Sunday, 5 July 2015

കവിത: സാദ്ധ്യതകള്‍
കവി : വിസ്വാവ സിംബോര്‍ക
പരിഭാഷ: രാമചന്ദ്രന്‍

എനിക്ക് സിനിമകള്‍ ഇഷ്ടമാണ്.
എനിക്ക്പൂച്ചകളെ ഇഷ്ടമാണ്.
വാര്‍ത്താനദിയോരത്തെ ഓക്കുമരങ്ങള്‍ഇഷ്ടമാണ്.
ഡിക്കന്‍സിനെ ദസ്ത്യെവ്സ്കിയെക്കാള്‍ ഇഷ്ടമാണ്.
മനുഷ്യരാശിയെ മൊത്തം സ്നേഹിക്കുന്നതിനെക്കാള്‍ ,
ആളുകളെ സ്നേഹിക്കുന്നതാണ് എനിക്കിഷ്ടം.
കയ്യില്‍ എപ്പോഴും സൂചിയും നൂലും കരുതുന്നത് ഇഷ്ടമാണ്;
വേണ്ടിവന്നാല്‍ ഉപയോഗിക്കാമല്ലോ.
പച്ചനിറം എനിക്ക്  ഇഷ്ടമാണ്.
യുക്തിയെ ആണ്‌ എന്തിനും പഴിചാരേണ്ടത് എന്ന
ധാരണ നിലനിര്‍ത്താതിരിക്കാന്‍ ഇഷ്ടമാണ്.
സാമാന്യവത്കരണത്തില്‍നിന്നു ഒഴിവാക്കിയവയെ എനിക്കിഷ്ടമാണ്.
നേരത്തെ പോകാന്‍ എനിക്കിഷ്ടമാണ്.
ഡോക്ടര്‍മാരോട് മറ്റെന്തിനെയെങ്കിലുംപറ്റി സംസാരിക്കാന്‍  എനിക്കിഷ്ടമാണ്.
നേര്‍ത്ത വരയുള്ള പഴയ ചിത്രങ്ങള്‍എനിക്കിഷ്ടമാണ്.
കവിത എഴുതാതിരിക്കുക എന്ന അസംബന്ധത്തെക്കാള്‍
കവിത എഴുതുക എന്ന അസംബന്ധമാണ് എനിക്കിഷ്ടം.
പ്രത്യേകദിനങ്ങളിലല്ലാതെ, ഏതു ദിവസവുംആഘോഷിക്കാവുന്ന വാര്ഷികങ്ങളാണ്,
പ്രണയത്തിന്റെ കാര്യത്തില്‍ എനിക്കിഷ്ടം,
എനിക്ക് ഒരു വാഗ്ദാനവും നല്‍കാത്ത
സദാചാരവാദികളെ എനിക്കിഷ്ടമാണ്.
അമിതമായ വിശ്വാസത്തിലൂന്നിയ കാരുണ്യത്തെക്കാള്‍ ‍,
സൂത്രത്തിലുള്ള കാരുണ്യമാണ് എനിക്കിഷ്ടം,
സധാരണവേഷത്തിലാണെനിക്ക് ഭൂമിയെ ഇഷ്ടം.
കീഴടക്കുന്ന രാജ്യങ്ങളെക്കാള്‍ കീഴടങ്ങിയവയെ എനിക്കിഷ്ടമാണ്.
ചില കാര്യങ്ങളില്‍ പ്രത്യേക കരുതലുകള്‍ പുലര്‍ത്താന്‍ എനിക്കിഷ്ടമാണ്.
ചിട്ടയുടെ നരകത്തെക്കാള്‍ ചിട്ടയില്ലായ്മയുടെ നരകമാണ് എനിക്കിഷ്ടം,
പത്രത്തിന്‍റെ മുന്‍പേജുകളെക്കാള്‍ ഗ്രിമ്മിന്റെ യക്ഷിക്കഥകള്‍ എനിക്കിഷ്ടമാണ്.
ഇലകളില്ലാത്ത പൂക്കളെക്കാള്‍ പൂക്കളില്ലാത്ത ഇലകളാണ് എനിക്കിഷ്ടം.
വാല്‍ വെട്ടി വെടിപ്പാക്കാത്ത പട്ടികളെയാണ് എനിക്കിഷ്ടം.
എന്റെ കണ്ണുകള്‍ ഇരുണ്ടതായതിനാല്‍ ,തെളിഞ്ഞവയെ ഞാന്‍ ഇഷ്ടപ്പെടുന്നു.
മേശവലിപ്പുകളെ എനിക്കിഷ്ടമാണ്.
ഞാന്‍ ഇവിടെ പറയാതെ വിടുന്ന അനേകം കാര്യങ്ങള്‍ക്കൊപ്പം,
ഞാന്‍ സൂചിപ്പിക്കാതിരുന്ന പലതും എനിക്കിഷ്ടമാണ്.
ഒരു പൂജ്യത്തിന് പിറകെ അണിനിരക്കുന്ന പൂജ്യങ്ങളെക്കാള്‍
സ്വതന്ത്രമായി ചിതറിയ പൂജ്യങ്ങളെ എനിക്കിഷ്ടമാണ്.
കീടങ്ങളുടെകാലത്തെയാണ്, താരങ്ങളുടെ കാലത്തെക്കാള്‍ എനിക്കിഷ്ടം.
മരത്തില്‍ മുട്ടുവാന്‍ എനിക്കിഷ്ടമാണ്.
എത്രകാലമെന്നും എപ്പോഴെന്നും ചോദിക്കാതിരിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു.
അസ്തിത്വത്തിന്,അതിന്റെ നിലനില്‍പ്പിന്,അതിന്റെതായ യുക്തി
ഉണ്ടായിരിക്കാന്‍ സാധ്യതയുണ്ടെന്നു വിചാരിക്കുവാന്‍ എനിക്കിഷ്ടമാണ്.

Tuesday, 3 March 2015

കവിത:- സ്നേഹം കൊണ്ട് കൊല്ലുക.
കവി :-ബൂനാ   മൊഹമ്മദ്‌  
പരിഭാഷ;- കെ രാമചന്ദ്രൻ.


ബൂനാ   മൊഹമ്മദ്‌   (ജനനം 1987) ഒറോമോ വംശജനായ ഒരു എത്യോപ്യൻ അഭയാർത്ഥിയാ ണ് .ഇപ്പോൾ കാനഡയിൽ ജീവിക്കുന്നു.   ഒറോമോ  വിമോചന പ്രസ്ഥാനത്തിൽ പങ്കെടുത്ത മാതാപിതാക്കളോടൊപ്പം  അവിടെ രാഷ്ട്രീയ അഭയം തേടിയതാണ് .'ഒരു തലമുറയുടെ ശബ്ദം' എന്ന് ഈ കവി വാഴ്ത്തപ്പെട്ടിട്ടുണ്ട്.ലോകമാകെ സഞ്ചരിച്ചു കവിതാ ശില്പശാലകൾ നടത്തുകയും യുവാക്കൾക്കിടയിൽ കഥയും കവിതയും പങ്കിടുകയും ചെയ്യുന്നു.  ഈ ചെറുപ്പക്കാരൻ  സാമൂഹ്യനീതിക്കുവേണ്ടി നിലകൊള്ളുന്നു,

 സ്നേഹം കൊണ്ട് കൊല്ലുക

പരിചയമില്ലാത്ത  ഒരാളെ  കാണിച്ചുതരൂ;
ഇനിയും നിങ്ങൾ കണ്ടെത്താത്ത ഒരു സുഹൃത്തിനെ ആ ആളിൽ  കാട്ടിത്തരാം .
വിജയത്തിന് കൊടുക്കേണ്ട വില മിക്കപ്പോഴും
എന്തിന്റെയും മാർഗത്തിലുള്ള പ്രതിബന്ധങ്ങളാണെന്നും 
ജനങ്ങൾ വെറും അക്കങ്ങളല്ലെന്നും
ഒന്ന് പുഞ്ചിരിക്കാൻ അത്ര വലിയ ഞെരുക്കമൊന്നും വേണ്ടെന്നും  പറയാം.
എന്റെ സമയത്തെ, സമ്പദ്ശാസ്ത്രം പോലെ പകുക്കുക
'ഹൈ" എന്നും'ബൈ ' എന്നും പറയാൻ എനിക്കിഷ്ടം തന്നെ,.അത് കുറച്ച്
ആദ്യത്തെ അഭിപ്രായത്തെ മറ്റെല്ലാം കൊണ്ട് ഗുണിച്ചെടുക്കണം.  
നിങ്ങൾ ഊഹിക്കുന്നത്‌ പോലെ , മുൻവിധികൾ സമയമെടുക്കും .
എന്നാൽ സമയം എന്റെ വ്യാപാരമാണ് ;
ധാരാളം ഡോളർ സമ്പാദിക്കാനുള്ളതാണ് .
സ്നേഹിക്കാൻ ചെലവു കുറവാണ് ;
എന്നിട്ടും നിങ്ങൾ വെറുക്കുന്നതെന്തിനാണ്‌ ?

