനുഷ്യര്‍ക്കെതിരെയുംനടക്കുന്ന   പീഡനങ്ങള്‍ കൂടിക്കൂടിവരുന്നു.മറ്റു സംസ്ഥാനങ്ങളിലെ ഇത്തരം അക്രമോത്സുകതയെ മഹാശ്വേതാദേവിയെപ്പോലുള്ള എഴുത്തുകാരും മറ്റു ബുദ്ധിജീവികളുമെല്ലാംതുറന്നുകാട്ടിയിട്ടുണ്ട്.കേരളത്തില്‍  പൊതുവെഎഴുത്തുകാരുംബുദ്ധിജീവികളും 'അര്‍ത്ഥഗര്‍ഭമായ മൌനം ' പാലിച്ചുകൊണ്ട്  മധ്യവര്‍ഗ മൂല്യങ്ങളോടു വിധേയത്വം നിലനിര്‍ത്തുന്നവരാണ്.

മാനസികവൈകൃതമോ കുറ്റവാസനയോ മൂലം നടത്തപ്പെടുന്ന  അക്രമങ്ങള്‍ താരതമ്യേന കുറവാണ് എന്നും , ആസൂത്രിതമായ അക്രമങ്ങളെല്ലാംതന്നെ, അത് ഏതു സംസ്ഥാനത്തായാലും, പ്രബലമായ രാഷ്ട്രീയ കക്ഷികളുടെ പിന്‍ബലമോ പങ്കാളിത്തമോ കൂടാതെ നടക്കില്ല എന്നും വ്യക്തമാണ്. സാമ്പത്തികശേഷി മാത്രമല്ല ,രാഷ്ട്രീയ സ്വാധീനവും കൂടിയാണ് പലര്‍ക്കും പകവീട്ടാനും ,അക്രമം നടത്താനുമുള്ള ആത്മവിശ്വാസം നല്‍കുന്നത്. നിയമത്തിന്റെ വഴിപോലുള്ള പ്രക്രിയ(Due process of Law) പലപ്പോഴും അട്ടിമറിക്കപ്പെടുന്നു; അങ്ങനെ കുറ്റവാളികള്‍ രക്ഷപ്പെടുന്നു; നിയമത്തിന്റെ പഴുതുകള്‍  ഉപയോഗിച്ചു പലരും 'കുറ്റ വിമുക്ത'രാവുകയും ചെയ്യുന്നു; ഇതിനിടയ്ക്ക് നിരപരാധികള്‍ ബലിയാടുകളാക്കപ്പെടുകയും ചെയ്തേക്കാം.  രാഷ്ട്രീയത്തിന്റെ ക്രിമിനല്‍വത്കരണവും കുറ്റ കൃത്യങ്ങളുടെ രാഷ്ട്രീയ വത്കരണവും പരസ്പര പോഷകങ്ങളാണ് എന്നതുകൊണ്ടുതന്നെ രാഷ്ട്രീയ ഇച്ഛാശക്തിയുണ്ടെങ്കിലേ  ഫലപ്രദമായി ഇതിനെ നേരിടാന്‍ കഴിയൂ. ജനാധിപത്യത്തിന്‍റെ ഉത്തമ മാതൃകകള്‍ പിന്തുടരുന്ന സ്വീഡന്‍ പോലുള്ള സ്കാണ്ടിനേവിയന്‍ രാജ്യങ്ങളില്‍ കുറ്റകൃത്യങ്ങള്‍ അപൂര്‍വമാകുകയും, ജയിലുകള്‍ അനാവശ്യവും അപ്രസക്തവുമായി വരികയും ചെയ്യുന്നു; ജയില്‍ കെട്ടിടങ്ങളെ താത്കാലിക പുനരധിവാസ കേന്ദ്രങ്ങളും മറ്റും ആക്കിയാണ് ഇപ്പോള്‍ പ്രയോജനപ്പെടുത്തുന്നത്.വര്‍ധിച്ച ജനാധിപത്യബോധത്തിലൂടെയാണ് കുറ്റങ്ങള്‍ കുറയ്ക്കാന്‍ കഴിയുക എന്നാണിത് വ്യക്തമാക്കുന്നത്; എന്നാല്‍ ഇത്തരംനല്ല പാഠങ്ങള്‍ പഠിക്കാന്‍ നമ്മുടെ ജനങ്ങള്‍ക്കോ നേതാക്കള്‍ക്കോ താത്പര്യമുണ്ടോ ?

ഇത്തരം മൃഗീയമായ ഹിംസയെ  നിസ്സംഗതയോടെ സ്വീകരിക്കാന്‍ പൊതു സമൂഹത്തിനു എങ്ങനെ കഴിയുന്നു? അങ്ങനെ കഴിയുന്നുണ്ടെങ്കില്‍ ആ സമൂഹത്തിനു തന്നെ എന്തോ  അസ്വാഭാവികതയില്ലേ ? ഒരു രാഷ്ട്രം എന്ന നിലയില്‍ ആഴത്തില്‍ത്തന്നെ  ഹിംസ ഉള്‍ച്ചേര്‍ന്ന ഒരു സമൂഹമാണ് ഇന്ത്യന്‍ സമൂഹം.; എങ്കിലും അക്കാര്യം വിശകലനംചെയ്യാന്‍ ഇന്ത്യക്ക് താത്പര്യമില്ല. .ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ടു ഹിംസയുടെ അടിവേരുകള്‍ എവിടെ കിടക്കുന്നു എന്ന് അന്വേഷിക്കാന്‍ സാമൂഹ്യ ശാസ്ത്രജ്ഞന്‍മാരും മുതിരുന്നില്ല."കൂടുതല്‍ ധീരവും, ചങ്കുറപ്പുള്ളതും ഉയന്ന ധാര്‍മികബോധനിലവാരമുള്ളതുമായ ഒരു സാമൂഹികശാസ്ത്രം ഇതിനു ആവശ്യമാണ്‌. ധാര്‍മികവും ദാര്‍ശനികവുമായി ഈ പ്രശ്നത്തിന്റെ അടിവേരുകള്‍ തേടാതെ ജനാധിപത്യത്തിന് നിലനില്‍ക്കാന്‍ കഴിയില്ല."

( കുറിപ്പ്: ഇതില്‍ ഉപയോഗിച്ച ഉദ്ധരണികള്‍ പ്രൊഫ.ശിവ് വിശ്വനാഥന്‍ എഴുതിയ The 'Everydayness' of Our Violence എന്ന ലേഖനത്തില്‍നിന്ന്. ആ ലേഖനം മേയ് പത്തിന്റെ ഹിന്ദു പത്രത്തില്‍  വായിക്കാം)

No comments:

Post a Comment