ഒന്ന് നെറ്റി ചുളിക്കുവാൻ പേശികൾക്ക് വേണ്ട അധ്വാനം
ആകെ കീഴ്മേൽ മറിക്കാൻ വേണ്ടതിലും അധികമാണ്. 
എങ്കിലും, ഞാൻ മര്യാദ കാട്ടുമ്പോൾ അത് നിങ്ങൾ വെറുക്കുന്നു.
എന്റെ ആത്മാർത്ഥത നിങ്ങൾക്ക് പൊറുക്കാനാവുന്നില്ല.
നിങ്ങൾ ഇത്രയൊക്കെ ചീത്ത വിളിച്ചിട്ടും ഞാനിവിടെത്തന്നെ
ഇപ്പോഴും നിൽക്കുന്നതെന്തിനെന്നു നിങ്ങൾ അത്ഭുതം കൂറുന്നു.
മുഖ്യ കാരണം ഇതാണ്:
നിങ്ങൾക്കാവശ്യം ഒരാശ്ലേഷമാണ്‌  എന്ന് വിശ്വസിക്കാൻ
നിങ്ങളുടെ അജ്ഞത എന്നെ പ്രേരിപ്പിക്കുന്നു.


സ്നേഹം കൊണ്ടവരെ കൊല്ലാൻ പഠിച്ചത്  തൊട്ടിന്നോളം
ഞാൻ നമ്പർ വണ്‍  ജനശത്രുവായാണ്,
ഗുരുതര മനോരോഗിയായ സീരിയൽ പ്രേമിയായാണ്‌,
പരിഗണിക്കപ്പെട്ടത് . 
ഞാനാകട്ടെ , നമ്മുടെ അമ്മമാർക്ക് ആശംസ നേരുവാനാണ്
ഗൌരവമായാലോചിക്കുന്നത്.
കാരണം, നിങ്ങൾക്കിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും 
ഞാൻ നിങ്ങളുടെ സഹോദരനാണ്.


മര്യാദയ്ക്കു പെരുമാറുന്ന എന്റെ ആൾക്കാരെക്കണ്ട്
ഒരു ടെഡ്ഡി ബെയർ ഭീകരവാദി   തണുത്തുറഞ്ഞുപോയി .
അതെ, നിങ്ങൾ ഒരു വംശീയവാദിതന്നെ, 
എങ്കിലും, കടന്നുവരാൻ നിങ്ങൾക്ക് ഞാൻ വാതിൽ തുറന്നുതരും.
ആർഭാടമായി വസ്ത്രം ധരിച്ചത്‌കൊണ്ട്
വലിയ ഭാവമൊന്നും വേണ്ട.
എനിക്ക് നിങ്ങളോട് ഭ്രാന്തമായ ദ്വേഷമില്ല.;
എനിക്കും കെട്ട കാലം ഉണ്ടായിരുന്നല്ലോ.
ഇതാ എന്റെ സെൽഫോണ്‍ ; നമുക്ക്  സംസാരിക്കാം
ഞാൻ നല്ലപോലെ ശ്രദ്ധിച്ചു കേൾക്കാറുമുണ്ട് .
കുടുംബം നിങ്ങളെ ഭ്രാന്തു പിടിപ്പിക്കുന്നെന്നോ ?
ഏയ്‌ മനുഷ്യാ , എനിക്കറിയാം അവർ എങ്ങിനെ പെരുമാറുമെന്ന്.
എനിക്ക് കുട്ടികളെ ഇഷ്ടമാണ് , എന്നോടു പറയൂ
ഞാൻ വേണമെങ്കിൽ നിങ്ങളുടെ കുഞ്ഞിനു കൂട്ടിരിക്കാമല്ലൊ!


എടേ പയ്യൻ! ഞാൻ ഇങ്ങനെ നല്ലൊരുവനാകയാൽ,
വേണമെങ്കിൽ നിങ്ങളുടെ കാർ നോക്കാം,
പക്ഷെ , ഉടൻ മടങ്ങിവരുമെന്ന് വാക്കുതരണം. 
അതുകൊണ്ട്, ശാന്തനായിരിക്കൂ ; സ്വസ്ഥത കൈവിടാതിരിക്കൂ .
നിങ്ങളോട് കള്ളം പറഞ്ഞിട്ട് കാര്യമില്ലല്ലോ .
ഞാനൊരു ഭൃത്യനാണ്;  ചെയ്യുന്നതെല്ലാം യജമാനൻ കാണുന്നുണ്ട് .
അതിനാൽ,പച്ച പ്പരിഷ്കാരീ , നിനക്കെന്താണ് വേണ്ടതെന്നു പറഞ്ഞോളൂ .
ഒരു ഡോളറോ? ഇതാ, രണ്ടെടുത്തോളൂ .
ആച്ച്ചൂ!  അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ,
വഴി കാണിക്കട്ടെ, കാര്യങ്ങൾ എളുപ്പമാക്കട്ടെ.

പിന്നെ, ഈ ആളുകളെ ബഹുമാനിക്കുക എന്ന ഏർപ്പാട്
ഞാൻ ചെയ്യുന്നതുതന്നെയാണ്.
സഹിഷ്ണുത കാട്ടുക എന്ന ഘട്ടം കഴിഞ്ഞ്.
നിങ്ങളെ മനസ്സിലാക്കുകയും , അംഗീകരിക്കുകയും 
ചെയ്യുന്ന പാതയിലാണിപ്പോൾ  .
അതുകൊണ്ട് പറഞ്ഞാട്ടെ,
സ്നേഹം നിങ്ങളെത്തേടി എത്തുമ്പോൾ 
നിങ്ങളെന്താണ്‌ ചെയ്യാൻ പോകുന്നത് ?
എന്റെ പൈതൃകത്തെ അവഹേളിക്കുകയോ?
വിഡ്ഢീ,നാമിരുവരും ആദമിന്റെയും ഹവ്വയുടെയും പിന്മുറക്കാരാണ്.
ങാ, കള! എന്ത് പറയുന്നു?
നീ അധികം ചില്ലറ ബാക്കിത്തന്നു , അത് ഞാൻ തിരിച്ചുതന്നു.

വഴിമാറിപ്പോകാൻ ശ്രമിക്കുന്ന ആളുകളെ ,
കടന്നുപോകാൻ ഞാൻ അനുവദിക്കുന്നു.
കാരണം, ഇത് ഞാനാണ് എന്നത് തന്നെ .
അവരും അങ്ങിനെതന്നെ ചെയ്യുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു.
നിങ്ങൾ എന്റെ പേരു കശാപ്പു ചെയ്തു; പക്ഷെ ,സാരമില്ല.
ഇതൊക്കെത്തന്നെയാണ് എപ്പോഴും നടക്കുന്നത്.
ഞാൻ ഏതായാലും  നിങ്ങളെ തിരുത്തുന്നില്ല.
ഇത് വിചിത്രമായി തോന്നിയേക്കാം.
മാറ്റത്തിനുള്ള ശ്രമത്തിലാണ് ഞാൻ.
പരുഷമായ പെരുമാറ്റം മുടന്തുള്ളതാണെന്ന് എനിക്ക് തെളിയിക്കണം.
ഓരോ ദിവസവും  തെളിയിക്കണം

ഞാൻ വിനയത്തിൽ വിശ്വസിക്കുന്നു.;
നോട്ടം  താഴോട്ടു തിരിച്ചുവിടുന്നു.
എല്ലാം മുകളിൽനിന്നാണെങ്കിൽ, എല്ലാം ഒരുപോലെയുമാണ്‌.
പണം, കാറ്,വസ്‌ത്രങ്ങൾ,പ്രശസ്തി , 
ഇതിലൊന്നും എനിക്ക് മതിപ്പില്ല
ഞാനൊരു മുസ്ലിം   ആണ് ; അതിനാൽ, ലോകത്തെ ഇത്തരം
വിലകുറഞ്ഞ  വസ്തുക്കൾക്ക് ഒരർത്ഥവുമില്ല 

സമാധാനമെന്നാൽ വെറും യുദ്ധത്തിന്റെ അഭാവമല്ല
എന്നാണ് എന്നെ   പഠിപ്പിച്ചിട്ടുള്ളത്‌ .
സമാധാനം നാഥനെ ഓർക്കുന്നതിലൂ ടെ  
കൈവരുന്ന ഒരനുഭൂതിയാണ്.
അതിനാൽ, സമാധാനം നേടാൻ വേണ്ടി 
ഇനിയും എന്നെ വെറുക്കുന്നത് അർത്ഥശൂന്യമാണ്.
ഇത് വലിയൊരു സ്ഥലമാണ്;
നമുക്കെല്ലാം ഈ ലോകത്ത് ഒന്നിച്ചു ജീവിക്കാം.
സ്നേഹത്തിന്റെ ഈ ജിഹാദിൽ എന്നോടൊപ്പം ചേരാൻ
ഞാൻ നിങ്ങളെയെല്ലാം ക്ഷണിക്കുന്നു.
ഫണ്‍ഡമെന്റലിസം എന്നപദം തുടങ്ങുന്നത്
ഫണ്‍ എന്ന പദത്തോടെ ആയത് 
എന്തുകൊണ്ടെന്ന് ആദ്യമായി നിങ്ങൾക്ക് നേരിട്ടു മനസ്സിലാക്കാം.
നിങ്ങൾക്കിതു സമ്മതമല്ലെങ്കിൽപ്പോലും,
ഞാൻ വിധികല്പിക്കാനൊന്നും മുതിരില്ല.
നിങ്ങളെയെല്ലാം ഞാൻ സ്നേഹം കൊണ്ട് കൊല്ലും
അത്രതന്നെ.

പരിഭാഷകക്കുറി പ്പ് :'ഫണ്‍ഡമെന്റലിസം' എന്നാൽ മൌലികവാദമാണ്‌; 'ഫണ്‍' എന്നാൽ നേരമ്പോക്ക്‌,തമാശ,കളി,ഫലിതം എന്നൊക്കെ അര്ത്ഥം .ഇതിലെ നർമം കവിതയിൽ പരിഭാഷ  ഉപയോഗിച്ചാൽ നഷ്ടപ്പെടും എന്നതുകൊണ്ടാണ് അതേ വാക്കുകൾ തന്നെ പ്രയോഗിച്ചത്.

Monday, 2 March 2015

കവിത:- എന്നെ എനിക്കല്ലാതെ  ആർക്കാണ്  മനസ്സിലാവുക.
കവി :- ജിമ്മി സാന്റിയാഗോ ബാക 

പരിഭാഷ;- കെ രാമചന്ദ്രൻ.

ജിമ്മി സാന്റിയാഗോ ബാക 1952 -ൽ  ന്യൂ മെക്സികൊയിലെ സാന്റ ഫെയിൽ ജനിച്ചു.പത്താം വയസ്സിൽ, മാതാപിതാക്കൾ ഉപേക്ഷിച്ച്, അനാഥ മന്ദിരത്തിൽ വളർന്നു.ഇരുപതാമത്തെ വയസ്സിൽ മയക്കുമരുന്ന് കൈവശം വച്ചതിനു അറസ്റ്റു ചെയ്യപ്പെട്ടു.പിന്നെ ആറര വർഷം തടവിൽ;മൂന്നു വർഷം ഏകാന്ത തടവിൽ . വിദ്യാലയത്തിൽ പഠിക്കണമെന്ന ആവശ്യം ഉന്നയിച്ചതിനായിരുന്നു ഏകാന്ത തടവിൽ, വധശിക്ഷ   കാത്തു കഴിയുന്ന  തടവുകാർക്ക് സമീപം, പാർപ്പിച്ചത്‌. ജയിലിൽ വച്ചു പഠിച്ചു; കവിതകളെഴുതി.കവിതകൾ സഹതടവുകാർക്ക്  സിഗരറ്റിനു പകരം കൈമാറി. '.മദർ ജോണ്‍സ് ' മാസികയുടെ എഡിറ്റർ ഡെന്നിസ് ലെവർതോവ്  പിന്നീട് കവിതകൾ പ്രസിദ്ധീകരിച്ചു.1989-ൽ കവിതയ്ക്ക് ഹിസ്പാനിക് ഹെരിറ്റെജ് അവാർഡു ലഭിച്ചു(വിക്കിപ്പീഡിയ ) 

സ്വന്തം രാജ്യത്ത് തന്നെ അഭയാർത്ഥികളായി ജീവിക്കേണ്ടി വരുന്നവരാണ്  ഹിസ്പാനിക്കുകൾ. അമേരിക്കയിലെ സർക്കാരും മുഖ്യധാരയും കറുത്ത വർഗക്കാരോടെന്നപോലെ വിവേചനം കാട്ടുകയും അവഹേളിക്കുകയും അനാവശ്യമായി കേസെടുക്കുകയും തടവിലാക്കുകയും ഒക്കെ ചെയ്യുന്ന ഒരു ജനവിഭാഗമാണ്‌ ഇവർ.ആ വിഭാഗത്തിൽ പെടുന്ന ഒരു 'ജനകീയകവി'യായാണ്‌ ബാക്ക സ്വയം വിശേഷിപ്പിക്കുന്നത്.ധാരാളം കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'നിൽക്കാനൊരിടം' (A place  to stand ) അസ്വസ്ഥമായ ചെറുപ്പകാലത്തെ ക്കുറിച്ചും ജയിൽ ജീവിതത്തെക്കുറിച്ചും ഉള്ള ഓർമക്കുറിപ്പുകളാണ്.

എന്നെ എനിക്കല്ലാതെ  ആർക്കാണ്  മനസ്സിലാവുക.

അവർ വെള്ളം വരുന്ന പൈപ്പ്  അടച്ചിടുന്നു,അതിനാൽ ഞാൻ വെള്ളമില്ലാതെ ജീവിക്കുന്നു
അവർ മതിലുകൾ കൂടുതൽ ഉയരത്തിൽ പണിയുന്നു, അതിനാൽ ഞാൻ വൃക്ഷത്തലപ്പുകൾ കാണാതെ ജീവിക്കുന്നു
അവർ ജനാലകളിൽ കറുത്ത ചായം പൂശുന്നു ,അതിനാൽ ഞാൻ സൂര്യപ്രകാശമില്ലാതെ ജീവിക്കുന്നു
അവർ എന്റെ കൂട് താഴിട്ടു പൂട്ടുന്നു,  അതിനാൽ ഞാൻ പുറത്തെങ്ങും  പോവാതെ ജീവിക്കുന്നു
എന്റെ അവസാന തുള്ളി കണ്ണീരും അവരെടുക്കുന്നു,അതിനാൽ ഞാൻ കണ്ണീരില്ലാതെ   ജീവിക്കുന്നു
അവർ എന്റെ ഹൃദയമെടുത്ത് കീറിമുറിക്കുന്നു, അതിനാൽ ഞാൻ ഹൃദയമില്ലാതെ   ജീവിക്കുന്നു
അവർ എന്റെ ജീവിതമെടുത്തു ഞെരിച്ചു തകർക്കുന്നു,  അതിനാൽ ഞാൻ ഭാവിയില്ലാതെ   ജീവിക്കുന്നു
ഞാൻ മൃഗമാണെന്നുംചെകുത്താനാണെന്നും അവർ പറയുന്നു, അതിനാൽ എനിക്ക് സുഹൃത്തുക്കളില്ല,
ഓരോ പ്രതീക്ഷയും അവർ തടഞ്ഞു നിർത്തുന്നു,  അതിനാൽ എനിക്ക് നരകത്തിൽനിന്നു പുറത്തേക്ക് വഴിയില്ല.
അവർ എനിക്ക് വേദന നൽകുന്നു, അതിനാൽ ഞാൻ വേദനയോടെ  ജീവിക്കുന്നു.
അവർ എനിക്ക് വിദ്വേഷം നൽകുന്നു, അതിനാൽ ഞാൻ വിദ്വേഷത്തോടെ  ജീവിക്കുന്നു.
അവർ എന്നെ മാറ്റിയിരിക്കുന്നു, അതിനാൽ ഞാൻ ഇന്ന് പഴയ അതേ ആളല്ല.
അവർ എന്നെ കുളിക്കാനനുവദിക്കുന്നില്ല.അതിനാൽ ഞാൻ നാറ്റത്തോടെ ജീവിക്കുന്നു
അവർ എന്നെ സഹോദരരിൽനിന്നും വേർപെടുത്തുന്നു,അതിനാൽ ഞാൻ സഹോദരരില്ലാതെ   ജീവിക്കുന്നു.
ഇതൊക്കെ സുന്ദരമാണെന്നു പറഞ്ഞാൽ ആർക്കാണ് മനസ്സിലാവുക?
മറ്റുചില സ്വാതന്ത്രങ്ങൾ  ഞാൻ നേടിയെന്നു പറഞ്ഞാൽ ആർക്കാണ് അത്  മനസ്സിലാവുക ?  

എനിക്ക് പറക്കാനോ ചെപ്പടിവിദ്യയാൽ കയ്യിലെന്തെങ്കിലും കാട്ടാനോ കഴിയില്ല.
എനിക്ക്സ്വർഗം തുറക്കാനോ ഭൂമിയെ വിറപ്പിക്കാനോ കഴിയില്ല.
എനിക്ക് ഞാനായി ജീവിക്കാൻ കഴിയും.
എന്നെക്കുറിച്ചും, എന്റെ പ്രണയത്തെക്കുറിച്ചും, എന്റെ സൌന്ദര്യത്തെക്കുറിച്ചും ഞാൻ അമ്പരക്കുന്നു.
എന്റെ പരാജയങ്ങൾ എന്നെ ഗ്രസിക്കുന്നു,എന്റെ ഭീതികൾ എന്നെ കുഴക്കുന്നു.
ഞാൻ പിടിവാശിക്കാരനും വികൃതിയുമാണ്.
അവർ തകർത്തുകളഞ്ഞ ജീവിതത്തിന്റെ നടുവിലും
ഞാൻ ഞാനായിരിക്കാൻ പരിശീലിക്കുകയാണ്.
ഞാൻ സ്വപ്നം കണ്ടിട്ടുപോലുമില്ലാത്ത അംശങ്ങൾ എന്നിലുണ്ടെന്നു
ഞാൻ കണ്ടെത്തിയിരിക്കുന്നു:
വെള്ളം വരുന്ന പൈപ്പുകൾ അടച്ചപ്പോൾ , ജനാലകൾക്കു കറുത്ത ചായമടിച്ചപ്പോൾ
മതിലുകൾക്ക് ഉയരം കൂട്ടിയപ്പോൾ ,
എന്റെ ഹൃദയത്തിന്റെ പാറകൾക്കടിയിൽനിന്നും പുറത്തുചാടിക്കപ്പെട്ടവ .
ഈ ചിഹ്നങ്ങളെ ഞാൻ പിന്തുടർന്നു.    
ചുവടു നോക്കി നീങ്ങുന്ന പഴയ അന്വേഷകനെപ്പൊലെ .
ഈ വഴിത്താരകൾ എന്റെ തന്നെ ആഴങ്ങളിലേക്ക് നയിച്ചു.
ചോരക്കറ പതിഞ്ഞ പാതയിലൂടെ തേടിത്തേടി ഞാൻ പിന്തുടർന്നു.
അപകടകരമായ, ആഴമേറിയ, ഇടങ്ങളിലേക്ക്
അങ്ങിനെ എന്റെ തന്നെ അനേകം  അംശങ്ങൾ ഞാൻ കണ്ടെത്തി.
വെള്ളം  കൊണ്ട് എല്ലാമായില്ല എന്ന് അവ പഠിപ്പിച്ചു.
ഭിത്തികൾ തുളച്ചു പുറം കാണാവുന്ന പുതിയ കണ്ണുകൾ അവ തന്നു.
അവ സംസാരിച്ചപ്പോൾ സൂര്യപ്രകാശം അവയുടെ വായ്ക്കകത്തുനിന്നും പുറത്തുവന്നു.
ഞാൻ അവയോടൊപ്പം എന്നെത്തന്നെ പരിഹസിച്ചു.
ഞങ്ങൾ കുട്ടികളെപ്പോലെ ചിരിച്ചു, എന്നും കൂറ് പുലർത്താൻ ഉടമ്പടി ചെയ്തു.
ഇത് സുന്ദരമാണെന്നു ഞാൻ പറയുമ്പോൾ  അത് ആർക്കാണ്  മനസ്സിലാവുക?

Saturday, 28 February 2015

കവിത:- ഞങ്ങൾ ജീവിതം പഠിപ്പിക്കുകയാണ്, സാർ
കവി   ;-  റഫീഫ് സിയാദാ
പരിഭാഷ :- കെ രാമചന്ദ്രൻ.


കവിയും ആക്റ്റിവിസ്റ്റുമായ റഫീഫ് സിയാദാ പലസ്തീനിയൻ അഭയാർത്ഥിയാണ്.  റ്റൊരൊന്റൊയിലെ യോർക് സർവകലാശാലയിൽ പൊളിറ്റികൽ സയൻസിൽ ഗവേഷണ  വിദ്യാർത്ഥിയായ സിയാദാ പലസ്തീന്റെ മോചനത്തിനുവേണ്ടി സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന കാവ്യാലാപനകലാകാരിയാണ്.'ക്രോധത്തിന്റെ നിഴലുകൾ','ഞങ്ങൾ  ജീവിതം പഠിപ്പിക്കുകയാണ്, സാർ ' എന്നിവ പ്രശസ്ത കവിതകൾ. പലസ്തീനെ പ്രതിനിധീകരിച്ചു ലോകകവിതാമേളകളിലും ഫെസ്റ്റിവലുകളിലും പങ്കെടുക്കുകയും കവിതാ ശില്പശാലകൾ സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട് . ആദ്യസമാഹാരത്തിന്റെ  പേർ  'ഹദീൽ" (പ്രാവുകളുടെ കുറുകൽ) എന്നാണ്."F16 ബോംബർ വിമാനങ്ങൾ വട്ടമിടുമ്പോഴും  പട്ടം പറപ്പിക്കുകയും  പലസ്തീനിലെ ഗ്രാമങ്ങളുടെ പേർ  ഇപ്പോഴും ഓർക്കുകയും ഗാസയുടെ മേൽ പ്രാവുകൾ കുറുകുന്ന ശബ്ദം ഇപ്പോഴും കേൾക്കുകയും ചെയ്യുന്ന  ചെറുപ്പക്കാർക്ക് "  ഈ  സമാഹാരം  സമർപ്പിക്കപ്പെട്ടിരിക്കുന്നു.

ലണ്ടനിൽ 2011-ൽ ഈ കലാകാരി ഇന്ഗ്ലീഷിൽ ഇതേ കവിത വായിക്കുന്നത് യൂട്യൂബിൽ ഈ വിലാസത്തിൽ കിട്ടും
: https://www.youtube.com/watch?v=watch?v=aKucPh9xHtM ഒന്നാന്തരം വീഡിയോ ആണത്.കാണുക.
 
 ഞങ്ങൾ ജീവിതം പഠിപ്പിക്കുകയാണ്, സാർ
ഇന്ന് എന്റെ ശരീരം ടീവിയിൽ സംപ്രേഷണം ചെയ്യപ്പെട്ട കൂട്ടക്കൊലയായിരുന്നു
ഇന്ന് എന്റെ ശരീരം ടീവിയിൽ സംപ്രേഷണം ചെയ്യപ്പെട്ട കൂട്ടക്കൊലയായിരുന്നു 
അതിനു വാക്കുകളുടെ എണ്ണവും ശബ്ദശകലങ്ങളും നിശ്ചിതപരിധിയിൽ ഒതുക്കേണ്ടിയിരുന്നു. 
വാക്കുകളുടെ എണ്ണവും ശബ്ദശകലങ്ങളും നിശ്ചിതപരിധിയിൽ ഒതുക്കിക്കൊണ്ട്,
അളന്നുമുറിച്ച പ്രതികരണങ്ങളെ നേരിടാൻ പാകത്തിൽ ,
സ്ഥിതിവിവരക്കണക്കുകൾകൊണ്ട്  നിറയ്ക്കേണ്ടിയിരുന്നു .
ഞാനെന്റെ ഇന്ഗ്ലീഷ് മികവുറ്റതാക്കി; ഐക്യരാഷ്ട്രപ്രമേയങ്ങൾ പഠിച്ചു .
എന്നിട്ടും അദ്ദേഹം എന്നോടു ചോദിച്ചു :മിസ്‌ സിയാദാ ,
ഇത്രയധികം വിദ്വേഷം നിങ്ങൾ കുട്ടികളെ പഠിപ്പിക്കുന്നത്‌ നിർത്തിയാൽ
എല്ലാം പരിഹരിക്കാമെന്നു നിങ്ങൾ കരുതുന്നില്ലേ ?   
ചെറിയ  ഒരു ഇടവേള.
ക്ഷമ നേടാനുള്ള കരുത്തിനായി ഞാൻ എന്റെ ഉള്ളിലേക്ക് നോക്കി.
പക്ഷെ,ഗാസയിൽ ബോംബു വര്ഷിക്കുമ്പോൾ ,
ക്ഷമ എന്റെ നാവിൻ തുമ്പിലില്ല .
ക്ഷമ എന്നിൽനിന്നും കടന്നുകളഞ്ഞിരിക്കുന്നു.
ചെറിയ  ഒരു ഇടവേള. പുഞ്ചിരി.
ഞങ്ങൾ ജീവിതം പഠിപ്പിക്കുകയാണ്, സാർ
ഫീഫ്, പുഞ്ചിരിക്കാൻ മറക്കരുത്.
ചെറിയ  ഒരു ഇടവേള. പുഞ്ചിരി.
ഞങ്ങൾ ജീവിതം പഠിപ്പിക്കുകയാണ്, സാർ
ഞങ്ങൾ പലസ്തീൻകാർ ജീവിതം പഠിപ്പിക്കുന്നത്
അവർ ആകാശത്തിന്റെ അവസാനതുണ്ടിലും
അധിനിവേശം നടത്തിയതിനു ശേഷമാണ്.
ഞങ്ങൾ ജീവിതം പഠിപ്പിക്കുകയാണ്, സാർ
ഇന്ന് എന്റെ ശരീരം ടീവിയിൽ സംപ്രേഷണം ചെയ്യപ്പെട്ട കൂട്ടക്കൊലയായിരുന്നു
അതിനു വാക്കുകളുടെ എണ്ണവും ശബ്ദശകലങ്ങളും നിശ്ചിതപരിധിയിൽ ഒതുക്കേണ്ടിയിരുന്നു. 
ഞങ്ങൾക്ക് ഒരു സ്റ്റോറി തരൂ , ഒരു ഹ്യൂമൻ സ്റ്റോറി .
നോക്കൂ, ഇത് രാഷ്ട്രീയമല്ല.
നിങ്ങളെക്കുറിച്ചും നിങ്ങളുടെ ജനതയെക്കുറിച്ചും മാത്രമേ
ഞങ്ങൾക്കു ജനത്തോടു പറയേണ്ടതുള്ളൂ അതുകൊണ്ട് മാനുഷികമായ ഒരു കഥ തരൂ.
"വർണവിവേചനം" "അധിനിവേശം"എന്നെല്ലാമുള്ള വാക്കുകൾ മിണ്ടരുത്.
ഇത് അരാഷ്ട്രീയമാണ്.
ഒരു ജേണലിസ്റ്റായ എന്നെ നിങ്ങൾ സഹായിക്കേണ്ടത് 
നിങ്ങളെ സഹായിക്കുവാനാണ്: രാഷ്ട്രീയമല്ലാത്ത നിങ്ങളുടെ കഥ പറയുവാൻ .
ഇന്ന് ,എന്റെ ശരീരം ടീവിയിൽ സംപ്രേഷണം ചെയ്യപ്പെട്ട കൂട്ടക്കൊലയായിരുന്നു
നിങ്ങൾ ഞങ്ങൾക്കു നല്കുന്നത്
ചികിത്സ ആവശ്യമുള്ള ഗാസയിലെ ഒരു സ്ത്രീയുടെ കഥയായാലോ?
എന്ത് പറയുന്നു ?
എല്ല് പൊട്ടിയ അവയവങ്ങൾ സൂര്യനെ മൂടാൻ മാത്രമുണ്ടോ നിങ്ങൾക്ക് ?
നിങ്ങളുടെ മരിച്ചവരെ കൈമാറിക്കോളൂ.
അവരുടെ പേരുള്ള പട്ടിക ഞങ്ങൾക്കു തന്നേക്കൂ ,
ആയിരത്തിരുനൂറു വാക്കുകളിലൊതുങ്ങണം.
ഇന്ന്, എന്റെ ശരീരം ടീവിയിൽ സംപ്രേഷണം ചെയ്യപ്പെട്ട കൂട്ടക്കൊലയായിരുന്നു 
അതിനു വാക്കുകളുടെ എണ്ണവും ശബ്ദശകലങ്ങളും നിശ്ചിതപരിധിയിൽ ഒതുക്കേണ്ടിയിരുന്നു
 ഭീകരരുടെ രക്തത്തെക്കുറിച്ച് നിർവികാരരാക്കപ്പെട്ടവരെയും അത് ഇളക്കണമായിരുന്നു.
എങ്കിലും, അവർക്കു ഖേദമുണ്ട്..
ഗാസയിലെ കന്നുകാലികളെയോർത്തു ഖേദമുണ്ട് .
അതുകൊണ്ട് ഞാൻ
ഐക്യരാഷ്ട്രപ്രമേയങ്ങളും സ്ഥിതിവിവരക്കണക്കുകളും അവർക്കു കൊടുക്കുന്നു.
ഞങ്ങൾ അപലപിക്കുന്നു, അനുശോചിക്കുന്നു , തിരസ്കരിക്കുന്നു .
ഇവ രണ്ടും തുല്യ ശക്തികളല്ല:കീഴടക്കിയവരും കീഴടങ്ങിയവരും.
മരിച്ചവർ നൂറുപേർ , ഇരുനൂറു പേർ , ആയിരം പേർ 
അതിനിടയിൽ , യുദ്ധക്കുറ്റത്തിനും  കൂട്ടക്കൊലയ്ക്കുമിടയിൽ
വാക്കുകൾ പുറന്തള്ളി ഞാൻ പുഞ്ചിരിക്കുന്നു ; "വിദേശിയായല്ല"," ഭീകരവാദിയായല്ല".
ഞാൻ വീണ്ടും എണ്ണുന്നു ; മരിച്ച നൂറു പേരെ ,ആയിരം പേരെ 
പുറത്തു ആരെങ്കിലുമുണ്ടോ അവിടെ ?
ആരെങ്കിലുമിതൊന്നു ശ്രദ്ധിക്കുമോ ? 
അവരുടെ മൃതശരീരങ്ങൾക്കുമേൽ പൊട്ടിക്കരയാൻ കഴിഞ്ഞെങ്കിൽ
എന്ന് ഞാൻ ആശിച്ചു പോവുന്നു.
എല്ലാ അഭയാർത്ഥി കേന്ദ്രത്തിലേക്കും ചെരിപ്പിടാതെ ഓടിയെത്താനും
ഓരോ കുട്ടിയേയുമെടുക്കാനും
എനിക്ക് വേണ്ടിവരുന്നതുപോലെ അവർക്കു
ശേഷിച്ച   ജീവിതകാലത്തൊരിക്കലും
ബോംബുവർഷത്തിന്റെ ഭീകരശബ്ദം കേൾക്കാതിരിക്കാൻ
അവരുടെ ചെവി മൂടുവാനും
എനിക്ക്  കഴിഞ്ഞെങ്കിൽ  എന്ന് ആശിച്ചു പോവുന്നു. .
ഇന്ന്, എന്റെ ശരീരം ടീവിയിൽ സംപ്രേഷണം ചെയ്യപ്പെട്ട കൂട്ടക്കൊലയായിരുന്നു
ഇതുമാത്രം ഞാൻ താങ്കളോട് പറയട്ടെ,
താങ്കളുടെ ഐക്യരാഷ്ട്രപ്രമേയങ്ങൾ
ഇക്കാര്യത്തിൽ ഒരിക്കലും ഒന്നും ചെയ്തിട്ടില്ല.
ഏത് ശബ്ദശകലങ്ങൾക്കും ഒന്നും ചെയ്യാനില്ല.
ഞാൻ ഉച്ചരിക്കുന്ന ശബ്ദശകലമെന്തായാലും,
എന്റെ ഇന്ഗ്ലീഷ് എത്ര മെച്ചമായാലും,
ഏത് ശബ്ദശകലത്തിനും ഏത് ശബ്ദശകലത്തിനും ഏത് ശബ്ദശകലത്തിനും
അവരെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരാനാവില്ല. 
ഏത് ശബ്ദശകലത്തിനും ഇത് പരിഹരിക്കാനാവില്ല.
ഞങ്ങൾ ജീവിതം പഠിപ്പിക്കുകയാണ്, സാർ
ഞങ്ങൾ ജീവിതം പഠിപ്പിക്കുകയാണ്, സാർ
ഞങ്ങൾ പലസ്തീൻകാർ എല്ലാ പ്രഭാതത്തിലു മുണരുന്നത് 
ലോകത്തിലെ മറ്റുള്ളവരെ ജീവിതം പഠിപ്പിക്കാനാണ്, സാർ 

(പരിഭാഷകക്കുറിപ്പ് : sound -bite എന്ന വാക്കിനു ശബ്ദശകലം എന്ന്  പരിഭാഷ നല്കിയിട്ടുണ്ട്)

Tuesday, 24 February 2015

കവിത :-പഴയ പരിചിത മുഖങ്ങൾ
കവി    :-ചാൾസ്‌ ലാംബ് (1775-1834)
പരിഭാഷ (1969-ൽ):- കെ .രാമചന്ദ്രൻ

ബാല്യത്തിലെ കളിത്തോഴർ, പിന്നെ  പ്പാറ-
ശാലാദിനങ്ങളിൽ കൂടെ പ്പഠിച്ചവർ,
സർവരും സർവരും  സർവരും പോയി, ഹാ
പരിചിതമുഖങ്ങളെങ്ങെങ്ങോമറഞ്ഞുപോയ്‌

ആനന്ദ മത്തരായാടിയും പാടിയും
തിന്നും കുടിച്ചുംപിരിയാത്ത കൂട്ടുകാർ.
സർവരും സർവരും  സർവരും പോയി, ഹാ
പരിചിതമുഖങ്ങളെങ്ങെങ്ങോമറഞ്ഞുപോയ്‌
  
പണ്ടുഞാൻ പ്രേമിച്ച സുന്ദരിക്കുട്ടിയെൻ 
മുന്നിലെന്നേക്കുമായ് വാതിലടച്ചവൾ .
സർവരും സർവരും  സർവരും പോയി, ഹാ
പരിചിതമുഖങ്ങളെങ്ങെങ്ങോമറഞ്ഞുപോയ്‌  

എന്റെ തോഴൻ,സ്നേഹനിർഭരനാം  തോഴ-
നെന്നാലൊരുനാളവനെപ്പിരിഞ്ഞു ഞാൻ
പരിചിതമുഖങ്ങളെ യോർത്തെടുത്തീടുവാ - 
നവനെവിട്ടെന്തിനോ പോയതാണന്ന് ഞാൻ 

എൻ ശൈശവത്തിൻ വിഹാരരംഗങ്ങളിൽ 
ചെന്നുഞാൻ പ്രേതം കണക്കെത്തിരഞ്ഞുപോയ്
പരിചിതമുഖങ്ങളെ ക്കാണുവാൻ കിട്ടാത്ത
മരുഭൂമിയായിട്ടു ലോകമേ മാറിയോ  

എന്നാത്മ മിത്രമേ, യെൻപിതൃഗേഹത്തി -
 ലെന്തുകൊണ്ടേ  നീ ജനിച്ചില്ല സോദരാ ?
പഴയ പരിചിത മുഖങ്ങളെപ്പറ്റി നാം
പലതും പറഞ്ഞിരുന്നേനെ  പരസ്പരം.

ചിലരത്തിൽ മരിച്ചൂ, ചിലർ പിരിഞ്ഞൂ, മറ്റു
പലരുമെന്നിൽനിന്നകന്നു മറഞ്ഞുപോയ്‌ .
സർവരും സർവരും  സർവരും പോയി ഹാ
പരിചിതമുഖങ്ങളെങ്ങെങ്ങോമറഞ്ഞുപോയ്‌

Monday, 23 February 2015

ഇന്ഗ്ലീഷു സാഹിത്യത്തിൽ കാല്പനിക പ്രസ്ഥാനത്തിലെ ഇളംതലമുറക്കാരനായ,"വിടരും മുമ്പേ കൊഴിഞ്ഞുപോയ മൊട്ട്"  എന്ന് ഷെല്ലി വിശേഷിപ്പിച്ച , ഉദാത്തമായ പ്രതീക്ഷകളവശേഷിപ്പിച്ചു  അകാലത്ത്‌ പൊലിഞ്ഞുപോയ ജോണ്‍ കീറ്റ്സിന്റെ 'ഒരു രാപ്പാടിയോട് '  എന്ന കവിത കാല്പനികത കടഞ്ഞെടുത്ത വെണ്ണയാണ് എന്ന് പറയാം.. ആ കവിതയ്ക്ക് 1970ൽ ഞാൻ നടത്തിയ ഒരു സ്വതന്ത്ര വിവർത്തനമാണ്‌ ചുവടെ കൊടുക്കുന്നത് . ഇക്കഴിഞ്ഞ മാതൃഭാഷാദിനത്തിന്റെ ആവേശത്തിൽ ആണ് ഇപ്പോൾ ഇത് പ്രസിദ്ധീകരിക്കുന്നത് .ഇന്ഗ്ലീഷില്‍ മലയാളം ടൈപ്പ് ചെയ്യുമ്പോള്‍ സംഭവിക്കുന്ന ചില പിശകുകള്‍ ഇപ്പോഴും ഇതില്‍ കണ്ടേക്കാം.

കവിത      : ഒരു രാപ്പാടിയോട്
കവി         : ജോണ്‍ കീറ്റ്സ്
പരിഭാഷ   : കെ. രാമചന്ദ്രന്‍


            ഒരു രാപ്പാടിയോട്

എൻ ഹൃത്ത് പിടയുന്നൂ ,മരവിക്കുന്നൂ മന്ദ -
മിന്ദ്രിയങ്ങളു മെന്തോ ലഹരി പിടിച്ച പോൽ ;
മയക്കും കറപ്പുള്ള പാനീയമശേഷവും
കുടിച്ചു വറ്റിച്ചപോൽ, വിഷനീർ കുടിച്ചപോൽ ;
കഴിഞ്ഞൂ നിമിഷമൊ ,ന്നാഴ്ന്നുപോകയായ് ഞാൻ വി-
സ്മൃതിതൻ നദിയിലെ ചുഴിയിൽ മന്ദം മന്ദം
തുടിക്കും നിന്നാഹ്ലാദത്തിമർപ്പിലസൂയാലു-
വല്ലഞാ ,നാനന്ദത്തി ലാറാടിക്കുളിപ്പവൻ
എണ്ണമറ്റൊരു തണല്‍നികരം വിരിയ്ക്കുന്ന
സുന്ദര ഹരിതാഭ മാകുമൊരിടത്തിങ്കൽ
അങ്ങേതോ മരക്കൊമ്പിൽ വന്നിരുന്നു നീ മുക്ത -
കണ്ഠമീ വസന്തത്തെ പുകഴ്ത്തി പ്പാടീടുന്നൂ .

ഹായ് , സ്വല്പം വീഞ്ഞെൻ കണ്ഠനാളത്തിൽ കടന്നെങ്കിൽ !
പഴകിത്തിടം വച്ച് വീര്യമേറ്റുവാൻ മണ്ണിൽ
കുഴിച്ചുമൂടി,ക്കാലമേറെപ്പോയതാം വീഞ്ഞ്;
ദക്ഷിണഫ്രാന്സിൽ  അങ്ങ് പ്രൊവെൻസൽ ദേശത്തിന്റെ
നൃത്തവും സംഗീതവു മാഹ്ലാദാഘോഷങ്ങളും 
ഹരിതാഭയും സസ്യശോഭയും പങ്കിട്ടൊരു
പഴമുന്തിരിസ്സത്ത് നുകരാൻ കഴിഞ്ഞെങ്കിൽ!
സ്ഫാടിക ചഷകത്തിൽ ശോണിത നിറമാർന്നു
ശോഭിക്കു,മേതിൻ വക്കിൽ കണ്‍ചിമ്മും കുമിളകൾ
മാല കോർത്തിടും,കാവ്യധാരാനിര്‍ഗളശക്ത-
മാക്കു,മാത്തെക്കൻവീഞ്ഞെൻ ചുണ്ടിനോടടുപ്പിച്ചു
മന്ദമായൊട്ടൊട്ടിന്നു നുണയാൻ കഴിഞ്ഞെങ്കിൽ !
പൂർണമായതിൻ വീര്യം മുഴുവൻ നുകർന്ന് ഞാ-
നീ ലോകത്തൊടു യാത്രാമൊഴിയോതി പ്പൊന്നേനെ;
അങ്ങ് ദൂരത്തേ -ക്കങ്ങേ സുന്ദര വനത്തിലേ-
ക്കിന്നു ഞാനദൃശ്യനായ്‌ നിന്നോടൊത്തണഞ്ഞേനെ..  

അങ്ങുപോയ്മറഞ്ഞാലും  ദൂരത്ത്‌ ലയിച്ചാലു-
മെന്നേക്കും മറന്നാലും  ഞങ്ങൾതൻ വൃത്താന്തങ്ങൾ !
ക്ഷീണരാം മനുജന്മാർ ഖിന്നരായ് ജ്വരാർത്തരായ്‌ 
ദീനരായ് ഞരങ്ങുന്ന തിവിടെയെന്നും  കേൾക്കാം.
വാതബാധയാൽ ചിലർ നടുങ്ങിപ്പിടയുന്നൂ
കാലത്തിൻ ജരാനര പൂണ്ടു കേണുഴലുന്നൂ.
യൌവനം വിളറുന്നൂ ,സർവശക്തിയും ക്ഷയി-
ച്ചൊടുവിൽ, പ്രേതംപോലെ, മരണപ്പെട്ടീടുന്നു .
നീ വൃക്ഷപ്പടർപ്പിങ്കൽ   കാണാത്തൊരീ ജീവിത-
മാകെയും മറന്നങ്ങു ദൂരത്തേക്കണഞ്ഞാലും 
ലോകമിതോർത്താലാർക്കും  ശോകസങ്കുലമത്രേ
കാണ്മതു നൈരാശ്യത്തിൻ കാരീയമിഴികളും . 
കണ്ണിന്‍റെ തിളക്കവുംപുതുതാം പ്രണയവു-
മിവിടെക്ഷണികമാം സൌന്ദര്യത്തിടമ്പിനും.

കുതിയ്ക്കൂ ! കുതിയ്ക്കൂനീ !പിന്തുടർനീടാം ഞാനും
പിറകെ യദൃശ്യമാം കവിത്വ ച്ചിറകിന്മേൽ
മദ്യദേവനും പാർഷദന്മാരും തെളിക്കുന്ന
ലഹരീരഥമേറിയല്ല ഞാന്‍ നിന്നോടൊപ്പം .
ശുഷ്കമാമെൻ മസ്തിഷ്കം  കുഴഞ്ഞുമറിയുന്നെ  -
ന്നുൽസാഹം നശിക്കുന്നു, പിറകോട്ടടിച്ചാലോ
രാത്രി സുന്ദരം  , ചന്ദ്രനിരിപ്പൂ മഞ്ചത്തിങ്കൽ
ചുറ്റിലും ചുഴലുന്നൂ യക്ഷികൾ നക്ഷത്രങ്ങൾ
എങ്കിലുമിവിടില്ലാ വെളിച്ച,മിളംകാറ്റി-
ലിലച്ചാർത്തിളകവേ  വരുന്നതല്ലാതൊട്ടും..

ഏതെല്ലാം കുസുമങ്ങൾ ചുറ്റിലും വിടർന്നെന്ന-
തീ യിരുട്ടിലെൻ കണ്ണാലെനിക്ക്‌ കാണാൻ വയ്യ;
പൂമരക്കൊമ്പിൽനിന്നു വിടർന്നും ഞാന്നും നില്പ-
തേതൊരു  സുഗന്ധിയാം  പൂവെന്നുമറിവീല.
എങ്കിലും പരിമളപൂരിതമിരുട്ടിലു-
മെന്തെല്ലാം പൂവുണ്ടാമെന്നൂഹിക്കാ മീമാസത്തിൽ.
പുല്ലിലും തൊടിയിലും കുറ്റിക്കാട്ടിലും കാട്ടു-
വല്ലികളിലുമെല്ലാ   മെത്രയോ പൂക്കൾ കാണും.
ഹോതോ,നെഗ്ലന്റൈൻ , വേഗം വാടുന്ന വയലറ്റും
മെയ്മാസ മാദ്യം വിടരുന്ന കസ്തൂരിറോസും;
പനിനീരിലൂറുന്ന  തേൻ നുകരുവാൻ മൂളി -
പറന്നെത്തിടും ശലഭങ്ങൾ തൻ മൂളക്കവും .

ശ്യാമളശരീരമേ , നിന്മനോഹര ഗാനാ-
ലാപത്തിൻ ലയത്തിൽ ഞാൻ നിർവൃതിയടയുന്നൂ
മരണം കൊതിച്ചീടാറുണ്ട് ഞാൻ പലപ്പൊഴു -
മതിനെ പ്രിയപ്പെട്ട പേരുകൾ വിളിപ്പു ഞാൻ .
പരമാനന്ദത്താൽ നീ പകരും ഗാനത്താലീ-
ധരയെക്കുളിപ്പിക്കുംമോഹന മുഹൂർത്തത്തിൽ,
ഈ നിശാമദ്ധ്യത്തിങ്ക, ലേതുമേ ഖേദം കൂടാ-
തീ ലോകം വിട്ടാലെത്ര ധന്യനായിരുന്നു ഞാൻ !
പിന്നെയും നീ സംഗീതം ചൊരിയും ,മരണത്തിൻ
മണ്ണിലെൻ കർണങ്ങൾക്ക്‌ കേൾക്കുവാൻ വയ്യാതാവും.

മരണം നിനക്കെന്നുമില്ലനശ്വര ഗാന -
പ്രവീണാ! നിന്നെയിരയാക്കില്ലാ  ഖലജനം .
ഇന്ന് ഞാൻ ശ്രവിക്കുന്നോരീഗാനം പണ്ടങ്ങൊരു
സാർവഭൗമനും വിദൂഷകനും ശ്രവിച്ചുപോൽ 
നിന്റെയീ ഗാനംതന്നെയല്ലി പണ്ടന്യൻ തന്റെ
ധാന്യഭൂമിയിൽ ഗൃഹാതുര, ദുക്ഖിത റൂത്ത്
കണ്ണുനീർ തൂകി ക്കൊണ്ട് മാഴ്കി നില്ക്കവേ യന്നാ -
ക്കന്യതൻ മനസ്സിന്റെ   തന്ത്രികൾ ചലിപ്പിച്ചൂ!
പണ്ടിതേ ഗാനം  പാരാവാരത്തിന്നപാരത
തന്നിലങ്ങേതോ ത്യക്ത  യക്ഷ്ഭൂമിയിലൊരു
മാന്ത്രികൻ കപടത്താൽ നിർമിച്ച മായാജാല -
ഹർമ്യത്തിൻ സോപാനത്തിൽ ഹന്ത ചെന്നലച്ചുപോൽ

ത്യക്തം -ആപ്പദമെന്നെ നിന്റെഗാനത്തിൽനിന്നു-
മീ പ്രപഞ്ചത്തിൽതന്നെ മണിയൊച്ചപോൽ  തള്ളീ !
(ഭാവനാ സാമ്രാജ്യത്തില്‍  തങ്ങുവാനേറെ നേര -
മാവതില്ലാരായാലു മിതുതാന്‍ പരമാര്‍ത്ഥം - വിവ)
വിട നല്‍കുക ! മായാവലയില്‍ ക്കുരുക്കുന്ന
വനിതയെന്നും  ഖ്യാതി നേടിയ ദുര്‍ദേവതേ!
വിടചൊല്ലട്ടെ! വിട! ഗായകാ തവഗാന -
മകലത്തകലത്തായവ്യക്തമായ്‌ തീര്‍ന്നല്ലോ.
മുന്നിലായ്‌ പരന്നൊരു ഭൂവിതാനവുമതിന്‍
പിന്നിലായൊഴുകുന്ന കൊച്ചുകാട്ടരുവിയും
അങ്ങുകാണുമാക്കുന്നിന്‍ പുറവും, അതിന്നങ്ങേ-
ച്ചരിവില്‍ കിടക്കുന്ന താഴ് വര പ്രദേശവും
താണ്ടി നീയകലേയ്ക്ക് പോകവേ നിന്‍ ഗാനമെന്‍
കാതില്‍നിന്നകലുന്നൂ കേള്‍ക്കാതാവുന്നൂ മന്ദം .
എന്തുവാനിത് വെറും സ്വപ്നമോ  യാഥാര്‍ത്ഥ്യമോ?
എങ്ങുപോയാ സംഗീതം -ഞാനുറങ്ങുകയാണോ?



എന്തുകൊണ്ട് വിവര്‍ത്തനം ?
കെ. രാമചന്ദ്രന്‍,;പയ്യന്നൂര്‍
ഇന്ഗ്ലീഷിൽ നല്ലതെന്തു വായിച്ചാലും അത്‌ നമ്മുടെ സ്വന്തം ഭാഷയായ മലയാളത്തിൽ വരണമെന്ന ഉത്ക്കടമായ ആഗ്രഹം എനിക്കുണ്ടായിരുന്നു.അതാണ്‌ എന്നെ   പലപ്പോഴും പല 'വിവർത്തന സാഹസ'ങ്ങളി ലേക്കും നയിച്ചത് .വിവർത്തനമെന്ന പ്രക്രിയ
വളരെ ശ്രമകരവും ,എളുപ്പം സംതൃപ്തി നല്കാത്തതും അതേസമയം രസകരവുമായ ഒരു വെല്ലുവിളിയാണ് -പരിഭാഷപ്പെടുത്തെണ്ടത് സർഗാത്മക കൃതികളാവുമ്പോൾ , വിശേഷിച്ചും.ഒരു ഭാഷയിൽ നിന്നു  മറ്റൊന്നിലേക്കല്ല , മറിച്ച് ,ഒരു ജീവിത പശ്ചാത്തലത്തിൽനിന്നു
മറ്റൊന്നിലേക്കാണ് ,തികഞ്ഞ ഉത്തരവാദിത്തത്തോടെ ഈ യത്നം നിറവേറ്റെണ്ടത് .മലയാളത്തിൽ മൗലിക കൃതി രചിക്കുന്നതിനെക്കാൾ      എത്രയോ പ്രയാസമേറിയതാണ് ഇന്ഗ്ലീഷില്നിന്നുള്ള വിവർത്തനം എന്നു അനുഭവത്തിലൂടെ എനിക്ക് പറയാൻ കഴിയും.എന്നാൽ , എന്തുകോണ്ടോ ,ശരാശരി മലയാള വായനക്കാർ ഒട്ടൊരു നീരസത്തോടെയോ  താത്പര്യരഹിതമായ ഒരുതരം  നിസംഗതയോടെയോ  ആണ് വിവർത്തനങ്ങളെ കാണുന്നതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് ..വിവർത്തനം എന്ന കഠിന പരിശ്രമത്തിന് ഒട്ടും പ്രോത്സാഹജനകമല്ലാത്ത  ഒരു മനോഭാവവും മുൻവിധിയും  അവരിൽ  പലർക്കുമുണ്ട്.ആത്മസംതൃപ്തിയ്ക്ക് വേണ്ടി  നന്ദിയില്ലാത്ത ഈ ജോലി ഏറ്റെടുത്തവർ മാത്രമേ വിവർത്തനരംഗത്ത്‌ കാതലായ എന്തെങ്കിലും സംഭാവന നല്കിയിട്ടുള്ളൂ എന്നാണ് എനിക്ക് തോന്നുന്നത്‌ .അന്യഭാഷയിലായതുകൊണ്ടുമാത്രം അതറിയാത്തവർക്ക് ഒരു കൃതി ആസ്വദിക്കാൻ കഴിയാതെപോകരുത് എന്ന ഉദാര ചിന്തയാണ് ഒരു  നല്ല പരിഭാഷകനെ വിവർത്തനത്തിന്  പ്രചോദിപ്പിക്കുന്നത് .ഇരുഭാഷകളിലുമുള്ള വ്യുൽപത്തിയും ,സർഗശേഷിയും ജീവിതാനുഭവവും
ചേർന്നാണ് പരിഭാഷയ്ക്കു മുതിരാനുള്ള ആത്മവിശ്വാസം പകരുന്നത്.  എന്നാൽ,ഒരു തൊഴിലോ ഉപജീവനമാർഗമോ എന്ന നിലയ്ക്കല്ലാതെ  വിവർത്തനത്തിലേർപ്പെടുന്നവർക്ക് സാമൂഹികമോ,രാഷ്ട്രീയമോ ആയ  എന്തെങ്കിലും ഉൾപ്രേരണ ഉണ്ടായിരിക്കും .

എങ്കിലും,പരിഭാഷ നടത്തുമ്പോൾ പിഴവുകൾ വരാനുള്ള സാദ്ധ്യത വളരെ  അധികമാണ്. ഒരു ഭാഷ എന്നത് ഒരു നിശ്ചിത കാലത്തുള്ള നിശ്ചിതസമൂഹത്തിന്റെ സാംസ്കാരിക ചിഹ്നവ്യവസ്ഥയും   ആശയാവിഷ്കാര ഉപാധിയും ആയതുകൊണ്ട് തന്നെ , അതിന്റെ എല്ലാ പൂർണതയോടും കൂടി അതിനെ മറ്റൊരു ഭാഷയിലേക്ക് വിവർത്തനം ചെയ്യുക ഏതാണ്ട് അസാദ്ധ്യം തന്നെയാണ് എന്ന് പറയാം.എങ്കിലും,വായനക്കാർക്ക് പ്രയോജനപ്രദമായ വിധത്തിൽ ചില  അനുഭവമണ്ഡലങ്ങളെങ്കിലും പങ്കിടാൻ നല്ല ഒരു വിവർത്തനത്തിന് കഴിയും..വിവർത്തനങ്ങളുടെ  പ്രസക്തി അതുതന്നെയാണ്.സാഹിത്യ വൈജ്ഞാനിക കൃതികൾ മാത്രമല്ല, ചലച്ചിത്രങ്ങളുടെ സംഭാഷണ- അടിക്കുറിപ്പുകൾ (subtitles) അടക്കം മലയാളത്തിൽ വിവർത്തനംചെയ്യാനുള്ള  ശ്രമങ്ങൾ കുറച്ചുനാളായി പുരോഗമിക്കുന്നത്  താത്പര്യജനകമായ നല്ല ഒരു പ്രവണതയാണ് ഭാഷയ്ക്ക് ഇതൊക്കെ മുതൽക്കൂട്ടാവും;  മാത്രമല്ല , മലയാളിമനസ്സിന്റെ ബോധചക്രവാളങ്ങൾ   ഇവ വികസിപ്പിക്കും എന്നുള്ളത് ഉന്മേഷ ദായകമായ ഒരു പ്രതീക്ഷയാണ്.